പേരന്റിംഗ് ഈസിയാക്കാം ഈ മാർഗങ്ങളിലൂടെ 

കുട്ടിക്കാലം മുതൽ പ്രായപൂർത്തിയാകുന്നതുവരെ ഒരു കുട്ടിയുടെ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവും ബൗദ്ധികവുമായ വികസനത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് പേരന്റിംഗ് എന്നത്. ഓരോ കുട്ടിയും വളർന്നുവരുന്നതിനൊപ്പം പേരന്റിങ്ങിലെ സങ്കീർണതകളും കൂടിവരുന്നു എന്നത് വിസ്മരിക്കാനാകാത്ത യാഥാർഥ്യമാണ്.

നല്ല നിർദേശങ്ങളിലൂടെയും കരുതലിലൂടെയും കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളെയും ഗുണപരമായി മാറ്റിയെടുക്കാൻ നല്ല പേരന്റിങ്ങിലൂടെ സാധിക്കും.  പേരന്റിംഗ് എന്നത് കാലാനുസൃതമായ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. ‘ശിക്ഷയല്ല; ശിക്ഷണമാണ് വേണ്ടത്’ എന്ന ആശയം ഉൾക്കൊള്ളുന്ന പോസിറ്റിവ് പാരന്റിംഗാണ് പുതിയ കാലത്ത് സ്വീകാര്യമായിരിക്കുന്നത്.

കുട്ടികളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കി സൗഹൃദത്തോടെ പേരന്റിംഗ് എങ്ങനെ ഈസിയാക്കാമെന്ന് നമുക്കു നോക്കാം.

1. കുട്ടികൾക്കുണ്ടാക്കുന്ന നെഗറ്റീവ് ഫീലിങ്ങുകൾക്കു (ദേഷ്യം, അസൂയ, സങ്കടം മുതലായവ) അവരെ  വഴക്കു പറയുകയോ, ശിക്ഷിക്കുകയോ ചെയ്യരുത്.

2. കുട്ടികൾക്കും അവർ അർഹിക്കുന്ന ബഹുമാനം നൽകിവേണം സംസാരിക്കാൻ.

3. കുട്ടികളുടെ കഴിവുകളിൽ തങ്ങൾക്കുള്ള സംതൃപ്തി രക്ഷിതാക്കൾ കുട്ടികളെ അറിയിക്കണം.

4. കുട്ടികൾ സംസാരിക്കുമ്പോൾ ഇടയ്ക്കു കയറി പറയാതെ, അവരെ കേൾക്കുക. അവരെ വ്യക്തമായി മനസ്സിലാക്കി മാത്രം അഭിപ്രായങ്ങൾ പറയുക.

5. കുട്ടികളുടെ നല്ല സുഹൃത്തുക്കളാകുക. കുട്ടികളുടെ മനസ്സിൽ സൃഷ്ടിക്കുന്ന വിശ്വാസ്യതയാണ് മാതാപിതാക്കളെ ആശ്രയിക്കാനും ബഹുമാനിക്കാനും കുടുംബത്തോടു ചേർന്നുനിൽക്കാനും അവരെ പ്രാപ്തരാക്കുന്നത്.

6. പ്രോത്സാഹനപരമായ വാചകങ്ങൾ കുട്ടികളോടു പറയുക. ഉദാ: എനിക്കെന്റെ കുഞ്ഞിനെ മനസ്സിലാവും, എനിക്ക് നിന്റെ കൂടെ ഇരിക്കാൻ ഒരുപാട് ഇഷ്ടമാണ് തുടങ്ങിയ കാര്യങ്ങൾ ഇടയ്ക്കിടെ കുട്ടിയോടു പറയാം.

7. കുട്ടികൾ ഏറ്റവും നല്ല പെരുമാറ്റ ശീലങ്ങൾ ആർജ്ജിച്ചെടുക്കുന്നത് ചുറ്റുപാടുകളെ  നിരീക്ഷിച്ചിട്ടാണ്; പ്രത്യേകിച്ച്, കുട്ടി ബഹുമാനിക്കുന്നവരുടെ പെരുമാറ്റങ്ങൾ. നാം പറയുന്നതിനേക്കാൾ നാം ചെയ്യുന്നതാണ് കുട്ടികൾ ശീലിക്കുക. അതുകൊണ്ടുതന്നെ നമ്മിൽ നല്ല ശീലങ്ങൾ ഉണ്ടായിരിക്കണം.

8. തെറ്റു കണ്ടാൽ കുട്ടികളെ തിരുത്തുക. ആളുകളുടെ മുമ്പിൽവച്ച് വഴക്കു പറയുകയോ, ശിക്ഷിക്കുകയോ, ഉപദേശിക്കുകയോ ചെയ്യാതിരിക്കുക. എന്നാൽ തടയേണ്ടത് തടയുക. ചാടിക്കയറി പ്രതികരിക്കാതെ ഇരിക്കുക.

9. കുട്ടികളിലേക്ക് പോസിറ്റിവിറ്റി കൊണ്ടുവരിക. കുട്ടികളുടെ താല്പര്യങ്ങൾ രക്ഷിതാക്കൾ അറിഞ്ഞിരിക്കുക എന്നത് ഒരു പ്രധാനഘടകമാണ്. അത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും പരിമിതികൾ മറികടക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും.

10. കുട്ടികളുടെ വികാരങ്ങൾ മനസിലാക്കുകയും മാനിക്കുകയും ചെയ്യുന്നതുപോലെ നമ്മുടെ വികാരങ്ങളും അവരോട് തുറന്നുപറയുക. ഉള്ളിൽ ഒന്നുവച്ച് പുറത്ത് മറ്റൊന്നു കാണിക്കാതിരിക്കുക. മാതാപിതാക്കളുടെ സങ്കടവും വേദനയും കുട്ടികൾക്ക് ദോഷമായി ബാധിക്കാത്ത വിധത്തിൽ അവരോട് പങ്കുവയ്ക്കാൻ സാധിക്കണം.

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പേരന്റിംഗ് ഒരുപരിധി വരെ നമുക്ക് ഈസിയാക്കാം. ഇതുകൂടാതെ, ഓരോ കുഞ്ഞിനെയും ദൈവം നമ്മെ ഏല്പിക്കുമ്പോൾ അവരെ ജ്ഞാനത്തോടെയും വിവേകത്തോടെയും വളർത്താനുള്ള കൃപയ്ക്കായി ദൈവത്തോടു പ്രാർഥിക്കാം.

റ്റിന്റു തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.