ഞായർ പ്രസംഗം: ഉയിർപ്പുകാലം അഞ്ചാം ഞായർ, ഏപ്രിൽ 28 ലൂക്ക 10: 1-12 പ്രേഷിതദൗത്യം

ബ്രദര്‍ ഫ്രാങ്ക്‌ളിന്‍ വെട്ടുകല്ലേല്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞവരെ,

ഉത്ഥാനത്തിന്റെ വലിയ സന്തോഷം നമ്മുടെ ഹൃദയങ്ങളില്‍ അലയടിച്ച് ഇന്ന് അഞ്ച് ആഴ്ചകള്‍ പിന്നിടുമ്പോള്‍ തിരുസഭാമാതാവ് വചനവിചിന്തനത്തിനായി നല്‍കിയിരിക്കുന്നത് വി. ലൂക്കായുടെ സുവിശേഷം പത്താം അധ്യായം ഒന്നു മുതല്‍ 12 വരെയുള്ള തിരുവചനഭാഗങ്ങളാണ്. ദൈവരാജ്യപ്രഘോഷണത്തിന്റെ മുന്നോടിയായി ഈശോ, താന്‍ പോകാനിരിക്കുന്ന ഇടങ്ങളിലേക്ക് തനിക്കു മുന്‍പേ 72 പേരെ അയയ്ക്കുന്ന രംഗമാണ് നാം ഇന്നു കാണുന്നത്. സ്‌നാപകയോഹന്നാന്‍ വന്ന് ക്രിസ്തുവിനു വഴിയൊരുക്കിയതുപോലെ താന്‍ പോകാനിരിക്കുന്ന സ്ഥലങ്ങളിലേക്ക് തനിക്കായി വഴിയൊരുക്കാന്‍ 72 പേരെ അയയ്ക്കുന്നു. വിളവിന്റെ ആധിക്യവും വേലക്കാരുടെ കുറവും പ്രേഷിത പ്രവര്‍ത്തനയാത്രകളില്‍ കൂടെക്കൂട്ടേണ്ടതും ഉപേക്ഷിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതുമായ നിര്‍ദേശങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം.

ഇന്നത്തെ എല്ലാ വായനകളിലും ഒരുപോലെ കാണാന്‍ സാധിക്കുന്നത് ദൈവഹിതത്തിന്റെ പൂര്‍ത്തീകരണത്തിനായി ദൈവത്താല്‍ അയയ്ക്കപ്പെടുന്നവരെക്കുറിച്ചാണ്. പഴയനിയമ വായനകളില്‍ നാം കണ്ടുമുട്ടുന്നത് അഹറോനേയും റഫായേലിനെയും ആണ്. പുറപ്പാടു പുസ്തകത്തില്‍ മോശയ്ക്ക് സഹായകനായി പിതാവായ ദൈവത്താല്‍ അയയ്ക്കപ്പെടുന്ന അഹറോനെയും തോബിത്തിന്റെ പുസ്തകത്തില്‍ തോബിയാസിന്റെ സഹയാത്രികനായി എത്തുന്ന ദൈവദൂതനായ റഫായേലിനെയുമാണ് പഴയനിയമ വായനകളില്‍ നാം കണ്ടുമുട്ടുന്നത്. നടപടി പുസ്തകത്തിലൂടെ കണ്ണോടിക്കുമ്പോള്‍ നാം കണ്ടുമുട്ടുന്നത് പ്രേഷിതദൗത്യത്തിനായി സെലുക്യായിലേക്ക് കപ്പല്‍ കയറുന്ന ബര്‍ണബാസിനെയും പൗലോസിനെയുമാണ്. ഇവരെല്ലാം ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട് ദൈവനിയോഗങ്ങള്‍ക്കായി ജീവിതം മാറ്റിവച്ചവരാണ്.

ലൂക്കാ സുവിശേഷത്തില്‍ മാത്രം കാണുന്നതാണ്, ഈശോ തനിക്കു മുമ്പേ അയച്ച 72 ശിഷ്യന്മാരുടെ ഈ വിവരണം. ഈശോ തെരഞ്ഞെടുത്ത 12 പേര്‍ മാത്രമല്ല, ഈശോയുടെ ഓരോ ശിഷ്യനും ശിഷ്യയും ക്രൈസ്തവരെല്ലാവരും അയയ്ക്കപ്പെട്ടവരാണ്, മിഷനറിമാരാണ് എന്ന സന്ദേശമാണ് ലൂക്കാ സുവിശേഷകന്‍ ഇവിടെ നമുക്കു നല്‍കുന്നത്. ക്രിസ്തുവിന്റെ മനോഭാവം സ്വീകരിച്ചുകൊണ്ട് ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കേണ്ടവരാണ് നാം എല്ലാവരും. ക്രിസ്തുവിന്റെ സമാധാനം എല്ലാ ഹൃദയങ്ങളിലും കുടുംബങ്ങളിലും നല്‍കാന്‍ അയയ്ക്കപ്പെട്ടവരാണ് നാം ഓരോരുത്തരും.

അയയ്ക്കപ്പെടുന്നവര്‍ക്ക് ക്രിസ്തു നല്‍കുന്ന നിര്‍ദേശം ഇപ്രകാരമാണ്: ”ചെന്നായ്ക്കളുടെ ഇടയിലേക്ക് കുഞ്ഞാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു.” ഒരിക്കലും ചേരാത്ത വിപരീത സാഹചര്യത്തിലേക്കാണല്ലോ ക്രിസ്തു ഇവരെ അയയ്ക്കുന്നത് എന്ന് നാം ചിന്തിച്ചേക്കാം. എന്നാല്‍ നാം കാണാതെപോകുന്നത് അവിടുത്തെ മനസ്സാണ്. ചെന്നായയും കുഞ്ഞാടും ഒരുമിച്ചുവാഴുന്ന ഒരു ലോകമാണ് ക്രിസ്തു ആഗ്രഹിക്കുന്നത്. സര്‍വശക്തനായ ദൈവത്തിന് ഒന്നും അസാധ്യമല്ല, ചെന്നായയെ കുഞ്ഞാടാക്കാന്‍ അവിടുത്തേക്കു കഴിയും.

യേശു നല്‍കുന്ന നിര്‍ദേശങ്ങളിലൊന്നാണ് ”മടിശീലയോ, സഞ്ചിയോ, ചെരുപ്പോ നിങ്ങള്‍ കൊണ്ടുപോകരുത്, വഴിയില്‍വച്ച് ആരെയും അഭിവാദനം ചെയ്യരുത്” എന്ന്. എന്തുകൊണ്ടാണ് വഴിയില്‍വച്ച് ആരെയും അഭിവാദനം ചെയ്യരുതെന്ന് യേശു പറഞ്ഞത്?

വി. അംബ്രോസ് ഇപ്രകാരം പറയുന്നു: ”അവരുടെ ശ്രദ്ധ മുഴുവന്‍ അവര്‍ ഏറ്റെടുത്തിരിക്കുന്ന പ്രേഷിതദൗത്യത്തിലായിരിക്കണം എന്ന ബോധ്യം നല്‍കാന്‍ വേണ്ടിയാണ്” എന്ന്. മനംമയക്കുന്ന വഴിയോരക്കാഴ്ചകളില്‍ കണ്ണുടക്കിയും സൗഹൃദവലയങ്ങളില്‍ കുടുങ്ങിയും താന്‍ ഏല്‍പിച്ചിരിക്കുന്ന ദൗത്യം അവര്‍ മറക്കരുത് എന്ന് ക്രിസ്തുവിന് നിര്‍ബന്ധമുണ്ടായിരുന്നു. മടിശീലയോ, സഞ്ചിയോ, ചെരുപ്പോ കൊണ്ടുപോകരുത് എന്നുപറയുമ്പോള്‍ മറ്റൊരു നിര്‍ദേശം കൂടി ക്രിസ്തു നല്‍കുകയാണ്. ക്രൈസ്തവജീവിതവും മിഷനറി പ്രവര്‍ത്തനവും ദൈവപരിപാലനയില്‍ ആശ്രയിച്ചതായിരിക്കണം എന്ന്. ഒരു ക്രിസ്തുശിഷ്യന്റെ സമ്പാദ്യം മുഴുവന്‍ ക്രിസ്തു തന്നെയായിരിക്കണം.

മടിശീലകളും സഞ്ചികളും ചെരുപ്പുകളുമെല്ലാം യാത്രയുടെ പ്രധാന മാനദണ്ഡമായി മാറുന്ന ഈ കാലഘട്ടത്തില്‍ അവയെല്ലാം വെടിഞ്ഞ് ക്രിസ്തുവെന്ന വലിയ സമ്പാദ്യം പേറി പ്രേഷിതദൗത്യത്തിനായി ഇറങ്ങിത്തിരിക്കുന്ന ഈ ശിഷ്യഗണം നമ്മുടെ മുമ്പിലുയര്‍ത്തുന്നത് ഒരു വെല്ലുവിളിയാണ്, ഒരു ചോദ്യചിഹ്നമാണ്. ക്രിസ്തുവെന്ന വലിയ സമ്പാദ്യം പേറി പ്രേഷിതദൗത്യത്തിനായി ഇറങ്ങിത്തിരിക്കാന്‍ ക്രിസ്തു നിര്‍ദേശിക്കുമ്പോള്‍ അതിന് പൂര്‍ണ്ണസമ്മതം നല്‍കുന്ന ശിഷ്യഗണം, ഈ ശിഷ്യഗണത്തിലൂടെയാണ് പ്രേഷിതസഭ രൂപമെടുക്കുന്നത്. പീഡനത്തിന്റെ നാള്‍വഴിയിലൂടെ സഞ്ചരിക്കുമ്പോഴും വിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കാതെ അവര്‍ സഭയെ പടുത്തുയര്‍ത്തി.

സ്‌നേഹമുള്ളവരെ, ഈ കാലഘട്ടത്തില്‍ ദൈവം എന്നില്‍നിന്നും നിന്നില്‍നിന്നും ആഗ്രഹിക്കുന്ന പ്രേഷിതദൗത്യം തിരിച്ചറിഞ്ഞ് ആ പാത പുണരാന്‍ നമുക്കു പരിശ്രമിക്കാം. അസ്സീസിയില്‍ പുത്തന്‍ ആധ്യാത്മികത കൊണ്ട് സഭയെ താങ്ങിനിര്‍ത്തിയ ഫ്രാന്‍സിസും അനേകരുടെ ആശയറ്റ ജീവിതങ്ങളില്‍ പ്രത്യാശ പകര്‍ന്ന മദര്‍ തെരേസയും ഇന്‍ഡോറില്‍ കത്തിക്കിരയായിത്തീര്‍ന്ന സി. റാണി മരിയയും നീതിരഹിതമായ ഈ കാലഘട്ടത്തില്‍ പാവങ്ങള്‍ക്കായി ജീവിതം ഹോമിച്ച ഫാ. സ്റ്റാന്‍ സ്വാമിയുമെല്ലാം നമുക്കു മുന്‍പേ നടന്നുനീങ്ങിയ മാതൃകകളാണ്. ആയിരിക്കുന്ന അവസ്ഥയില്‍ നന്മ ചെയ്യാന്‍ കിട്ടുന്ന ഓരോ അവസരവും ജീവിതത്തിലെ പ്രേഷിതദൗത്യമാക്കി നമുക്കു മാറ്റാം, ക്രിസ്തുവിനെ സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്കു പകര്‍ന്നുനല്‍കാം.

ഉയര്‍പ്പിന്റെ മഹത്വത്തിലൂടെ കടന്നുപോകുന്ന നമുക്ക് ചിന്തിക്കാം, തിരിച്ചറിയാം എന്റെയും നിന്റെയും പ്രേഷിതദൗത്യം എന്താണെന്ന്. അങ്ങനെ പങ്കുവയ്ക്കലിന്റെയും പരസ്പരസ്‌നേഹത്തിന്റെയും കരുതലിന്റെയും പുതിയൊരു ലോകം നമുക്ക് പണിതുയര്‍ ത്താം. കണ്ടുമുട്ടുന്നവരില്‍ ക്രിസ്തുവിന്റെ സമാധാനം നല്‍കാനും ക്രിസ്തുവിന്റെ സൗഖ്യം നല്‍കാനും ദൈവരാജ്യം പ്രഘോഷിക്കാനും ഈശോ നമ്മെയും അയയ്ക്കുമ്പോള്‍ ഈ ദൗത്യം തുടരാനുള്ള അനുഗ്രഹത്തിനായി പ്രാര്‍ഥിച്ചുകൊണ്ട് നിഷ്‌കളങ്കസ്‌നേഹത്തോടും അഗാധമായ മനസ്താപത്തോടും കൂടി ഈ പരിശുദ്ധ ബലിയില്‍ നമുക്ക് പങ്കുചേരാം.

സര്‍വശക്തനായ ദൈവം നമ്മെ എല്ലാവരെ യും സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമ്മേന്‍.

ബ്രദര്‍ ഫ്രാങ്ക്‌ളിന്‍ വെട്ടുകല്ലേല്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.