അമേരിക്കയിലെ വൃദ്ധജനങ്ങള്‍ക്കായി ഫ്രാന്‍സില്‍ നിന്നെത്തിയ മാലാഖ

പ്രാര്‍ത്ഥനയില്‍ ആയിരുന്ന നിമിഷം ആ കന്യാസ്ത്രീക്ക് ഒരു വെളിപാട് ലഭിച്ചു. ‘നീ പോവുക, നിനക്കായി മറ്റൊരു ദൗത്യം ഞാന്‍ ഏല്‍പ്പിക്കും.’ ദൈവത്തിന്റെ ആ പദ്ധതിക്ക് മുന്നില്‍ മറുചോദ്യത്തിനു മുതിരാതെ അധികാരികളുടെ സമ്മതം വാങ്ങിയ ഒരു കന്യാസ്ത്രി, സി.മരിയ. ദൈവം തനിക്കായി നല്‍കിയ ആ ദൗത്യത്തെ അതിന്റെ പൂര്‍ണ്ണതയില്‍ നിര്‍വഹിക്കുകയാണ് ഇന്ന്.

ഫ്രാന്‍സില്‍ നിന്ന് അമേരിക്കയിലെത്തി ഒരുപറ്റം വയോധികരുടെ കാവല്‍ മാലാഖയായ സി. മരിയയുടെ ജീവിതത്തിലൂടെ ഒന്ന് കടന്നു പോകാം.

ദൈവം സംസാരിച്ച നിമിഷം

ഫ്രാന്‍സില്‍ പ്രവര്‍ത്തിച്ചു വരുന്ന ട്രിനിറ്റി എന്ന സന്യാസ സമൂഹത്തിലെ അംഗമായിരുന്നു സി. മരിയ. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മരിയ ട്രിനിറ്റി സന്യാസ സമൂഹത്തില്‍ ചേരുകയും തുടര്‍ന്ന് ഫ്രാന്‍സിലെ മഠത്തിലേയ്ക്ക് പോരുകയുമായിരുന്നു. അങ്ങനെ സന്തോഷകരമായ സന്യാസ ജീവിതം നയിക്കുന്നതിന് ഇടയില്‍ 2009 ല്‍ ആണ് സി. മരിയയ്ക്ക് ദൈവം തന്നോട് സംസാരിക്കുന്നതായി തോന്നുവാന്‍ തുടങ്ങിയത്.

ഒരിക്കല്‍ ചാപ്പലില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നപ്പോള്‍ വളരെ മധുരിതമായ ഒരു ശബ്ദം കേട്ടു. ‘നീ പോവുക, നിനക്കായി മറ്റൊരു ദൗത്യം ഞാന്‍ നല്‍കും.’ സിസ്റ്റര്‍ കണ്ണു തുറന്നു. ചുറ്റും നോക്കി ആരുമില്ല. തോന്നിയതാവും എന്ന് കരുതി കണ്ണടച്ചപ്പോള്‍ വീണ്ടും അതേ ശബ്ദം തന്നെ കേള്‍ക്കുന്നു. ആ ശബ്ദം കേട്ടമാത്രയില്‍ സിസ്റ്ററിന്റെ ഉള്ളില്‍ സ്‌നേഹം കൊണ്ട് നിറഞ്ഞു ജ്വലിക്കുന്നത് പോലെ ഒരു അനുഭവം. അപ്പോള്‍ സിസ്റ്ററിനു മനസിലായി ദൈവമാണ് തന്നോട് പോകുവാന്‍ ആവശ്യപ്പെടുന്നത്. പക്ഷേ എങ്ങോട്ട്? അങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് തന്റെ മുത്തശ്ശന്റെ നാടായ അമേരിക്കയിലെ ഒക്കലഹോമ എന്ന സ്ഥലത്തെക്കുറിച്ച് ഓര്‍ക്കുന്നത്. അവിടേയ്ക്ക് പോകുവാന്‍ സിസ്റ്റര്‍ തീരുമാനിച്ചു. അധികാരികളില്‍ നിന്ന് അതിനുള്ള അനുവാദം വാങ്ങി സിസ്റ്റര്‍ അവിടേയ്ക്ക് പുറപ്പെട്ടു.

ദൈവത്തില്‍ പ്രത്യാശ അര്‍പ്പിച്ചു കൊണ്ടുള്ള യാത്ര

ദൈവത്തില്‍ പ്രത്യാശ വച്ചുകൊണ്ട് ഒക്കലഹോമയിലേയ്ക്ക്, ദൈവത്തിന്റെ ഹിതത്തിന് ആമ്മേന്‍ പറഞ്ഞു. സി. മരിയ ഒക്കലഹോമയില്‍ എത്തുമ്പോള്‍ ദൈവം നടത്തും എന്ന പ്രത്യാശ മാത്രമായിരുന്നു കൈമുതല്‍. വേറെ എന്ത് ചെയ്യണം, അവിടെ എന്താണ് ആവശ്യം ഇതൊന്നും സിസ്റ്ററിനു അറിയില്ലായിരുന്നു. അവിടെ എത്തിയ സിസ്റ്റര്‍ സെന്റ് ജെയിംസ് കാത്തലിക് ദേവാലയത്തില്‍ എത്തി. അവിടെ വൈദികനെ സഹായിച്ചു കൊണ്ട് തല്‍ക്കാലത്തേയ്ക്ക് അവിടെ നില്‍ക്കുവാന്‍ തീരുമാനിച്ചു.

ഈ കാലയളവില്‍ സിസ്റ്റര്‍ ഇടവകയിലെ ആളുകള്‍ക്ക് ഇടയില്‍ തന്റെ പ്രവര്‍ത്തനം ആരംഭിച്ചു . മതബോധന ശുശ്രൂഷകളില്‍ സഹായിക്കുക, വീടുകളില്‍ സന്ദര്‍ശനം നടത്തുക, തെരുവില്‍ ആരോരും ഇല്ലാത്ത ആളുകളെ ശുശ്രൂഷിക്കുക തുടങ്ങിയ കാര്യങ്ങളില്‍ സജീവമായി തുടങ്ങി. ആ ശുശ്രൂഷയ്ക്കിടയില്‍ പ്രായമായ മാതാപിതാക്കളെ നോക്കുവാനും മറ്റും ആളുകള്‍ മടികാണിക്കുന്നതും സംതൃപ്തരല്ലാത്ത വയോജനങ്ങളും സിസ്റ്ററിന്റെ കണ്ണില്‍ ഉടക്കി. അവര്‍ക്കായി എന്തെങ്കിലും ചെയ്യുക ആവശ്യമാണെന്ന് സിസ്റ്ററിനു തോന്നിത്തുടങ്ങി. കാരണം അവരില്‍ പലരും കടുത്ത നിരാശ അനുഭവിക്കുന്നവരായിരുന്നു.

ഗോള്‍ഡ് മിനിസ്ട്രി (ദി എന്റയര്‍ ഗോസ്പല്‍ ഓഫ് ലൈഫ് ഡിസിപ്പില്‍സ് )

ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ എത്തിയ വയോധികര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുക, അവരെ സംതൃപ്തരാക്കുക, അവര്‍ക്ക് നല്ല മരണത്തിനുള്ള വഴി ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി സി. മരിയ ഗോള്‍ഡ് മിനിസ്ട്രി ആരംഭിച്ചു. ചുരുക്കത്തില്‍ ഇത് ഒരു സുവിശേഷത്തിന്റെ ഭവനമാണ്. വാര്‍ദ്ധക്യത്തില്‍ എത്തിയ ആള്‍ക്കാരുടെ ജീവിതവും സംതൃപ്തമാകണം എന്ന സിസ്റ്ററിന്റെ ആശയത്തിന് മുന്നില്‍ ധാരാളം ആളുകള്‍ സഹായ ഹസ്തവുമായി എത്തി. അതിനായി ഒരു ഭവനം തയ്യാറാക്കി. ഉപേക്ഷിക്കപ്പെടുന്ന വയോധികരെ തേടിപ്പിടിച്ച് വോളണ്ടിയേഴ്‌സ് ഇവിടെ എത്തിക്കും. പിന്നെ ഇത് അവരുടെ ലോകമാണ്.

സാധാരണ വൃദ്ധസദനങ്ങളില്‍ കാണുന്നതുപോലെ അവിടെയും ഇവിടെയും ബോറടിച്ചിരിക്കുന്ന ആളുകള്‍ അല്ല ഇവിടെ. ഫ്രാന്‍സിസ് അസീസിയുടെ സ്‌നേഹം എന്ന പുണ്യത്തില്‍ അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ ഒരാള്‍ മറ്റൊരാളുടെ സംരക്ഷകനാണ്. പരസ്പരം സഹായിച്ചും തമാശകള്‍ പറഞ്ഞും അനുഭവങ്ങള്‍ പങ്കുവെച്ചും ഒരുമിച്ചു ഭക്ഷണം പാകം ചെയ്തും കളിച്ചും അവര്‍ തങ്ങള്‍ക്കു ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുകയാണ്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ പോകാന്‍ ഇടമില്ലാത്തവരെയും ഇവിടേയ്ക്ക് കൊണ്ടുവരുന്നു. ഒപ്പം തന്നെ അബോര്‍ഷന്‍ ക്ലിനിക്കുകളുടെ മുന്നില്‍ ദിവസവും ഒരു ജപമാല ചൊല്ലി ഗോള്‍ഡ് അംഗങ്ങള്‍ പ്രാര്‍ത്ഥിക്കും. മഹാപാതകത്തിനു തുനിയുന്നവരുടെ മനസ്സില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍.

ഇവിടെ മതങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ അല്ല പ്രാധാന്യം നല്‍കുക. അതിനപ്പുറം നില്‍ക്കുന്ന മനുഷ്യത്വത്തിനും സ്‌നേഹത്തിനും ആണ്. അതിനാല്‍ തന്നെ ആര്‍ക്കും ഇവിടേയ്ക്ക് കടന്നു വരാം. ജീവനോടുള്ള ബഹുമാനം, അത് സംരക്ഷിക്കാനായി തന്നോട് ആവശ്യപ്പെട്ട ദൈവത്തോടുള്ള പൂര്‍ണ്ണമായ അനുസരണം അതുമാത്രമാണ് തന്നെ ഇതൊക്കെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്ന് സിസ്റ്റര്‍ പറയുന്നു. ഇന്ന് ഓരോ നിമിഷവും ദൈവഹിതത്തിന് ആമേന്‍ പറഞ്ഞു കൊണ്ട് അനേകര്‍ക്ക് മുന്നില്‍ ദൈവം അയച്ച മാലാഖ ആയി മാറുകയാണ് സി. മേരി .

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.