തിരുപ്പട്ടം സ്വീകരിച്ച മുന്‍ ഫുട്‌ബോള്‍ താരത്തിന്റെ ഇനിയുള്ള ഗോള്‍ ക്രിസ്തു

മുന്‍ ഐറിഷ് ഫുട്‌ബോള്‍ താരം ഫിലിപ്പ് മുള്‍റൈന്‍ വൈദികനായി അഭിഷിക്തനായി. ഡബ്‌ളിനിലെ ഡോമിനിക് സ്ട്രീറ്റിലുള്ള സെന്റ് സേവ്യേഴ്‌സ് ദൈവാലയത്തില്‍ വച്ച്, ജൂലൈ എട്ടിന് നടന്ന തിരുപ്പട്ട ശുശ്രൂഷയില്‍ വിശ്വാസ തിരുസംഘത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായ ആര്‍ച്ച് ബിഷപ്പ് അഗസ്റ്റിന്‍ ഡി നോയിയയുടെ കൈവയ്പ്പ് വഴിയാണ് ഫിലിപ്പ് മുള്‍റൈന്‍ അഭിഷിക്തനായത്.

ഡോമിനിക്കന്‍ സഭാംഗമായാണ് അദ്ദേഹം വൈദിക ജീവിതത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, നോര്‍വിച്ച് സിറ്റി എന്നിവയുടെ മിന്നും താരമായിരുന്നു ഫിലിപ്പ് മുള്‍റൈന്‍. “ഇനിമുതല്‍ നിങ്ങളുടെ ഗോള്‍ എന്നത് ക്രിസ്തുവായിരിക്കും. ഒരു ഗോള്‍ നേടുന്നതിന് പിന്നിലെ അദ്ധ്വാനത്തെക്കുറിച്ച് നിങ്ങള്‍ക്ക് പറഞ്ഞുതരേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ കളിക്കാരന്‍ എന്ന നിലയില്‍ ക്രിസ്തു എന്ന ഗോള്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ക്ക് എളുപ്പം സാധിക്കും. നിങ്ങള്‍ സന്തോഷത്തോടെ ജീവിതത്തിലേയ്ക്ക് സ്വീകരിച്ച ദൈവവചനത്തെ എല്ലാവരിലേയ്ക്കും പകരുക. കര്‍ത്താവിന്റെ നിയമത്തെപ്പറ്റി ധ്യാനിച്ചുകൊണ്ട് തിരുവചനത്തില്‍ വായിക്കുന്നത് വിശ്വസിക്കുക, വിശ്വസിക്കുന്നത് പഠിപ്പിക്കുക, പഠിപ്പിക്കുന്നത് പ്രാവര്‍ത്തികമാക്കുക”. തിരുപ്പട്ട ശുശ്രൂഷ മദ്ധ്യേയുള്ള സന്ദേശത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡി നോയിയ ഓര്‍മ്മിപ്പിച്ചു.

നോര്‍ത്തേണ്‍ ഐയര്‍ലന്റിനായി 27 തവണ കളിച്ച മുള്‍റൈന്‍ ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന താരമായിരുന്നു. ഗുരുതര പരിക്കുകള്‍ അലട്ടിയതിനെ തുടര്‍ന്ന് 2009 ല്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ മത്സരങ്ങളോട് മുള്‍റൈന്‍ വിടപറഞ്ഞു. പിന്നീട് ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി. ബിഷപ്പ് നോയല്‍ ട്രിയാനോറിന്റെ ഇടപെടലാണ് ഫിലിപ്പ് മുള്‍റൈനെ ദൈവത്തിങ്കലേയ്ക്ക് കൂടുതല്‍ അടുപ്പിച്ചത്. റോമിലെ പൊന്തിഫിക്കല്‍ ഐറിഷ് കോളജിലെ തത്വശാസ്ത്ര പഠനത്തിനുശേഷം 2012 ല്‍ കോര്‍ക്കിലെ ഡോമിനിക്കന്‍ നോവിഷ്യേറ്റ് ഹൗസില്‍ ചേര്‍ന്നു. 2016 ഒക്ടോബറില്‍ ഡബ്ലിന്‍ ആര്‍ച്ച്ബിഷപ്പ് ഡയര്‍മുയ്ഡ് മാര്‍ട്ടിനില്‍ നിന്നാണ് ഫാ.മുള്‍റൈന്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.