കുട്ടികൾക്ക് എങ്ങനെ വിശ്വാസപരിശീലനം വീട്ടിൽ നിന്നും ആരംഭിക്കാം

കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ വിശ്വാസത്തിൽ വളർത്തേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. നല്ല കത്തോലിക്കാ കുടുംബങ്ങളിൽ നിന്നുള്ള വിശ്വാസപരിശീലനം ഒരു കുട്ടിയെ ഉത്തമ ക്രൈസ്തവനായി വളർത്തുന്നു. പ്രത്യേകിച്ച്, ഈ കൊറോണ പകർച്ചവ്യാധിയുടെ സമയങ്ങളിൽ മക്കൾക്ക് നല്ല കാര്യങ്ങൾ പറഞ്ഞുകൊടുക്കാനുള്ള സമയവും സാഹചര്യവും സൃഷ്ടിക്കുക എന്നത് വളരെ നല്ല കാര്യമാണ്. വീടുകളിൽ, മാതാപിതാക്കൾക്ക് എങ്ങനെ ഇത്തരം പരിശീലനം ആരംഭിക്കാം. അതിന് താഴെ പറയുന്ന കാര്യങ്ങൾ അഭ്യസിക്കുന്നത് നല്ലതാണ്.

1. കുട്ടികൾ ദൈവസ്നേഹം പഠിക്കുന്നത് സ്വന്തം മാതാപിതാക്കളിൽ നിന്നാണ്

ഓരോ കുട്ടിയും പല കാര്യങ്ങളും പഠിക്കുന്നത് അവരുടെ വീടുകളിൽ നിന്നു തന്നെയാണ്. പ്രത്യേകിച്ച്, ചെറുപ്പത്തിൽ. കുട്ടികൾ കൂടുതലും അനുകരണശീലം ഉള്ളവരായിരിക്കും. നാം കുട്ടികൾക്ക് നൽകുന്ന ഏതൊരു ഉപദേശത്തേക്കാളും, കുട്ടികൾ അവരുടെ മാതാപിതാക്കളുടെ പ്രവർത്തനങ്ങൾ കണ്ടുപഠിക്കുകയും അനുകരിക്കുകയും ചെയ്യുന്നു. കുട്ടികൾ ദൈവത്തെ സ്നേഹിക്കാൻ പഠിക്കുന്നത് സ്വന്തം മാതാപിതാക്കളെ സ്നേഹിഹിച്ചുകൊണ്ടാണ്. അതിനാൽ, ഓരോ മാതാപിതാക്കളും തങ്ങളുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ക്രിസ്തുവിനെ സ്നേഹിക്കുന്നത് എങ്ങനെയാണെന്ന് കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കുക.

2. ചെറിയ ആചാരങ്ങൾ ചെറുപ്പത്തിലേ പരിശീലിപ്പിക്കുക

വിശ്വാസം കൈമാറാൻ ആചാരങ്ങൾ അനുഷ്ഠിക്കുന്നത് വളരെ നല്ല മാധ്യമമാണ്. തലമുറകളായി കൈമാറി കിട്ടിയ ലളിതമായ ആചാരങ്ങളിലൂടെ വിശ്വാസം പരിശീലിപ്പിക്കാന്‍ കഴിയും. പാരമ്പര്യങ്ങൾ കൈമോശം വന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. ഈശോയുടെ രൂപത്തിനു മുമ്പിൽ പൂക്കൾ അർപ്പിക്കുക, കുരിശടയാളം വരച്ചുകൊണ്ട് ഏതു കാര്യവും ആരംഭിക്കുക, യാത്രയ്ക്കു മുമ്പ് പ്രാർത്ഥിക്കുക, ഭക്ഷണത്തിനു മുമ്പ് ഒന്നിച്ചു പ്രാർത്ഥിക്കുക… ഇവയെല്ലാം ചില ഉദാഹരണങ്ങളാണ്. ദൈവവുമായുള്ള മാതാപിതാക്കളുടെ ബന്ധത്തെക്കുറിച്ച് കുട്ടികളുടെ ഹൃദയത്തിലും മനസ്സിലും നല്ല ഓർമ്മകൾ നട്ടുവളർത്തുക. അത് സ്വാഭാവികമായും ദൈവവുമായുള്ള നല്ല ബന്ധം അവരില്‍ വളരുന്നതിന് കാരണമാകും.

3. ഒന്നിച്ചിരുന്ന് ബൈബിൾ വായിക്കുക

കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ബൈബിൾ വായിക്കുന്നത് നല്ല ശീലമാണ്. ആ വചനത്തെക്കുറിച്ച് കുറച്ചുനേരം സംസാരിക്കുകയും ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുക. സുവിശേഷത്തിലൂടെ ദൈവം നമ്മോട് പലവിധത്തിൽ സംസാരിക്കുന്നു. അതോടൊപ്പം ഞായറാഴ്ച ആചരണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് ബോധ്യപ്പെടുത്തുന്നതും വിശ്വാസം ശക്തിപ്പെടുവാൻ കാരണമാകുന്ന ഒന്നാണ്.

4. ഒന്നിച്ചുള്ള പ്രാർത്ഥനയ്ക്ക് ഒരു സമയം നിശ്ചയിക്കുക

വീട്ടിൽ എല്ലാവരും കൂടി ഒന്നിച്ചുള്ള പ്രാർത്ഥനയ്ക്ക് ഒരു നിശ്ചിതസമയം നിശ്ചയിക്കുക. അതിന്റെ പ്രാധാന്യം കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കേണ്ടത് ആ നല്ല മാതൃകയിലൂടെയാണ്. പ്രാർത്ഥനാസമയത്തെ ദൈനംദിന ജീവിതത്തിന്റെ സ്വാഭാവിക രീതിയാക്കി മാറ്റുക. ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ജീവിക്കാൻ ശീലിപ്പിക്കുകയും കുട്ടികൾക്ക് ആ ബോധ്യം നൽകുകയും ചെയ്യുക.

5. വിശുദ്ധരുമായി കൂട്ടു കൂടുവാൻ ശീലിപ്പിക്കുക

മക്കൾക്ക് സ്വർഗ്ഗത്തിലെ കൂട്ടുകാരെ പരിചയപ്പെടുത്തി കൊടുക്കുക. വിശുദ്ധരുമായി കൂട്ടു കൂടുവാൻ അവരെ പരിശീലിപ്പിക്കുക. ഓരോരുത്തരുടെയും പേരിന്റെ കാരണഭൂതരായ വിശുദ്ധരെയും കാവൽമാലാഖമാരെയും കുറിച്ചൊക്കെ അവർക്ക് പറഞ്ഞുകൊടുക്കുന്നതും നല്ലതാണ്. അവരെ നല്ല കൂട്ടുകാരാക്കി മാറ്റുവാൻ മക്കളെ പരിശീലിപ്പിക്കുക.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.