പകർച്ചവ്യാധിയുടെ ദൈവശാസ്‌ത്രം – 2

(പകർച്ചവ്യാധിയെയും പകർച്ചവ്യാധി വരുത്തിവച്ച ദുരിതങ്ങളെയും ദൈവവിശ്വാസത്തിന്റെയും ദൈവദർശനത്തിന്റെയും വെളിച്ചത്തിൽ വിശകലനം ചെയ്യുന്നതും വിലയിരുത്തുന്നതുമാണ് പകർച്ചവ്യാധിയുടെ ദൈവശാസ്‌ത്രം. ഈ ലേഖനപരമ്പരയിലെ രണ്ടാം ഭാഗം. ആദ്യ ഭാഗം വായിക്കാന്‍ https://www.lifeday.in/lifeday-theology-of-epidemic-01/ ക്ലിക്ക് ചെയ്യുക).

5. വിശ്വാസമാണ് അടിസ്ഥാനം

ദൈവത്തിലും മരണാനന്തരജീവിതത്തിലും വിശ്വസിക്കാത്തവരുമായി ദൈവശാസ്ത്ര വിഷയങ്ങൾ ചർച്ച ചെയ്യുന്നതിലും സാഹചര്യങ്ങളെയും സംഭവങ്ങളെയും ദൈശാസ്ത്രവൽക്കരിക്കുന്നതിലും ഒരുപാട് പരിമിതികളുണ്ട്. വിശ്വാസികളുടെ സമൂഹം ചില അടിസ്ഥാനതത്വങ്ങളിൽ  വിശ്വസിക്കുന്നവരും ചില അടിസ്ഥാനപ്രതീക്ഷകൾ പുലർത്തുന്നവരുമാണ്. അവർക്കുവേണ്ടി മാത്രമാണ് ദൈവശാസ്ത്രവൽക്കരണവും അദ്ധ്യാത്മികതയും. എവിടെ, എപ്പോൾ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പകർച്ചവ്യാധിയെ സമീപിക്കണമെന്നതിൽ മാത്രമാണ് ദൈവശാസ്ത്രവൽക്കരണത്തിൽ പ്രസക്തം. വിശദീകരിക്കാം…

എല്ലാത്തിനും ശാസ്ത്രീയകാരണങ്ങൾ തേടുന്നതും കണ്ടെത്തുന്നതും ഇന്നും എന്നും മനുഷ്യന്റെ സ്വാഭാവിക പ്രവണതയാണ്. പ്രകൃതിപരവും ശാരീരികവും മാനസികവുമായ തലങ്ങളിലെ വ്യതിയാനങ്ങളും പ്രവർത്തനരീതികളും പുതിയതും മനുഷ്യന് നിയന്ത്രിക്കാനാവാത്തതുമായ പ്രശ്നങ്ങളിലേയ്ക്ക് നയിക്കപ്പെടാമെന്ന് മനുഷ്യൻ മനസ്സിലാക്കിക്കഴിഞ്ഞു. അതുപോലെ തന്നെ പ്രകൃതിപരവും ജൈവവുമായ പ്രശ്നങ്ങൾക്ക് തന്റെ കഴിവ് കൊണ്ടും അദ്ധ്വാനം കൊണ്ടും പരിഹാരം കാണാനാകുമെന്നും മനുഷ്യൻ വിശ്വസിക്കുന്നുണ്ട്. അപ്രാപ്യമെന്നു കരുതിയ പല പ്രശ്നങ്ങൾക്കും, പല രോഗങ്ങൾക്കും ഇതിനകം തന്നെ മനുഷ്യൻ പരിഹാരം കണ്ടുകഴിഞ്ഞുതാനും. അതുകൊണ്ട് കോറോണ എന്ന വൈറസിനെ പ്രതിരോധിക്കുന്നതിന് നിശ്ചയമായും മനുഷ്യനു സാധിക്കും.

മനുഷ്യന് സാധ്യമായതും എന്നാൽ, ഇനിയും സാധ്യമായിട്ടില്ലാത്തതുമായ ഒരു ദൗത്യനിർവ്വഹണത്തിൽ ദൈവവിശാസത്തിന്റെയും പ്രാർത്ഥനയുടെയും പങ്കാണ് വിലയിരുത്തേണ്ടത്. പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും രോഗികളായവർക്കും പ്രതീക്ഷയുണർത്താനും ശക്തി പകരാനും ദൈവവിശ്വാസത്തിനു സാധിക്കും. ദൈവാശ്രായബോധവും ദൈവവിശ്വാസവും മനുഷ്യന്റെ ജാഗ്രതയോടു കൂടിയ പ്രവർത്തനങ്ങളെ കൃത്യതയുള്ളതാക്കും – ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണിത്. ദൈവവിശ്വാസികൾക്ക് താരതമ്യേന ആയുസ്സ് കൂടുതലാണെന്നുള്ള പഠനങ്ങളും പലരും കണ്ടിരിക്കുമല്ലോ. അതുകൊണ്ട് ദൈവവിശ്വാസമില്ലാത്തവരെയും ദൈവത്തോട് പ്രാർത്ഥിക്കുവാൻ ഞാൻ ആഹ്വാനം ചെയ്യുകയാണ്. കാരണം, പ്രാർത്ഥന നിങ്ങളുടെ അവബോധമനസ്സിനെ ശക്തിപ്പെടുത്തും. മുൻകരുതലെടുക്കുവാനും പ്രതിരോധം തീർക്കുവാനും പ്രാർത്ഥന ശക്തിപ്പെടുത്തും. വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രാർത്ഥന അവരുടെ അവബോധമനസ്സിനെ മാത്രമല്ല, ബോധമനസ്സിനെയും ശക്തിപ്പെടുത്തും. അതുകൊണ്ട് ദൈവവിശ്വാസവും പ്രാർത്ഥനയും അവിശ്വാസിക്കുപോലും ലാഭം മാത്രം പ്രദാനം ചെയ്യുന്ന പ്രക്രിയയാണ്.

6. ദൈവികമനുഷ്യരുടെ ആവശ്യകത

ടൈറ്റാനിക്  സിനിമ കണ്ടിട്ടുള്ളവർ അതിലെ മനോഹരമായ ഒരു രംഗം മറക്കാനിടയില്ല. കപ്പൽ മുങ്ങിത്താഴുമ്പോൾ ഒന്നാം ക്ലാസ് യാത്രക്കാരനല്ലാതിരുന്നിട്ടും ഒരു ബെനഡിക്ടന്‍ സമർപ്പിതന്, അദ്ദേഹം കത്തോലിക്കാ പുരോഹിതനായിരുന്നതിന്റെ പേരിൽ രക്ഷപെടാൻ അവസരം കിട്ടുന്നു. എന്നാൽ, സ്വന്തം ജീവൻ രക്ഷിക്കാനുള്ള അവസരം വേണ്ടെന്നുവച്ച് കപ്പലിൽ മുങ്ങിത്താണു മരിക്കുന്നവരോടുകൂടി വയലിൻ വായിച്ചും പാട്ടുപാടിയും പ്രാർത്ഥിച്ചും അദ്ദേഹം  ജനങ്ങളെ ശക്തിപ്പെടുത്തുന്ന രംഗമാണത്.

ജർമ്മനിയിൽ നിന്നും അമേരിക്കയിൽ ആശ്രമം സ്ഥാപിക്കാൻ നിയോഗിക്കപ്പെട്ട സമർപ്പിതനായിരുന്നു ഇദ്ദേഹം. സഹജീവികൾക്ക് ആപത്ത് വന്നപ്പോൾ തന്റെ നിയോഗവും സ്വജീവനും മറന്ന് സഹിക്കുന്ന, നിസ്സഹായനായ, ആശങ്കാഭരിതനായ മനുഷ്യർക്കൊപ്പം പൂര്‍ണ്ണമായും അർപ്പിതനായി സ്വയം വിട്ടുകൊടുക്കുന്ന ഒരു സമർപ്പിതന്റെ ചിത്രമാണത്. അദ്ദേഹം അംഗമായിരുന്ന ആശ്രമം ഒരിക്കൽ സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ അനുസ്മരിക്കാൻ കൊത്തപ്പെട്ട ഫലകം ഞാൻ കാണുകയുണ്ടായി. ഈ ഉദാഹരണത്തിൽ നിന്നും വ്യക്തമാകുന്നതുപോലെ കോറോണ എന്ന പകർച്ചവ്യാധിയുടെ കാലത്ത് ദൈവീകമനുഷ്യരുടെ സാന്നിധ്യവും സേവനവും മനുഷ്യർക്ക് വളരെ ആവശ്യമുണ്ട്. മതനേതാക്കളായ ഒട്ടനവധിപേർ അവരുടെ സാന്നിധ്യവും സേവനവും നൽകുകയും ചെയ്തു. എന്നാൽ, അത് ഇനിയും മതിയായിട്ടില്ല. വിമർശകരുടെ ഒരു ഗണത്തെ മാറ്റിനിർത്തിയാൽ, വിമർശകരുടെ ഭാഗത്തെ ന്യായം അംഗീകരിച്ചുകൊണ്ടു തന്നെ മെത്രാന്മാരും വൈദികരും പൂജാരിമാരും ഇമാമുകളും സമർപ്പിതരും സന്യാസിമാരും വിശ്വസികൾക്ക് കോറോണയുടെ കാലങ്ങളിൽ വളരെ വേണ്ടപ്പെട്ടവരായിരുന്നു. വിശ്വസികൾക്ക് ഇവരുടെ സേവനം ആവശ്യത്തിനുമാത്രം ലഭിക്കാൻ സാഹചര്യങ്ങളുണ്ടായിരുന്നോ എന്നുകൂടി പരിശോധിക്കണം.

കൂദാശകളില്ലാത്ത, പൂജയും ബലിയും കുര്‍ബാനയുമില്ലാത്ത, ദുരിതവും ഭീതിയും ദാരിദ്ര്യവും വിതച്ച പകർച്ചവ്യാധിയുടെ കാലങ്ങളിൽ മതവും മതനേതൃത്വവും ദൈവവും ദൈവീകമനുഷ്യരും എത്രമാത്രം അനിവാര്യരായി? കഷ്ടപ്പാടിന്റെ നാളുകളിൽ ദൈവം എവിടെയായിരുന്നു? ദൈവശാസ്ത്രം എവിടെയായിരുന്നു? അദ്ധ്യാത്മികത എവിടെയായിരുന്നു? പ്രാർത്ഥനയും ധ്യാനവും മനുഷ്യന്റെ ഭയമകറ്റാൻ സഹായിച്ചുവോ? മനുഷ്യരെ കര്‍മ്മനിരതരാക്കുവാനും പകർച്ചവ്യാധികൾ ചെറുത്തുതോൽപ്പിക്കുന്നതിനുള്ള കര്‍മ്മപദ്ധതികൾ ദീർഘവീക്ഷണത്തോടെ ആവിഷ്കരിക്കുന്നതിൽ പങ്കാളികളാകുന്നതിലും മതനേതൃത്വത്തിനും ആരാധനാലയപാലകർക്കും കഴിഞ്ഞുവോ?

കുറെയെല്ലാം കഴിഞ്ഞിട്ടുണ്ടെന്നുവേണം കരുതാൻ. ഇല്ലെങ്കിൽ ആത്മപരിശോധന നടത്തി മനോഭാവത്തിലും പ്രവർത്തനശൈലിയിലും കര്‍മ്മപദ്ധതികളിലും രാവും പകലും പോലൊരു മാറ്റമുണ്ടാക്കി സഹിക്കുന്ന ജനങ്ങളോടൊപ്പമാകാൻ ഇനിയും സമയമുണ്ട്. കാരണം, കൊറോണ കുറേക്കാലം കൂടി അഴിഞ്ഞാടുകതന്നെ ചെയ്യും.

7. സ്വാധീനം ക്ഷയിക്കുന്ന മതനേതൃത്വം

പകർച്ചവ്യാധികൾ മുമ്പും ഉണ്ടായിട്ടുണ്ട്. പകർച്ചവ്യാധികൾക്കു മുമ്പിൽ അന്നും മനുഷ്യർ പകച്ചുനിന്നിട്ടുണ്ട്. പക്ഷേ, പണ്ടൊക്കെ മതനേതൃത്വത്തിന് സമൂഹത്തിലുള്ള സ്വാധീനം പതിന്മടങ്ങ് ശക്തമായിരുന്നു. ഒട്ടനവധി രാജ്യങ്ങളുടെ സ്ഥിതിയിതാണ്. ഭരണസംവിധാനവും സാമൂഹ്യചട്ടക്കൂടും സാമൂഹ്യജീവിതവും അന്ന് ആരാധനാലയങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു. യൂറോപ്പിൽ പ്ലേഗിന്റെയും സ്പാനിഷ് ഫ്ലൂവിന്റെയും കാലഘട്ടത്തിൽ എന്തിനും എല്ലാത്തിനും ഭരണാധികാരികളും സമൂഹവും ആരാധനാലയങ്ങളോട് ഒന്നുചേര്‍ന്ന് പ്രവർത്തിച്ചു. അവർ ഒത്തുചിന്തിച്ചു കൊണ്ട് പ്രശ്നപരിഹാരത്തിനു ശ്രമിച്ചു. ഇന്ന് ആരാധനാലയങ്ങളുടെയും മതനേതൃത്വത്തിന്റെയും സ്വാധീനം ചില ഇസ്ലാമിക രാജ്യങ്ങളും പല ഇന്ത്യൻ സംസ്ഥാനങ്ങളും ഒഴിച്ചാൽ മറ്റെല്ലാ രാജ്യങ്ങളിലും തന്നെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിൽ താരതമ്യേന കുറവാണ്.

ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്വാധീനം ചെലുത്തുന്ന ചില മതവിഭാഗങ്ങൾ സമത്വഭാവവും സാമൂഹ്യപ്രതിബദ്ധതയും പുലർത്തുന്നില്ലായെന്നു പറയാതെവയ്യ. ഭൗതികവൽക്കരണത്തിന്റെ കാലഘട്ടമാണിത്. ദൈവവിശ്വാസവും മതദർശനവും അപ്രസക്തമാണെന്നും മതമൂല്യങ്ങൾ കാലഹരണപ്പെട്ടുവെന്നും പ്രചരിപ്പിക്കപ്പെടുന്ന നാളുകൾ. സ്പോര്‍ട്സ്, സിനിമ, മ്യൂസിക്, സാമൂഹ്യമാധ്യമം തുടങ്ങിയവ സാമൂഹ്യജീവിതത്തിന്റെയും അനിർവാര്യമായ സാമൂഹ്യബന്ധങ്ങളുടെയും നേതൃത്വമേറ്റെടുത്തു. ദൈവശാസ്ത്രജ്ഞരും ആത്മീയനേതാക്കളും അവർക്കൊപ്പം തങ്ങളുടെ മണ്ഡലങ്ങളിൽ മത്സരബുദ്ധിയോടെ കര്‍മ്മനിരതരാകുന്നുണ്ടെങ്കിലും ആവശ്യമായ പല സാഹചര്യങ്ങളിലും നല്ല ശുശ്രൂഷ നൽകുന്നുണ്ടെങ്കിലും പലപ്പോഴും പൊതുവെ ദുർബലമായ സ്വാധീനമാണ് ചെലുത്താനാകുന്നത്.

മധ്യശതക മനോഭാവത്തിൽ ചിലരൊക്കെ എല്ലാ മണ്ഡലങ്ങളിലും അടക്കിവാഴാൻ കെല്പുള്ളവരെന്ന ഭാവേന അബദ്ധങ്ങൾ പറയുന്നുണ്ടുതാനും. അതുകൊണ്ട്, നേതൃത്വം കരുതലോടെയും സൂഷ്മതയോടെയും വേണം ഇടപെടൽ  നൽകുവാൻ. അല്ലെങ്കിൽ സ്വന്തക്കാരിൽ നിന്നുതന്നെ തെറ്റിദ്ധരിക്കപ്പെടാനും തെറ്റായി വ്യാഖ്യാനിക്കപ്പെടാനും അന്യായമായി വിമർശിക്കപ്പെടാനും അവഗണിക്കപ്പെടാനും സാധ്യത ഏറെയാണ്. പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ പ്ര്യത്യേകമായി ശ്രദ്ധ ചെലുത്തി വേണം ശുശ്രൂഷകൾ നൽകുവാൻ. കാരണം, പഴയതുപോലെ സമൂഹവും രാഷ്ട്രീയനേതൃത്വവും മതനേതൃത്വത്തെ മുഖവിലയ്ക്കെടുക്കുന്നില്ല. ദൈവവിശ്വാസവും മതനേതൃത്വത്തിന്റെ സഹകരണവും അവർക്ക് ആവശ്യമാണെങ്കിലും ഉപയോഗിച്ച് തള്ളാനുള്ള പ്രവണതയും ഇല്ലാതില്ല.

8. അവസാന നാളുകളോ!!?

പകർച്ചവ്യാധികൾ അവസാന നാളുകളുടെ തുടക്കമല്ല. എന്നാൽ, പകർച്ചവ്യാധികൾ അവസാന നാളുകളുടെ തുടക്കമാകാം. അതൊരു സാധ്യത മാത്രമാണ്; സാധൂകരിക്കാൻ സാധ്യതയില്ലാത്ത സാധ്യത. അതായത്, ഒരു പരിധിവരെ നമ്മുടെ കരങ്ങളിലാണ് പകർച്ചവ്യാധികളുടെ അന്ത്യം; അഥവാ നമ്മുടെ സ്വന്തം അന്ത്യം. പകർച്ചവ്യാധികളും യുദ്ധവും പ്രകൃതിക്ഷോഭവും ഉണ്ടായപ്പോൾ പല കാലങ്ങളിലും മനുഷ്യർ അന്ത്യനാളുകള്‍ എത്തിയെന്നു കരുതി. അന്ത്യനാളുകളും അന്ത്യവിധിയും ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ പ്രതിപാദ്യവിഷയമാണ്. കോറോണ എന്ന പകർച്ചവ്യാധി അഭിവാദ്യവുമായി എത്തിയപ്പോൾ ലോകാവസാനം അടുത്തെന്നും അന്തിക്രിസ്തു വന്നെന്നും ചിന്തിക്കുകയും പറയുകയും ചെയ്ത ക്രൈസ്തവ വിശ്വാസികൾ ലോകമെമ്പാടുമുണ്ടായിരുന്നു.

ക്രിസ്തു പലവിധ അടയാളങ്ങളെക്കുറിച്ച് പ്രസംഗിച്ചപ്പോഴും സമയം ഇനിയും ആയിട്ടില്ലെന്ന് അവിടുന്ന് പലവുരു ഊന്നിപ്പറഞ്ഞിരുന്നു. കോറോണ എന്ന പകർച്ചവ്യാധി പൊടുന്നനെ എവിടെനിന്നോ ചാടിയിറങ്ങി വന്ന ഭീകരനല്ല. വര്‍ഷങ്ങളായി മനുഷ്യർ പുലർത്തുന്ന മനോഭാവത്തിന്റെയും ജീവിതശൈലിയുടെയും പ്രവർത്തനങ്ങളുടെയും പരിണിതഫലമാണിത്. നമുക്ക് തടയാമായിരുന്ന മഹാമാരിയാണിത്. നമ്മൾ പാലിക്കേണ്ടിയിരുന്ന ജീവിത മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതുകൊണ്ട് നമ്മെ ആവഹിച്ച ദുരിതമാണിത്.

നമ്മൾ മോശമായി ജീവിച്ചതുകൊണ്ട്, പ്രകൃതിയെ സംരക്ഷിക്കാതിരുന്നതുകൊണ്ട്, ശുചിത്വം പാലിക്കാതിരുന്നതുകൊണ്ട്, വൈറസുകളെയും ബാക്ടീരിയകളെയും ലബോറട്ടറികളിൽ വളർത്തുകയും സംരക്ഷിക്കുകയും ചെയ്തതുകൊണ്ട്, സാമൂഹ്യ അകലം പാലിക്കാതിരുന്നതുകൊണ്ട്, ആർഭാടങ്ങൾ അനുദിനം വർദ്ധിച്ചതുകൊണ്ട്, പ്രകൃതിയെ ചൂഷണം ചെയ്തതുകൊണ്ട്, കൊള്ളലാഭം കൊയ്തതുകൊണ്ട്, അഴിമതി കാട്ടിയതുകൊണ്ട്, അക്രമം തുടർന്നതുകൊണ്ട്, സ്വാർത്ഥത കൊടികുത്തി വാണതുകൊണ്ട്… മനുഷ്യൻ സ്വയം വരുത്തിവച്ച വിനയെങ്കിൽ മനുഷ്യനു തന്നെ അതിനു പരിഹാരവും കാണാനാകും. അവസാന നാളുകൾ ഇനിയുമായിട്ടില്ല. ഉടനെയൊന്നും അവസാന നാളുകൾ ആവുകയുമില്ല.

അതുകൊണ്ട് അടിസ്ഥാനപരമായ ഹൃദയപരിവർത്തനമാണ് മാർഗ്ഗം. അന്ത്യകാല അടയാളമായി കോറോണയെ കണ്ട് അവസാനത്തിന്റെ മണിക്കൂറിനു സ്വയം കീഴടങ്ങുവാൻ താൽപര്യമില്ലെങ്കിൽ ആവശ്യമായിരിക്കുന്നത്, ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അടിസ്ഥാനപരമായ പരിവർത്തനവും സമഗ്രമായ നവീകരണവുമാണ്. ദൈവം ശിക്ഷിച്ചുവെന്നോ ശിക്ഷിക്കുമെന്നോ അല്ല ഇതിനർത്ഥം. വര്‍ഷങ്ങളായി നമ്മൾ നമ്മളെത്തന്നെ ശിക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്വയംശിക്ഷ ‘സ്വന്തം’ ആത്മഹത്യയായും സഹോദരന്റെ കൊലപാതകമായും മനസ്സിലാക്കണം. അതുകൊണ്ട് നവീകരണത്തിനും മനഃപരിവർത്തനത്തിനും വ്യക്തിതലത്തിലും കുടുംബതലത്തിലും സമൂഹതലത്തിലും തീവ്രമായ യത്നമുണ്ടാകണം. ചില ശീലങ്ങളും പതിവുകളും ഉപേക്ഷിക്കേണ്ടിവരും. മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കണം.

തുടരും…

ഡോ. ജോസഫ് പാണ്ടിയപ്പള്ളില്‍ MCBS
(ദൈവശാസ്ത്രത്തില്‍ ജർമ്മനിയിലെ ഫ്രൈബുർഗ് യൂണിവേഴ്സിറ്റിയില്‍ നിന്നും,  തത്വശാസ്ത്രത്തില്‍ മ്യൂണിക് ജെസ്യുറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറല്‍ ബിരുദങ്ങൾ നേടിയ MCBS വൈദികനാണ് ഡോ. ജോസഫ് പാണ്ടിയപ്പള്ളില്‍).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.