അപ്പൂപ്പൻ താടി

ജിന്‍സി സന്തോഷ്‌

അപ്പൂപ്പൻ താടിയെ പ്രണയിച്ചിരുന്ന ഒരു കുട്ടിക്കാലം എല്ലാവരിലും എന്നും നല്ല ഓർമ്മകളാണ്. ഏറ്റം നിസ്സാരമായ, ഭാരം തീരെയില്ലാത്ത നമ്മുടെ ശ്വാസനിശ്വാസങ്ങൾക്കു പോലും നിയന്ത്രണവിധേയമാകുന്ന അപ്പൂപ്പൻ താടി. ആത്മീയമായി ചിന്തിക്കുമ്പോൾ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ ശൂന്യവൽക്കരണവും അനുസരണവും വിശുദ്ധിയുടെ പടവുകളിൽ ഏറെ പ്രാധാന്യമർഹിക്കുന്നു.

ആത്മരക്ഷയ്ക്ക് ആപത്കരമായ രണ്ട് ഭാരങ്ങൾ കുറക്കേണ്ടതുണ്ട്. ഒന്ന് ‘അഹംഭാരം’ ആണ് .സ്വന്തം കഴിവുകളിലുള്ള അതിരു കടന്ന ആശ്രയത്വവും തലയ്ക്കു മീതെയുള്ള തമ്പുരാനെയു൦ ചുറ്റുമുള്ള മറ്റുള്ളവരെയും മറന്നുകൊണ്ടുളള നിഗളമാണത്. മറ്റൊന്ന് ‘അംഗഭാരം’ ആണ്. നിന്നിലെ പാപപ്രേരണകളാകുന്ന അവയവങ്ങളുടെ കനമാണത്. അവയെ അറുത്തുമാറ്റുന്നതാണ് ആത്മനാശത്തേക്കാൾ അഭികാമ്യം എന്നാണ് ക്രിസ്തുമൊഴി. ശരീരത്തിന്റെ പൊണ്ണത്തടി കുറയ്ക്കാൻ കാട്ടുന്ന ശുഷ്കാന്തിയുടെ എത്രയോ മടങ്ങ് കൂടുതൽ നിന്നിലെ പാപഭാരം ഇല്ലാതാക്കാൻ നീ കാണിക്കേണ്ടതുണ്ട്!

ശിശുസഹജമായ ഭാരമില്ലായ്മ കൈമോശം വരാതെ കാത്തുസൂക്ഷിക്കുക. പരിശുദ്ധാത്മാവാകുന്ന കാറ്റ് വീശുമ്പോൾ നമുക്ക് ഒരു അപ്പൂപ്പൻ താടി പോലെ നിന്നുകൊടുക്കാം. ദൈവഹിതം മനസിലാക്കി അതിനോട് സഹകരിക്കുന്നവരെ കാറ്റ് ലക്ഷ്യസ്ഥാനത്തെത്തിക്കും. “കാറ്റ് അതിനിഷ്ടമുള്ളിടത്തേക്ക് വീശട്ടെ” (യോഹ. 3:8).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.