തീവ്രവാദികളുടെ വെടിയേറ്റ് സ്പാനിഷ് വൈദികന്‍ കൊല്ലപ്പെട്ടു 

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ഇസ്ലാമിക തീവ്രവാദികളുടെ വെടിയേറ്റ് സ്‌പെയിന്‍ സ്വദേശിയായ കത്തോലിക്കാ വൈദികന്‍ കൊല്ലപ്പെട്ടു. എഴുപത്തിരണ്ടുകാരനായ സലേഷ്യന്‍ വൈദികന്‍ ഫാ. അന്റോണിയോ സെസാര്‍ ഫെര്‍ണാണ്ടസാണ് ഫെബ്രുവരി 15-ന് കൊല്ലപ്പെട്ടത്.

ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ടോഗോയിലെ മീറ്റിംഗ് കഴിഞ്ഞ് മടങ്ങുന്ന വഴിക്കാണ് അക്രമം നടന്നതെന്നു ഫാഡാ എന്‍ഗോര്‍മാ രൂപതയിലെ ഫാ. ജേക്കബ് ലോംപോ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’നോട് പറഞ്ഞു. സലേഷ്യന്‍ സഭ ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ടോഗോക്കും ബുര്‍ക്കിനാ ഫാസോക്കും ഇടക്കുവെച്ച് ഫാ. അന്റോണിയോ സഞ്ചരിച്ച കാര്‍ തടഞ്ഞ ആയുധധാരികളായ ഇസ്ലാമിക ജിഹാദികള്‍ കാര്‍ പരിശോധിച്ച ശേഷം കാറിലുണ്ടായിരുന്നവരോട് പുറത്തിറങ്ങുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

പിന്നീട് വൈദികനെ ഒരു വശത്തേക്ക് മാറ്റിനിര്‍ത്തി നെറ്റിയില്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിരുന്ന മറ്റ് രണ്ടുപേര്‍ രക്ഷപ്പെട്ടു. വൈദികന്റെ കൊലപാതകം വിശ്വാസികളില്‍ ഞെട്ടലുളവാക്കിയിരിക്കുകയാണ്. അന്‍സാര്‍ ഉല്‍ ഇസ്ലാം, ജെ.എന്‍.ഐ.എം. പോലെയുള്ള ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍ ബുര്‍ക്കിനാ ഫാസോയില്‍ സജീവമാണ്.

തീവ്രവാദികള്‍ ഗ്രാമങ്ങളില്‍ ചെന്ന് ഗ്രാമവാസികളോട് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭീഷണിപ്പെടുത്തുക പതിവാണെന്നും അതിനാല്‍ത്തന്നെ ഈ പ്രദേശത്ത് നിരവധി ദേവാലയങ്ങള്‍  പൂട്ടിക്കിടക്കുകയാണെന്നും ഫാ. ജേക്കബ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.