രക്ഷകജനനത്തിന്റെ നാൾവഴികളിലൂടെ: ഒന്നാം ദിവസം

ജിന്‍സി സന്തോഷ്‌

തന്റെ പരിമിതമായ സ്വപ്നങ്ങളേക്കാൾ തന്നെക്കുറിച്ചുള്ള ദൈവികസ്വപ്നങ്ങളെ മനസ്സിലാക്കിയപ്പോൾ തന്റെ സ്വപ്നങ്ങളെയെല്ലാം കുഴിച്ചുമൂടി ദൈവത്തിന്റെ സ്വപ്നങ്ങളെ
നെഞ്ചിലേറ്റിയ പരിശുദ്ധ മറിയം. മൂന്നു വയസ്സു മുതൽ ജറുസലേം ദേവാലയത്തിൽ സമർപ്പിക്കപ്പെട്ട മറിയം, തിരുവസ്ത്രങ്ങളുടെ തുന്നൽപ്പണികൾ ചെയ്ത് സദാ ദൈവാരാധനയിലും പ്രാർത്ഥനയിലും രക്ഷകജനനത്തിനായി തന്നെത്തന്നെ പൂർണ്ണമായി ദൈവത്തിന് സമർപ്പിച്ചു കാത്തിരുന്നു.

“ജനനം മുതല്‍ ഞാന്‍ അങ്ങയെ ആശ്രയിച്ചു. മാതാവിന്റെ ഉദരത്തില്‍ നിന്ന്‌ അങ്ങാണ്‌ എന്നെ എടുത്തത്‌; ഞാന്‍ എപ്പോഴും അങ്ങയെ സ്‌തുതിക്കുന്നു” (സങ്കീ. 71:6).

ജോസഫിന്റെ ചെറ്റക്കുടിലിൽ ചെത്തുപൂളുകൾ പെറുക്കിക്കൂട്ടി കത്തിച്ച്  ഭക്ഷണമൊരുക്കിയ മറിയം. പരിദേവനങ്ങളില്ലാതെ, പിറുപിറുപ്പുകളില്ലാതെ, ഇല്ലാത്തവന്റെ വല്ലായ്മയെ മനസ്സിലാക്കിയ ആ കുടുംബിനി ജോസഫിന്റെ ചെറ്റപ്പുരയെ ഒരു ദേവാലയമാക്കി മാറ്റുകയായിരുന്നു. കൂറിന്റെ നിയമപ്രകാരം കുറി വീണ് ജെറുസലേം ദേവാലയത്തിൽ അതിവിശുദ്ധ സ്ഥലത്ത് ധൂപം കാട്ടിക്കൊണ്ടിരുന്ന മഹാപുരോഹിതനായ സഖറിയായ്ക്ക് പ്രത്യക്ഷപ്പെട്ട ഗ്രബ്രിയേൽ മാലാഖ പിന്നീട് മറിയത്തിനു പ്രത്യക്ഷപ്പെട്ടപ്പോൾ, ജോസഫിന്റെ ചെറ്റപ്പുരയെ ദേവാലയമാക്കുവാൻ മറിയത്തിനു സാധിച്ചു. അങ്ങനെ ഒരു കുടുംബിനി എന്ന പദം
അവൾ അന്വർത്ഥമാക്കിത്തീർത്തു.

ബന്ധങ്ങളിലെ കരുതലും സ്നേഹവും അതിന്റെ ഊഷ്മളതയോടെ കാത്തുസൂക്ഷിച്ചവരാണ് നസ്രത്തിലെ തച്ചനും പരിശുദ്ധ മറിയവും. ദൈവം കുടുംബത്തിന്റെ ഭാഗമായിരുന്നപ്പോൾ ‘ദൈവവിളി’കളും കുടുംബത്തിന്റെ ഭാഗമായിരുന്നു.

ദൈവവിളിയുടെ വിത്ത് രൂപപ്പെടുന്നതും പൊട്ടിമുളക്കുന്നതുമൊക്കെ ഏറെയും ദൈവഭക്തിയുള്ള കുടുംബങ്ങളിൽ നിന്നാണ്. സന്ധ്യ മയങ്ങുമ്പോൾ തിരി തെളിച്ച് ചൊല്ലുന്ന പ്രാർത്ഥനകൾ കുടുംബങ്ങളുടെ സൗന്ദര്യമാണ് അന്നും ഇന്നും. കുറയുന്ന ദൈവവിളികൾ സ്വർഗത്തെ നൊമ്പരപ്പെടുത്തുന്ന കാലമാണിത്. ചിതറിപ്പോകുന്ന കുടുംബ ബന്ധങ്ങൾ പിന്നീട് കൂടിച്ചേർന്നാലും മുറിപ്പാടുകൾ അവശേഷിപ്പിക്കുന്നു.

ദൈവരാജ്യത്തിന്റെ തുടർശുശ്രൂഷക്കായി തലമുറകളെ ഒരുക്കാൻ ദാമ്പത്യബന്ധങ്ങൾക്ക്, മാതൃത്വങ്ങൾക്ക് കരുത്തുണ്ടാവട്ടെ.

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.