സീറോ മലബാര്‍ കൈത്താക്കാലം രണ്ടാം ചൊവ്വ ജൂലൈ 20 ലൂക്കാ 6: 20-26 അനുഗ്രഹീതര്‍

യേശു, അനുഗ്രഹീതരേ എന്ന് ആരെയൊക്കെയാണ് വിളിക്കുന്നത് എന്ന് നമ്മള്‍ ശ്രദ്ധിക്കണം. ദരിദ്രരെ, വിശക്കുന്നവരെ, കരയുന്നവരെ, ഒറ്റപ്പെടുത്തപ്പെടുന്നവരെ ഒക്കെയാണ് യേശു അനുഗ്രഹീതര്‍ എന്ന് വിളിക്കുന്നത്. നമ്മളാരും ഇത്തരക്കാര്‍ അനുഗ്രഹീതരാണ് എന്ന് പറയില്ല. നമ്മുടെ ദൃഷ്ടിയില്‍ അനുഗ്രഹീതരല്ല അവര്‍. ലോകത്തിന്റെ കാഴ്ചപ്പാടുകളില്‍ നിന്നും എത്ര വിഭിന്നമാണ് യേശുവിന്റെ കാഴ്ചപ്പാടുകള്‍ എന്ന് നമ്മള്‍ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

മേല്‍പ്പറഞ്ഞ ഗണത്തില്‍പ്പെട്ടവര്‍ ലോകത്തിന്റെ ദൃഷ്ടിയില്‍ യാതൊരു സാധ്യതയും ഇല്ലാത്തവരാണ്. എന്നാല്‍ യേശുവിന്റെ ദൃഷ്ടിയില്‍ ഇവര്‍ക്കാണ് എല്ലാ സാധ്യതകളും അനുഗ്രഹങ്ങളും ഉണ്ടാകുക. നിസാരരെന്നു കരുതി ആരെയും തള്ളിക്കളയരുതെന്നും നിസാരരോട് ചേര്‍ന്നുനില്‍ക്കണമെന്നുമുള്ള ഉള്‍ക്കാഴ്ചയാണ് ഇന്നത്തെ വചനം നമുക്ക് നല്‍കുന്നത്. ഈ ഏതെങ്കിലും ഗണത്തില്‍പ്പെട്ടവരായിരിക്കും നമ്മളും. ഭയപ്പെടരുത്, കര്‍ത്താവിന്റെ ദൃഷ്ടിയില്‍ നമ്മള്‍ അനുഗ്രഹീതരാണ്. മനുഷ്യര്‍ നമ്മളെ അനുഗ്രഹിക്കപ്പെട്ടവര്‍ എന്ന് വിളിച്ചിട്ട് കാര്യമില്ല. ക്രിസ്തു എങ്ങനെ വിളിക്കുന്നു എന്നതാണ് പ്രധാനം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.