പാറമടയിൽ നിന്നും സന്യാസത്തിലേക്ക്; കാമറ കയ്യിലേന്തിയ സന്യാസിനിയുടെ ദൈവവിളി അനുഭവങ്ങൾ

സി. സൗമ്യ DSHJ

ബ്രൗൺ ഉടുപ്പും ധരിച്ച്, കൈകളിൽ കാമറയും പിടിച്ച് ഒരു സിസ്റ്റർ. സി. ലിസ്‌മി സിഎംസി -യെ കുറിച്ചുള്ള വാർത്തകൾ ഈ ദിവസങ്ങളിലെല്ലാം സോഷ്യൽമീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. പാറമടയിൽ ജോലി ചെയ്തശേഷം സന്യാസത്തിലേക്ക് കടന്നുവന്ന ഒരു സന്യാസിനി. ഭൗതികമായ യാതൊന്നും സിസ്റ്റർ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു. കാമറ കയ്യിലേന്തുന്നതിന് മുൻപ് സിസ്റ്റർ ആരായിരുന്നു? സന്യാസ ദൈവവിളിയിലേക്കുള്ള സിസ്റ്ററിന്റെ കടന്നുവരവ്, ഇപ്പോഴത്തെ പ്രവർത്തന മണ്ഡലങ്ങൾ എന്നിവയെ നമുക്കൊന്ന് പരിചയപ്പെടാം.

തൃശൂർ ജില്ലയിലെ വെട്ടുകാട് ആണ് സി. ലിസ്‌മിയുടെ വീട്. ചാണ്ടി -അന്നമ്മ ദമ്പതികളുടെ മൂന്ന് മക്കളിൽ ഏറ്റവും ഇളയ ആളാണ് സിസ്റ്റർ. ഗവണ്മെന്റ് സ്‌കൂളിലാണ് പത്താം ക്ലാസുവരെ പഠിച്ചത്. പിന്നീട് കോൺവെന്റിൽ ചേർന്നു. തൃശൂർ സിഎംസി ‘നിർമ്മല പ്രൊവിൻസ്’ലെ അംഗമാണ് ഇപ്പോൾ സിസ്റ്റർ. 2006 -ലാണ് ആദ്യവ്രതം സ്വീകരിച്ചത്. 2007 -ൽ വീഡിയോകളിലൂടെ ഈശോയെ ലോകത്തിന് പങ്കുവെച്ചുകൊടുക്കുവാൻ ആരംഭിച്ചു. വി. യോഹന്നാൻ ക്രൂസിന്റെ ‘ഓ സ്നേഹ ജ്വാലയെ…’ എന്ന കവിത വീഡിയോ ആക്കിയാണ് സി. ലിസ്‌മി യഥാർത്ഥത്തിൽ ദൃശ്യ മാധ്യമ രംഗത്ത് ചുവടുറപ്പിക്കുന്നത്. വീഡിയോ നിർമ്മാണവുമായി ബന്ധപ്പെട്ടു പ്രത്യേക പഠനമൊന്നും ഇല്ലാതിരിക്കെ ‘ഇതെങ്ങനെ സാധിച്ചു?’ എന്ന ചോദ്യത്തിന് മുൻപിൽ പുഞ്ചിരിച്ചു കൊണ്ടുള്ള സിസ്റ്ററിന്റെ ഉത്തരം വളരെ ലളിതം. “ദൈവം കൂടെയുണ്ടെങ്കിൽ പിന്നെല്ലാം സാധ്യമല്ലേ”.

‘ഈശോയെ സ്വന്തമാക്കാൻ ചാണകം വാരാനും ഞാൻ റെഡി’

“ഞാൻ ഒരു ഗവണ്മെന്റ് സ്‌കൂളിൽ ആണ് പഠിച്ചത്. അതിനാൽ അവിടെ യേശുവിനെ അറിയാനുള്ള സാഹചര്യം കുറവായിരുന്നു. ഒരു പൊതു വിദ്യാലയത്തിൽ വിവിധ മതസ്ഥരുടെ ഇടയിൽ വളർന്നു വന്ന എനിക്ക് ക്രിസ്തുവിന്റെ മണവാട്ടിയാകണം എന്ന ചിന്തയും ആഗ്രഹവും പഠന കാലഘട്ടം മുതൽ ഉണ്ടായിരുന്നു. അതിന് കാരണം എന്റെ കുടുംബത്തിൽ ധാരാളം സിസ്റ്റേഴ്സ് ഉണ്ടായിരുന്നു എന്നതാകാം. പല കോൺഗ്രിഗേഷനുകളെയും പരിചയമുണ്ട്. വലിയ മാർക്കൊന്നും ഇല്ലാതെയാണ് ഞാൻ പത്താം ക്ലാസ് ജയിച്ചത്. സിസ്റ്റർ ആകുവാനുള്ള എന്റെ ആഗ്രഹത്തിന് തടയിടുവാൻ അതൊരു പ്രധാന കാരണമായി. മാർക്കൊന്നും ഇല്ലാത്തതിനാൽ സിഎംസി കോൺഗ്രിഗേഷനിൽ ചേരുവാൻ സാധിക്കില്ല എന്നുപറഞ്ഞു പലരും എന്റെ സിസ്റ്ററാകണമെന്ന ആഗ്രഹത്തിന് തടസം സൃഷ്ടിക്കുവാൻ നോക്കി. അപ്പോഴൊക്കെ ലിസ്‌മി സിസ്റ്ററിന്റെ മറുപടി ഇപ്രകാരമായിരുന്നു: “പശുവുണ്ടാകുവല്ലോ മഠത്തിൽ… ഞാൻ ചാണകം വാരാൻ പൊക്കോളാം. പക്ഷേ, എനിക്കൊരു നല്ല സിസ്റ്ററാകണം.” അങ്ങനെ എന്തിനും തയ്യാറായി വലിയ തീക്ഷണതയോടെയാണ് മഠത്തിൽ പ്രവേശിക്കുന്നത്.” -സിസ്റ്റർ വെളിപ്പെടുത്തി. ഈശോയെ സ്വന്തമാക്കുവാൻ മഠത്തിൽ ചാണകം കോരുവാൻ പോലും ലിസ്‌മി സിസ്റ്റർ തയാറായായിരുന്നു. എന്നാൽ സിസ്റ്ററിനെ സംബന്ധിച്ച് ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു.

പാറമടയിൽ പണിയെടുത്തശേഷം സന്യാസത്തിലേക്ക്

ചെറുപ്പത്തിൽ സാമ്പത്തികമായി വളരെ ഞെരുക്കത്തിലായിരുന്നു ഇവരുടെ കുടുംബം. അപ്പച്ചന് ശ്വാസംമുട്ടലായിരുന്നതിനാൽ ബിസിനസൊക്കെ തകർന്നു. അമ്മയ്ക്കും രോഗം. എങ്കിലും, ചെറിയ ജോലികളൊക്കെ ചെയ്യുമായിരുന്നു. വളരെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥ. ഈയൊരു സാഹചര്യത്തിൽ ചെറുപ്രായത്തിൽ ലിസ്‌മി സിസ്റ്റർ മാതാപിതാക്കളെ സഹായിക്കാനായി പാറമടയിൽ ജോലി ചെയ്യുവാൻ പോകുമായിരുന്നു. ചെറിയ കല്ലുകൾ ഒക്കെ പെറുക്കുന്നതായിരുന്നു അന്ന് ജോലി. ഒരു പെട്ടി നിറച്ചുകഴിഞ്ഞാൽ മൂന്ന് രൂപ അൻപത് പൈസയായിരുന്നു കൂലി. പിന്നെ കൂലി കൂടി. ചെറുതെന്ന് ഇപ്പോൾ തോന്നുമെങ്കിലും ആ പ്രായത്തിൽ ആ കല്ലുകൾ ഭാരമേറിയത് തന്നെയായിരുന്നു. പക്ഷേ, സ്നേഹത്തോടെ ചെയ്യുന്ന ആ ജോലി ആ ഭാരത്തെ ചെറുതാക്കി. പഴയ പുസ്തകം മേടിച്ചാണ് സ്‌കൂളിൽ പഠിച്ചിട്ടുള്ളത്. പിന്നീട് മഠത്തിൽ പ്രവേശിച്ച ശേഷവും പരിശീലന കാലഘട്ടത്തിൽ മേടിക്കേണ്ട സാധനങ്ങളും സിസ്റ്റർ ജോലി ചെയ്ത പണംകൊണ്ടാണ് വാങ്ങിയത്. കാരണം, അന്നത്തെ കുടുംബത്തിന്റെ സാഹചര്യം അതായിരുന്നുവെന്ന് സിസ്റ്റർ വെളിപ്പെടുത്തുന്നു. ഇവ പങ്കുവയ്ക്കുമ്പോൾ ആ വാക്കുകളിൽ നിറഞ്ഞുനിന്നത് അഭിമാനമായിരുന്നു. കാരണം, ഈശോയോട് തോന്നിയ ഇഷ്ട്ടത്തിന് പകരം കൊടുക്കുവാൻ എന്ത് ത്യാഗം ചെയ്യുവാനും ഈ സന്യാസിനി ഒരുക്കമായിരുന്നു. ഒരുപാട് പഠിപ്പോ വലിയ ജീവിത ചുറ്റുപാടോ, സാഹചര്യങ്ങളോ ഒന്നുമില്ലെങ്കിലും ദൈവത്തിന് എന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ടായിരുന്നുവെന്ന് പറയുമ്പോൾ ആ വാക്കുകളിൽ നിറഞ്ഞു നിന്നത് തികഞ്ഞ സംതൃപ്‌തിയായിരുന്നു.

ഇന്നിപ്പോൾ കുടുംബത്തിന്റെ ആ അവസ്ഥയൊക്കെ മാറി. എന്നാൽ, സിസ്റ്ററിന്റെ മനസ്സിൽ പച്ചകെടാതെ അന്നത്തെ സാഹചര്യങ്ങൾ സജീവമാണ്. കാരണം, വന്നവഴികൾ മറക്കരുതല്ലോ. ഇന്നും ലളിതമായി ജീവിക്കുവാൻ, വളരെ ചുരുങ്ങിയ സൗകര്യങ്ങളെപ്പോലും സന്തോഷത്തോടെ സ്വീകരിക്കാൻ ഈ അനുഭവങ്ങളൊക്കെ സിസ്റ്ററിന് സഹായകമായി. ആ വാക്കുകൾ പോലെ തന്നെ വളരെ ലളിതമാണ് സിസ്റ്ററിന്റെ ജീവിത ശൈലിയും.

ഒരു ചെറിയ സോണി കാമറയിൽ നിന്നും തുടക്കം

ഒരു ചെറിയ സോണി കാമറയിൽ നിന്നുമാണ് ആദ്യത്തെ വീഡിയോ ചെയ്യുന്നത്. വളരെ ലളിതമായ രീതിയിലുള്ള തുടക്കമായിരുന്നതിനാലാവാം അത് ഒരുപാട് പേരെ ദൈവാനുഭവത്തിലേക്ക് നയിച്ചുവെന്ന് ആ വീഡിയോ കണ്ടവർ പറയുകയുണ്ടായി. സിസ്റ്റേഴ്സിന്റെ ഒരു ധ്യാനത്തിലാണ് ആദ്യമായി ഈ വീഡിയോ കാണിക്കുന്നത്. അതൊരു തുടക്കം മാത്രമായിരുന്നു. ഇതൊരു ശുശ്രൂഷയായി തുടങ്ങാൻ സി. ലിസ്‌മി മനസുകൊണ്ട് ആഗ്രഹിച്ചു, അതിനായി പ്രാർത്ഥിച്ചു. ഇതിനിടയിൽ ഹിന്ദി ഭാഷയിൽ ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സും കമ്പ്യൂട്ടർ പഠനവും പൂർത്തിയാക്കി. 2011 -ൽ നിത്യവൃത വാഗ്ദാനത്തിന് ശേഷം ജെനറലേറ്റിൽ റെ ക്കോർഡുകൾ സൂക്ഷിക്കുന്ന ജോലിയാണ് സിസ്റ്ററിനെ ഏൽപ്പിച്ചിരുന്നത്. അക്കാലഘട്ടത്തിൽ അവ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തു സിസ്റ്റർ ലിസ്‌മി. അതോടൊപ്പം തന്നെ സിസ്റ്റർ വീഡിയോകൾ ചെയ്യാനും തുടങ്ങി. പാട്ടുകൾ, സന്ദേശങ്ങൾ ഇവയൊക്കെ വീഡിയോ രൂപത്തിലാക്കി യൂട്യൂബിൽ അവ അപ്‌ലോഡ് ചെയ്യാൻ തുടങ്ങി. പിന്നീട് കുറച്ചുംകൂടി ഭേദപ്പെട്ട കാമറ ലഭിച്ചു.

കുട്ടികൾക്കും, മുതിർന്നവർക്കും ഉപകാരപ്പെടുന്ന വീഡിയോകൾ ചെയ്യുവാൻ തുടങ്ങി. ദൈവവിളി പ്രോഗ്രാമുകൾ, ക്രിസ്റ്റീൻ ധ്യാന പരിപാടികൾ എന്നിവയൊക്കെ സിസ്റ്റർ ദൃശ്യമാധ്യമത്തിന്റെ സഹായത്തോടെ പുറത്തുകൊണ്ടുവരുവാൻ തുടങ്ങി. സ്വന്തം പ്രയത്നത്തിലൂടെ തന്നെയാണ് ഇവയൊക്കെ ചെയ്തിരുന്നതെങ്കിലും സഭാധികാരികൾ വിഷ്വൽ മീഡിയയുമായി ബന്ധപ്പെട്ട ഒരു ഡിപ്ലോമ കോഴ്‌സിന് സിസ്റ്ററിനെ അയച്ചു. ഇന്ന് വിവിധ ക്രിസ്ത്യൻ മാധ്യമങ്ങളിൽ സിസ്റ്ററിന്റെ വീഡിയോകൾ നൽകുകയും ചെയ്യുന്നുണ്ട്. സിഎംസി കോൺഗ്രിഗേഷന്റെ യൂട്യൂബ് ചാനലിലും പ്രൊവിൻസിന്റെ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ഒക്കെ അവ പങ്കുവെക്കുകയും ചെയ്യുന്നു. ഒരു ഡോക്യു ഫിലിമും ഒരു ടീമുമായി ഒന്നിച്ചു ചെയ്തിട്ടുണ്ട്. പതിനഞ്ചോളം ഹൃസ്വ ചിത്രങ്ങളും നൂറോളം ആൽബം സോങ്ങുകളും സിസ്റ്റർ ഇതിനോടകം തന്നെ പൂർത്തിയാക്കി കഴിഞ്ഞു. വിവിധ കോൺഗ്രിഗേഷനിലെ ആതുര സ്ഥാപനങ്ങളെയും പ്രവർത്തനങ്ങളെയും ഒക്കെ വീഡിയോ രൂപത്തിലാക്കുകയും ചെയ്‌തിട്ടുണ്ട്. വീഡിയോഗ്രഫി, എഡിറ്റിങ്, ലൈറ്റ് സെറ്റിംഗ്സ്, മേക്കപ്പ് ഇവയെല്ലാം സിസ്റ്ററിന്റെ കയ്യിൽ ഭദ്രം. “ആരും ഒരാവശ്യം ചോദിച്ചാൽ ഒരിക്കലും സഹകരിക്കാതിരുന്നിട്ടില്ല. ഒന്നിനും ദൈവം ഒരു കുറവും വരുത്തിയിട്ടില്ല. അതിനാൽ, തന്നെ യേശു എന്റെ കൂടെയുണ്ടെന്ന് എനിക്കുറപ്പാണ്.” -സിസ്റ്റർ വെളിപ്പെടുത്തുന്നു.

സുവിശേഷവത്ക്കരണം സോഷ്യൽ മീഡിയയിലൂടെ

സമൂഹ മാധ്യമങ്ങളിലൂടെ ഈശോയെ പങ്കുവെച്ചു കൊടുക്കുക എന്നത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം ആണെന്നാണ് സി. ലിസ്‌മിയുടെ ഭാഷ്യം. കാരണം, നെഗറ്റീവായ പല കാര്യങ്ങളും ഇന്ന് ഏറ്റവും അധികം പങ്കുവെയ്ക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുന്നത് ഇതിലൂടെയാണ്. അതിനാൽ, തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ ഇത്തരം നല്ല കാര്യങ്ങളും പങ്കുവയ്ക്കപ്പെടണം. അതിനായിട്ടുള്ള പരിശ്രമത്തിലാണ് ഈ സിസ്റ്റർ. ദൈവം തനിക്ക് ദാനമായി തന്ന കഴിവുകളെയും സാഹചര്യങ്ങളെയും ദൈവമഹത്വത്തിനായി ഉപയോഗിക്കണമെന്ന് ഈ സന്യാസിനിക്ക് നന്നായി അറിയാം. അതിനായുള്ള അക്ഷീണ പ്രയത്നത്തിലുമാണ് ഈ സിസ്റ്റർ. “സോഷ്യൽമീഡിയ എല്ലാവരും കൈകാര്യം ചെയ്യണം. ഫെയ്‌സ്‌ബുക്ക്‌, ഇൻസ്റ്റാഗ്രാം എന്നിങ്ങനെയുള്ള എല്ലാവിധ സാധ്യതകളും സമർപ്പിതരും ഉപയോഗിക്കണം. ഈശോയെ കൊടുക്കുവാനുള്ള ഒരു സാധ്യതയും നാം തള്ളിക്കളയരുത്.” -സിസ്റ്റർ ലിസ്മി പറയുന്നു.

“എന്റെ സന്യാസജീവിതം തുരുമ്പ് പിടിച്ച് തീരാനുള്ളതല്ല, തേഞ്ഞു തീരാനുള്ളതാണ്.” -തികഞ്ഞ ആത്മവിശ്വാസത്തോടെയുള്ള ഈ വാക്കുകൾ ഇക്കാലഘട്ടത്തിനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. കാരണം, ദൈവവിളികൾ കുറഞ്ഞുവരുന്ന ഈ ആധുനിക കാലഘട്ടത്തിൽ ഈശോയെ പങ്കുവയ്ക്കാനുള്ള അനന്തസാധ്യതകളുടെ മുൻപിൽ ചെവിയടക്കരുത്. ദൈവത്തിന്റെ വിളിക്ക് മറുപടി കൊടുത്താൽ മതി; ബാക്കിയെല്ലാം അവിടുന്ന് നോക്കിക്കൊള്ളും.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.