സീറോ മലങ്കര ആഗസ്റ്റ് 03 മർക്കോ. 4: 21-25 ദീപം മറച്ചുവയ്ക്കരുത്

മനുഷ്യരിൽ ദൈവം നിക്ഷേപിച്ചിരിക്കുന്ന വെളിച്ചം എപ്പോഴും പ്രകാശം പരത്തിക്കൊണ്ടിരിക്കണമെന്ന് “ദീപം മറച്ചുവയ്ക്കരുത്” എന്ന പ്രബോധനത്തിലൂടെ യേശു പറയുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ ദൈവസ്വരം ആദ്യം മുഴങ്ങിക്കേട്ടത് “വെളിച്ചം ഉണ്ടാകട്ടെ” (ഉൽ. 1:3) എന്ന് സൃഷ്ടിയുടെ സമയത്ത് അവിടുന്ന് ഉരുവിട്ടതാണ്. വെളിച്ചത്തിന്റെ ഉത്ഭവം ദൈവത്തിൽ നിന്നാണ്. വെളിച്ചത്തിലേയ്ക്കാണ് എല്ലാ സൗകര്യങ്ങളോടും കൂടെ മനുഷ്യനെ അവിടുന്ന് സൃഷ്ടിക്കുന്നത്. ഈ ദൈവീകവെളിച്ചം തങ്ങളുടെ ജീവിതത്തിലേയ്ക്ക് ആഗിരണം ചെയ്യുന്നതിന്റെ പ്രതീകമായി, വെള്ളിയാഴ്ച സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ് തിരി കത്തിച്ച് സാബത്തിന്റെ പ്രശാന്തതയിലേയ്ക്ക് പ്രാർത്ഥയോടെ യഹൂദർ പ്രവേശിക്കുന്നു. ലൗകികമായതിൽ നിന്നും പ്രകാശമേന്തി ദൈവീകസന്നിധിയിലേയ്ക്ക് വിശുദ്ധിയോടെ നടന്നുനീങ്ങേണ്ടവനാണ് മനുഷ്യൻ.

പഴയനിയമത്തിൽ മോശയുടെ ജീവിതത്തെ മാറ്റിമറിച്ച ദൈവാനുഭവം, കത്തുന്ന മുൾപ്പടർപ്പിലൂടെയായിരുന്നു (പുറ 3:2). കാണാൻ കഴിയാത്ത ദൈവത്തിന്റെ സാന്നിധ്യം ആ അസാധാരണ പ്രകാശത്തിലൂടെ അവൻ അനുഭവിച്ചു. പിന്നീട് അഗ്നിസ്‌തംഭത്തിന്റെ രൂപത്തിൽ രാത്രിയിൽ ദൈവം തന്റെ ജനത്തെ മരുഭൂമിയിലൂടെ നയിക്കുന്നു (പുറ. 14:21-22) . സീനായ് മലയടിവാരത്തിൽ അഗ്നിയിൽ കർത്താവ് ഇറങ്ങിവന്നു (19:17). ഈ പ്രകാശത്തെക്കുറിച്ചുള്ള ധ്യാനം സങ്കീർത്തനത്തിലുടനീളം കാണാം: “അങ്ങിലാണ് ജീവന്റെ ഉറവ, അങ്ങയുടെ പ്രകാശത്തിലാണ് ഞങ്ങളുടെ പ്രകാശം” (സങ്കീ. 36:9). ജറുസലേം ദേവാലയത്തിലെ വിശുദ്ധിയുടെ വിശുദ്ധസ്ഥലത്തിന് പുറത്തായി കത്തിച്ചിരുന്ന ഏഴ് കാലുകളുള്ള വിളക്ക് (menorah) ദേവാലയത്തിൽ നിന്ന് ലോകത്തിലേയ്ക്കു പ്രസരിക്കുന്ന ദൈവീകവെളിച്ചത്തിന്റെ പ്രതീകമായിരുന്നു. പൂർണ്ണതയുള്ള ഈ ഏഴ് തിരിക്കാലുകൾ സ്വർഗ്ഗത്തിലുള്ള വെളിച്ചത്തിന്റെ പ്രതീകമാണെന്ന് യഹൂദ പണ്ഡിതന്മാർ പഠിപ്പിക്കുന്നു.

നമ്മുടെ ദേവാലയത്തിൽ പ്രാർത്ഥന ആരംഭിക്കുന്നതിനീ മുമ്പേ ദൈവസാന്നിധ്യ സ്മരണയുയർത്തി നാം തിരി കത്തിക്കുന്നു. നമ്മുടെ ഭവനങ്ങളിൽ സന്ധ്യമയങ്ങും നേരത്ത് വിളക്കു കൊളുത്തി പ്രാർത്ഥിച്ച് ജീവിതത്തിലെ അന്ധകാരത്തെ നാം അകറ്റുന്നു. അൾത്താര അലങ്കരിക്കുന്ന വെളിച്ചം അലങ്കാരത്തിനോ, കാഴ്ചയ്ക്കോ അല്ല; നിത്യപ്രകാശമായ ക്രിസ്തുവിനെ കാണിക്കുന്നതിനാണ്. ഈ മെഴുതിരി വെളിച്ചതിന്റെ പ്രകാശത്തിൽ പ്രാർത്ഥിക്കുന്ന വിശ്വാസിയുടെ മുഖത്ത് ദൈവീകശോഭ കടന്നുവരികയും ദേവാലയത്തിന് പുറത്തിറങ്ങി ലോകവ്യാപാരങ്ങളിൽ ഏർപ്പെടുമ്പോൾ അവിടമെല്ലാം പ്രകാശമാനമാക്കുകയും വേണം. അതിനാൽ ദൈവം നമ്മിൽ നിക്ഷേപിച്ചിരിക്കുന്ന നന്മകളുടെ പ്രകാശം നമ്മുടെ അനുദിന ജീവിതത്തിൽ മറച്ചുവയ്ക്കാതെ ലോകത്തിനു മുൻപിൽ വെളിപ്പെടുത്തി ജീവിച്ചുകൊണ്ട് ചുറ്റുമുള്ള അന്ധകാരം പൂർണ്ണമായും അകറ്റുന്നതിന് നമുക്ക് പരിശ്രമിക്കാം (കൂടുതൽ വിശദീകരണത്തിന് മാര്‍ച്ച് 3, ഏപ്രിൽ 27 ദിവസങ്ങളിലെ വിചിന്തനം കാണുക).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.