വിശുദ്ധനാട്ടിലെ മൂന്നു മിസ്റ്റിക്കൽ ഗ്രോട്ടോകൾ

റോമൻ ചക്രവർത്തി ആയിരുന്ന കോൺസ്റ്റയിന്റെ കാലത്തു ജറുസലേം നഗരത്തിന്റെ പടിഞ്ഞാറു വശത്തായി ക്രൈസ്തവർക്കു വളരെ പ്രധാനപ്പെട്ട മൂന്നു രഹസ്യ ഗ്രോട്ടോകൾ ഉണ്ടായിരുന്നു: മനുഷ്യവതാര ഗ്രോട്ടോ, കാൽവരി ഗ്രോട്ടോ, ഒലിവു മലയിലെ ഗ്രോട്ടോ. ക്രൈസ്തവർക്കു ഈ മൂന്നു ഗ്രോട്ടകളും വളരെ പ്രധാനപ്പെട്ടതാകയാൽ ഓദ്യോഗികമായിത്തന്നെ അവയെ ബഹുമാനിക്കാനായി നല്ല രീതിയിൽ അവ നിർമ്മിക്കാൻ തീരുമാനിച്ചു. അതു വലിയ സ്മാരകമായി ഇന്നും സ്ഥിതി ചെയ്യുന്നു. വിശുദ്ധനാട്ടിലെ മൂന്നു മിസ്റ്റിക്കൽ ഗ്രോട്ടോകളെ കുറിച്ചു ഒരു ചെറുകുറിപ്പ്.

ബേത്‌ലെഹമിലെ ഗുഹ (Th cave of Bethlehem)

ബേത്‌ലെഹമിലുള്ള മനുഷ്യവതാരത്തിന്റെ ഗ്രോട്ടോയിലാണ്(The Grotto of the Nativity) പാരമ്പര്യമനുസരിച്ചു യേശു കന്യകാമറിയത്തിൽ നിന്നു ജനിച്ചത്. കോൺസെൻറൈൻ ചക്രവർത്തിയും അമ്മയായ ഹെലേനാ രാജ്ഞിയും ഗ്രോട്ടോയുടെ നിർമാണപ്രവർത്തനങ്ങൾക്കായി AD 325 വരെ ഈ ഗ്രോട്ടോ അടച്ചിരുന്നതായി സഭാ ചരിത്രകാരനായ എവുസേബിയൂസിന്റെ രേഖപ്പെടുത്തിയിരിക്കുന്നു. ബസിലിക്കായിക്കുള്ളിൽ താഴേക്കു വരുന്ന കോവണിപ്പടികളിൽ ചുവന്ന കല്ലുകൊണ്ടുള്ള രണ്ടു സ്തൂപങ്ങളിൽ മനുഷ്യവതാര അൾത്താര താങ്ങി നിർത്തിയിരിക്കുന്നതായി കാണാം .അവിടെ ലത്തീൻ ഭാഷയിൽ “Gloria in excelsis Deo et in terra pax hominibus” (അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!) എന്നു രേഖപ്പെടുത്തിയിരിക്കുന്നു. അൾത്താരക്കടിയിൽ നിലത്തു വെള്ളി കൊണ്ടുള്ള നക്ഷത്രത്തിൽ: “Hic de Virgine Maria Iesus Christus natus est” (ഇവിടെ യേശുക്രിസ്തു കന്യകാമറിയത്തിൽ നിന്നു ജനിച്ചു) എന്ന മറ്റൊരു ആലേഖനവും കാണാം.മനഷ്യവതാര അൾത്താരയുടെ വലതു വശത്തുള്ള സ്ഥലത്താന്ന് മറിയം ഉണ്ണിയേശുവിനെ കിടത്തിയ പുൽത്തൊട്ടി. അവിടെ ഇന്നു പുൽക്കൂട്ടിലെ അൾത്താര (Altar of the Manger) സ്ഥിതി ചെയ്യുന്നു. അതിനു മുമ്പിൽ പൂജ രാജാക്കന്മാർക്കായി സമർപ്പിക്കപ്പെട്ട ഒരു ചെറിയ അൾത്താരയുണ്ട്. ഈ അൾത്താരയിലാണ് കത്തോലിക്കാ സഭയും ഓർത്തഡോക്സസു സഭയും ഉണ്ടാക്കിയ ഉടമ്പടി അനുസരിച്ചു കത്തോലിക്കർ ബലി അർപ്പിക്കുന്നത്.

ഒലിവു മലയിലെ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയുടെ ഗ്രോട്ടോ (The Grotto of the Pater Noster on the Mount of Olives)

ബഥനിയിൽ നിന്നു ബേത് ഫഗായിൽ നിന്നും വിശുദ്ധ നഗരത്തിലേക്കു പോകുന്ന വഴിയിൽ മുകളിലായി യേശുവിന്റെ സ്വര്‍ഗ്ഗാരോഹണം നടന്ന ഒലിവു മലയ്ക്കു വളരെ അടുത്തായി യേശുവും ശിഷ്യന്മാരും പല സന്ദർഭങ്ങളിലും പോയ ഒരു ഗുഹയുണ്ട് .ഇവിടെ വച്ചു യേശു ദൈവരാജ്യത്തിന്റെ പല രഹസ്യങ്ങളെക്കുറിച്ചും അവരെ പഠിപ്പിക്കുമായിരുന്നു. സ്വർഗ്ഗസ്ഥനായ പിതാവേ (ലത്തീൻ ഭാഷയിൽ “Pater Noster”) എന്ന പ്രാർത്ഥന അവരെ പഠിപ്പിച്ചതും ഇവിടെ വച്ചുതന്നെയാണ്.

AD 326 വിശുദ്ധ ഹേലേനാ രാജ്ഞി അവിടെ ഒരു ബസലിക്കാ നിർമ്മിച്ചു.ഈ ബസിലിക്കാ എലയോണ എന്നാണ് അറിയപ്പെട്ടിരുന്നത്. ഗ്രിക്കു ഭാഷയിൽ നിന്നും ഉത്ഭവിച്ച ഈ വാക്കിന്റെ അർത്ഥം ഒലിവ് എന്നാണ്. ഏതാനും നാളുകൾക്കു ശേഷം ഗ്രോട്ടോക്കു അടുത്തു തന്നെ യേശു സ്വർഗ്ഗത്തിലേക്കു ആരോഹണം ചെയ്ത പാറയിൽ ഒരു ദൈവാലയം പണിതു. ഇമ്ബോമോൻ ( Imbomon) എന്നാണ് ഇതു അറിയപ്പെടുന്നത്. എജീരിയ നാലാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വലിയ ആഴ്ചയിലെ വ്യാഴാഴ്ച നടന്ന ആഘോഷങ്ങളെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. “എല്ലാവരും ഒലിവു മലയിലുള്ള പള്ളിയിൽ പോയിരുന്നു. എല്ലാവരും പള്ളിയിൽ എത്തിക്കഴിയുമ്പോൾ യേശു ശിഷ്യരെ പഠിപ്പിച്ചിരുന്ന ഗ്രോട്ടോയ്ക്കു മെത്രാൻ പ്രവേശിക്കുകയും സുവിശേഷം കൈകളിൽ എടുത്തു എഴുന്നേറ്റു നിന്നു കൊണ്ട് മത്തായി അറിയിച്ച സുവിശേഷം വായിക്കുകയും ചെയ്തു. അതിനു ശേഷം വചനം വ്യാഖ്യാനിച്ചിരുന്നു. ” (Itinerarium Egeriae, XXXIII). പത്തൊമ്പതാം നൂറ്റാണ്ടു മുതൽ ഫ്രാൻസിൽ സ്ഥാപിതമായ കർമ്മലീത്താ സഭയാണ് ഈ ഗ്രോട്ടോ നോക്കി നടത്തുന്നത്.

ഗദ്സെമിനിയിലെ ഗ്രോട്ടോ (The Grotto of Gethsemane)

നാലാം നൂറ്റാണ്ടിലെ ഒരു പാരമ്പര്യമനുസരിച്ച് യുദാസ് ഈശോയെ ഒറ്റിക്കൊടുത്തത് ഈ ഗുഹയിലാണ്. ഗദ്സെമിനീയിലെ പ്രാർത്ഥനയ്ക്കു ശേഷം യേശു ശിഷ്യന്മാരെ അന്വേഷിച്ചു ഇവിടെ വരുകയും അവിടെ വച്ചു യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തു എന്നുമാണ് പാരമ്പര്യം പറയുന്നത്. ഒലിവുമലയുടെ താഴ്‌വാരമാണ് ഈ ഗ്രോട്ടോ സ്ഥിതി ചെയ്യുന്നത് 1361 മുതൽ ഫ്രാൻസിസ്കൻ സന്യാസിമാർ ആണ് ഈ ഗ്രോട്ടോയുടെ കാവൽക്കാർ. പുരാതന കാലത്തു ഈ ഗ്രോട്ടോ കാർഷിക ആവശ്യങ്ങൾക്കു പ്രത്യേകിച്ചു ഒലിവു ഞെരുക്കുന്നതിനാണ് ഉപയോഗിച്ചിരുന്നത്. ഗെദ്സെമിനി എന്ന അറമായ വാക്കിന്റെ അർത്ഥം തന്നെ എണ്ണ ആട്ടുക എന്നാണ്. 2000 വർഷം പഴക്കമുള്ള ഒരു ജലസംഭരണയുടെ ഭാഗം 1955 ഈ ഗ്രോട്ടോയിൽ കണ്ടെത്തി. ബൈസെന്റയിൻ കാലത്തു ഒരു ചെറിയ സിമിത്തേരിയായി ഈ ഗ്രോട്ടോ ഉപയോഗിച്ചിരുന്നു. പാറയിലുള്ള ചുമർ എഴുത്തുകളും യേശുവിന്റെയും ശിഷ്യന്മാരുടെയും ചിത്രങ്ങളും കുരിശുയുദ്ധകാലം തുടങ്ങി സംരക്ഷിച്ചു പോരുന്നു. പള്ളിമേടയിലെ വലതു വശത്തായി ഒരു ലത്തീൻ ഭാഷയിലുള്ള ഒരു പുരാതന ലിഖിതം ഉണ്ട് അതിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു “ഇവിടെ പരിശുദ്ധ രാജാവ് രക്തം വിയർത്തു, നാഥനായ ക്രിസ്തു പലപ്പോഴും ഈ സ്ഥലങ്ങളിൽ വന്നിരുന്നു. എന്റെ പിതാവേ, നീ തീരുമനസ്സാകുന്നുവെങ്കിൽ ഈ കാസ എന്നിൽ നിന്നു മാറ്റേണമേ ”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.