അയർലണ്ടിലെ ഭവനരഹിതരുടെ അഭയകേന്ദ്രത്തിൽ കപ്പൂച്ചിൻ സന്യാസിക്ക് കുത്തേറ്റു

അയർലണ്ടിലെ ഭവനരഹിതരുടെ അഭയകേന്ദ്രത്തിൽ വച്ച് കപ്പൂച്ചിൻ സന്യാസിക്ക് നേരെ ആക്രമണം. ബ്രസീലിയൻ കപ്പൂച്ചിൻ സന്യാസിക്കു അഡെമിർ മാർക്വെസിനു നേരെയാണ് ആക്രമണം നടന്നത്. ഭവനരഹിതരായ ആളുകളെ പരിചരിക്കുന്ന കപ്പൂച്ചിൻ ഡേ സെൻ്ററിൽ വച്ച് സന്യാസിയുടെ തലയ്ക്ക്  കുത്തേൽക്കുകയായിരുന്നു.

രാവിലെ 10.30-ഓടെ ആളുകൾക്ക് പ്രഭാതഭക്ഷണം നൽകുന്നതിനിടയിൽ അപ്രതീക്ഷിതമായിട്ടായിരുന്നു വൈദികനു നേരെ ആക്രമണം നടന്നത്. അക്രമി, കേന്ദ്രത്തിലെ ഒരു സ്ഥിരം ഉപഭോക്താവായിരുന്നു. വൈദികനെ അടിയന്തരചികിത്സ നൽകിയ ശേഷം മാറ്റർ ആശുപത്രിയിലേക്കു മാറ്റി. ആക്രമിയെ സ്ഥലത്തെ സെക്യൂരിറ്റി തടഞ്ഞുവയ്ക്കുകയും പിന്നീട് പോലീസ്  എത്തി അദേഹത്തെ  കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

വൈദികന് സാരമായ പരിക്കുകൾ മാത്രമേ ഉള്ളു എന്നും വൈകാതെ തന്നെ അദ്ദേഹം തന്റെ ശുശ്രൂഷയിലേയ്ക്ക് മടങ്ങിയെത്തുമെന്നും കപ്പൂച്ചിൻ അധികാരികൾ ഐറിഷ് പത്രത്തിന് അയച്ച ഒരു പ്രസ്താവനയിൽ വ്യക്തമാക്കി. വടക്കുകിഴക്കൻ ബ്രസീലിലെ പെൻഹയിലെ ഔവർ ലേഡിയുടെ പ്രവിശ്യയിൽപെട്ടയാളാണ് അഡെമിർ മാർക്വെസ്. 2005 മെയ് 30-ന് പുരോഹിതനായി അഭിഷിക്തനായ ഇദ്ദേഹം 2023 ഏപ്രിലിലാണ് അയർലണ്ടിലെ കപ്പൂച്ചിൻ പ്രവിശ്യയിലുള്ള ഡബ്ലിൻ മിഷനിലേക്ക് അയ്ക്കപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.