ജപമാല അത്ഭുതങ്ങള്‍

ജോസ് ക്ലെമെന്റ്

”പ്രായശ്ചിത്തം ചെയ്യുക, പാപപരിഹാരം ചെയ്യുക, അനുദിനം ജപമാലയര്‍പ്പിക്കുക, മാതാവിന്റെ വിമലഹൃദയത്തിനു സമര്‍പ്പിക്കുക, മാസാദ്യ ശനിയാഴ്ച കുമ്പസാരിക്കുക, കുര്‍ബ്ബാന അര്‍പ്പിക്കുക, കുര്‍ബാന സ്വീകരിക്കുക.”              പരിശുദ്ധ കന്യാമറിയം

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം സഭയില്‍ പാരമ്പര്യ ആചാരങ്ങളെയും ഭക്താഭ്യാസങ്ങളെയും പാടെ നിരസിക്കുന്ന രീതി സംജാതമാകുകയുണ്ടായി. പുരോഗമനവാദത്തിന്റെ അതിപ്രസരമാകണം ഈ ഭക്തമുറകളെയൊക്കെ നിരാകരിക്കാനും ഈ ഭക്താഭ്യാസങ്ങള്‍ തുടരുന്നവരെ അവജ്ഞയോടെ വീക്ഷിക്കാനും ഇടയാക്കിയിട്ടുള്ളത്. ഇക്കൂട്ടര്‍ ജപമാല പ്രാര്‍ത്ഥനയും മാസവണക്കങ്ങളും കുരിശിന്റെ വഴിയുമൊക്കെ ആവശ്യമില്ലാത്ത അധികബാധ്യതകളായി കാണാന്‍ തുടങ്ങി. അതിന്റെ ശരിതെറ്റുകളെക്കുറിച്ച് അവര്‍ ബോധവാന്മാരല്ലായെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. സ്‌പോണ്‍ണ്ടേനിയസ് പ്രാര്‍ത്ഥനാ രീതികളോടും അത്തരം പ്രാര്‍ത്ഥനകളോടുമായിരുന്നു ഈ നിമിഷപ്രാര്‍ത്ഥനക്കാര്‍ക്ക് പ്രിയവും അടുപ്പവും. എന്നാല്‍ ഫാഷനുചേര്‍ന്നതല്ലായെന്ന കണ്ടെത്തലില്‍ പാരമ്പര്യപ്രാര്‍ത്ഥനകളെ തള്ളി പുത്തന്‍ പ്രാര്‍ത്ഥനാ രീതികള്‍ക്ക് നേതൃത്വം കൊടുത്തെങ്കിലും കാലതാമസമില്ലാതെ പഴയഫാഷന്‍ തന്നെയാണ് നല്ലതെന്ന തിരിച്ചറിവ് ഇക്കൂട്ടര്‍ക്കുണ്ടായി. ഇത് പാരമ്പര്യ പ്രാര്‍ത്ഥനാമുറകള്‍ തിരിച്ചുവരാനിടയാക്കി.

വലിയ ഒരു നിധിയാണ് പരിശുദ്ധ അമ്മ തന്റെ മക്കളുടെ രക്ഷയ്ക്കായി നല്‍കിയ ജപമാല. ഇതിന്റെ ശക്തി മനസ്സിലാക്കാനോ അത്ഭുതസിദ്ധി തിരിച്ചറിയാനോ ശ്രമിക്കാതെ ആവര്‍ത്തന വിരസതയുള്ള പ്രാര്‍ത്ഥനയായി അഭിനവ പ്രച്ഛന്ന പ്രാര്‍ത്ഥനക്കാര്‍ പുറന്തള്ളിയപ്പോള്‍ ഇതിന്റെ സ്വാധീനം അനുഭവിച്ചറിഞ്ഞ ഉന്നതര്‍ ഒട്ടനവധിയായിരുന്നു. പ്രസിദ്ധ പേപ്പല്‍ ധ്യാനഗുരുവായ റെനൈറോ കാന്റലമെസ്സ ജപമാലയെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്: ”ദൈവവചനമാകുന്ന ഇരുതലവാളിന് നമ്മുടെ ആത്മാവിന്റെ അകത്തളങ്ങളിലേക്ക് കയറുവാന്‍ പറ്റിയ ജനല്‍പ്പാളിയാണ് ജപമാല” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പരിശുദ്ധ മറിയത്തിന്റെ അമൂല്യസമ്മാനമാണ് ജപമാലയെങ്കിലും ജപമാല രഹസ്യങ്ങള്‍ മറിയത്തെക്കുറിച്ചല്ല. അവിടുത്തെ തിരുക്കുമാരനെക്കുറിച്ചുള്ള ധ്യാനമാണ്. മറിയത്തിന്റെ ഉദരത്തില്‍ ദൈവപുത്രനായ യേശു യഥാര്‍ത്ഥ മനുഷ്യരൂപം പ്രാപിച്ചു. ആ മഹാത്ഭുതമാണ് ജപമാലയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. കര്‍ത്താവീശോമിശിഹായുടെ ജനനം, പരസ്യജീവിതം, പീഡാസഹനം, മരണം, ഉത്ഥാനം, സ്വര്‍ഗ്ഗാരോഹണം തുടങ്ങിയവയെക്കുറിച്ചുള്ള ധ്യാനാത്മകമായ പ്രാര്‍ത്ഥനയാണ് ജപമാല രഹസ്യങ്ങളുടെ കാതല്‍.

ഒരു ട്രെയിന്‍ യാത്രയില്‍ മാന്യവേഷധാരിയായ ഒരു മധ്യവയസ്‌ക്കന്‍ ജപമാലചൊല്ലുന്നതുകണ്ട ഒരു കോളജ് വിദ്യാര്‍ത്ഥി അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന സമാപിച്ചുവെന്നുകണ്ടപ്പോള്‍ പുച്ഛഭാവത്തോടെ അയാളോട് ചോദിച്ചു: ”ഈ പഴഞ്ചന്‍ പ്രാര്‍ത്ഥനാ രീതി താങ്കളിപ്പോഴും തുടരുകയാണോ? നിങ്ങളെപ്പോലൊരാള്‍ കൊന്ത ചൊല്ലുന്നതുകണ്ടപ്പോള്‍ എനിക്ക് നിങ്ങളോടു തോന്നിയ മതിപ്പുപോയി. പിന്നീട് ആ വിദ്യാര്‍ത്ഥി പിറുപിറുത്തു പറഞ്ഞതും അയാള്‍ കേട്ടു: ”പഠിപ്പും വിദ്യാഭ്യാസവുമില്ലാത്തവര്‍ക്കു പറ്റിയ പഴഞ്ചന്‍ പ്രാര്‍ത്ഥന”!

ജപമാല ചൊല്ലിയ മാന്യവസ്ത്രധാരി തനിക്കിറങ്ങേണ്ട സ്റ്റേഷനടുത്തപ്പോള്‍ ട്രെയിനില്‍ കണ്ടുമുട്ടിയ അപരിചിതനായ വിദ്യാര്‍ത്ഥിയോട് യാത്രചൊല്ലിയ കൂട്ടത്തില്‍ തന്റെ പോക്കറ്റില്‍നിന്ന് ഒരു വിസിറ്റിംഗ് കാര്‍ഡും കൊടുത്ത് ട്രെയിനില്‍ നിന്നിറങ്ങി. പുച്ഛത്തോടെ വാങ്ങിയ കാര്‍ഡ് അലക്ഷ്യമായി വിദ്യാര്‍ത്ഥി നോക്കിയപ്പോള്‍ അവന്‍ കൂടുതല്‍ ഇളിഭ്യനായിപ്പോയി. അതിലെ പേരുകണ്ട് അന്തംവിട്ടുപോയി. ലൂയിപാസ്റ്റര്‍- പ്രസിദ്ധ ശാസ്ത്രജ്ഞനും പ്രൊഫസറുമായ, സാക്ഷാല്‍ പേവിഷബാധയ്ക്കുള്ള മരുന്നു കണ്ടുപിടിച്ച വ്യക്തി! നമുക്ക് അറിവുണ്ടെന്ന് ഭാവിക്കും. പക്ഷേ തിരിച്ചറിവുകളില്ലായെന്ന അറിവ് നമുക്കില്ലാത്തത് നാം പലപ്പോഴും വിസ്മരിച്ചുപോകുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബോംബാക്രമണത്തില്‍ നിന്ന് ജപമാല ശക്തിയാല്‍ രക്ഷപെട്ട ഒരു യഹൂദനെക്കുറിച്ച് ആര്‍ച്ച്ബിഷപ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ ഒരു സംഭവ കഥ പറഞ്ഞിട്ടുണ്ട്. യുദ്ധം കൊടുമ്പിരികൊണ്ടിരിക്കേ ശത്രുപക്ഷത്തെ ഷെല്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി അഞ്ച് ഒളിത്താവളങ്ങളില്‍ അഭയംപ്രാപിച്ച ഇയാള്‍ തനിക്ക് ലഭിച്ച ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ഓരോ രഹസ്യം ചൊല്ലിക്കഴിയുമ്പോഴും ഓരോ ബോംബ് ഒളിത്താവളത്തില്‍ പതിക്കുകയും ആ സമയത്തിന് തൊട്ടുമുന്നേ ആരോ അതില്‍ നിന്നും തള്ളി ഇറക്കി വിടുന്നതുപോലെ രക്ഷപെട്ട് അടുത്ത ഒളിത്താവളത്തിലേക്ക് അഭയം ഗമിക്കുമായിരുന്നു. ഇങ്ങനെ അഞ്ച് താവളങ്ങളും തകരുകയും അതിലെ മറ്റുള്ളവരെല്ലാം പരുക്കുപറ്റി അപകടനിലയിലായപ്പോഴും ഈ യഹൂദപടയാളി മാത്രം രക്ഷ പെട്ടു. ജപമാലയുടെ ശക്തി അയാള്‍ ശരിക്കും അനുഭവിച്ചറിയുകയായിരുന്നു ഈ പോര്‍മുഖത്ത്. പരി ശുദ്ധ കന്യകാമറിയമാണ് തന്നെ ഈ വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതെന്ന് ബോധ്യ പ്പെട്ട തിനെ തുടര്‍ന്ന് ഈ യോദ്ധാവ് ജ്ഞാനസ്‌നാനം സ്വീകരിക്കുകയും ഒരു വൈദിക നായിത്തീരുകയും ചെയ്തു.

നിരവധി അത്ഭുത സംഭവങ്ങളാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതും വാമൊഴിയായി നിലനില്‍ക്കുന്നതുമായ ജപമാല അത്ഭുതങ്ങള്‍. അതുകൊണ്ടാണ് പരിശുദ്ധ പിതാക്കന്മാര്‍ കാലാകാലങ്ങളില്‍ പലതും സ്ഥിരീകരിക്കുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയുമൊക്കെ ചെയ്തിട്ടുള്ളത്. 1942 ഒക്‌ടോബര്‍ 13-ന് ഫാത്തിമ ദര്‍ശന സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തെ മുഴുവന്‍ പന്ത്രണ്ടാം പീയൂസ് പാപ്പാ മറിയത്തിന്റെ വിമലഹൃദയത്തിനായി സമര്‍പ്പിക്കുകയുണ്ടായി. ഫാത്തിമാ ദര്‍ശനത്തിന്റെ സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ അദ്ദേഹം വിമലഹൃദയത്തിരുന്നാളും സ്ഥാപിച്ചു. റഷ്യയെ മാതാവിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചതും 1952-ല്‍ ഈ പാപ്പാ തന്നെയാണ്.

1981 മെയ് 13- നാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായ്ക്ക് വെടിയേറ്റത്. താന്‍ രക്ഷപെട്ടത് പരിശുദ്ധ മറിയത്തിന്റെ പ്രത്യേക ഇടപെടല്‍ മൂലമുള്ള മഹാത്ഭുതമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. അതിനാലാണ് പാപ്പാ ഫാത്തിമയിലെത്തി തന്റെ ശരീരത്തില്‍ തുളച്ചുകയറിയ വെടിയുണ്ട 1992 മെയ് 31-ന് ഫാത്തിമ നാഥയുടെ കിരീടത്തില്‍ സമര്‍പ്പിച്ചത്. നാളിതുവരെ രേഖപ്പെടുത്തിയിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ പ്രത്യക്ഷീകരണങ്ങള്‍ മുന്നൂറിലേറെയാണ്. ഇതില്‍ ഇരുപതാം നൂറ്റാണ്ടിലെ മാത്രം ഇരുപതിലധികമാണ്. ഇപ്പോഴും സ്ഥിരീകരിക്കാത്ത അമ്മ ദര്‍ശനങ്ങള്‍ കേരളത്തില്‍ പലയിടത്തും നടക്കുന്ന വാര്‍ത്തകള്‍ നാം കേട്ടുകൊണ്ടിരിക്കുകയാണ്. പ്രത്യക്ഷീകരണത്തിന്റെ സ്ഥിരീകരണം നടക്കണമെങ്കില്‍ അതിന് വിശ്വാസത്യത ആവശ്യമാണ്. വിശ്വാസ്യത സ്ഥാപിച്ചുകഴിഞ്ഞാല്‍ പ്രത്യക്ഷമുണ്ടായ സ്ഥലത്ത് പ്രാര്‍ത്ഥനകളും ഭക്താനുഷ്ഠാനങ്ങളും നടത്താന്‍ സ്ഥലത്തെ മെത്രാന്‍ അനുവാദം നല്‍കും. സ്വഭാവാതീതവും സാര്‍വ്വത്രികവുമായി പ്രഖ്യാപിച്ചിട്ടുള്ള പരിശുദ്ധ മറിയത്തിന്റെ പ്രത്യക്ഷീകരണങ്ങള്‍ പോര്‍ച്ചുഗലിലെ ഫാത്തിമ (1917), ബല്‍ജിയത്തിലെ ബന്ന്യൂ (1933), ജപ്പാനിലെ അക്കിത്താ (1973), ഇറ്റലിയിലെ സിറാക്യൂസ്, ഈജിപ്തിലെ സെയ്റ്റിയൂണ്‍ (1968), ഫിലിപ്പൈന്‍സിലെ മാനില, ഫ്രാന്‍സിലെ ലൂര്‍ദ്, വെനസ്യൂലായിലെ ബത്താനിയ (1976-1990) എന്നിവയാണ്. എന്നാല്‍ അത്ഭുതങ്ങള്‍ നടന്നിട്ടുള്ളത് കണക്കുകള്‍ക്കതീതമാണ്.

1571-ല്‍ ഗ്രീസിലെ ലെപ്രാന്റോയില്‍ സംഭവിച്ച ജപമാല അത്ഭുതം വിഖ്യാതമാണ്. തുര്‍ക്കികള്‍ ഇറ്റലിയും സ്‌പെയിനും ആക്രമിച്ച് കീഴടക്കാന്‍ യുദ്ധത്തിനൊരുങ്ങി. ഇതറിഞ്ഞ പീയൂസ് അഞ്ചാമന്‍ പാപ്പ ജനങ്ങളോട് ആഹ്വാനം ചെയ്തതിന്‍ പ്രകാരം വിശ്വാസികളെല്ലാവരും ജപമാല ചൊല്ലി പരിശുദ്ധ കന്യാമറിയത്തിന്റെ മാധ്യസ്ഥ്യം യാചിച്ചു. പാപ്പാതന്നെ മൂന്നുദിവസം ഉപവസിക്കുകയും മുട്ടുകുത്തി പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് അതുവരെ തുര്‍ക്കികള്‍ക്ക് അനുകൂലമായി വീശിയ കാറ്റ് ദിശമാറി അവര്‍ക്കെതിരായി. ക്രിസ്ത്യന്‍ സൈന്യം തുര്‍ക്കികളെ തോല്‍പ്പിക്കുകയും സഹസ്രക്കണക്കിനു ക്രിസ്ത്യാനികളെ മോചിപ്പിക്കുകയും ചെയ്തു. യുദ്ധം കൊടുമ്പിരികൊള്ളുമ്പോള്‍ പാപ്പായ്ക്ക് ഒരു ദര്‍ശനമുണ്ടായി. ‘യുദ്ധം ജയിക്കുമെന്ന ഉറപ്പ്.’ ഇതേത്തുടര്‍ന്ന് ‘വിക്‌ടോറിയ, വിക്‌ടോറിയ’ എന്ന് പാപ്പാ ഉറക്കേ ഉദ്‌ഘോഷിച്ചു. അതായത് ‘വിജയം, വിജയം’ എന്ന്. ഈ വിജയത്തിന്റെ വിജയസ്മാരകമായാണ് ഒക്‌ടോബര്‍ ഏഴ് വിജയമാതാവിന്റെ തിരു നാളായി പ്രഖ്യാപിച്ചതും പിന്നീട് അത് പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാളായി പരിവര്‍ത്തനം ചെയ്തതും. പതിനെട്ടാം നൂറ്റാണ്ടിലും മുഹമ്മദീയരുടെ ആക്രമണത്തില്‍ നിന്ന് യൂറോപ്പിലെ ക്രി സ്ത്യന്‍ രാജ്യങ്ങള്‍ രക്ഷപ്പെട്ടത് പരിശുദ്ധ കന്യാമറിയത്തിന്റെയും ജപമാലയുടെയും ശക്തിയിലായിരുന്നു.

ഒന്നാം ലോക മഹായുദ്ധത്തിലെ സങ്കലിതശക്തികളുടെ സുപ്രീം കമാന്‍ഡറായിരുന്ന മാര്‍ഷല്‍ ഫോഷ് എല്ലാദിവസവും എല്ലാ യുദ്ധമുഖങ്ങളിലും ജപമാല ധരിച്ചാണെത്തിയിരുന്നത്. മറ്റെന്തെല്ലാം കാര്യങ്ങള്‍ക്ക് മുടക്ക് സംഭവിച്ചാലും ദിവസവും ജപമാല ചൊല്ലുന്നതില്‍ അദ്ദേഹം മുടക്കുവരുത്തു മായിരുന്നില്ല. ലൂര്‍ദിലെ വിശുദ്ധ ബര്‍ണര്‍ദീത്തായുടെ കൂട്ടുകാരിയായിരുന്നു മാര്‍ഷല്‍ ഫോഷിന്റെ അമ്മ. ആ അമ്മയില്‍ നിന്നു ലഭിച്ച ജപമാല ഭക്തിയില്‍ അഭിമാനിച്ചിരുന്ന അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി: ”യുദ്ധത്തിന്റെ ഏറ്റവും ഭീകര ദിനങ്ങളില്‍പോലും പകലും രാത്രിയും ഉറങ്ങാതെ ഞെരുങ്ങിയ ഘട്ടത്തില്‍പ്പോലും ഞാന്‍ കൊന്ത ചൊല്ലാതിരുന്നിട്ടില്ല. അതിനാല്‍ എത്രയോ അപകടസാഹചര്യങ്ങളില്‍ മാതാവിന്റെ സഹായം എനിക്ക് ലഭിച്ചിരിക്കുന്നു. ലോകസമാധാനത്തെ ബാധിക്കുന്ന സുപ്രധാനവും തന്ത്രപ്രധാനവുമായ തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ് ഞാന്‍ ജപമാല ചൊല്ലുമായിരുന്നു. മരണാസന്നനായ ഒരു പടയാളിയുടെ എന്നോടുള്ള അന്ത്യവാചകം ഞാന്‍ മറക്കില്ല- ”ഒരു കാരണവശാലും ജപമാലയര്‍പ്പണം മുടക്കരുത്.” ജപമാല ഭക്തനായ മാര്‍ഷല്‍ ഫോഷിന്റെ ചിത്രം നമ്മുടെ മനസ്സുകളില്‍ നിന്ന് മായിക്കാനാവുമോ?

നശിപ്പിച്ചാലും നശിക്കാത്തൊരു ഭക്തിയാണ് ജപമാല. എല്ലാത്തിനുമതീതമായി ചൊല്ലാവുന്ന ഒരു സമൂഹ പ്രാര്‍ത്ഥനയാണിത്. അതിനാല്‍ ജപമാല അത്ഭുതങ്ങള്‍ സംഭവിക്കാന്‍ ദേശ-ഭാഷ-വര്‍ഗ-വര്‍ണ-വ്യത്യാസങ്ങളൊന്നും തടസ്സമാകുന്നില്ല. ഇതൊരു തിരുവചനാധിഷ്ഠിത പ്രാര്‍ത്ഥനയായതിനാല്‍ ജപമാലയെ തിരസ്‌ക്കരിക്കുന്ന വ്യക്തികളും കുടുംബങ്ങളും ആധ്യാത്മിക ആത്മഹത്യയിലേക്കായിരിക്കും നീങ്ങുക.

ജോസ് ക്ലെമെന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.