പകർച്ചവ്യാധിയുടെ ദൈവശാസ്‌ത്രം – 1

ഡോ. ജോസഫ് പാണ്ടിയപ്പള്ളില്‍ MCBS

1. തുടക്കം: പകർച്ചവ്യാധിയുടെ ആദ്ധ്യാത്മികത എന്നൊന്നുണ്ടോ?

പകർച്ചവ്യാധിക്കും ദൈവശാസ്ത്രമോ? ദൈവശാസ്ത്രവും പകർച്ചവ്യാധിയും തമ്മില്‍ എന്തു ബന്ധം? പകർച്ചവ്യാധിയുടെ ആദ്ധ്യാത്മികത എന്നൊന്നുണ്ടോ? ഉത്തരം ലളിതം. പകർച്ചവ്യാധിക്കും ദൈവശാസ്ത്രമുണ്ടാകാം. പ്രകൃതിയുടെ ദൈവശാസ്ത്രം ഉള്ളതുപോലെ… ഡാർവിന്റെ പരിണാമസിദ്ധാന്തത്തെ ദൈവശാസ്ത്രവല്‍ക്കരിച്ചതുപോലെ… മാർക്സിസം ക്രൈസ്തവചിന്തകരെ സ്വാധീനിക്കുക വഴി വിമോചന ദൈവശാസ്ത്രം രൂപീകൃതമായതുപോലെ… വൈറ്റ്ഹെഡിന്റെ പ്രക്രിയാദർശനത്തെ ക്രൈസ്തവവല്‍ക്കരിച്ച് പ്രക്രിയാ ദൈവശാസ്ത്രം എന്നൊന്ന് പരീക്ഷിച്ചതുപോലെ… ഗ്രീക്ക് ദർശനങ്ങളെയും ഭാരതീയ ദർശനങ്ങളെയും നൂറ്റാണ്ടുകളായി പലരും  ദൈവശാസ്ത്രവൽക്കരിച്ചതുപോലെ… രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യുദ്ധത്തിന്റെ യാതനകളും കോൺസെൻട്രേഷൻ ക്യാമ്പിലെ പീഡനങ്ങളും യൂറോപ്പിലെ ചിന്തകർ ദൈവശാസ്ത്രവൽക്കരിച്ചിരുന്നു. അവ സമൂഹത്തിൽ ചെലുത്തിയ സ്വാധീനം അചിന്ത്യമാംവിധം വലുതായിരുന്നു.

ഇന്ന് ക്രൈസ്തവചിന്തകരുടെ വിഷയമാകേണ്ടത് പകർച്ചവ്യാധിയുടെ ദൈവശാസ്ത്രം, ശുചിത്വത്തിന്റെ ദൈവശാസ്ത്രം, മാധ്യമ ദൈവശാസ്ത്രം തുടങ്ങിയവയൊക്കെയാണ്. സമൂഹത്തിലെ പലവിധ തകർച്ചകള്‍ക്കും ജീര്‍ണ്ണതകള്‍ക്കും ദിശാബോധം നൽകാനും വ്യക്തികളെ സമഗ്രതയിലേയ്ക്ക് നയിക്കാനും ഒരുപക്ഷേ ഇത്തരം ദൈവശാസ്ത്ര ദർശനങ്ങൾക്കു കഴിഞ്ഞേക്കും. പകർച്ചവ്യാധിയിൽ ദൈവത്തെയോ ദൈവദർശനമോ കാണുകയല്ല മറിച്ച്,  പകർച്ചവ്യാധിയെയും പകർച്ചവ്യാധി വരുത്തിവച്ച ദുരിതങ്ങളെയും ദൈവവിശ്വാസത്തിന്റെയും ദൈവദർശനത്തിന്റെയും വെളിച്ചത്തിൽ വിശകലനം ചെയ്യുന്നതും വിലയിരുത്തുന്നതുമാണ് പകർച്ചവ്യാധിയുടെ ദൈവശാസ്‌ത്രം. പകർച്ചവ്യാധിയുടെ ദൈവശാസ്ത്രത്തിന് ഒരു ആമുഖം കുറിക്കാൻ തുനിയുകയാണ്  ഈ ലേഖനത്തിൽ.

2. ദൈവശാസ്ത്രപരമായ സമീപനം

എന്തുകൊണ്ട് പകർച്ചവ്യാധികൾ ഉണ്ടാകുന്നു? എന്തിനുവേണ്ടി പകർച്ചവ്യാധികൾ വന്നുപെടുന്നു? എന്നുതുടങ്ങിയ ചോദ്യങ്ങൾക്ക് ദൈവശാസ്ത്രപരമായ ഉത്തരം തേടുക വിശ്വസികളെ സംബന്ധിച്ചിടത്തോളം സ്വാഭാവികമാണ്. ക്രൈസ്തവചിന്തകരെ സംബന്ധിച്ചിടത്തോളം പകർച്ചവ്യാധികൾ മനുഷ്യരിൽ വ്യക്തിപരമായും സമൂഹപരമായും വരുത്തിവയ്ക്കുന്ന പ്രശ്നങ്ങളും പരിവർത്തനങ്ങളും വിശകലനം ചെയ്യുന്നതും മനുഷ്യന് ദൈവശാസ്ത്രപരമായ ദിശാബോധം നൽകുന്നതും  വലിയൊരു വെല്ലുവിളിയും കടമയും ദൗത്യവുമാണ്.

ശാസ്ത്രവും കണക്കും ടെക്നോളജിയും ഇന്ന് ഒരുപാട് വളർന്നു. അർഹമായ അംഗീകാരവും സ്വാധീനവും സമൂഹത്തിൽ ഇവ നേടിതാനും. എന്നാൽ വിശ്വാസശാസ്ത്രമായ ദൈവശാസ്ത്രം അന്ധവിശ്വാസം പടർത്തുന്ന കച്ചവടതന്ത്രമായി മാത്രം ചിലരെങ്കിലും വ്യാഖ്യാനിക്കുന്നുണ്ട്. സത്യസന്ധമായ ആദ്ധ്യാത്മികത കാപട്യമായും, പ്രാർത്ഥന പ്രഹസനമായും തെറ്റിദ്ധരിക്കപ്പെടുന്ന കാലമാണിത്. ദൈവശാസ്ത്രരംഗത്തും ആത്മീയരംഗത്തും ഏതാനും വ്യാജന്മാർ ഉണ്ടെന്ന കാര്യവും അവർ ചില അബദ്ധങ്ങൾ കാട്ടുന്നുണ്ടെന്നതും വിസ്മരിക്കുന്നില്ല. ആഴമായ ബൗദ്ധിക ദൈവശാസ്ത്രദർശനങ്ങൾ പലരും മുൻവിധിയോടെ ഉപേക്ഷിച്ചു. ബൗദ്ധിക ദൈവശാസ്ത്രദർശനങ്ങൾ അനുദിനജീവിതത്തോടു ബന്ധമില്ലാത്ത വാചക കസർത്തുകളായി ചിലയിടങ്ങളിലെങ്കിലും മാറുകയും ചെയ്തു.

അതുകൊണ്ട് ടെക്നോളജി വളരുകയും ടെക്നോളജിയെ മനുഷ്യർ അധികം ആശ്രയിക്കുകയും ചെയ്യുമ്പോൾ രണ്ടു പ്രശ്നങ്ങൾ ഉണ്ടാകുമെന്നു തോന്നുന്നു. ഒന്നാമതായി, വിശ്വസവും ദൈവവും മതവും മതനേതൃത്വവും അപ്രസക്തമാവുകയും ഇതെല്ലാം മനുഷ്യൻ ഉപേക്ഷിച്ചുപോവുകയും ചെയ്യുന്ന സാഹചര്യം. ലോകത്ത് എല്ലായിടത്തും ഈ അവസ്ഥയെ നമ്മൾ അഭിമുഖീകരിക്കുന്നുണ്ട്. രണ്ടാമതായി, അന്ധവിശ്വാസങ്ങൾ വളരുവാനും  അന്ധവിശ്വാസങ്ങളെ മുതലെടുക്കുന്നവരുണ്ടാകുവാനും സാഹചര്യമുണ്ടാകുന്നു. പകർച്ചവ്യാധിയുണ്ടാകുമ്പോഴും ഇതുതന്നെയാണ്‌ സംഭവിക്കുന്നത്. വിശ്വസം നഷ്ടപ്പെടുവാനും അന്ധവിശ്വാസം വളരുവാനും പകർച്ചവ്യാധികളുണ്ടാകുമ്പോൾ  സാധ്യതയുണ്ടാകുന്നു. അതുകൊണ്ട് ഇന്നത്തെ സാഹചര്യത്തിൽ പകർച്ചവ്യാധികൾ ബൗദ്ധിക ദൈവശാസ്ത്രത്തിന്റെ വിഷയമാക്കേണ്ടിയിരിക്കുന്നു. പകർച്ചവ്യാധികൾ ദൈവശാസ്ത്രവൽക്കരിക്കേണ്ടിയിരിക്കുന്നു.

3. എന്താണ് ദൈവശാസ്ത്രവൽക്കരണം?

പഴയനിയമ ചരിത്രവും പുതിയനിയമ ചരിത്രവും സഭാപഠനങ്ങളും ആവർത്തിക്കുന്നതല്ല ദൈവശാസ്ത്രവൽക്കരണം. അവ ദൈവശാസ്ത്ര വിദ്യാർത്ഥികൾ പഠിക്കേണ്ടതും മതപഠന ക്ലാസ്സുകളിൽ പഠിപ്പിക്കേണ്ടവയുമാണ്. പ്രഘോഷണത്തിലൂടെയും പ്രവർത്തിയിലൂടെയും ദൈവീകമനുഷ്യർക്ക്, ഇന്നത്തെ മനുഷ്യന് ഇന്നത്തെ ജീവിതസാഹചര്യത്തിൽ ദൈവവിശ്വാസത്തിൽ  അധിഷ്ഠിതമായി എന്ത് സഹായവും ആശ്വാസവും പ്രതീക്ഷയും നല്കാമെന്നതാണ് ദൈശാസ്ത്രവൽക്കരണത്തിന്റെ അടിസ്ഥാനം. സാഹചര്യങ്ങളുടെ ദൈവശാസ്ത്രവൽക്കരണം സാധിതമാകണം. വ്യക്തികളുടെ ദൈവാഭിമുഖ്യത്തെ വളർത്താനും അവരെ ദൈവത്തിൽ ആശ്രയിക്കാൻ പ്രേരിപ്പിക്കാനും ദൈവീകമനുഷ്യർക്കു കഴിയുമ്പോൾ ദൈവശാസ്ത്രവൽക്കരണത്തിന്റെ തുടക്കമായി.

ദുരിതത്തിലും ദുഃഖത്തിലും പലപ്പോഴും മനുഷ്യർക്ക്‌ ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെടും. ആരും സഹായിക്കാനില്ലാത്ത, ഒരിക്കലും രക്ഷപെടാൻ സാധിക്കാത്ത, പ്രതീക്ഷ നശിച്ച, നിരാശ കടന്നുപിടിച്ച ഊരാക്കുടുക്കിലേയ്ക്ക് മനുഷ്യൻ വഴുതിവീഴും. അപ്പോഴാണ് വ്യക്തമായൊരു ദൈവശാസ്ത്രത്തിന്റെയും കൃത്യമായൊരു ആദ്ധ്യാത്മികതയുടെയും ആവശ്യം; ദൈവീകമനുഷ്യരുടെ സേവനം അത്യാവശ്യമാകുന്നതും അപ്പോഴാണ്. ദൈവകൃപയുടെ മൊത്തക്കച്ചവടക്കാരെന്നു വിളിച്ച് അവരെ പടിക്കു പുറത്തുകടത്താൻ പലരും മുന്നിട്ടിറങ്ങിയേക്കാം. എന്നാൽ, ജീവിതസാഹചര്യങ്ങളിൽ ദൈവത്തിന്റെയും ദൈവാനുഭവത്തിന്റെയും ദൈവവചനത്തിന്റെയും ദൈവിക കൂദാശകളുടെയും അനുഷ്ഠാന കർമ്മങ്ങളുടെയും ആവശ്യകതയും നിയോഗവും മനസ്സിലാക്കി മനുഷ്യന് സാധ്യവും മനസ്സിലാകുന്നതുമായ രീതിയിലും ഭാവത്തിലും ഭാഷയിലും അവ നൽകി അവനെ സർവ്വോപരി ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ ദൈവശാസ്ത്രവൽക്കരണം നടക്കുന്നത്.

ഇത് ഒരേസമയം വാക്കും പ്രവർത്തിയുമാണ്. എന്നാൽ, രോഗത്തിന്റെയും മരണഭീതിയുടെയും ഭീകരത മനസ്സിലാക്കാൻ ഒരു ദൈവശാസ്ത്രവും ആവശ്യമില്ല. പകർച്ചവ്യാധി അനിശ്ചിതത്വത്തിന്റെ അരൂപിയായി ആവസിക്കുമ്പോള്‍ തെറ്റായ ദൈവശാസ്ത്ര ചിന്തകൾ പകർച്ചവ്യാധി പോലെ പ്രചരിക്കുന്നത് നീതീകരിക്കാനാകില്ല. ക്രിസ്തുവാണ് പ്രതിരോധമെന്നു പറഞ്ഞ് സാധ്യമായ അതിജീവനമാർഗ്ഗങ്ങൾ നിഷേധിക്കുന്നത് ക്രിസ്‌തുനിഷേധമായി മാത്രമേ കാണാനാകൂ. പ്രതിരോധമാർഗ്ഗങ്ങൾ അവലംബിക്കുന്നതോടൊപ്പം ക്രിസ്തുവിലും ആശ്രയിക്കുക എന്നുമാത്രമേ ദൈവശാസ്ത്രപരമായി പറയാനാകുകയുള്ളൂ.

രോഗികളെ സുഖപ്പെടുത്തിയ ക്രിസ്തുവിന് പകർച്ചവ്യാധികളെ അകറ്റാനാകില്ലേ എന്ന ചോദ്യത്തിനു പ്രസക്തിയില്ല. കാരണം, ക്രിസ്തു നടത്തിയ എല്ലാ സൗഖ്യമാക്കലുകളും സുഖപ്പെട്ടവന്റെ സഹകരണത്തോടു കൂടിയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷവും സ്പാനിഷ് ഫ്ലൂ പോലുള്ള കാലാകാലങ്ങളിലുള്ള മഹാമാരികൾക്കുശേഷവും യൂറോപ്പിലെ ദൈവശാസ്ത്രജ്ഞരും മതനേതൃത്വവും ഒരു തിരിഞ്ഞുനോട്ടത്തിനും തിരിഞ്ഞുനടപ്പിനും മനുഷ്യരെ പ്രേരിപ്പിച്ചു. എന്നാൽ, കോറോണ എന്ന പകർച്ചവ്യാധി ഒരു തിരിഞ്ഞുനോട്ടത്തിനപ്പുറം മുന്നോട്ടുള്ള പ്രയാണത്തിന്റെ ഗതി നിയന്ത്രിക്കാൻ നമ്മെ പ്രേരിപ്പിക്കണം. ഇതുവരെ ചെയ്‌തതും പ്രവർത്തിച്ചതും തെറ്റായിരുന്നുവെന്നു കരുതി തിരുത്തുന്നതു മാത്രമല്ല, മുന്നോട്ടുള്ള പ്രകൃതിയുടെയും നമ്മുടെയും യാത്രയിൽ ഒത്തൊരുമിച്ച് നാളേയ്ക്കുവേണ്ടി മാർഗ്ഗരേഖയ്ക്ക് രൂപം കൊടുത്തും കൃത്യവും ക്രമവുമായ ജീവിതാശൈലി രൂപീകരിച്ചും ഭാവി ശോഭനമാക്കുന്നതും ലക്ഷ്യമായിരിക്കണം. ആ പ്രക്രിയയിൽ ദൈവത്തിനും ദൈവീകമൂല്യങ്ങൾക്കും പ്രഥമസ്ഥാനമുണ്ടാകണം.

4. കാലത്തിന്റെ അടയാളം

ക്രൈസ്തവ ദൈവശാസ്ത്രത്തിൽ കാലത്തിനും കാലത്തിന്റെ അടയാളത്തിനും ഏറെ സ്ഥാനമുണ്ട്. കൊറോണ എന്ന പകർച്ചവ്യാധി കാലത്തിന്റെ അടയാളമായി ക്രൈസ്തവദർശനപ്രകാരം കാണുവാൻ കഴിയും. ബൈബിളിലധിഷ്ടിതമായ  ചിന്തയാണിച്ചത്.

2020 -ലെ നോമ്പുകാലത്ത് ദേവാലയ തിരുക്കർമ്മങ്ങൾ മുടങ്ങിയപ്പോൾ ക്രൈസ്തവർ ചിന്തിച്ചത്, ഏതാനും ദിവസങ്ങൾക്കകമോ ഏതാനും ആഴ്ചകൾക്കകമോ അതിജീവിക്കാവുന്ന അപകർച്ചാവ്യാധിയാണ് കോറോണ എന്നാണ്. എന്നാല്‍, ലോകമെമ്പാടും വ്യാപിക്കുന്ന കൊറോണ ഉയർത്തുന്ന വെല്ലുവിളി കാലത്തിന്റെ അടയാളമാണെന്ന് ഇനിയും പലർക്കും ബോധ്യമായിട്ടില്ല. എന്തുകൊണ്ട് ഇതുണ്ടായി എന്നതിന് കാരണവും മനുഷ്യന് കണ്ടുപിടിക്കാനാകും. എന്നാൽ കൊറോണ, കാലത്തിന്റെ അടയാളമായി കരുതുമ്പോൾ കാരണവും അടിസ്ഥാനപരമായ പരിഹാരവും കണ്ടെത്തുന്നതിനുമുമ്പ് ഉടന്‍ എന്തുചെയ്യാമെന്നും രോഗികൾക്കും ഭീതിയില്‍ അകപ്പെട്ടവർക്കും എന്ത് ആശ്വാസം നല്കാമെന്നതുമാണ് പ്രധാനചോദ്യം.

ഈ ശൈലിയും മനോഭാവവും ആദിമക്രൈസ്തവ മനോഭാവമായിരുന്നു. ക്രിസ്തുമതത്തിന്റെ ആദിമനൂറ്റാണ്ടുകൾ മതപീഡന കാലമായിരുന്നുവല്ലോ. എ.ഡി. 165 മുതൽ എ.ഡി. 185 വരെ പതിനഞ്ചു വര്‍ഷക്കാലത്തേയ്‌ക്ക്‌ റോമാ സാമ്രാജ്യത്തിൽ പ്ലേഗ് ബാധ മൂലം ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് മരിച്ചപ്പോൾ, ക്രൈസ്തവർ സ്വന്തം സുരക്ഷിതത്വം കാര്യമായി കരുതാതെ രോഗീശുശ്രൂഷകരായി. പിന്നീട് എ.ഡി. 265 മുതൽ പന്ത്രണ്ടു വര്‍ഷക്കാലത്തേയ്ക്ക് വീണ്ടും പ്ലേഗ് ബാധ ഉണ്ടാകുകയും റോമാസാമ്രാജ്യം സർവ്വോപരി ദുർബലമാകുകയും ചെയ്തപ്പോൾ അന്നത്തെ ക്രൈസ്തവർ സേവനനിരതരായി. അന്ന് അലക്‌സാണ്ട്രിയായിലെ പാത്രിയാക്കീസായിരുന്ന ദയനേഷ്യസ്,‌ സ്വന്തം ജീവൻ ത്യജിച്ചുപോലും രോഗികളെ ശുശ്രൂഷിക്കണമെന്ന് റോമാസാമ്രാജ്യത്തിലെ ക്രിസ്ത്യാനികൾക്ക് എഴുതുകയും ക്രിസ്ത്യാനികൾ അത് അനുസരിക്കുകയും ചെയ്തു.

മതപീഡനം അനുഭവച്ചിരുന്ന ക്രൈസ്തവർ, തങ്ങളെ മറ്റുള്ളവരിൽ നിന്നും വേർതിരിക്കുന്ന മനുഷ്യത്വത്തിന്റെ മാതൃകയായി സ്വീകരിച്ചതും ഈ രോഗീശുശ്രൂഷയായിരുന്നു. അക്കാലത്ത് റോമാസാമ്രാജ്യത്തുടനീളം പീഡിപ്പിക്കപ്പെട്ട  ക്രൈസ്തവർ വിശാസത്തിന്റെ പേരിൽ തങ്ങളെ കൊല്ലുന്ന ശത്രുക്കളുടെ ശുശ്രൂഷകരും രക്ഷകരുമായി മാറുകയും അവർ  മനുഷ്യത്വത്തിന്റെ പര്യായമായി മറ്റുള്ളവർക്ക് അനുഭവവേദ്യമാകുകയും ചെയ്തു. ക്രിസ്തുമതം റോമാക്കാരുടെ സ്വന്തം മതമായി ആദരിക്കപ്പെടാൻ ഈ നിസ്വാർത്ഥസേവനം കാരണമായിട്ടുണ്ടാകാം. ക്രൈസ്തവികതയുടെ കാതൽ ഇത്തരത്തിലുള്ള നിസ്വാർത്ഥ ശുശ്രൂഷയാണ്. അതുകൊണ്ട് ക്രൈസ്തവസമൂഹത്തെ ഭൂമിയുടെ ഉപ്പയും ലോകത്തിന്റെ പ്രകാശവുമായി വ്യാഖ്യാനിക്കുമ്പോൾ പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ സഭാമന്ദിരങ്ങൾ ആശുപത്രിയായും സഭാസമൂഹം ആരോഗ്യപാലകരായും വ്യാഖ്യാനിക്കപ്പെടണം.

ശാരീരികമായ ആരോഗ്യം മാത്രമല്ല, മാനസികവും സാമൂഹ്യവും ആത്മീയവുമായ ആരോഗ്യം നിലനിർത്തുവാൻ സഭയ്ക്ക് തനതായ സംഭാവനകൾ നൽകാനാകണം. വെറുപ്പ്, വിദ്വേഷം, അസമത്വം തുടങ്ങിയ തിന്മകൾക്കെതിരെ സ്വരമാകാനാകണം. അടയ്ക്കപ്പെട്ട ആരാധനാലയങ്ങൾ സഭയ്ക്ക് അടയാളവും വെല്ലുവിളിയുമാണ്. യഥാർത്ഥ ദൈവാരാധനയുടെ അര്‍ത്ഥം ബോധ്യപ്പെടുത്താനുള്ള മുഹൂർത്തമായും  യഥാർത്ഥ ദൈവാരാധന പരിശീലിക്കാനുമുള്ള അവസരമായും  അടയ്ക്കപ്പെട്ട ആരാധനാലയങ്ങളെ കാണാനാകണം.

യഥാർത്ഥത്തിൽ, ആരാധനാലയങ്ങളുടെ ധർമ്മം അനുദിനജീവിതത്തിൽ പ്രകടമാകേണ്ട യഥാർത്ഥ ദൈവാരാധനയ്ക്ക് മനുഷ്യനെ പ്രാപ്തനാക്കുക എന്നാണല്ലോ. ഇന്നത്തെ മനോഭാവത്തിലും ശൈലിയിലും അടിസ്ഥാനപരമായ മാറ്റമുണ്ടായില്ലെങ്കിൽ ആരാധനാലയങ്ങൾ ജാതി-മതഭേദമന്യ ലോകമെമ്പാടും അനാവശ്യസൗധമായി മാറുമെന്നതിന്റെ മുന്നറിയിപ്പായും അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങളെ കാണാനാകും. അതുപോലെ, ക്രൈസ്തവികത ജീവിതത്തിൽ പ്രകടമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് പകർച്ചവ്യാധിയും അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങളും. ആന്തരികതയും ആത്മീയനുഭൂതിയും ദേവാലയ കർമ്മങ്ങളുടെ അഭാവത്തിലും അനുഭവവേദ്യമാക്കാൻ കഴിയണമെന്ന മുന്നറിയിപ്പും ഇന്നത്തെ സാഹചര്യം നൽകുന്നുണ്ട്. സഭയുടെ നവീകരണത്തിനും നവമായ സമീപനരീതിക്കും തുടക്കം കുറിക്കാനുള്ള ആഹ്വാനവും ഇതിലുണ്ട്. മൂല്യങ്ങളിലേയ്ക്ക് തിരിഞ്ഞുനടക്കാനും അടിസ്ഥാനമായതിനെ മുറുകെപ്പിടിക്കാനും നാളേയ്ക്ക് നാളെയുടെ ശൈലിയിൽ കാലുകുത്താനുമുള്ള തുടക്കമാണിത്.

തുടരും 

ഡോ. ജോസഫ് പാണ്ടിയപ്പള്ളില്‍ MCBS

(ദൈവശാസ്ത്രത്തില്‍ ജർമനിയിലെ ഫ്രൈബുർഗ് യൂണിവേഴ്സിറ്റിയില്‍ നിന്നും,  തത്വശാസ്ത്രത്തില്‍ മ്യൂണിക് ജെസ്യുറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറല്‍ ബിരുദങ്ങൾ നേടിയ MCBS വൈദികനാണ് ഡോ. ജോസഫ് പാണ്ടിയപ്പള്ളില്‍)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.