ക്രിസ്തുമസ് രാത്രിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു മടങ്ങവേ വൈദികൻ കൊല്ലപ്പെട്ടു

നൈജീരിയയിലെ അബേക്കുട്ട രൂപതയിലെ വൈദികൻ ഫാ. ലൂക്ക് അഡെലെക്ക് ഡിസംബർ 24 -ന് ക്രിസ്തുമസ് രാത്രിയിൽ വിശുദ്ധ കുർബാന അർപ്പിച്ച് വീട്ടിലേക്കു  മടങ്ങുന്ന വഴി കൊല്ലപ്പെട്ടു. 38 വയസായിരുന്നു അദ്ദേഹത്തിന്. വളരെ അപകടം നിറഞ്ഞ പ്രദേശമായ ഒഗുൻമാക്കിൻ ഒബാഫെമി ഒവോഡ് പട്ടണത്തിൽ ആയുധധാരികളായ ഒരു സംഘം നടത്തിയ വെടിവയ്പിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

സ്റ്റേറ്റ് പോലീസ് കമാൻഡിന്റെ വക്താവ് അബിംബോള ഒയേമി, ഫാ. ലൂക്കിന്റെ മരണം സ്ഥിരീകരിച്ചു. അദ്ദേഹം വിശുദ്ധ കുർബാന അർപ്പിച്ച ഒഗുൻമാക്കിലാണ് അക്രമം നടന്നത്. “സായുധരായ ആളുകൾക്കു നേരെ പോലീസുകാർ വെടിയുതിർത്തു. അവരിൽ ചിലർ മുറിവുകളോടെ രക്ഷപ്പെട്ടു” – പോലീസ് കമാൻഡിന്റെ വക്താവ് കൂട്ടിച്ചേർത്തു.

2009 -ൽ തീവ്രവാദി സംഘത്തിന്റെ കലാപം ആരംഭിച്ചപ്പോൾ മുതൽ അരക്ഷിതാവസ്ഥ നിലനിൽക്കുന്ന രാജ്യമാണ് നൈജീരിയ. വൈദികരെയും ക്രൈസ്തവരെയും ലക്ഷ്യം വച്ചുള്ള ആക്രമണപരമ്പര ഇവിടെ തുടർക്കഥയാവുകയാണ്. അതിന്റെ അവസാനത്തെ ഇരയാണ് ഫാ. ലൂക്ക്. 2017 ആഗസ്റ്റ് 19 -നാണ് ഫാ. ലൂക്ക് വൈദികനായി അഭിഷിക്തനായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.