സമർപ്പണ ജീവിതത്തിന്റെ മനോഹാരിതയുമായി ‘ദൈവത്തിന്റെ സ്വന്തം’

സി. സൗമ്യ മുട്ടപ്പള്ളില്‍ DSHJ

ആറു സന്യാസിനിമാര്‍ ഒന്നുചേര്‍ന്നപ്പോള്‍ സമർപ്പിത ജീവിതത്തെക്കുറിച്ചുള്ള അതിമനോഹരമായ ഒരു ഗാനം പിറന്നു. ആറു സന്യാസ സമൂഹങ്ങളിൽപ്പെട്ടവരായിരുന്നു അവര്‍. തങ്ങളുടെ ഗാനത്തിന് അവര്‍ ‘ദൈവത്തിന്റെ സ്വന്തം’ എന്നു പേരിട്ടു. സമർപ്പിത ദിനത്തിന്റെ പശ്ചാത്തലത്തില്‍ ഈ ഗാനം നമുക്ക് കേള്‍ക്കാം; ഒപ്പം ആ ആറു സന്യാസിനിമാരെ പരിചയപ്പെടുകയും ചെയ്യാം.

ആത്മസമർപ്പണത്തിന്റെയും ആത്മീയതയുടെയും സുഗന്ധവും വിശുദ്ധിയും പരത്തുന്ന സമർപ്പിത ജീവിതത്തിന്റെ സൗന്ദര്യം ഗാനരൂപത്തിൽ നമ്മുടെ മുന്‍പിലേയ്ക്ക് എത്തിയിരിക്കുകയാണ്. ‘ദൈവത്തിന്റെ സ്വന്തം’ എന്ന് പേര് നൽകിയ ഈ ഗാനോപഹാരം പേരുപോലെ തന്നെ ദൈവത്തിനും, ഒപ്പം മനുഷ്യർക്കും ഒരുപോലെ പ്രിയപ്പെട്ടതായി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മാറിയിരിക്കുന്നു. വിവിധ സന്യാസ സമൂഹങ്ങളിൽപ്പെട്ട ആറു സന്യാസിനിമാരുടെ ഒരുമിക്കലില്‍ ഒരുങ്ങിയ ഈ ഗാനം ആഗോള സഭ സമർപ്പിത ദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി രണ്ടാം തീയതിയുടെ പശ്ചാത്തലത്തിൽ വായനക്കാർക്കായി പരിചയപ്പെടുത്തുകയാണ് ലൈഫ് ഡേ.

‘ദൈവത്തിന്റെ സ്വന്തം’ എന്ന ഈ ഗാനത്തിന്റെ രചനയും ക്യാമറയും കോ-ഓഡിനേഷനും നിർവഹിച്ചിരിക്കുന്നത് ‘ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ’ (ഡി.സി) സന്യാസ സമൂഹത്തിലെ സി. സോണിയ ചാക്കോ കളപ്പുരക്കൽ ആണ്. സിസ്റ്റർ സോണിയ വരികൾ എഴുതിയിട്ടുള്ള പത്താമത്തെ പാട്ടാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ ഗാനം എഴുതുവാനുണ്ടായ സാഹചര്യവും പ്രചോദനവും എന്തായിരുന്നുവെന്ന് സിസ്റ്റർ വെളിപ്പെടുത്തുന്നു. പല സന്യാസ സമൂഹങ്ങളിലെ സിസ്റ്റർമാർ ഒന്നുചേർന്ന് ഒരു പാട്ട് പുറത്തിറക്കുക. അതും സമർപ്പണ ജീവിതത്തെക്കുറിച്ചുള്ള ഒരു പാട്ട്! അതായിരുന്നു ‘ദൈവത്തിന്റെ സ്വന്തം’.

‘ദൈവത്തിന്റെ സ്വന്തം’ എന്ന പേര് ഈ ഗാനത്തിന് നൽകിയിരിക്കുന്നത് ‘യേശു ക്രിസ്തു എന്നെ സ്വന്തമാക്കിയിരുന്നു’ എന്ന ബൈബിൾ വാക്യത്തിൽ നിന്നു പ്രചോദനം സ്വീകരിച്ചുകൊണ്ടാണ്. സമർപ്പിത ജീവിതത്തെക്കുറിച്ചുള്ള ഈ ഗാനം എഴുതുവാനുള്ള കാരണത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 2015 -ൽ സമർപ്പിത ജീവിതത്തെക്കുറിച്ചുള്ള ഒരു ക്ലാസിൽ സി. സോണിയ കേട്ട ഒരു വാക്യമുണ്ട്. ‘ഈശോയുടെ ഹൃദയത്തിലെ തുടിപ്പുകൾ അറിയുന്നവരായിരിക്കണം സന്യസ്തർ’. ഈ വാക്കിനെ സിസ്റ്റർ ഒരു പ്രാർത്ഥനയാക്കി മാറ്റിയിരുന്നു. വർഷങ്ങളായി ഈ പ്രാർത്ഥന സിസ്റ്ററിന്റെ അനുദിന ജീവിതത്തിന്റെ ഭാഗമാണ്. കഴിഞ്ഞ ഏഴുവർഷമായി തുടരുന്ന പ്രാർത്ഥന ഒരു കവിതാ രൂപത്തിൽ എഴുതിയിരുന്നു. അതിനെ പിന്നീട് ഗാനരൂപത്തിൽ ചിട്ടപ്പെടുത്തുകയായിരുന്നു. ഈ ഗാനം പുറത്തിറക്കാൻ വേണ്ട സാമ്പത്തിക സഹായം നൽകിയത് സിസ്റ്ററിന്റെ അമ്മ സോഫിയ ചാക്കോ കളപ്പുരക്കൽ തന്നെയായിരുന്നു. ഒരു വർഷമായി സിസ്റ്റർ, ഈ പാട്ട് പുറത്തിറക്കാൻ വേണ്ട തയ്യാറെടുപ്പുകളും ഒരുക്കങ്ങളും ആരംഭിച്ചിട്ട്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് ഇപ്പോൾ സി. സോണിയ ഉള്ളത്.

“സമർപ്പിത ദൈവവിളിക്ക് എന്തുമാത്രം അർത്ഥമുണ്ടെന്ന് ധ്യാനിക്കുകയും അതിൽ നിന്നാണ് ഈ വരികൾ രൂപപ്പെടുകയും ചെയ്തത്. ഡി സി കോൺഗ്രിഗേഷനിൽ തന്നെ അറുപതിലധികം വാഴ്ത്തപ്പെട്ടവരും പത്തോളം വിശുദ്ധരുമുണ്ട്. അത്രയും പേര് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടത് പാവപ്പെട്ടവരിൽ ഈശോയുടെ മുഖം ദർശിച്ചുകൊണ്ട് തങ്ങളുടെ ശുശ്രൂഷകൾ നിർവച്ചപ്പോഴാണ്. എന്ത് വിലകൊടുത്തും അവർ വിശ്വാസത്തിന് വേണ്ടി നിലകൊണ്ടു. പാവങ്ങളെ സ്നേഹിച്ചും വിശുദ്ധരാകാമെന്നും നമ്മുടെ ജീവിതത്തിന് അർത്ഥം കണ്ടെത്താമെന്നും എനിക്കും ബോധ്യം കിട്ടി. ആ ബോധ്യങ്ങൾ എന്നെ ഒരുപാട് ശക്തിപ്പെടുത്തി. എന്റെ തന്നെ ദൈവവിളിയെക്കുറിച്ചുള്ള ബോധ്യങ്ങളും ഈ വരികൾ എഴുതിയപ്പോൾ എനിക്ക് കൂടുതൽ പ്രചോദനമായി.” -സി. സോണിയ വെളിപ്പെടുത്തുന്നു.

ഈ ഗാനത്തിന്റ വരികൾ പ്രധാനമായും സി. സോണിയയുടെ തന്നെ സന്യാസ സമൂഹത്തിന്റെ കാരിസം ഉൾക്കൊള്ളിച്ചിരിക്കുന്നവയാണ്. എങ്കിലും ആത്യന്തികമായി എല്ലാ സമർപ്പിതരുടെയും ജീവിതവിളിയും ഇത് തന്നെയാണ്. സി. സോണിയയെ സംബന്ധിച്ച് സഹനങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും നാളുകളിൽ കൂടി കടന്നുപോയ ഒരു സമയത്തായിരുന്നു ഈ ഗാനത്തിന്റെ ഒരുക്കങ്ങൾ നടന്നിരുന്നത്. ഈ ഗാനത്തിന്റെ വരികൾ എഴുതുവാൻ പെട്ടെന്ന് സാധിച്ചെങ്കിലും മറ്റ് തയ്യാറെടുപ്പുകൾക്ക് വളരെയേറെ സമയം വേണ്ടി വന്നു. ദൈവമൊരുക്കിയ സമയത്ത് തന്നെ ഈ ഗാനം പുറത്തിറക്കുവാനും കഴിഞ്ഞു.

സി. സോണിയയുടെ മറ്റൊരു ആഗ്രഹമായിരുന്നു ഈ ഗാനം പൂർണ്ണമായും സന്യാസിനിമാരെക്കൊണ്ട് തന്നെ ചെയ്യിക്കണമെന്നുള്ളത്. ഈ ഗാനത്തിന് സംഗീതം നൽകിയത് സി. സോണിയയുടെ ഇടവകയിൽ തന്നെയുള്ള സി. ശ്വേത സി.എസ്.എൻ ആണ്. തലശേരി അതിരൂപതയിലെ പരപ്പ സെന്റ് ജോസഫ് ഇടവകാംഗങ്ങളാണ് ഇരുവരും. സി. സോണിയ ആശയം പങ്കുവെച്ചപ്പോൾ തന്നെ വലിയ പ്രചോദനമായി കൂടെ നിന്നതും സി. ശ്വേതയാണ്. “പല സന്യാസിനീ സമൂഹങ്ങളിൽ നിന്നുള്ളവർ ഒന്നുചേർന്നാണ് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്. പലരുടെ കഴിവുകൾ ഒന്നിച്ചപ്പോൾ അത് വളരെ മനോഹരമായ ഒന്നായി മാറി. മനോഹരമായ വിവിധ കഴിവുകൾ ഉള്ള സമർപ്പിതർ ഇന്ന് സമൂഹത്തിലുണ്ട് എന്നതിന്റെ ഒരു തെളിവും കൂടിയാണ് ഈ ഗാനോപഹാരം.” – സിസ്റ്റർ കൂട്ടിച്ചേർത്തു.

സിസ്റ്റർ സോണിയ തന്റെ ആശയം പറഞ്ഞപ്പോൾ പ്രൊവിൻഷ്യൽ സി. റോസ് ചിറയിൽ എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകി കൂടെ നിന്നു. മഹാരാഷ്ട്രയിൽ നിന്നുകൊണ്ടാണ് സി. സോണിയ ഈ പാട്ടിന്റെ കോഡിനേഷൻ നിർവഹിച്ചത്. സിസ്റ്റർ ഉണ്ടായിരുന്ന സമൂഹത്തിലെ സുപ്പീരിയർ സി. റോസ് കിടങ്ങേനും സമൂഹാംഗങ്ങളും എല്ലാവിധ പിന്തുണയും നൽകി കൂടെ നിന്നു. ഡി സി സന്യാസ സമൂഹത്തിലെ സന്യാസിനിമാരുടെ വിവിധ ശുശ്രൂഷാ മേഖലകൾ ആണ് ഈ ഗാനത്തിന്റെ വീഡിയോയിൽ ദൃശ്യമാകുന്നത്. ഇതുലുള്ളവർ ആരും വീഡിയോക്ക് വേണ്ടി അഭിനയിച്ചിരിക്കുന്നതല്ല. തങ്ങളുടെ ദൈനംദിന ജീവിതത്തിലെ പ്രവർത്തന മണ്ഡലങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോൾ അവർ അറിയാതെ തന്നെ വീഡിയോ എടുത്തിരിക്കുന്നതാണ്.

ഈ ഗാനത്തിന്റെ വിഷ്വല്‍ എഡിറ്റിഗ് നിർവഹിച്ചിരിക്കുന്നത് സി. ലിസ്‌മി സി എം സി ആണ്. “ഈ ഗാനത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. പല സന്യാസ സമൂഹങ്ങൾ ഒന്നിച്ചുള്ള സംരംഭങ്ങൾ ഇനിയും കൂടുതൽ ഉണ്ടാകട്ടെ എന്നാണ് എന്റെ ആഗ്രഹം. ആ സന്തോഷം ഇതിന്റെ ഭാഗമായപ്പോഴും എനിക്കുണ്ടായിരുന്നു.” – സി. ലിസ്‌മി തന്റെ സന്തോഷം പങ്കുവെയ്ക്കുന്നു.

‘ദൈവത്തിന്റെ സ്വന്തം’ എന്നപേരിലുള്ള ഈ പാട്ടിന്റെ ടൈറ്റിൽ ഡിസൈനിങ് വളരെ മനോഹരമായി നിർവഹിച്ചിരിക്കുന്നത് സി. രമ്യ എസ് സി ജെ ജി ആണ്.

ഈ ഗാനം ആലപിച്ചിരിക്കുന്നത് സി. ജൂലി തെരേസ് സി എസ് എൻ, സി. സിജിന എം എൽ എഫ് എന്നിവർ ചേർന്നാണ്. സി. ജൂലി എറണാകുളത്തെ ഗീതം സ്റ്റുഡിയോയിൽ നിന്നും സി. സിജിന തൊടുപുഴയിലെ ഗീതം സ്റ്റുഡിയോയിൽ നിന്നുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ പല സ്ഥലങ്ങളിൽ ആയിരുന്നുകൊണ്ട് പല സന്യാസ സമൂഹങ്ങളിലെ സന്യാസിനിമാർ ഒത്തുചേർന്നപ്പോൾ അത് ദൈവത്തിന് പ്രിയപ്പെട്ട ‘ദൈവത്തിന്റെ സ്വന്തം’ ഗാനമായി മാറി.

‘വൈറലാകുന്നതിലല്ല; ഈശോയെ കൊടുക്കുന്നതിലാണ് കാര്യം’: ‘തച്ചന്റെ’ സ്വന്തം പാട്ടുകാരി സിസ്റ്റർ

പാറമടയിൽ നിന്നും സന്യാസത്തിലേക്ക്; കാമറ കയ്യിലേന്തിയ സന്യാസിനിയുടെ ദൈവവിളി അനുഭവങ്ങൾ

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.