കുട്ടികളെ ശിക്ഷിക്കാതെ അവരെ എങ്ങനെ നേരായ പാതയിൽ നയിക്കാം: മാതാപിതാക്കൾക്ക് ഒരു വഴികാട്ടി

കുട്ടികളെ ശിക്ഷിക്കണോ? വേണ്ടയോ സമൂഹത്തിൽ ഏറെ കാലമായി നിലനിൽക്കുന്ന ഒരു തർക്ക വിഷയമാണ്. അമിത ശിക്ഷ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും എന്നതിനോട് യോജിക്കുന്നവർ ഏറെയാണ്. എന്നാൽ ചെറിയ തെറ്റുകൾക്ക് ശിക്ഷ നൽകാം എന്നും അതല്ല കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയാണ് വേണ്ടതെന്നും പല അഭിപ്രായങ്ങൾ ഉയർന്നു വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ശിക്ഷ കൂടാതെ കുട്ടികളെ നന്നാക്കാൻ ഉള്ള ശ്രമത്തിലായിരിക്കുന്ന മാതാപിതാക്കൾക്കായി ഏതാനും നിർദ്ദേശങ്ങൾ ഇതാ…

1 . സ്വയം മാതൃകയാകാം

കുട്ടികൾ ഒരു പരിധി വരെ അവരുടെ സ്വഭാവ രൂപീകരണത്തിൽ മാതൃകയാകുന്നത്‌ മാതാപിതാക്കളെയാണ്. ഇക്കാരണത്താൽ തന്നെ കുട്ടികൾക്ക് മാതൃകാപരമായ ജീവിതം നയിക്കുക എന്ന വലിയ ഉത്തരവാദിത്വം മാതാപിതാക്കളിൽ നിക്ഷിപ്‌തമാണ്. മാതാപിതാക്കളിലൂടെ പെരുമാറ്റവും പ്രവർത്തികളും എന്തിനു ഉപയോഗിക്കുന്ന ഓരോ ക്രിയ വാക്കുകൾ പോലും കുട്ടികൾ അനുകരിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ കുട്ടികൾ കൂടെയുള്ളപ്പോൾ വളരെ ശ്രദ്ധയോടെ വേണം പെരുമാറുവാൻ. അവർക്കു ദുർമാതൃക നൽകുന്ന ഒന്നും തന്നെ മാതാപിതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകാതിരിക്കുവാൻ ശ്രദ്ധിക്കണം.

2 . കുട്ടികളുടെ തെറ്റുകൾ അവരെ ബധ്യപ്പെടുത്താൻ ശ്രമിക്കാം

കുട്ടികളാകുമ്പോൾ തെറ്റു പറ്റുക സ്വാഭാവികം ആണ്. ഈ സമയത്ത് മുതിർന്നവരായി നമുക്ക് ദേഷ്യം വരുക എന്നതും സ്വാഭാവികം തന്നെ. കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ വികൃതികൾ കാണിക്കുമ്പോൾ നമുക്ക് വന്ന ദേഷ്യം മുഴുവൻ വാക്കുകളിലൂടെയോ ശിക്ഷകളിലൂടെയോ പ്രകടിപ്പിക്കരുത്. അത് കുട്ടികളിലെ വാശി കൂട്ടുകയേ ചെയ്യൂ. തൽക്കാലം നമ്മുടെ ദേഷ്യം ശമിക്കുന്നത് വരെ നമുക്ക് കാത്തിരിക്കാം. എന്നിട്ട് കുട്ടിയെ വിളിച്ച് അവൻ ചെയ്ത കാര്യത്തെ കുറിച്ചു സൗമ്യമായി പറഞ്ഞു തെറ്റ് ബോധ്യപ്പെടുത്താൻ ശ്രമിക്കാം. തേടി ബോധ്യപ്പെട്ടു ക്ഷമ ചോദിക്കുകയാണെങ്കിൽ അവനെ ആലിംഗനം ചെയ്യുകയോ ചേർത്തു നിർത്തുകയോ ആവാം.

3 . കുട്ടികളുടെ പ്രവൃത്തി നിങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് ബോധ്യപ്പെടുത്താം

ഓരോ തെറ്റുകളിലൂടെയും വാശികളിലൂടെയും തങ്ങളുടെ പ്രവർത്തികൾ മാതാപിതാക്കളെ എങ്ങനെ വിഷമിപ്പിച്ചു എന്നും അവ എങ്ങനെ അവരെ വേദനിപ്പിച്ചു എന്നും കുട്ടികളെ ബോധ്യപെടുത്താം. കാരണം കുട്ടികളുടെ ലോകം മാതാപിതാക്കൾ ആണ്. തങ്ങളുടെ പ്രവർത്തികൾ അവർക്കു വിഷമമുണ്ടാക്കുകയോ അവരെ വേദനിപ്പിക്കുകയോ ചെയ്യുന്നു എന്ന് ബോധ്യപ്പെട്ടാൽ അത്തരം പ്രവർത്തനങ്ങളിൽ നിന്നും കുട്ടികൾ മാറി നിൽക്കുവാൻ ഇടയുണ്ട്.

4 . സമൂഹവുമായി കൂടുതൽ ബന്ധപ്പെടുത്താം

കുട്ടികൾ പലതും അവരുടെ ചുറ്റുപാടുകളിൽ നിന്നും കണ്ടും കേട്ടും ആണ് പഠിക്കുന്നത്. അതിനാൽ തന്നെ സമൂഹവുമായുള്ള ബന്ധം അവരുടെ ജീവ്തത്തിൽ കൂടുതൽ നല്ല ശീലങ്ങൾ വളർത്തുവാൻ സഹായിക്കും. അമ്മയിൽ നിന്നും അച്ഛനിൽ നിന്നും പഠിക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങളും ഒരു സമൂഹത്തിൽ ആയിരിക്കേണ്ടത് എങ്ങനെ എന്നും അവർ മറ്റുള്ളവരുമായി ഇടപെഴകുമ്പോൾ ആണ് പഠിക്കുന്നത്. അതിനാൽ കുട്ടികളെ വീടിനുള്ളിൽ തന്നെ നിറുത്താതെ മറ്റു കുട്ടികളുമാണ് സമൂഹവുമായും ഇടപെഴകുവാൻ ഉള്ള അവസരം ഉണ്ടാകാം. ഇത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കാം. എങ്കിലും അതിൽ നിന്നും പിന്നോട്ട് പോകരുത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.