‘വൈറലാകുന്നതിലല്ല; ഈശോയെ കൊടുക്കുന്നതിലാണ് കാര്യം’: ‘തച്ചന്റെ’ സ്വന്തം പാട്ടുകാരി സിസ്റ്റർ

സി. സൗമ്യ DSHJ

‘കാവലായ്… കരുതുന്ന സ്നേഹമായ്…’ എന്നു തുടങ്ങുന്ന ഗാനം വി. യൗസേപ്പിതാവിന്റെ വർഷത്തോടനുബന്ധിച്ച് പുറത്തിറങ്ങിയതാണ്. വളരെ ഹൃദയസ്പർശിയായി ഈ ഗാനം ആലപിച്ചിരിക്കുന്നത് ഒരു സന്യാസിനിയാണ്. പുഞ്ചിരിച്ചു കൊണ്ട്, മാധുര്യമൂറുന്ന ശബ്ദത്തോടെ, പാട്ടിനെ പ്രാർത്ഥനയാക്കി മാറ്റി ആലപിക്കുന്നത് മിഷനറീസ് ഓഫ് ലിറ്റിൽ ഫ്ലവർ സന്യാസ സമൂഹത്തിലെ (എംഎൽഎഫ്) സി. സിജിന ആണ്. ആദ്യമായി സ്റ്റുഡിയോയിൽ പാടിയ ഒറ്റ പാട്ടു കൊണ്ടു തന്നെ വൈറലായ സിസ്റ്റർ പറയുന്നത്, ‘വൈറലാകുന്നതിലല്ല; ഈശോയെ കൊടുക്കുന്നതിലാണ് കാര്യം’ എന്നാണ്. പാട്ട് പഠിക്കാതെ തന്നെ മനോഹരമായി ഗാനങ്ങൾ ആലപിക്കുന്ന സി. സിജിനയുടെ പാട്ടുവഴികളിലൂടെ ഒരു സഞ്ചാരം.

‘തച്ചൻ’ എന്ന ആൽബത്തിലൂടെയാണ് സിസ്റ്റർ അറിയപ്പെടാൻ തുടങ്ങിയത്. ഫാ. ജോമി കുമ്പുകാട്ടായിരുന്നു ആൽബത്തിന്റെ പിന്നിൽ. യൗസേപ്പിതാവിന്റെ വർഷത്തിൽ ‘തച്ചൻ’ എന്ന ആൽബത്തിലൂടെ സി. സിജിനയുടെ ഗാനം ശ്രവിച്ച ശ്രോതാക്കൾ, അതുവഴി കൂടുതൽ ദൈവസാന്നിധ്യം അനുഭവിക്കാൻ സാധിച്ചുവെന്ന് സോഷ്യൽ മീഡിയ വഴിയുള്ള അഭിപ്രായങ്ങളിലൂടെ പങ്കുവച്ചു. ദൈവം തന്ന കഴിവുകൾ ഉപയോഗിച്ച് അനേകർക്ക് ദൈവസാന്നിധ്യം പകരാൻ സാധിക്കുന്നത് വലിയൊരു അനുഗ്രഹമായാണ് സിസ്റ്റർ കാണുന്നത്. അതിനു ശേഷം ‘കർത്താവേ, കർത്താവേ’ എന്ന ആൽബത്തിലും പാടി. വൈദികരും സന്യാസിനിമാരും ചേർന്നാണ് ഇതിൽ പാടിയിരിക്കുന്നത്.

“വൈറലായി, ഒരുപാട് പേർ പാട്ട് കേൾക്കുന്നുണ്ട് എന്നതിനേക്കാൾ എനിക്ക്, ഒരു പാട്ടിലൂടെ ഈശോയെ എന്തുമാത്രം മറ്റുള്ളവർക്ക് കൊടുക്കാൻ സാധിക്കുന്നുണ്ട് എന്നതാണ് പ്രാധാനപ്പെട്ട കാര്യം. അതാണ് എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നതും” – സി. സിജിന ലൈഫ് ഡേയോട് വെളിപ്പെടുത്തി.

മാനന്തവാടി രൂപതയിലെ കല്ലോടി ഇടവകയിൽ ജോർജ് – മേരി എന്നിവരാണ് സിസ്റ്ററിന്റെ മാതാപിതാക്കൾ. രണ്ട് സഹോദരിമാരാണ് സിസ്റ്ററിനുള്ളത്.

സിസ്റ്ററിന്റെ അമ്മയുടെ കുടുംബത്തിൽ എല്ലാവരും തന്നെ പാടുന്നവരാണ്. അമ്മയുടെ ആങ്ങളമാരും അമ്മയുമൊക്കെ പള്ളിയിലെ കൊയർ ഗ്രൂപ്പിലെ അംഗങ്ങൾ ആയിരുന്നു. പാട്ട് പഠിക്കാതെ തന്നെ ദൈവം തന്ന കഴിവുകൾ ഉപയോഗിച്ച് ദൈവസ്‌തുതികൾ ആലപിക്കാൻ സാധിക്കുന്നത് ദൈവം തന്ന ഒരു അനുഗ്രഹമായിട്ടാണ് ഈ സമർപ്പിത കരുതുന്നത് – സി. ലൈഫ് ഡേയോട് പറയുന്നു.

മഠത്തിൽ ചേർന്നപ്പോൾ മുതൽ സിജിന സിസ്റ്ററിന്റെ കഴിവുകൾ തിരിച്ചറിഞ്ഞു കൊണ്ട് പ്രോത്സാഹിപ്പിക്കാനും നിരവധി അവസരങ്ങൾ നൽകാനും സന്യാസ സമൂഹത്തിലെ അധികാരികൾ ശ്രദ്ധിച്ചു. അതാണ് തന്റെ കഴിവിനെ കൂടുതൽ വളർത്താൻ ഇടയാക്കിയതെന്നും സിസ്റ്റർ വെളിപ്പെടുത്തുന്നു.

‘തച്ചൻ’ എന്ന ആൽബത്തിലെ പാട്ട് ഹിറ്റായപ്പോൾ തന്നെ പലരും പുതിയ അവസരങ്ങൾ നൽകി. ഇതുവരെ ഒന്നിൽ നിന്നും പിന്മാറേണ്ടതായി വന്നിട്ടില്ല. അവസരങ്ങൾ ലഭിക്കുമ്പോൾ സന്യാസ സമൂഹത്തിലെ അധികാരികൾ എല്ലാവിധ സ്വതന്ത്ര്യവും നൽകിയിരുന്നു. ഈ അടുത്തിടെ സിസ്റ്റർ പാടിയ ‘തിരുമൊഴി’ എന്ന ആൽബവും പുറത്തിറങ്ങിയിരുന്നു.

മിഷനറീസ് ഓഫ് ലിറ്റിൽ ഫ്ലവർ (MLF)

ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ചുബിഷപ്പായിരുന്ന മാർ ജോസഫ് പവ്വത്തിൽ ആണ് മിഷനറീസ് ഓഫ് ലിറ്റിൽ ഫ്ലവർ (MLF) എന്ന സന്യാസിനീ സമൂഹം സീറോ മലബാർ സഭയിൽ തുടങ്ങുന്നത്. മുൻപ് ലാറ്റിൻ റീത്തിലായിരുന്ന ഈ സന്യാസിനീ സമൂഹം, സീറോ മലബാർ സഭയിൽ ചങ്ങനാശേരി അതിരൂപതയിലാണ് ആരംഭിക്കുന്നത്. ഈശോയുടെ കരുണാർദ്രമായ സ്നേഹം പാവങ്ങൾക്കും അഗതികൾക്കും പങ്കുവച്ചു കൊടുക്കുക എന്നതാണ് ഇവരുടെ കാരിസം. വിദ്യാഭ്യാസം, ആതുരസേവനങ്ങൾ, ഇടവക പ്രവർത്തനങ്ങൾ എന്നിവയാണ് ഇവർ പ്രധാനമായും ചെയ്തുവരുന്നത്. 160 -ഓളം സന്യാസിനിമാരുള്ള ഈ സന്യാസിനീ സമൂഹത്തിന്റെ ജനറലേറ്റ് ചങ്ങനാശേരി പാറേൽ പള്ളി ഇടവകയിലാണ് സ്ഥിതി ചെയ്യുന്നത്.

ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ ബിരുദവും ദനഹാലയയിൽ ഫോർമേഷൻ & കൗൺസിലിംഗും ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിക്കഴിഞ്ഞു സിസ്റ്റർ. ദൈവസ്‌തുതികൾ ആലപിക്കാനായി കിട്ടുന്ന ഒരവസരവും നഷ്ടപ്പെടാതെ തന്നാൽ കഴിയുംവിധം ഗാനരംഗത്ത് ചുവടുറപ്പിക്കാൻ തന്നെയാണ് സി. സിജിനയുടെ തീരുമാനം. സിസ്റ്ററിന് ലൈഫ് ഡേയുടെ ആശംസകൾ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.