സീറോ മലബാര്‍ ഉയിർപ്പുകാലം ആറാം ബുധൻ മെയ് 08 മർക്കോ. 5: 21-24, 35-43 ജായ്റോസിന്റെ മകളെ ഉയിർപ്പിക്കുന്നു

യേശുവിന്റെ അസാധാരണമായ ഒരു അത്ഭുതത്തെക്കുറിച്ചാണ് ഇന്നത്തെ ധ്യാനം. മരിച്ചുപോയ ഒരു പെൺകുട്ടിയെ – ജായ്റോസിന്റെ മകളെ – ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നു. ജീവിതത്തിലെ ഒരു സാഹചര്യവും ദൈവത്തിന്റെ ഇടപെടലിന് അതീതമല്ല എന്ന വലിയ സന്ദേശം ഈ വചനഭാഗം നമുക്കു നൽകുന്നു.

ഈയൊരു പ്രത്യാശയാണ് ജീവിതത്തിൽ നമുക്കും ആവശ്യം. എത്ര വലിയ പ്രശ്നത്തിൽക്കൂടിയാണ് നമ്മൾ കടന്നുപോകുന്നതെങ്കിലും ദൈവത്തിനു നമ്മെ രക്ഷിക്കാൻ സാധിക്കും. എത്ര ഭയാനകമായ അവസ്ഥയാണ് നമ്മുടേതെങ്കിലും ദൈവത്തിന് നമ്മെ സമാധാനത്തിലേക്കു നയിക്കാൻ സാധിക്കും. എത്ര സങ്കടകരമായ സാഹചര്യമാണ് നമ്മുടേതെങ്കിലും അതിൽനിന്നും നമ്മെ സന്തോഷത്തിലേക്കു നയിക്കാൻ ദൈവത്തിനു സാധിക്കും. മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിലാണ് നമ്മുടെ വിശ്വാസവും പ്രത്യാശയും നമ്മൾ വയ്‌ക്കേണ്ടത്. അതുപോലെതന്നെ, ഇതുവരെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ പ്രവർത്തനം നമ്മൾ കാണുകയും ചെയ്യണം.

ഫാ. ജി. കടൂപ്പാറയിൽ MCBS  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.