സീറോ മലങ്കര ആഗസ്റ്റ് 08 മത്തായി 7: 7-12 വി. ഡൊമിനിക്ക്

ഡൊമിനിക്കൻ സന്ന്യാസ സമൂഹസ്ഥാപകൻ വി. ഡൊമിനിക്കിന്റെ തിരുനാളാണിന്ന്. സ്‌പെയിനിലെ കലെറുയേഗ എന്ന സ്ഥലത്ത് 1170 ൽ ഫെലിക്സിന്റെയും വാഴ്ത്തപ്പെട്ട ജുവാനയുടെയും മകനായി ആഗസ്റ്റ് എട്ടിനാണ് ഡൊമിനിക്കിന്റെ ജനനം. അദ്ദേഹം പാലെൻസിയായിലെ സ്‌കൂളിൽ ആറുവർഷം സാഹിത്യവും പിന്നീട് നാലുവർഷം ദൈവശാസ്ത്രവും പഠിച്ചു. 1911 ൽ സ്പെയിനിൽ വലിയ പട്ടിണിയുണ്ടായപ്പോൾ ഡൊമിനിക്ക് തന്റെ പണവും വസ്ത്രങ്ങളും വസ്തുവകകളും വിതരണം ചെയ്ത് പട്ടിണിയിലായവരെ സഹായിച്ചു. പിന്നീട് 1194 ൽ അഗസ്റ്റിന്റെ നിയമങ്ങൾ പിന്തുടരുന്ന കത്തീഡ്രൽ സംഘത്തിൽ ചേർന്നു. ഫ്രാൻസിന്റ പടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന വേദവിപരീതികളായ ചില ക്രിസ്തീയവിഭാഗങ്ങളുടെ മാനസാന്തരത്തിനായി കുറേനാൾ പ്രവർത്തിച്ചു. ഈ സമയത്താണ് വിശുദ്ധിയും എളിമയും താപസജീവിതവും ഉണ്ടെങ്കിൽ മാത്രമേ മാനസാന്തരം സംഭവിക്കൂ എന്ന ബോധ്യത്തിലേക്ക് ഡൊമിനിക്ക് എത്തുന്നത്.

1215 ൽ അഞ്ച് അനുയായികളുമായി ഡൊമനിക്ക്, ഫ്രാൻസിലെ ടുളൂസ് എന്ന സ്ഥലത്ത് തന്റെ സന്ന്യാസ സഭയ്ക്ക് ആരംഭം കുറിക്കുന്നു. ഡൊമിനിക്കൻ സന്ന്യാസിനികളുടെ സമൂഹം ഇതിനു മുൻപുതന്നെ – 1206 ൽ – അദ്ദേഹം ആരംഭിച്ചിരുന്നു. പിന്നീട് ‘പ്രസംഗകരുടെ ഓർഡർ’ (Ordo Praedicatorum) എന്ന പേരിൽ ഇവർ അറിയപ്പെടാൻ തുടങ്ങി. പ്രാർഥനയ്ക്കും പരിത്യാഗത്തിനും അവർ വലിയ പ്രാധാന്യം കൊടുത്ത് ഭിക്ഷുക്കളായി യാത്ര ചെയ്ത് സുവിശേഷം പ്രസംഗിക്കുന്ന ശൈലി അവലംബിച്ചു. സന്ന്യാസജീവിതം മതിലുകൾക്കപ്പുറത്തേക്ക് എത്തിച്ച് വിശ്വാസികളെ ദൈവപാതയിൽ നടക്കുന്നതിനു സഹായിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. മാർപാപ്പയുടെ നിർദേശപ്രകാരം ഡൊമിനിക്കും അനുയായികളും റോമിലെ സാന്ത സബീന ബസിലിക്ക തങ്ങളുടെ ആസ്ഥാനമായി തിരഞ്ഞെടുത്തു.

ഡൊമിനിക്കിന്റെ ജീവചരിത്രകാരന്മാർ പറയുന്നത്, അദ്ദേഹം മാംസാഹാരം ഉപേക്ഷിക്കുകയും ഉപവസിക്കുകയും മൗനവ്രതമനുഷ്ഠിക്കുകയും ഏറ്റവും ലളിതമായി വസ്ത്രം ധരിക്കുകയും തറയിൽ കിടന്നുറങ്ങുകയും ചെയ്തിരുന്ന താപസനായിരുന്നുവെന്നാണ്. നഗ്നപാദനായി സഞ്ചരിച്ചിരുന്ന അദ്ദേഹത്തിന്റെ യാത്രയിലെ ഉല്ലാസം ആത്മീയസംഭാഷണങ്ങളും പ്രാർഥനയുമായിരുന്നു.

അതുപോലെ ഇന്നത്തെ രീതിയിലുള്ള ജപമാല പ്രാർഥനയ്ക്ക് നാം കടപ്പെട്ടിരിക്കുന്നത് വി. ഡൊമിനിക്കിനോടാണ്. അതുകൊണ്ടാണ് ജപമാല, ഡൊമിനിക്കൻ വൈദികരുടെയും സന്ന്യാസിനികളുടെയും തിരുവസ്ത്രത്തിന്റെ ഭാഗമായിരിക്കുന്നത്. 1221 ആഗസ്റ്റ് ആറിന് ഇറ്റലിയിലെ ബൊളോഞ്ഞ ആശ്രമത്തിൽ വച്ച് തന്റെ 51-ാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. മഹാനായ വി. ആൽബർട്ട്, വി. തോമസ് അക്വിനാസ്, സിയന്നായിലെ വി. കത്രീന, ലിമായിലെ വി. റോസ് തുടങ്ങിയ അനേകം വിശുദ്ധരും നാല് മാർപാപ്പമാരും ഈ സന്ന്യാസ സമൂഹത്തിൽ നിന്നും സഭയ്ക്ക് ലഭിച്ചിട്ടുണ്ട്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.