പരിശുദ്ധ അമ്മയെ സ്നേഹിച്ച ‘തീർത്ഥാടന മുത്തശ്ശി’ അന്തരിച്ചു

ലോകമെമ്പാടുമുള്ള മരിയൻ തീർത്ഥാടനാലയങ്ങൾ സന്ദർശിച്ച ‘തീർത്ഥാടന മുത്തശ്ശി’ എന്ന് വിളിപ്പേരുള്ള എമ്മ മൊറോസിനി അന്തരിച്ചു. 96 വയസായിരുന്നു. നഴ്‌സായി വിരമിച്ച ശേഷം 25 വർഷത്തിലേറെയായി ലോകമെമ്പാടുമുള്ള മരിയൻ ആരാധനാലയങ്ങൾ സന്ദർശിച്ചുകൊണ്ട്  ശ്രദ്ധേയയായിരുന്നു ഈ മുത്തശ്ശി. ഇറ്റാലിയൻ പട്ടണമായ മാന്റുവ പ്രവിശ്യയിലെ കാസ്റ്റിഗ്ലിയോൺ ഡെല്ലെ സ്റ്റിവിയേറിൽ വച്ചായിരുന്നു എമ്മ മരിച്ചത്.

25 വർഷത്തിലേറെയായി മരിയൻ ദേവാലയങ്ങളിലേക്ക് 35,000 കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിക്കാൻ കഴിഞ്ഞതിനാൽ ഇറ്റലിയിലെ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന തീർത്ഥാടകയായി എമ്മ മുത്തശ്ശി അറിയപ്പെടുന്നു. ഒരു വർഷം മുമ്പ് പോളണ്ടിലെ ഔവർ ലേഡി ഓഫ് സെസ്റ്റോചോവ ദേവാലയത്തിലേക്കായിരുന്നു എമ്മ മുത്തശ്ശിയുടെ അവസാനത്തെ തീർത്ഥാടനം. മെക്സിക്കോയിലെ വെർജിൻ ഓഫ് ഗ്വാഡലൂപ്പ്, പോർച്ചുഗൽ, സ്പെയിൻ, പോളണ്ട്, ഇസ്രായേൽ, ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിലെ മരിയൻ ആരാധനാലയങ്ങൾ തുടങ്ങിയവ ഈ മുത്തശ്ശി സന്ദർശിച്ചിട്ടുണ്ട്.

വളരെ അപകടകരമായ ഒരു ഓപ്പറേഷന്റെ സമയത്ത് പരിശുദ്ധ മറിയത്തോട് മധ്യസ്ഥത വഹിച്ചതിന് ശേഷം നന്ദി സൂചകമായാണ് എമ്മ തൻ്റെ തീർത്ഥാടനം ആരംഭിച്ചത്. “ഞാൻ അസാധാരണമായി ഒന്നും ചെയ്യുന്നില്ല. ജീവിതത്തിൽ നേരിടേണ്ടി വരുന്ന വിവിധ പ്രതിസന്ധികളിൽ എപ്പോഴും ദൈവപരിപാലനയാണ് എനിക്കാശ്രയം.” -എമ്മ മുത്തശ്ശി ഒരു അഭിമുഖത്തിൽ ഇറ്റാലിയൻ മാധ്യമങ്ങളോട് പറഞ്ഞു. തൻ്റെ തീർത്ഥാടനത്തിൽ ഈ മുത്തശ്ശിയുടെ പ്രത്യേക നിയോഗങ്ങൾ ലോകസമാധാനവും, കുടുംബങ്ങളുടെ ഐക്യവും, യുവജനങ്ങളും ആയിരുന്നു. 2015 -ൽ വത്തിക്കാനിൽ വെച്ച് ഫ്രാൻസിസ് മാർപാപ്പായെ കാണാൻ എമയ്ക്കു കഴിഞ്ഞു. അങ്ങനെ ചെറുപ്പക്കാർക്കും കുടുംബങ്ങൾക്കും രോഗികൾക്കുമായി പ്രാർത്ഥന തുടരാൻ അദ്ദേഹത്തിന്റെ അനുഗ്രഹവും പ്രോത്സാഹനവും ലഭിച്ചു. എമ്മ മൊറോസിനിയുടെ സംസ്കാരം സെപ്റ്റംബർ 14 തിങ്കളാഴ്ച മാന്റുവ പ്രദേശത്തെ കാസ്റ്റിഗ്ലിയോൺ ഡെല്ലെ സ്റ്റിവിയറിലെ കത്തീഡ്രലിൽ വെച്ച് നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.