നൈജീരിയയിൽ മൂന്ന് ക്രൈസ്തവർ കൊല്ലപ്പെട്ടു

നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് ക്രൈസ്തവർ കൊല്ലപ്പെട്ടു. ഒടുക്‌പോ കൗണ്ടിയുടെ എൻ്റേപ്ക ഗ്രാമത്തിൽ ഏപ്രിൽ 20-ന് ആയിരുന്നു ആക്രമണം നടന്നത്.

ഫുലാനി തീവ്രവാദികൾ ക്രൈസ്തവർക്ക് നേരെ പതിയിരുന്നു ആക്രമണം നടത്തുകയായിരുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഒമ്പത് ഗ്രാമങ്ങളിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഫുലാനി തീവ്രവാദികൾ റെയ്ഡ് നടത്തിയിരുന്നു. ആക്രമണത്തിൽ കുടിയിറക്കപ്പെട്ട ക്രിസ്ത്യാനികൾ റോമൻ കാത്തലിക് ചർച്ചിന്റെ  ഉടമസ്ഥതയിലുള്ള സെൻ്റ് ചാൾസ് പ്രൈമറി സ്കൂളിൽ ക്യാമ്പ് ചെയ്തിരിക്കുകയാണ്.

ബെന്യൂവിലെ ക്രിസ്ത്യൻ സമൂഹങ്ങൾക്കെതിരായ തുടർച്ചയായ ആക്രമണങ്ങൾ ഏകദേശം 1.4 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി അന്താരാഷ്ട്ര മാനുഷിക സംഘടനയായ ആക്ഷൻ എയ്ഡിന്റെ കൺട്രി ഡയറക്ടർ ആൻഡ്രൂ മമേഡു അബുജയിൽ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

“ഈ ആക്രമണങ്ങളിലൂടെ ജീവനും ഉപജീവനമാർഗങ്ങൾക്കും ഉണ്ടായ നഷ്ടം പറഞ്ഞറിയിക്കാനാവില്ല. കുടുംബങ്ങൾ ശിഥിലമായി, വീടുകൾ നശിപ്പിക്കപ്പെട്ടു, ഭാവി തകർന്നിരിക്കുന്നു. ദുരന്തബാധിതർ അനുഭവിക്കുന്ന ആഘാതവും കഷ്ടപ്പാടുകളും അഗാധവും നീണ്ടുനിൽക്കുന്നതുമാണ്. സുസ്ഥിരമായ സമാധാന നിർമ്മാണത്തിന്റെയും സംഘർഷ പരിഹാര ശ്രമങ്ങളുടെയും അടിയന്തിര ആവശ്യകതയെ ഉറപ്പിക്കുന്നത് ആണിത്.” – ആൻഡ്രൂ മമേഡു വെളിപ്പെടുത്തി.

ഓപ്പൺ ഡോർസിന്റെ 2024 വേൾഡ് വാച്ച് ലിസ്റ്റ് (WWL) റിപ്പോർട്ട് പ്രകാരം 2022 ഒക്ടോബർ 1 മുതൽ 2023 സെപ്റ്റംബർ 30 വരെ വിശ്വാസത്തിന്റെ പേരിൽ 4,118 പേർ കൊല്ലപ്പെട്ടതോടെ, ക്രിസ്തുവിനെ അനുഗമിക്കുന്ന ലോകത്തിലെ ഏറ്റവും ഭീകരമായ സ്ഥലമായി നൈജീരിയ തുടരുകയാണ്. മറ്റേതൊരു രാജ്യത്തേക്കാളും 3,300 ക്രൈസ്തവരെയാണ് നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടുപോയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.