ജോലിയും കുടുംബജീവിതവും എങ്ങനെ സന്തുലിതമാക്കാമെന്ന് കാണിച്ചുതരുന്ന അഞ്ച് വിശുദ്ധർ

വളരെയധികം തിരക്കുകൾ നിറഞ്ഞ ഒന്നാണ് ആധുനിക ലോകം. ജീവിതം പച്ചപിടിപ്പിക്കാനുള്ള നെട്ടോട്ടമാണ് എവിടെയും. ഈ സാഹചര്യത്തിൽ ഒരു ജോലി എന്നത് വളരെ അത്യന്താപേക്ഷിതമാണ്. ഓഫീസിൽ നിന്ന് വീട്ടിലേക്കും വീട്ടിൽ നിന്ന് ഓഫീസിലേക്കുമുള്ള ഓട്ടത്തിനിടെ പലരും പറയുന്ന ഒന്നാണ് ‘മടുത്തു’ എന്ന വാക്ക്.

ഇത്തരത്തിലുള്ള തിരക്കുകളും മടുപ്പും നമ്മുടെ ജീവിതത്തെ പ്രാർത്ഥനയിൽ നിന്ന് അകറ്റാൻ കാരണമാകാം. കുടുംബജീവിതവും ജോലിയും ഒരുപോലെ കൊണ്ടുപോവുക എന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. എന്നാൽ ജോലിത്തിരക്കുകൾ ഉണ്ടായിരുന്നിട്ടും അതിനിടയിലും കുടുംബത്തെ സംരക്ഷിക്കുകയും കുഞ്ഞുങ്ങളെ വിശുദ്ധരായി വളർത്തുകയും ചെയ്ത വ്യക്തികളുണ്ട്. സഭ വിശുദ്ധപദവിയിലേക്ക് ഉയർത്തിയ അഞ്ചു വിശുദ്ധരുടെ ജീവിതത്തിലൂടെ നമുക്ക് കടന്നുപോകാം; അവരെ മാതൃകയാക്കാം…

1. വി. ബേസിലും വി. എമ്മീലിയയും

ഈ വിശുദ്ധ ദമ്പതികൾ ഒൻപതു മക്കളുടെ മാതാപിതാക്കളാണ്. മക്കളിൽ പലരും സഭയിലെ വിശുദ്ധരുമാണ്. വി. ബേസിൽ ഒരു അഭിഭാഷകനായിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യ എമ്മീലിയയും വിശുദ്ധന്റെ അമ്മയ്‌ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.

വി. ബേസിലിന്റെ അമ്മയുടെ സഹായത്താൽ ഈ ദമ്പതികൾക്ക് തങ്ങളുടെ കുട്ടികളെ വിശ്വാസത്തിൽ വളർത്താനും ആ വിശ്വാസത്തിൽ നിലനിർത്താനും സാധിച്ചു. ബേസിലിന്റെ മരണശേഷം എമ്മീലിയ തന്റെ മക്കൾക്ക് സ്വത്ത് വീതം വച്ചു നൽകുകയും ഒരു മകൾക്കൊപ്പം ലളിതമായ ജീവിതം നയിക്കുകയും ചെയ്തു. എമ്മീലിയക്കും മകൾക്കുമൊപ്പം ധാരാളം സ്ത്രീകൾ താമസിക്കാനെത്തി. അങ്ങനെ അവർ ഒരു സന്യാസ സമൂഹത്തിന് രൂപം നൽകി.

2. കൃഷിക്കാരനായ വി. ഇസിഡോറും വി. മരിയയും

വി. ഇസിഡോർ തന്റെ ഭാര്യയായ മരിയക്കൊപ്പം കൃഷിയിടങ്ങളിൽ ജോലി ചെയ്തു വന്നിരുന്നു. ഇവർക്ക് ഒരു കുഞ്ഞുണ്ടായി. എങ്കിലും ചെറുപ്പത്തിൽ തന്നെ ആ കുഞ്ഞു മരിച്ചുപോയി. ഇസിഡോർ വളരെ ഭക്തനായ ഒരു മനുഷ്യനായിരുന്നു. കഠിനമായി അദ്ധ്വാനിക്കുകയും തന്റെ പ്രയത്നങ്ങളെല്ലാം ദൈവത്തിനു സമർപ്പിക്കുകയും ചെയ്തിരുന്നു. ഒപ്പം തന്നെ പ്രാർത്ഥനക്കും സമയം കണ്ടെത്തിയിരുന്നു. മരിയ വളരെ ആഥിത്യമര്യാദ ഉള്ളവളായിരുന്നു. അവൾ ഭക്ഷണം ഉണ്ടാക്കുകയും വിശന്നുവലഞ്ഞു തന്റെ പക്കലെത്തുന്നവർക്ക് ആഹാരം നൽകുകയും ചെയ്തിരുന്നു. എത്ര തിരക്കുണ്ടായാലും പ്രാർത്ഥിക്കാനായി സമയം കണ്ടെത്തുകയും ജോലികൾ കൃത്യസമയത്ത് തീർക്കുകയും ചെയ്തിരുന്നു.

3. വി. ലൂയിസ് മാർട്ടിനും വി. സെലി മാർട്ടിനും

ഈ വിശുദ്ധ ദമ്പതികൾ എല്ലാവർക്കും പരിചിതരാണ്. വി. കൊച്ചുത്രേസ്യയുടെ മാതാപിതാക്കൾ. കൊച്ചുത്രേസ്യയെ കൂടാതെ മറ്റു നാല് മക്കൾ കൂടിയുണ്ടായിരുന്നു ഈ വിശുദ്ധ ദമ്പതികൾക്ക്. ഇരുവരും ഒരുമിച്ച് ലേസ് ബിസിനസ് നടത്തുകയായിരുന്നു. ലൂയിസ് ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുകയും സെലി ബിസിനസ് നോക്കിനടത്തുകയും ചെയ്തുപോന്നു. തങ്ങളുടെ ജോലിക്കിടയിലും അവർ പ്രാർത്ഥനക്കായി പ്രത്യേകം ശ്രദ്ധിക്കുകയും കുടുംബത്തിന്റെ ഉന്നമനത്തിനായി ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്തിരുന്നു.

4. വി. നേർസസ്‌

നേർസസ്‌ ഒരു രാജകുമാരിയെയാണ് വിവാഹം ചെയ്‌തിരുന്നത്‌. അവർക്ക് ഒരു കുഞ്ഞുണ്ടായിരുന്നു – വി. ഐസക് ദി ഗ്രേറ്റ്. നേർസസ്‌ തന്റെ ഭാര്യയുടെ മരണശേഷം അർമേനിയൻ രാജാവിന്റെ കോടതിയിൽ ജോലി ചെയ്യാൻ തുടങ്ങി. വൈകാതെ തന്നെ ബിഷപ്പാകുകയും രാജാവിന്റെ നെറികേടിനെ ചൂണ്ടിക്കാണിച്ചതിന് അദ്ദേഹത്തെ വധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മകൻ തന്റെ പിതാവിന്റെ പാത പിന്തുടർന്നു. വിവാഹശേഷം ഭാര്യ മരിച്ച ഐസക് സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചു. അർമേനിയൻ സഭയെ വളർച്ചയുടെ പാതയിൽ എത്തിക്കാൻ വി. ഐസക്കിനു കഴിഞ്ഞു.

5. വി. ജിയന്ന മൊള്ള

നാലു മക്കളുടെ അമ്മയായ ഈ വിശുദ്ധ കുട്ടികളുടെ ഡോക്ടറായിരുന്നു. തന്റെ ഭർത്താവായ പിയെത്രോക്കൊപ്പം സന്തോഷത്തോടെ കുടുംബജീവിതം നയിച്ചിരുന്നു. ഇടവക ദേവാലയവുമായി അടുത്തുനിന്നിരുന്ന ജിയന്ന, സമയം കിട്ടുമ്പോഴൊക്കെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇറങ്ങിത്തിരിച്ചിരുന്നു. ജിയന്നയും പിയെത്രോയും ചേർന്ന് സ്നേഹം നിറഞ്ഞ ഒരു കുടുംബം കെട്ടിപ്പടുക്കാൻ ശ്രമിച്ചിരുന്നു. മുപ്പത്തിയൊൻപതാം വയസിൽ തന്റെ കുഞ്ഞിനായി ഈ വിശുദ്ധ സ്വജീവൻ സമർപ്പിച്ചു.

ജീവിതത്തിൽ എല്ലാവർക്കും തിരക്കുകളുണ്ട്. ആ തിരക്കുകളെയും ഉത്തരവാദിത്വങ്ങളെയും ദൈവത്തിനായി സമർപ്പിക്കുമ്പോഴാണ് അവ കൂടുതൽ വിശുദ്ധീകരിക്കപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.