പകര്‍ച്ചവ്യാധിയുടെ ദൈവശാസ്ത്രം – 3

(പകർച്ചവ്യാധിയെയും പകർച്ചവ്യാധി വരുത്തിവച്ച ദുരിതങ്ങളെയും ദൈവവിശ്വാസത്തിന്റെയും ദൈവദർശനത്തിന്റെയും വെളിച്ചത്തിൽ വിശകലനം ചെയ്യുന്നതും വിലയിരുത്തുന്നതുമാണ് പകർച്ചവ്യാധിയുടെ ദൈവശാസ്‌ത്രം. ഈ ലേഖനപരമ്പരയിലെ മൂന്നാം ഭാഗം. ആദ്യ രണ്ടു ഭാഗങ്ങള്‍ വായിക്കാന്‍ https://www.lifeday.in/lifeday-theology-of-epidemic-01/ https://www.lifeday.in/lifeday-theology-of-epidemic-02/ ക്ലിക്ക് ചെയ്യുക). 

9. പകർച്ചവ്യാധി ദൈവശിക്ഷയോ?

തങ്ങൾക്കറിവില്ലാത്തതും മനസിലാകാത്തതുമായ കാര്യങ്ങൾ ദൈവദാനവും ദൈവശിക്ഷയായും  കാണാനുള്ള പ്രവണത മനുഷ്യന് എന്നും നൈസർഗ്ഗികമായിരുന്നു. അതുകൊണ്ടാണ് ആദിമ മനുഷ്യൻ കാറ്റിനെയും അഗ്നിയേയും മഴവെള്ളത്തെയും പാറക്കെട്ടുകളെയും ദൈവമായി ആരാധിച്ചത്. നൂറ്റാണ്ടുകളായി രോഗകാരണം ദൈവശിക്ഷയെന്നു മനുഷ്യൻ  വിശ്വസിച്ചുപോന്നതും ഈ നൈസർഗികസ്വഭാവത്തിന്റെ പരിണിതഫലമായാണ്.

പിന്നീട് പ്ളേഗും വസൂരിയും സ്പാനീഷ് ഫ്ലുവും എബോളയും എയിഡ്‌സും നിപ്പയുമൊക്കെ മനുഷ്യരുടെ തിന്മക്കുള്ള ദൈവശിക്ഷയാണെന്നു വ്യാഖ്യാനിച്ചവർ ഒട്ടനവധിയുണ്ട്. സോദോം ഗോമോറ നഗരങ്ങൾ തകർന്നത് മനുഷ്യന്റെ ദുർനടപ്പിനുള്ള ദൈവത്തിന്റെ ശിക്ഷയാണെന്നു ബൈബിൾതന്നെ വ്യക്തമാക്കുന്നുണ്ട്. പഴയനിയമകാലത്തെ പല ദുരിതങ്ങളും പീഡകളും ദൈവശിക്ഷയായി കരുതപ്പെട്ടു.  ഈജിപ്തിലെ ഫറവോന്റെ സാമ്രാജ്യത്തുണ്ടായ പീഡകൾ ഇസ്രായേൽ ജനത്തെ അടിമകളാക്കിയതിനു ദൈവം കൊടുത്ത ശിക്ഷയാണെന്നു ബൈബിൾ തന്നെ പ്രതിപാദിക്കുന്നു. രോഗം ദൈവശിക്ഷയും സൗഖ്യം ദൈവദാനവുമാണ് പഴയനിയമത്തിൽ. ഈ പ്രസ്താവനയെ സാധൂകരിക്കുന്ന നിരവധി ബൈബിൾഭാഗങ്ങളിലേക്കു കടക്കുന്നില്ല.

രോഗമകറ്റാനും സമൃദ്ധിയുണ്ടാകുവാനും ദൈവത്തെ പ്രീതിപ്പെടുത്തണമെന്നും ദൈവവുമായി നല്ല ബന്ധത്തിലായിരിക്കണമെന്നും ബൈബിൾ മാത്രമല്ല, പ്രധാനമതങ്ങളൊക്കെ പഠിപ്പിച്ചു. രോഗം, ശത്രുക്കളുടെ ആക്രമണം, ദാരിദ്ര്യം, പ്രകൃതിക്ഷോഭം തുടങ്ങിയവയെല്ലാം, ദൈവവുമായി ബന്ധപ്പെടുത്താൻ മനുഷ്യന്‍ തുടങ്ങി. കാരണം അവയുടെ കാരണങ്ങൾ മനുഷ്യനറിയില്ലായിരുന്നു. അവയ്ക്കു  പരിഹാരം കാണാനും ആവാനാകില്ലായിരുന്നു. അതുകൊണ്ടു ദുരിതങ്ങളും ദാരിദ്ര്യവും പകർച്ചവ്യാധികളും ദൈവശിക്ഷയാണെന്നു വ്യാഖ്യാനിച്ചില്ലെങ്കിൽ നമ്മൾ ബൈബിൾ ദർശനത്തിനു വിരുദ്ധമായി പഠിപ്പിക്കുന്നുവെന്നു പ്രചരിപ്പിക്കാനാകും. എന്നാൽ ബൈബിൾ അതാതു കാലഘട്ടത്തെ ദൈവികവെളിപാടും മാനുഷികദർശനവുമാണെന്നു മനസിലാക്കി ബൈബിൾ ദർശനങ്ങൾക്ക് കാലോചിതമായ വ്യാഖ്യാനം നല്കാവുന്നതേയുള്ളു. പഴയനിയമ ദർശനങ്ങൾക്ക് നവവ്യാഖ്യാനവും പുനർവ്യാഖ്യാനവും നൽകിയ വ്യക്തിയാണ് ഈശോ. ബൈബിൾ ദർശനങ്ങളെ അതാതു കാലഘട്ടങ്ങളിലെ ദർശനങ്ങളായി വ്യാഖ്യാനിച്ചു ഈശോ അവയിൽ പലതും തിരുത്തുകയും അവക്ക് പുതുദർശനങ്ങളും പുതുവ്യാഖ്യാനവും നല്കുകുകയും ചെയ്തു. പുതിയ നിയമത്തിൽ ക്രിസ്തുവിന്റെ വ്യാഖ്യാനപ്രകാരം പകർച്ചവ്യാധികൾ ദൈവകോപമോ ദൈവശിക്ഷയോ അല്ല. മറിച്ചു  അവ ദൈവത്തിന്റെ മഹത്വം വെളിപ്പെടുവാനുള്ള അവസരങ്ങളാണ്.

പകർച്ചവ്യാധിയായ പ്ളേഗിന്റെ കാലഘട്ടത്തിൽ എല്ലാവരും മരിക്കാൻ പോകുന്നുവെന്നും അതിനു കാരണം മനുഷ്യരുടെ പാപവും ദൈവത്തിന്റെ ശിക്ഷയും ആണെന്ന് മതപുരോഹിതര്‍ പ്രസംഗിക്കുന്ന ഒരു സിനിമ 1957  -ൽ പുറത്തിറങ്ങിയിരുന്നു. ആ സിനിമയുടെ പേര് ‘ദ സെവൻത് സീൽ’ എന്നാണ്. ആ കാലഘട്ടത്തിലെ ചില മതപുരോഹിതരുടെ ചിന്തകളും പ്രസംഗങ്ങളും വ്യക്തമാക്കുന്നതാണ് ഈ സിനിമ. അന്നത്തെ ഭൂരിപക്ഷം മനുഷ്യരുടെയും ചിന്തകൾ മതപുരോഹിതരിലൂടെ പുറത്തുവന്നുവെന്നു കരുതിയാൽ മതിയാകും.

എയ്ഡ്സ് പടർന്നപ്പോൾ സ്വവർഗഭോഗികളെ ദൈവം ശിക്ഷിക്കുകയാണെന്നു പറഞ്ഞുപരത്തിയ മതനേതാക്കന്മാരും ലോകത്തിന്റെ പലയിടങ്ങളിലും ഉണ്ടായിരുന്നു. കൊറോണ സ്വവർഗഭോഗികളെ നശിപ്പിക്കാനുള്ള ദൈവശിക്ഷയാണെന്ന ഇസ്രായേൽ റാബി മസ്സൂസ്സിന്റെ പ്രസ്താവന ഏറെ വിവാദങ്ങളുണ്ടാക്കിയത് നമ്മൾ വായിച്ചുവല്ലോ.  കൊറോണ ക്രിസ്തുവിനെ സ്വീകരിക്കാത്ത യഹൂദരെ നശിപ്പിക്കാനുള്ള വൈറസ്സാണെന്ന ജറുസലേമിൽ നിന്നുള്ള പ്രസ്താവനയും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു. ശിക്ഷിക്കുന്ന ദൈവത്തെക്കുറിച്ചു പ്രസംഗിച്ചും മഹാമാരിയുടെ ഭീകരത പ്രചരിപ്പിച്ചും മനുഷ്യരിൽ ഭയം ജനിപ്പിക്കാൻ പകർച്ചവ്യാധിയുടെ കാലഘട്ടം ദുരുപയോഗിച്ചുകൂടാ. അവസാനനാളുകളുടെ അടയാളങ്ങൾ മനുഷ്യരുടെ ചെയ്തികൾ മൂലം പ്രകടമാകുമ്പോൾ ഒരാളെങ്കിലും ഈ നഗരത്തിൽ നീതിമാനായുണ്ടെങ്കിൽ ഈ നഗരത്തെ ഞാൻ നശിപ്പിക്കില്ലയെന്നു ലോത്തിനോട് വാഗ്‌ദാനം ചെയ്ത ദൈവത്തിന്റെ കരുണയും സ്‌നേഹവും ഓർമിക്കാനും പ്രഘോഷിക്കാനുമാണ് പകർച്ചവ്യാധിയുടെ നാളുകളിൽ നാം ശ്രദ്ധിക്കേണ്ടത്. അവസാനത്തെ ഈ മനുഷ്യൻ എനിക്കും നിനക്കും ആകാമെന്ന് പ്രേരിപ്പിച്ചു ഈ ലോകം മുഴുവനെയും മഹാമാരിയിൽനിന്നും രക്ഷിക്കാൻ ഒറ്റക്ക് തുടക്കമിടാൻ ഓരോരുത്തനെയും പ്രോത്സാഹിപ്പിക്കുകയാണ് ആവശ്യം.

ദൈവം ആകാശത്തുനിന്നും ഇറങ്ങിവന്നു ഓരോരുത്തനെയും രക്ഷിക്കുകയോ ശിക്ഷിക്കുകയോ അല്ല, മറിച്ചു ദൈവം ഓരോ വ്യക്തിയിലൂടെയും പ്രവർത്തിക്കുകയാണ് ചെയുന്നത്. ആ വ്യക്തി എനിക്കും നിനക്കുമാകുവാൻ സാധിക്കും. അതുകൊണ്ടു പകർച്ചവ്യാധിയും മഹാമാരികളും ദൈവകോപത്തിന്റെ പ്രകടനമോ ദൈവശിക്ഷയോ അല്ല. ദൈവം പ്രകൃതിയുടെ നാഥനാണെന്നു കരുതി പ്രകൃതിയിലെ സംഭവവികാസങ്ങൾക്കും മനുഷ്യന്റെ പ്രവൃത്തിദോഷംമൂലം വന്നുഭവിക്കുന്ന ദുരന്തങ്ങൾക്കും ദൈവത്തെ ഉത്തരവാദിയാക്കാനാകില്ല. എല്ലാ ദുരിതങ്ങളും പീഡകളും പീഡനങ്ങളും ദൈവകോപമെന്നു വിളിച്ചാൽ ക്രിസ്തുവിന്റെ പീഡാസഹനംപോലും ദൈവശിക്ഷയെന്നു വിളിച്ച ക്രിസ്തുവിരുദ്ധരുടെ ദർശനങ്ങളോട്  യോജിക്കുകയാണെന്നു കരുതേണ്ടി വരും.

10. മാനസാന്തരമോ മനപരിവർത്തനമോ?

പകർച്ചവ്യാധികൾ മനപരിവർത്തനത്തിനും മാനസാന്തരത്തിനിമുള്ള സുവർണ്ണാവസരമാണെന്ന്  പറയുന്നതിൽ കാര്യമുണ്ട്. പ്രകൃതിയുടെ പ്രക്രിയയിൽ പ്രകൃതിയുടേതായ പ്രവർത്തനശൈലിയും രീതിയുമുണ്ട്. മറ്റാരുടെയും അറിഞ്ഞുകൊണ്ടുള്ള കുറ്റം കൊണ്ടല്ലാതെ പിഴവുകൾ വരാം. വാഹനമോടിക്കുമ്പോൾ അപ്രതീക്ഷിതമായി അപകടങ്ങൾ ഉണ്ടാകുന്നതുപോലെയും പ്രകൃതിയിൽ താളപ്പിഴകൾ സംഭവിക്കാം. എന്നാൽ ആരുടെയെങ്കിലും കുറ്റം കൊണ്ടോ, മനഃപൂർവമായ പിഴവുകൾ കൊണ്ടോ പാളിച്ചകൾ സംഭവിക്കാം. കോറോണയുടെ കാര്യത്തിൽ മുകളിൽ പ്രതിപാദിച്ച സാധ്യതകളൊക്കെ യാഥാർഥ്യമാകാൻ ഇടയുണ്ട്. അതായതു ഒന്നുകിൽ കൊറോണ മനുഷ്യൻ ലബോറട്ടറിയില്‍ സൃഷ്ടിച്ച വൈറസാകാം. കൊറോണ പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്യുകയും മലിനമാക്കുകയും ചെയ്യുക വഴിയുണ്ടായ വൈറസാകാനും സാധ്യതയുണ്ട്. ഇതിലേതാണെങ്കിലും മാനസാന്തരത്തിലൂടെയും മനഃപരിവർത്തനത്തിലൂടെയും തിരുത്തലുകളിലൂടെയും പരിഹാരം കാണുവാനുള്ള ബാധ്യത മനുഷ്യനുണ്ട്. കൊറോണ മലിനജലത്തിൽനിന്നുമാണ് ഉത്ഭവിച്ചതെന്നൊരു അഭിപ്രായവും ശാസ്ത്രജ്ഞർക്കിടയിൽ ഇന്നുണ്ട്. അത് ശരിയാണെങ്കിലും പരിഹാരം കാണുവാൻ മനുഷ്യനാകും.

അതോടൊപ്പം മനുഷ്യന്റെ പിഴവില്ലാതെ  കൊറോണ പ്രകൃതിയിൽ രൂപപ്പെട്ട വയറസാകാനും ഇടയുണ്ട്. കോറോണപോലെ പലപ്പോഴും പല വൈറസുകളും പ്രകൃതിയിൽ രൂപപ്പെടാറുണ്ട്. അവയിൽ ചിലവയെ മനുഷ്യൻ കണ്ടെത്തുന്നതുതന്നെ വർഷങ്ങൾക്കു ശേഷമായിരിക്കും. മനുഷ്യന്റെ കുറ്റം കൊണ്ടല്ലാതെ പ്രകൃതിയിൽ രൂപപ്പെട്ട വൈറസാണെങ്കിൽപോലും അവയെ നേരിടാനും വൈറസ് വരുത്തിവച്ച ദുരിതങ്ങളും ദുരന്തങ്ങളും അതിജ്ജീവിക്കുവാനും മനുഷ്യന് പ്രാപ്തിയുണ്ട്. ക്ഷമയോടും  കൃത്യതയോടും കൂടിയ പ്രവർത്തനവും ചിന്തയിലും പ്രവൃത്തിയിലും ജീവിതശൈലിയിലും അടിസ്ഥാനപരമായ മാറ്റവും അനിർവാര്യമാണെന്നു മാത്രം.

11. അജപാലനപരമമായ സമീപനം

“വിശക്കുന്നവരോട് തീ കായൻ പറഞ്ഞിട്ട് കാര്യമില്ല. രോഗിക്കുമുന്പിൽ മരുന്നിനു പകരം കുറെ ഭാവിവാഗ്ദാനങ്ങൽ കൊടുത്തിട്ടും കാര്യമില്ല.” വി. യാക്കോബ് പറയുന്നതുപോലെ ‘പ്രവൃത്തിയില്ലാത്ത വിശ്വാസം മൃതമാണ്.’ അതുകൊണ്ടു പ്രായോഗികമായ കർമ്മപരിപാടികളുടെ ഒരു ദൈവശാസ്ത്രമാണ് അജപാലകന്റെ മനസ്സിൽ വിരിയേണ്ടത്. പകർച്ചവ്യാധികൾ പടരുമ്പോൾ അജപാലനം ഏറ്റം തീഷ്ണമാക്കണം. ഇറ്റലിയിൽ ഒട്ടനവധി കാതോലിക്കാപുരോഹിതർ കോറോണയുടെ കാലഘട്ടത്തിൽ അന്തരിച്ചത് വേണ്ടത്ര മുൻകരുതലില്ലാതെ അജപാലനത്തിനു മുതിർന്നതുകൊണ്ടാണ്. മുൻകരുതലോടുകൂടിയ കൃത്യവും സ്‌നേഹപൂർണ്ണവുമായ അജപാലനത്തിനു അജപാലകരെ പ്രാപ്തരാക്കണം. അതിനാവശ്യമായ സംവിധാനങ്ങൾ ഉണ്ടാകണം.

കാരണം ഒരു യഥാർത്ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം രോഗത്തിന്റെ നാളുകൾ അവനു മതപരമായ പിന്തുണ കിട്ടേണ്ട നിർണ്ണായകമായ നാളുകളാണ്.വിശ്വാസികൾക്ക് ആത്‌മീയാരോഗ്യം നിലനിർത്തേണ്ടതുണ്ട്. അതിനുതകുന്ന മാർഗ്ഗങ്ങൾ അവലംബിക്കാൻ കഴിയണം. മാനസികാരോഗ്യസംരക്ഷണത്തിനും ആവശ്യമായ സഹായങ്ങൾ കൊടുക്കാനാകണം. ശരീരത്തിന് ഭക്ഷണവും പാനീയവും ആവശ്യമാണ്. അതില്ലാത്തവന് അത് ലഭിക്കാനുള്ള സംവിധാനം ഉണ്ടാകണം. അടിസ്ഥാനപരമായി ഇത് ഭരിക്കുന്ന ഗവെർന്മെന്റിന്റെ കടമയാണെങ്കിലും സഭക്കും തങ്ങളുടേതായ സംഭാവനകൾ ഈ രംഗത്ത് ചെയ്യാനാകും, സഭയെന്നും ഇക്കാര്യത്തിൽ മുന്നോട്ടിറങ്ങിയിട്ടുണ്ടുതാനും. പങ്കുവക്കലിന്റെ പല മഹത്തായ മാതൃകകളും നമുക്ക് മുന്പിലുണ്ട്. പങ്കുവെക്കുവാനും പങ്കുവക്കാൻ പ്രേരിപ്പിക്കാനുമാകണം. എല്ലാ മണ്ഡലത്തിലും ആശ്വാസവും പ്രതീക്ഷയും നൽകുവാൻ കഴിയണം. കൂട്ടായ്‌മ സംരക്ഷിക്കുവാനും കൂട്ടായ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാനുമാകണം.  മനുഷ്യന്റെ ദുഖത്തിലും സന്തോഷത്തിലും ആകുലതകളിലും അസ്വസ്ഥതകളിലും സംശയത്തിലും നിരാശയിലും ഒപ്പം നിൽക്കുവാനും പ്രതീക്ഷയും ശക്തിയും പകരുവാൻ അജപാലകർക്കാകണം.

വിശ്വാസം പരീക്ഷിക്കപ്പെടുന്ന നാളുകളാണ് വേദനയുടെയും രോഗത്തിന്റെയും ദാരിദ്ര്യത്തിന്റെയും നാളുകൾ. ‘ഈ കല്ലുകളെ അപ്പമാക്കികൂടെ’ എന്ന് കർത്താവിനോടു സാത്താൻ ചോദിച്ചപോലെ പകർച്ചവ്യാധികളെ പ്രാർത്ഥിച്ചു സുഖപ്പെടുത്തിക്കൂടേയെന്ന് ചോദിക്കുവാൻ പലരുണ്ടാകുന്ന നാളുകളാണിത്. വിശ്വാസം കച്ചവടമാക്കിയവർ എല്ലാവിധ സൗഖ്യങ്ങളുടെയും മൊത്തവ്യാപാരികൾ തങ്ങളാണെന്നു അവകാശപ്പെടുന്നതും പതുമയല്ല. ടെലിഫോൺ വഴിയുള്ള കൗണ്‍സലിംഗ്, ടെലിഫോൺ വഴിയുള്ള ആത്മീയ സംഭാഷണങ്ങൾ, പലതരത്തിലുള്ള  ഓൺലൈൻ സേവനങ്ങൾ ആവശ്യമായ പരിശീലനം ലഭിച്ചവർവഴി ആവശ്യമായാൽ പേര് വെളിപ്പെടുത്താതെപോലും ലഭ്യമാക്കാൻ കഴിയണം.

12. ദുർബലരുടെ സംരക്ഷണം

മനുഷ്യചരിത്രത്തിൽ എന്നും എക്കാലത്തും സംഭവിക്കുന്നതുപോലെ കോറോണയെന്ന പകർച്ചവ്യാധിയുടെ കാലഘട്ടത്തിലും നിരപരാധികളായ മനുഷ്യരാണ് മഹാമാരിയുടെ തിക്തഫലങ്ങൾ അനുഭവിക്കുന്നത്. വൃദ്ധജനങ്ങൾ, രോഗികളായിരുന്നവർ, കുട്ടികൾ, ദരിദ്രർ, തൊഴിൽ രഹിതരായവർ, വിദേശയാത്രയിലായിരുന്നവർ, വിദേശത്തു ജോലിചെയ്യുന്നവർ, തുടങ്ങി ഏതെങ്കിലും തരത്തിൽ ദൗർബല്യമുള്ളവർ സകലവിധ മഹാമാരിയുടെയും കാലങ്ങളിൽ സഹിക്കുകയും മരിക്കുകപോലും ചെയ്യുന്നുവെന്നതാണ് വിധി. അപ്രതീക്ഷിത മരണവും അപ്രതീക്ഷിത തൊഴിൽ നഷ്ടവും പലരെയും തളർത്തും. അനാരോഗ്യത്തിനും സമ്പത്തികക്ലേശത്തിനും പകർച്ചവ്യാധി കാരണമായി. ആരോഗ്യപ്രവർത്തകരും സാമൂഹ്യപ്രവർത്തകരും വിശ്രമമില്ലാതെ അധ്വാനിക്കുന്നവാനും ഇടവരരുത്. ദുർബലരെ സംരക്ഷിക്കാനുള്ള ധാര്‍മ്മികബോധം എല്ലാവർക്കുമുണ്ടാകണം. സഭയും സമൂഹവും എന്ത്  ചെയ്തു എന്ന് ചോദിക്കാതെ എല്ലാ തലങ്ങളിലുമുള്ള സഭാനേതൃത്വം ജാതി മത ഭേദമന്യേ എല്ലാവരെയും ദുര്ബലരുടെ സംരക്ഷണത്തിന് പ്രേരിപ്പിക്കുകയും അത്തരമൊരു കൂട്ടായ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുകയും വേണം.

ലോകമെമ്പാടും കോറോണമൂലം സാമ്പത്തികദുരിതമുണ്ടാകുമെന്ന  വിദഗ്ദ്ധരുടെ  മുന്നറിയിപ്പുകൾ മുഖവിലക്കെടുത്തു മുൻകരുതലുകൾ നടത്തേണ്ടതുണ്ട്. ഇന്ത്യയിലെ,പ്രത്യേകിച്ചു കേരളത്തിലെ സാമ്പത്തികദുരിതങ്ങൾ അപ്രതീക്ഷിതമായി വളരെ കൂടുതലാകാൻ ഇടയുണ്ട്. ഓരോ വ്യക്തിയും സ്വയംപര്യാപ്തമാകുന്നതിനുതകുംവിധം ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആവിഷ്കരിക്കണം. ഒരു സാമൂഹ്യപ്രതിബദ്ധതയുടെ ദൈവശാസ്ത്രവും അദ്ധ്യാത്മികതയും പ്രഘോഷിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ട അവസരമാണിത്. ക്രൈസ്തവധാർമികശാസ്ത്രം മൂല്യാധിഷ്ടിതമായി പ്രതികരിക്കുകയും മാർഗനിർദേശങ്ങൾ രൂപപ്പെടുത്തുകയും ചെയ്യേണ്ട കാലഘട്ടമാണിത്. കോറോണമൂലം കൂടുതലും മരണമടഞ്ഞത് അമേരിക്കയിലെ ആഫ്രോഅമേരിക്കൻസും ദരിദ്രഗണത്തിൽപ്പെട്ടവരും വൃദ്ധരും മറ്റുരോഗങ്ങളുണ്ടായിരുന്നവരും ആയിരുന്നു. സാമൂഹ്യബോധവൽക്കരണത്തിനും സമത്വം സാധിതമാക്കാനും അസമത്വത്തിനെതിരെ സ്വരമുയർത്തുവാനും പകർച്ചവ്യാധികൾ ഉപകരിക്കണം. വൃദ്ധർക്കും പരാമവാധികാലം ജീവിക്കാനാകണം. ദുർബലരെ ശക്തരാകണം. രാഷ്ട്രീയവും സാമൂഹ്യവുമായ വ്യവസ്ഥിതി ദുര്ബലരുടെ ശക്തീകരണത്തിനു കാരണമാകണം. മനുഷ്യമനസ്സിൽ ലോകമെമ്പാടും ഇന്ന് ഒരുതരം കൊളോണിയൽ ചിന്താഗതിയാണ് അടക്കിവാഴുന്നത്. അതിനെ അതിജീവിക്കാൻ നമുക്കാകണം. മനുഷ്യശരീരത്തിന്റെ ദൈവശാസ്ത്രമെന്നൊരു ശാഖാ ക്രൈസ്തവചിന്തകർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ദൈവസൃഷ്ടിയും ദൈവദാനവുമായ മനുഷ്യശരീരം സംരക്ഷിക്കപ്പെടുന്നതും നന്നായി പാലിക്കുന്നതും  ദൈവഹിതമായി മനസിലാക്കാനും പഠിപ്പിക്കാനും കഴിയണം.  ഒപ്പം ക്രൈസ്തവധാർമികദൈവശാസ്ത്രത്തിനു പുതിയ മാനം നല്കാനുമാകണം.

13. കാഴ്ചപ്പാടിലും ജീവിതവീക്ഷണത്തിലുമുള്ള മാറ്റം

വിദൂര ഭാവിയിൽ മരണത്തെ  മിനിമം ഇരുനൂറ്റി മുപ്പതു വര്‍ഷങ്ങള്‍ക്ക്പ്പുറത്തേക്കു മാറ്റിനിര്‍ത്താനായേക്കാമെന്ന പഠനങ്ങളിലേക്കും പ്രതീക്ഷയിലേക്കുമാണ് ശാസ്ത്രം ഇന്നെത്തിനിൽക്കുന്നത്. മരണമില്ലായ്മ സ്വപ്നം കാണാനും പലരും തുടങ്ങി. സുഖകരമായ ഈ ലോകജീവിതം വിട്ടുപോകുവാൻ പലർക്കും താൽപ്പര്യമില്ല. പണ്ടു പണ്ട് ശവശരീരങ്ങളെ മമ്മികളായി സൂക്ഷിച്ചത് ഈ ചിന്തയുടെയും വിശ്വാസത്തിന്റെയും പരിണിതഫലമായിട്ടാണ്. ഇന്നും ഒരര്‍ത്ഥത്തിലല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ ഈ സ്ഥിതി തുടരുന്നു. മനുഷ്യന്റെ ആയുദൈർഘ്യം ഇന്ന് ഒരുപാട് കൂടിയിട്ടുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. ശാസ്ത്രത്തിനു ഭാവിയിൽ ആയുർദൈർഘ്യം ഇനിയും കൂട്ടാനാകുമെന്നും കരുതുന്നു. എന്നാൽ മരണമില്ലാത്ത ജീവിതം സാധ്യമല്ലെന്നു നാമറിയണം. അതുകൊണ്ടു മരണഭീതിയിൽ ജീവിക്കുന്നതിൽ അർത്ഥമില്ല.

ദൈവകരങ്ങളിൽ തങ്ങൾ സുരക്ഷിതരാണെന്ന വിശ്വസത്തിൽ നിശ്ചയദാർഢ്യത്തോടെയും ശുഭാപ്തിവിശ്വസത്തോടെയും പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ ജീവിക്കാനാകണം. ദൈവകരങ്ങളിൽ സുരക്ഷിതത്വം അനുഭവിക്കേണ്ട അവസരമാണിത്. സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന ഭീകരത നേരിടാൻ ധീരതയും ധൈര്യവും കരസ്ഥമാക്കേണ്ട സന്ദർഭമാണിത്. തളരില്ലെന്നും തകരില്ലെന്നും തന്നോടുതന്നെ പറയേണ്ട മുഹൂർത്തമാണിത്. ദൈവത്തോടും മനുഷ്യരോടും വിശ്വസ്തത പുലർത്താനും പ്രഖ്യാപിക്കാനുമുള്ള സുവർണ്ണാവസരമാണിത്. ഓരോ ദിനവും ഓരോ നിമിഷവും നിർവൃതിയും നിറവും നിറഞ്ഞ ജീവിതം ജീവിച്ചുതീർക്കാൻ തീരുമാനിക്കേണ്ട മംഗളനിമിഷമാണിത്.

രാഷ്ട്രീയ- സാമുദായിക- മതനേതൃത്വങ്ങളും ഗ്രാമ-കുടുംബ-അയൽപക്കകൂട്ടായ്മകളും ജീവിതത്തെക്കുറിച്ചും, ജീവിതമൂല്യങ്ങളെക്കുറിച്ചും പുതിയൊരു കാഴ്ചപ്പാട് വളർത്തിയെടുക്കണം. മനസാന്തരവും മനഃപരിവർത്തനവും ജീവിതശൈലിമാറ്റവും എല്ലാവർക്കും  ഉണ്ടാകണമെന്ന് മതസങ്കല്പങ്ങളുടെ വെളിച്ചത്തിൽ പറയാവുന്നതേയുള്ളു. അതായതു ദൈവികസങ്കല്പങ്ങളും ദൈവികകർമ്മങ്ങളുടെ  ലക്ഷ്യാർത്ഥങ്ങളും പ്രാർത്ഥനയുടെയും അദ്ധ്യാത്മികതയുടെയും ലക്ഷ്യോദേശ്യങ്ങളും പുനർവിചിന്തനം ചെയ്‌തും പുനർനിർവചിച്ചും പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ നവമായൊരു കാഴ്ചപ്പാട് വളത്തിയെടുക്കാനാകണം.

തുടരും…

ഡോ. ജോസഫ് പാണ്ടിയപ്പള്ളില്‍ MCBS
(ദൈവശാസ്ത്രത്തില്‍ ജർമ്മനിയിലെ ഫ്രൈബുർഗ് യൂണിവേഴ്സിറ്റിയില്‍ നിന്നും,  തത്വശാസ്ത്രത്തില്‍ മ്യൂണിക് ജെസ്യുറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറല്‍ ബിരുദങ്ങൾ നേടിയ MCBS വൈദികനാണ് ഡോ. ജോസഫ് പാണ്ടിയപ്പള്ളില്‍).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.