കോവിഡ് കാലത്ത് 20 ദശലക്ഷത്തിലധികം ജനങ്ങൾക്ക് സഹായമായിക്കൊണ്ട് ഇന്ത്യയിലെ കത്തോലിക്കാ സഭ

കോവിഡ്-19 പ്രതിസന്ധിഘട്ടത്തിൽ 20 ദശലക്ഷത്തിലധികം ആളുകൾക്ക് സഹായമായി മാറുവാൻ ഇന്ത്യയിലെ കത്തോലിക്കാ സഭയ്ക്ക് കഴിഞ്ഞുവെന്ന് മുംബൈ ആർച്ച്ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. ഇന്ത്യയിലെ വിവിധ സന്നദ്ധസംഘടനകൾ വഴിയും ഇടവകകളും രൂപതകളും വഴിയുമാണ് ഇത്രയധികം ആളുകളിലേയ്ക്ക്‌ സഹായവുമായി എത്തുവാൻ ഇന്ത്യയിലെ കത്തോലിക്കാ സഭയ്ക്ക് കഴിഞ്ഞത്.

“ഞാൻ ഇന്ത്യയിലെ കാരിത്താസ് ഡയറക്ടറുമായ ബന്ധപ്പെട്ട് അവരോടു പറഞ്ഞു: ‘സഭയ്ക്ക് നിശബ്ദത പാലിക്കാൻ കഴിയില്ല. നമ്മൾ എന്തെങ്കിലും ചെയ്യണം.’ അവർ ഉടൻതന്നെ വിവിധ രൂപതകളിലെ ബിഷപ്പുമാരുമായും അവരിലൂടെ വൈദികരുമായും ബന്ധപ്പെട്ടു. ദൈവത്തിന്റെ സഹായത്താൽ രൂപതകളിൽ കൂടെ സന്നദ്ധസഹായങ്ങൾ ചെയ്യുവാന്‍ അവർക്കു കഴിഞ്ഞു” – കർദ്ദിനാൾ വെളിപ്പെടുത്തി.

“ഇന്ത്യയിലെ കത്തോലിക്കാ സഭ വളരെ ചെറുതാണ്. ഇന്ത്യൻ ജനസംഖ്യയുടെ 2.3 % മാത്രം. എങ്കിലും ദൈവം പ്രവർത്തിച്ചു. ഞങ്ങൾ അഞ്ചു ബാർലി അപ്പവും രണ്ടു മത്സ്യവും പുറത്തെടുത്തു; ദൈവം അതിനെ അനുഗ്രഹിച്ചു. ലോകത്തെ രൂപാന്തരപ്പെടുത്താൻ നിരവധി വിഭവങ്ങൾ ഉണ്ടാകാം. എന്നാൽ നിങ്ങൾ നിങ്ങളുടെ കയ്യിലെ അഞ്ച് അപ്പവും രണ്ടു മത്സ്യവും എടുത്തു നൽകുക. അപ്പോൾ അവിടെ സുവിശേഷം നിറയുന്നത് കാണാം” – കർദിദ്ദിനാൾ ഓർമിപ്പിച്ചു.

ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ തന്നെ വിവിധ രൂപതകളിലെ ഇടവകകൾ, മതസ്ഥാപനങ്ങൾ തുടങ്ങിയവ കുടിയേറ്റക്കാരുടെയും ദൈനംദിന വേതനക്കാരുടെയും ദുരിതങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. സ്ഥാപനങ്ങൾ പലതും ഇത്തരക്കാരുടെ വേദനകൾ പരിഹരിക്കുന്നതിനായി തുറന്നുപ്രവർത്തിക്കുവാൻ തുടങ്ങി. കൂടാതെ, അധികാരികളുമായി ചേർന്ന് താല്‍ക്കാലിക വാസസ്ഥലങ്ങൾ നിർമ്മിച്ചു. ഇങ്ങനെ കൂട്ടായ ശ്രമങ്ങളുടെ ഫലമായിട്ടാണ് ഇത്രയധികം ആളുകൾക്ക് ഇന്നുവരെ സഹായമെത്തിക്കുവാൻ സഭയ്ക്കു കഴിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.