സീറോ മലങ്കര ഡിസംബര്‍ 10 മാര്‍ക്കോ. 9:42-50 മുറിക്കപ്പെടലിന്റെ അനിവാര്യത

ദുഷ്‌പ്രേരണകള്‍ നല്‍കാതിരിക്കുക എന്ന വലിയ സന്ദേശമാണ് ഈ വചനഭാഗത്തിലൂടെ ഈശോ നമുക്ക് നല്‍കുന്നത്. വളരെ കടുത്ത ഭാഷയിലാണ് ദുഷ്‌പ്രേരണകള്‍ക്കെതിരെ ഈശോ പ്രതികരിക്കുന്നത്. കൈകളും കാലുകളും കണ്ണുകളും മൂലം ദുഷ്‌പ്രേരണകള്‍ ഉണ്ടാകുന്നുവെങ്കില്‍ അത് വെട്ടിക്കളയുവാനും മുറിച്ച് കളയുവാനും ചൂഴ്ന്ന് കളയുവാനും ഈശോ ആവശ്യപ്പെടുകയാണ്. കാരണം, ദുഷ്‌പ്രേരണകള്‍ നല്‍കുന്ന ഈ അവയവങ്ങള്‍ കൊണ്ട് നരകത്തിലെ കെടാത്ത അഗ്നിയില്‍ നിപതിക്കുന്നതിനെക്കാള്‍ നല്ലത് അവയവങ്ങള്‍ ഇല്ലാതെ ജീവനിലേയ്ക്ക് പ്രവേശിക്കുന്നതാണ് എന്ന് ഈശോ പറയുന്നു.

ഒരുപാട് വെട്ടിക്കളയലുകള്‍ക്കും മുറിക്കപ്പെടലുകള്‍ക്കും ചൂഴ്ന്ന് കളയലുകള്‍ക്കും വിധേയമാകേണ്ടതാണ് ക്രിസ്തുശിഷ്യത്വം. അവന്റെ ശിഷ്യനായി ജീവിക്കുമ്പോള്‍, അവനോടൊപ്പമായിരിക്കുമ്പോള്‍ നമ്മെ അവനില്‍ നിന്ന് അകറ്റുന്ന ദുഷ്‌പ്രേരണകളില്‍ നിന്ന് നാം അകലം പാലിക്കണം. അവയെ ഇല്ലായ്മ ചെയ്യണം. മോശമായ സ്വഭാവസവിശേഷതകള്‍, സോഷ്യല്‍ മീഡിയായുടെ അമിത ഉപയോഗം, മദ്യം, മയക്കുമരുന്ന് പോലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം, തെറ്റായ കൂട്ടുകെട്ടുകള്‍ എല്ലാം തന്നെ ദുഷിച്ച പ്രേരണകള്‍ നമുക്ക് നല്‍കുന്ന ചാലകങ്ങളാണ്.

ക്രിസ്തുവിന്റെ ശിഷ്യരായി ജീവിക്കുവാന്‍ നമ്മുടെ ജീവിതത്തില്‍ ഏതൊക്കെ കാര്യങ്ങളാണ് വെട്ടിക്കളയേണ്ടത്, മുറിച്ചു കളയേണ്ടത്, ചൂഴ്ന്ന് കളയേണ്ടത് എന്ന് നമുക്ക് ചിന്തിക്കാം. വചനം പറയുന്നു; ഉപ്പ് നല്ലതാണ്. എന്നാല്‍ ഉറ കെട്ടുപോയാല്‍ പിന്നെ എന്തുകൊണ്ട് അതിന് ഉറ കൂട്ടും? നിങ്ങളില്‍ ഉപ്പ് ഉണ്ടായിരിക്കട്ടെ. (മാര്‍ക്കോ. 9:50)

ഭക്ഷ്യവസ്തുക്കളെ കേടുകൂടാതെ സൂക്ഷിക്കുന്ന വസ്തുവാണ് ഉപ്പ്. സ്വര്‍ഗ്ഗം ലക്ഷ്യമാക്കി ജീവിക്കുന്ന നമ്മെ ദുഷ്‌പ്രേരണകളില്‍ നിന്ന് സംരക്ഷിക്കുവാനും കേടുകൂടാതെ സൂക്ഷിക്കുവാനും ക്രിസ്തുവിലുള്ള വിശ്വാസമാകുന്ന ഉപ്പിന് സാധിക്കുമെന്ന് വിശ്വസിക്കുക. ആമേന്‍.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.