പകര്‍ച്ചവ്യാധിയുടെ ദൈവശാസ്ത്രം – 4

(പകർച്ചവ്യാധിയെയും പകർച്ചവ്യാധി വരുത്തിവച്ച ദുരിതങ്ങളെയും ദൈവവിശ്വാസത്തിന്റെയും ദൈവദർശനത്തിന്റെയും വെളിച്ചത്തിൽ വിശകലനം ചെയ്യുന്നതും വിലയിരുത്തുന്നതുമാണ് പകർച്ചവ്യാധിയുടെ ദൈവശാസ്‌ത്രം. ഈ ലേഖനപരമ്പരയിലെ നാലാം ഭാഗം. ആദ്യ ഭാഗങ്ങള്‍ വായിക്കാന്‍ https://www.lifeday.in/lifeday-theology-of-epidemic-01/ https://www.lifeday.in/lifeday-theology-of-epidemic-02/ ക്ലിക്ക് ചെയ്യുക).  

14. സാമൂഹ്യ അകലവും പ്രതിരോധവും

സാമൂഹ്യ അകലം എന്ന വിഷയം പരിശുദ്ധമായി കാണാനും ദൈവികമായ കാഴ്ചപ്പാടോടു കൂടി വിലയിരുത്തുവാനും കോറോണ എന്ന പകർച്ചവ്യാധി നമ്മെ പഠിപ്പിക്കുന്നു. കുടുംബത്തിലും സ്കൂളിലും ഇടവകയിലും ജോലിസ്ഥലത്തും മുമ്പുണ്ടായിരുന്ന സാധാരണജീവിതമല്ല ഇന്നുള്ളത്. മരണനേരത്തും മരിച്ചുപോയവരോടും കുറച്ചുനേരം അടുത്തിരുന്ന് ആശ്വസിക്കുവാനും ആശ്വസിപ്പിക്കുവാനും പറ്റാത്ത അവസ്ഥയാണിന്നുള്ളത്. ഭാവിയിൽ നമ്മുടെ ഭൂതകാലശൈലി തുടരാനാകില്ലെന്നത് എല്ലാവർക്കും വ്യക്തമാണ്. ഇതുവരെ ഉണ്ടായിരുന്ന പല ഭാവി പ്ലാനുകളും പദ്ധതികളും നടക്കില്ലെന്നറിയണം. ഭാവി ജീവിതശൈലി ഇന്ന് നമ്മൾ ചിന്തിക്കുന്നതിലും വ്യത്യസ്തമാകുമെന്നതിലും  തർക്കമില്ല. തെരുവിലെ ചെളിയിലും പറമ്പിലെ  മാലിന്യത്തിലും മാത്രമല്ല, ശ്വസിക്കുന്ന വായുവിലും അലങ്കരിച്ച അലമാരയിലെ തൊട്ടുമുത്തുന്ന ആരാധനാവസ്തുക്കളിലും പ്രതീകങ്ങളിലും വൈറസുണ്ടാകാം എന്ന തിരിച്ചറിവിൽ എല്ലാത്തിനോടും സാമൂഹ്യ അകലവും സമദൂരവും പാലിക്കണം.

ഇവിടെയെല്ലാം പുതിയ ശൈലികൾ ആരംഭിക്കുവാനും പുതിയതിലേയ്ക്കുള്ള വളർച്ചയിൽ ദൈവീകസാന്നിധ്യവും ദൈവീകസംരക്ഷണവും പ്രതീക്ഷിക്കാനുമാകണം. അതുപോലെ തന്നെ ക്വാറന്‍ന്റീന്‍ നമ്മുടെ കണ്ടുപിടുത്തമൊന്നുമല്ല. പുരാതനകാലം മുതൽ പകർച്ചവ്യാധിയുടെ കാലഘട്ടങ്ങളിൽ മനുഷ്യർ അവലംബിച്ചിരുന്ന മാർഗ്ഗമാണത്. രോഗികളെ ക്വാറന്‍ന്റീനിൽ പ്രവേശിപ്പിച്ചിരുന്നതിനെക്കുറിച്ച് ബൈബിളിൽ ഒട്ടനവധി ഉദാഹരണങ്ങളുണ്ട്.

15. പ്രകൃതിയോടൊരു നവസമീപനം

പ്രകൃതിയോടുള്ള മനുഷ്യന്റെ സമീപനം വളരെ വർഷങ്ങളായി ക്രൂരമായിരുന്നു. വനങ്ങൾ നശിപ്പിച്ചു, ജലവും വായുവും മലിനമാക്കി, കീടനാശിനികളാൽ ഭക്ഷ്യവസ്തുക്കളും ഭൂമിയും വിഷലിപ്തമാക്കി. മൃഗങ്ങളെ ക്രൂരമായി കൂട്ടിലിട്ടു വളർത്തി. മരുന്ന് കൊടുത്ത് അവയെ കൊഴുപ്പിച്ചു. ആവശ്യത്തിലധികം അവയെ കൊന്നുതിന്ന് നമ്മിൽ പലരും സ്വയം രോഗികളായി മാറി. മനുഷ്യകോശങ്ങൾ ദുർബലവും രോഗനിബിഡവുമായി. അവയിൽ പലതും മനുഷ്യനു തന്നെ അന്യവുമായി. പുതിയ വൈറസും ബാക്ടീരിയയും പിറക്കുമ്പോൾ അവയെ നശിപ്പിക്കാനുള്ള ബാക്ടീരിയയെയും വൈറസിനെയും ജനിപ്പിക്കാനുള്ള പരീക്ഷണത്തിൽ മനുഷ്യനേർപ്പെട്ടു.

ആപത്തുകൾ ഒഴിവാക്കാനല്ല, ആപത്തുകൾ വരുത്തിവയ്‌ക്കുവാനും വരുത്തിവയ്‌ക്കുന്ന ആപത്തുകളെ നേരിട്ടു തോല്പിക്കാനുമുള്ള വീറിന്റെയും വാശിയുടെയും ശൈലിയാണ് മനുഷ്യന്‍ അവലംബിച്ചത്‌. സമാധാനം സ്ഥാപിക്കാനല്ല, കൂടുതൽ ശക്തമായ ആയുധങ്ങൾ നിർമ്മിച്ച് അയൽക്കാരെ പേടിപ്പിച്ചു നിർത്തുവാൻ രാഷ്ട്രങ്ങൾ മത്സരിക്കുന്നതുപോലെ ദൈവം സൃഷ്ടിച്ചുനൽകിയ പ്രകൃതിയെ സംശുദ്ധമായി സംരക്ഷിക്കേണ്ട കടമയും ഉത്തരവാദിത്വവും മനുഷ്യനുണ്ട്. പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി ജൈവകൃഷി പ്രോത്സാഹിപ്പിച്ചും പ്രകൃതിയെ സ്വതന്ത്രവും സ്വതസിദ്ധവുമായി നിലനിർത്തിയും പ്രകൃതിയെക്കുറിച്ചുള്ള ദൈവപദ്ധതിയോട് ചേർന്നുജീവിക്കുവാൻ നമ്മൾ ഒത്തൊരുമിച്ചു തയ്യാറാകണം.

പ്രകൃതിയുടെ ദൈവശാസ്ത്രവും പ്രകൃതിയുടെ അദ്ധ്യാത്മികതയും ഇത്തരുണത്തിൽ പ്രസക്തമാണ്. ചില രാജ്യങ്ങളിലും ചില കേന്ദ്രങ്ങളിലും ഇന്ന് പരീക്ഷിക്കുന്ന പ്രകൃതിധ്യാനവും പ്രകൃതിയിലൂടെ  ഒരാഴ്ചത്തേയ്ക്ക് ദിവസം എട്ടു മണിക്കൂർ വീതം കൂട്ടമായി നടന്നുകൊണ്ടു നടത്തുന്ന വചനപ്രഘോഷണവും ഇത്തരത്തിലുള്ള ഒരു മാറ്റത്തിന് തുടക്കം കുറിക്കുമെന്നു പ്രത്യാശിക്കാം. ഇന്ത്യയിൽ ഇത്തരത്തിലുള്ള ദൈവശാസ്ത്രപരവും അദ്ധ്യാത്മികവുമായ സമീപനത്തിന്‌ ആരും തുടക്കമിട്ടതായി എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പ്രകൃതിയും ജലവും വായുവും കോറോണയുടെ കാലഘട്ടത്തിൽ കുറെയെല്ലാം ശുദ്ധമായി.

16. പകർച്ചവ്യാധിയുടെ അദ്ധ്യാത്മികത

ദൈവത്തിലേയ്ക്കും ദൈവാനുഭവത്തിലേയ്ക്കും മനുഷ്യന് തിരിയാനും ദൈവ-മനുഷ്യബന്ധങ്ങൾ വളർത്തി വ്യക്തിപരവും സമൂഹപരവുമായ ജീവിതം പൂർത്തീകരിക്കാനുമുള്ള ദൗത്യമാണ് അദ്ധ്യാത്മികതയ്ക്കുള്ളത്. ഈ ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയിൽ അനുദിനജീവിതത്തിന്റെ സുഖത്തിനും പങ്കപ്പാടുകൾക്കുമിടയിൽ അപ്രതീക്ഷിതമായ പകർച്ചവ്യാധി അനുദിന ജീവിതത്തിന് പുതിയ വെളിച്ചവും പുതിയ ദിശാബോധവും നൽകിയോ? എനിക്ക് തോന്നുന്നത് പുതിയ ദിശാബോധത്തിനും പകർച്ചവ്യാധിക്ക് തുടക്കം കുറിക്കാനായി. പകർച്ചവ്യാധി നൽകിയ വെളിച്ചവും ദിശാബോധവും ഒരു ജീവിതശൈലിയാക്കി മാറ്റുകയെന്നതാണ്‌ ഭാവിദൗത്യം.

നിരവധിപേർ പകർച്ചവ്യാധിയുടെ കാലങ്ങളിൽ ദൈവത്തിങ്കലേയ്ക്ക് തിരഞ്ഞു. ജാതി-മതഭേദമന്യേ മനുഷ്യർ ദൈവത്തോട് പ്രാർത്ഥിച്ചു. മതസൗഹാര്‍ദ പ്രാര്‍ത്ഥനകളും സർവ്വമത പ്രാർത്ഥനകളും പകർച്ചവ്യാധികളോടൊപ്പം പല രാജ്യങ്ങളിലും പ്രചരിച്ചു. ചില രാഷ്ട്രത്തലവന്മാരും ഭരണാധികാരികളും ദൈവത്തോട് പ്രാർത്ഥിക്കാൻ ജനങ്ങളെ ഉപദേശിച്ചു. ചില രാജ്യങ്ങളുടെ ഭരണകർത്താക്കൾ തങ്ങളുടെ രാജ്യത്തെ ജനങ്ങളോടൊത്ത് പരിശുദ്ധ മറിയത്തിന്റെ സംരക്ഷണത്തിന് ഭരമേല്പിച്ചു. കോറോണ ഇല്ലായിരുന്നുവെങ്കിൽ ദൈവവിശ്വാസത്തിലേയ്ക്കുള്ള മനുഷ്യന്റെ തിരിച്ചുവരവ് ഇത്ര തീവ്രമായി ഇന്ന് നാം അനുഭവിക്കില്ലായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. മനുഷ്യർക്ക് ദൈവവിശ്വസമില്ലായിരുന്നുവെന്നോ ദൈവവിശ്വസം മരിച്ചുവെന്നോ അല്ല ഞാൻ പറയുന്നത്. ദൈവവിശ്വസം ഇന്ന്  ഇത്ര പ്രകടമാകില്ലായിരുന്നു എന്നുമാത്രമാണ് ഉദ്ദേശിക്കുന്നത്. ക്രിസ്തുമത വിശ്വാസികൾ മാത്രമല്ല, മിക്കവാറും എല്ലാ മതവിശ്വാസികളും, ദൈവത്തിന് മനുഷ്യനെയല്ലാ മനുഷ്യന് ദൈവത്തെയാണ് ആവശ്യമെന്ന് കോറോണയിലൂടെ മനസിലാക്കി.

ഒരു പരിചിതൻ എന്നോട് പറഞ്ഞത് ഓർക്കുന്നു: “കോറോണയിലൂടെ, ഇല്ലാത്ത ദൈവത്തിൽ വിശ്വസിക്കാൻ ഞാൻ നിർബന്ധിതനായി.” ദൈവം ഉണ്ടോ ഇല്ലയോ എന്നതല്ല പ്രസക്തം. ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വന്തം മാനസിക സ്വസ്ഥതയ്ക്കും ജീവിതപ്രതീക്ഷയ്ക്കും ദൈവവിശ്വസം അത്യന്താപേക്ഷിതമായി എന്നാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവനയുടെ അര്‍ത്ഥം. ദൈവവിശ്വസം മാത്രമല്ല , മതവും മതനേതൃത്വവും ആവശ്യമെന്നുകൂടി കൊറോണ തെളിയിച്ചു. മതനേതൃത്വം വേണ്ട രാഷ്ട്രീയനേതൃത്വം മാത്രം മതി എന്നു പറയുന്നവരുടെ അഭിപ്രായങ്ങൾ ആദരിച്ചികൊണ്ടു തന്നെ ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യം ഉപയോഗിച്ചു പറയട്ടെ. കോറോണയുടെ ദുരിതങ്ങൾ ദൈവവിശ്വാസവും ദൈവീക കർമ്മങ്ങളും മനുഷ്യന് ആവശ്യമാണെന്ന് ലോകമെമ്പാടും മനുഷ്യനെ ബോധ്യപ്പെടുത്തി. വിശ്വാസം മാത്രമാണ് ശക്തിയെന്നും ദൈവം മാത്രമാണ് അവസാന തുണയെന്നും രോഗികളും അവരെ ചികിത്സിച്ച ഡോക്ടർമാരും അവരെ ശുശ്രൂഷിച്ച നേഴ്‌സുമാരും ഉറക്കെ പ്രഖ്യാപിക്കുന്നതും പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്യുന്നതും എത്രയോ പ്രാവശ്യം ഈ നാളുകളിൽ നമ്മൾ ദർശിച്ചു.

17. ആരാധനാലയങ്ങൾ

ആരാധനാലയങ്ങൾ അടച്ചുപൂട്ടിയെന്നത് പലരെയും സന്തോഷിപ്പിച്ചു. പലരെയും അത് വേദനിപ്പിക്കുകയും ചെയ്തു. കുറെ നാളുകൾ ആരാധനാലയങ്ങൾ അടച്ചുപൂട്ടിയാൽ പിന്നീടാരും അങ്ങോട്ട് തിരിഞ്ഞുനോക്കില്ലെന്ന് പലരും കരുതി; പലരുമങ്ങനെ ഭയന്നു. യഥാർത്ഥ ആരാധന ഈ മലയിലോ ആ മലയിലോ അല്ല, സത്യത്തിലും അരൂപിയിലുമാണെന്ന കാര്യം ഇരുകൂട്ടരും ഓർമ്മിച്ചു. കപടവിശ്വസങ്ങൾ മാത്രമേ കൊറോണ മൂലം പൊളിയുകയുള്ളൂ. യഥാർത്ഥ വിശ്വാസവും യാഥാർത്ഥ വിശ്വാസജീവിതവും പൂർവ്വാധികം ആഴമായി നിലനിൽക്കും. യാഥാർത്ഥമല്ലാത്ത വിശ്വാസം കാപട്യമായതുകൊണ്ട് കാപട്യം പുറത്തുവരേണ്ടതും കപടവേഷക്കാർ പിരിഞ്ഞുപോകേണ്ടതും വിശ്വാസസംരക്ഷണത്തിന് ആവശ്യമാണുതാനും.

അതുപോലെ തന്നെ സാമൂഹ്യ അകലം പാലിക്കാൻ ആരാധനാലയങ്ങൾ അടച്ചിടുക തന്നെ വേണമെന്നു വാദിച്ച വിശ്വാസികളും പുരോഹിതരും ഡോക്ടർമാരും നമുക്കുണ്ട്. ഇതൊക്കെ വ്യക്തികളുടെയും സമൂഹത്തിന്റെയും സ്ഥാപനങ്ങളുടെയും മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമായേ കാണാനാകുകയുള്ളൂ. നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട്‌ എല്ലാവർക്കും ബാധകമായ ഒരു നിയമമാണ് ആവശ്യം. അതു പാലിക്കാൻ മിക്കവാറും എല്ലാ രാജ്യങ്ങൾക്കും സാധിക്കുന്നുണ്ട്. ഇന്ത്യയിൽ പ്രത്യേകിച്ച്, കേരളത്തിൽ ആരാധനാലയങ്ങൾ  മാത്രം തുറക്കേണ്ടതില്ല എന്ന് പറയുമ്പോൾ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാൻ വിശ്വാസികൾക്ക് പ്രാപ്തിയില്ലെന്നാണല്ലോ വ്യക്തമാക്കുന്നത്. ഒരു അവകാശവുമില്ലാതെയുള്ള അന്യായമായ കടന്നുകയറ്റമാണ് ഇത്തരം പ്രസ്താവനകൾ.

ആരാധനാലയങ്ങൾക്ക് പ്രത്യേക ഔദാര്യമോ സൗജന്യമോ കൊടുക്കേണ്ടതില്ല. മറ്റു സ്ഥാപങ്ങൾക്കുള്ള മാർഗ്ഗനിര്‍ദ്ദേശങ്ങൾ ആരാധനാലയങ്ങൾക്കും ബാധകമാക്കണം. ആരാധനാലയങ്ങളുമായി ഉത്തരവാദിത്വപ്പെട്ടവരാണ് ആരാധനാലയങ്ങൾ തുറക്കണമോ അടച്ചിടണമോയെന്ന തീരുമാനമെടുക്കേണ്ടത്. ഇവർക്ക് ബാധകമായ മാർഗ്ഗനിര്‍ദ്ദേശങ്ങൾ നൽകേണ്ടത് ഗവൺമെന്റും. ഓരോ സ്ഥലത്തും ഓരോ സാഹചര്യത്തിലും വ്യത്യസ്തങ്ങളായ തീരുമാനങ്ങൾ ചിലപ്പോൾ ആവശ്യമായേക്കാം. അതുപോലെ തന്നെ കുർബാനയും ആരാധനാലയ സന്ദർശനവും മാത്രമല്ല ദൈവാരാധന. വചനവായന മുതൽ പലവിധത്തിലുള്ള നമസ്കാരങ്ങളും പ്രാർത്ഥനയും  ദൈവാരാധന തന്നെയാണ്. വ്യത്യസ്തങ്ങളായ ആരാധനാ രീതികൾ അവലംബിക്കാനുള്ള അവസരം കൂടിയാണിത്. വീടുകളിൽ പണ്ടത്തെപ്പോലെ പ്രാര്‍ത്ഥനാമുറി ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും പകർച്ചവ്യാധി നമ്മെ ബോധ്യപ്പെടുത്തുന്നു. അടുക്കളയും ഭക്ഷണമേശയും അപ്പംമുറിക്കൽ ശുശ്രൂഷയുടെ അകത്തളമായി മാറാനും കൊറോണ സഹായിക്കും. ആരാധനാലയങ്ങളിൽ  കർമ്മങ്ങൾ വേണ്ടയെന്നോ ഭവനങ്ങളിലെ ശുശ്രൂഷകൾ തത്തുല്യവും പകരവുമെന്നോ അല്ല ഇതിനർത്ഥം.

തുടരും…

ഡോ. ജോസഫ് പാണ്ടിയപ്പള്ളില്‍ MCBS
(ദൈവശാസ്ത്രത്തില്‍ ജർമ്മനിയിലെ ഫ്രൈബുർഗ് യൂണിവേഴ്സിറ്റിയില്‍ നിന്നും,  തത്വശാസ്ത്രത്തില്‍ മ്യൂണിക് ജെസ്യുറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറല്‍ ബിരുദങ്ങൾ നേടിയ MCBS വൈദികനാണ് ഡോ. ജോസഫ് പാണ്ടിയപ്പള്ളില്‍).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.