സീറോ മലബാര്‍ കൈത്താക്കാലം ആറാം തിങ്കൾ ആഗസ്റ്റ് 16 ലൂക്കാ 6: 43-45 നന്മ പുറത്തുവരണം

ഹൃദയത്തില്‍ എന്തുണ്ടോ, അതേ പുറത്തു വരൂ എന്ന സൂചന നല്‍കുന്ന വചനമാണ് നമ്മള്‍ ഇന്ന് ശ്രവിച്ചത്. ഹൃദയത്തില്‍ നന്മയാണെങ്കില്‍, കൂടുതല്‍ നന്മ പുറപ്പെടുന്നു. തിന്മയാണെങ്കില്‍ കൂടുതല്‍ തിന്മ പുറത്തു വരുന്നു. എന്റെ ഉള്ളിന്റെയുള്ളില്‍ എന്താണോ എന്ന് സ്വയം കണ്ടുപിടിക്കേണ്ട കാര്യമാണ്. ഉള്ളില്‍ തിന്മ വച്ചിട്ട് പുഞ്ചിരിയിലൂടെയും മധുരവാക്കുകളിലൂടെയും മനുഷ്യരെ കബളിപ്പിക്കുന്നവരുണ്ട്. പക്ഷേ, അതൊന്നും അധികകാലത്തേയ്ക്ക് നീണ്ടുനില്‍ക്കുകയില്ല. കാരണം ഉള്ളിലുള്ളതേ പുറത്തുവരികയുള്ളൂ.

മറ്റുള്ളവരുടെ ഹൃദയത്തില്‍ നിന്ന് പുറപ്പെടുന്നത് തിന്മയോ നന്മയോ എന്ന് കണ്ടുപിടിക്കാന്‍ സമയം ചിലവഴിക്കുന്നതിലും എത്രയോ നല്ലതാണ് എന്റെ ഉള്ളില്‍ നന്മയാണോ തിന്മയാണോ ഉള്ളത് എന്ന് കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതും അതിനനുസരിച്ച് ജീവിതത്തെ ക്രമീകരിക്കുന്നും. ഹൃദയത്തില്‍ നന്മ നിറയ്ക്കാന്‍ നമുക്ക് ശ്രമിക്കാം. നന്മ നിറഞ്ഞ നമ്മുടെ ഹൃദയത്തില്‍ നിന്ന് കൂടുതല്‍ നന്മ പുറത്തേയ്ക്ക് വരട്ടെ. ആ നന്മയില്‍ ഒപ്പമുള്ളവര്‍ക്ക് കൂടുതല്‍ നന്മ സംഭവിക്കട്ടെ. നമ്മിലെ നന്മയാല്‍ അപരനും നിറയാന്‍ സാഹചര്യമൊരുക്കുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.