ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു: പനാമ പ്രസിഡന്റ്

1984 ൽ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ തുടക്കമിട്ട ആഗോള യുവജന സമ്മേളനത്തിന്റെ 34 ാമത് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ആയിരക്കണക്കിന് യുവജനങ്ങളാണ് പനാമ സിറ്റിയിലേക്ക് എത്താനിരിക്കുന്നത്.

2016 ജൂലൈ 31 ന് പോളണ്ടിൽ വച്ച് നടന്ന സമ്മേളനത്തിന്റെ അവസാനം, അടുത്ത സമ്മേളനം പനാമയിലാണെന്ന പരിശുദ്ധ പിതാവിന്റെ പ്രഖ്യാപനം ഉണ്ടായതു മുതലുള്ള തയാറെടുപ്പുകളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നതെന്ന് പനാമ പ്രസിഡന്റ് യുവാൻ കാർലോസ് വരേല റോഡ്രിഗസ് അറിയിച്ചു.

നീതിനിഷ്ഠരും കഠിനാധ്വാനികളും വിശ്വാസത്തിലും പ്രത്യാശയിലും ജീവിക്കുന്നവരുമാണ് പനാമയിലെ തന്റെ ജനതയെന്നും പരിശുദ്ധ പിതാവ് തങ്ങളുടെ നാട് സന്ദര്‍ശിക്കണമെന്ന അവരുടെ എക്കാലത്തെയും വലിയ ആഗ്രഹമാണ് ഇപ്പോൾ പൂർത്തിയാകാൻ പോകുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.

ഏതാനും ദിവസത്തേക്ക് തങ്ങളുടെ നാട് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നതിലും വലിയ സന്ദേശം ലോകത്തിന് നൽകുന്നതിനുള്ള വേദിയാകുന്നതിലും ഒരു പനാമിയൻ എന്ന നിലയിലുള്ള തന്റെ സന്തോഷവും അഭിമാനവും പ്രസിഡന്റ് റോഡ്രിഗസ് പങ്കുവച്ചു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.