ഞായറാഴ്ച പ്രസംഗം – ജൂണ്‍ 25; കരുണാര്‍ദ്രസ്‌നേഹം ലോകത്തെ കീഴടക്കുന്നു (ലൂക്കാ 6:27-30)

ശ്ലീഹാക്കാലം നാലാം ഞായര്‍ ലൂക്കാ 6:27-30

നമ്മുടെ ഓരോരുത്തരുടെയും ചിന്താതലങ്ങളില്‍ നാമറിഞ്ഞും അറിയാതെയും കടന്നുവരുന്ന ചില ചോദ്യങ്ങളാണ് ഞാനാരാണ്? ഞാനെന്താകണം? എന്നുള്ളവ. നമ്മുടെ അനുദിന ജീവിതവ്യാപാരങ്ങളിലൂടെയും പെരുമാറ്റങ്ങളിലൂടെയും മറ്റുള്ളവര്‍ക്ക് മുമ്പില്‍ നാമിതിന് ഉത്തരം നല്‍കുന്നുമുണ്ട്. ഈ ചിന്തകളും ജീവിതരീതികളും സാധാരണമായ മനുഷ്യജീവിതത്തിന്റെ തലങ്ങളില്‍ നിന്ന് ഉടലെടുക്കുന്നവ ആണെങ്കില്‍ അവയില്‍ നിന്നു ഒരുപടി ഉയര്‍ന്നുകൊണ്ട് ദൈവീകതലത്തിലേയ്ക്ക് കടന്നുവരുന്നു. അപ്രകാരം ചിന്തിക്കുമ്പോള്‍ ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ ഞാന്‍ ആരായിരിക്കണം എങ്ങനെ ആയിരിക്കണമെന്ന് ക്രിസ്തുനാഥന്‍ നമുക്ക് സാക്ഷ്യപ്പെടുത്തിത്തരുകയാണ് ഇന്നത്തെ വചനത്തിലൂടെ. മറ്റൊരുരീതിയില്‍ പറഞ്ഞാല്‍ സാധാരണത്വത്തെ അതിലംഘിക്കുന്ന ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന തത്വങ്ങളിലേയ്ക്ക് വെളിച്ചം വീശുകയാണ് ഇന്നത്തെ വചനം. ഇത് ക്രിസ്ത്യാനികളായ നാമോരോരുത്തരോടുമുള്ള ക്രിസ്തുനാഥന്റെ ആഹ്വാനമാണ്. നമ്മുടെ ജീവിതവും ജീവിത നിയമവും എന്താണ് എന്ന് അവിടുന്ന് നമുക്ക് പറഞ്ഞുതരുന്നു. സമൂഹത്തിലെ സാധാരണത്വമായവയെ അതിശയിപ്പിക്കുന്ന അസാധാരണങ്ങളെ സ്വന്തമാക്കേണ്ടവനാണ് ക്രിസ്ത്യാനി. ഇന്നത്തെ സുവിശേഷത്തിലൂടെ ഒരിക്കല്‍ കൂടി ആഴത്തില്‍ കണ്ണോടിക്കുമ്പോള്‍ ഒരുപക്ഷെ ഇതെങ്ങനെ സാധ്യമാകും, ഇതിലെന്ത് ന്യായം എന്നൊക്കെ തോന്നിപ്പോകും.

ഒരുപക്ഷെ ഇതൊക്കെ വെറും മണ്ടന്‍ ആശയങ്ങളല്ലേ, എന്നുപോലും തോന്നിപ്പോവാം. കാരണം സാധാരണമായ മനുഷ്യത്വം പോലും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാമൂഹിക അവസ്ഥയിലാണ് ശത്രുക്കളെ സ്‌നേഹിക്കാനും ദ്രോഹിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുമൊക്കെ ആഹ്വാനം ചെയ്തുകൊണ്ട് കരുണാര്‍ദ്രമായ സ്‌നേഹത്തിന്റെ വക്താക്കളാകുവാന്‍ അവിടുന്ന് നമ്മോട് ആഹ്വാനം ചെയ്യുന്നത്. എന്നാല്‍ പൗലോശ്ലീഹായുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ ഇതിനെ ഇപ്രകാരം സാധൂകരിക്കുന്നുണ്ട്; ”ക്രിസ്ത്യാനി ആയി ജീവിക്കുക എന്നത് ഒരുവിധത്തില്‍ പറഞ്ഞാല്‍ ഭോഷത്തമാണ്. യേശു പറഞ്ഞ കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി എല്ലാ കൗശലങ്ങളും വെടിയുന്നത് അല്‍പം ഭോഷത്തം തന്നെ.” ഒരു തരത്തില്‍ പറഞ്ഞാല്‍ ജീവിക്കാന്‍ എളുപ്പമല്ലാത്ത കാര്യങ്ങളുടെ പട്ടികയാണ് ക്രിസ്തു നമ്മുടെ മുമ്പില്‍ വരച്ചിടുന്നത്.

കാരണം ഇന്നത്തെ സമൂഹവും, സാമൂഹിക രീതികളും സ്‌നേഹം എന്ന പദത്തിന് തങ്ങളുടേതായ അര്‍ത്ഥതലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ചിലര്‍ക്ക് സ്‌നേഹമെന്നത് സാമ്പത്തിക ലാഭത്തില്‍ മാത്രം അടിസ്ഥാനമിട്ടതാണ് അവിടെ ബന്ധങ്ങള്‍ക്ക് പോലും യാതൊരുവിലയുമുണ്ടാകില്ല. ചിലര്‍ക്ക് സ്‌നേഹമെന്നത് അധികാര സ്ഥാനമോഹങ്ങളാണ്. അവിടെ മനുഷ്യത്വത്തിന്റെ എല്ലാ മേഖലകളും ചവിട്ടി അരയ്ക്കപ്പെടുന്നു. മറ്റുചിലര്‍ക്ക് സ്‌നേഹം എന്നത് ഫ്‌ളാറ്റിനുള്ളിലെ ഭാര്യയോടും മക്കളോടും മാത്രമുള്ളതാണ്. അവിടെ ഹൃദയവിശാലത അന്ത്യശ്വാസം വലിക്കപ്പെടുന്നു. ഇനിയും മറ്റുചിലര്‍ക്ക് സ്‌നേഹമെന്നത് വെറും കാമാസക്തി മാത്രമാണ്. അവിടെ മനുഷ്യന്‍ വെറും ശരീരവും ഉപഭോഗവസ്തുവുമായി പരിണമിക്കപ്പെടുന്നു. പ്രിയമുള്ളവരെ ഇവിടെയാണ് ക്രിസ്ത്യാനിയുടെ ജീവിതം ലോകത്തിനു മുന്നില്‍ വെല്ലുവിളിയായി മാറേണ്ടത് കാരണം ക്രിസ്തു കാട്ടിത്തരുന്ന സ്‌നേഹമെന്നത് പരിതികളില്ലാത്ത സ്‌നേഹമാണ്. അവന്‍ ആഹ്വാനം ചെയ്യുന്നത് പ്രതിഫലം നോക്കാതെ സ്‌നേഹിക്കാനാണ്. ഇവിടെയാണ് ക്രിസ്തീയ സ്‌നേഹം യാഥാര്‍ത്ഥ്യമാകുന്നതും സ്‌നേഹത്തിന് പൂര്‍ണ്ണത ലഭിക്കുന്നതും. അതിനാലാണ് ക്രിസ്തു വ്യക്തമായി നമ്മോട് ഇപ്രകാരം അരുളിച്ചെയ്യുന്നത് ”നിങ്ങളെ സ്‌നേഹിക്കുന്നവരെ മാത്രം നിങ്ങള്‍ സ്‌നേഹിക്കുന്നതില്‍ എന്ത് മേന്മയാണുള്ളത്; പാപികളും തങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുന്നുണ്ടല്ലോ” എന്ന്.

ഒരിക്കല്‍ ഒരു ഗുരു വെള്ളത്തില്‍ വീണ തേളിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഓരോ തവണ ഗുരു വെള്ളത്തില്‍ നിന്ന് തേളിനെ കൈയ്യിലെടുക്കുമ്പോഴും അത് ഗുരുവിനെ കുത്തിക്കൊണ്ടിരുന്നു. ഗുരു കൈ കുടയുമ്പോള്‍ അത് വീണ്ടും വെള്ളത്തിലേയ്ക്ക് വീഴും. എങ്കിലും വീണ്ടും ഗുരു രക്ഷിക്കാന്‍ ശ്രമം തുടര്‍ന്നു ഇതു കണ്ടുനിന്ന ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു. ഗുരോ അങ്ങ് അതിനെ ഓരോ തവണ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും അത് അങ്ങയെ കുത്തിവേദനിപ്പിക്കുകയാണല്ലോ പിന്നെ എന്തിന് വീണ്ടും ശ്രമിക്കണം. ഗുരു ശാന്തമായി ഇപ്രകാരം മറുപടി പറഞ്ഞു. ”കുത്തുക എന്നുള്ളതാണ് തേളിന്റെ സ്വഭാവം; എന്നാല്‍ അപരന് സഹായമാവുക എന്നതായിരിക്കണം നമ്മുടെ രീതി.” ഇതാണ് ക്രിസ്ത്യാനിയും ആയിത്തീരേണ്ടത്; തങ്ങളെ വേദനിപ്പിക്കുന്നവനെ ക്ഷമിക്കുവാനും സ്‌നേഹിക്കുവാനും സാധിക്കണം. ഇത് ഒരിക്കലും ഒരു അസാധ്യമായതല്ല മറിച്ച് ക്രിസ്തുവിനെ നോക്കി ജീവിക്കുന്നവന് തീര്‍ച്ചയായും സാധ്യമായത് തന്നെയാണ്.

വിശുദ്ധ ജോസഫൈന്‍ ബക്കിതയുടെ ജീവിതത്തിലെ ഒരു സംഭവം ഇപ്രകാരം വിവരിക്കുന്നുണ്ട്. സുഡാനിലെ അടിമചന്തയില്‍ അവള്‍ വില്‍ക്കപ്പെട്ടു. അവളെ വിലകൊടുത്ത് വാങ്ങിയ അവളുടെ ഉടമകള്‍ അവളെ ക്രൂരമായി പീഡിപ്പിച്ചു. അവളുടെ ശരീരത്തില്‍ ഉണങ്ങാത്ത 144 മുറിവുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവള്‍ യേശുവിന്റെ സ്‌നേഹം അറിഞ്ഞപ്പോള്‍ തന്നെ പീഡിപ്പിച്ചവരോട് ക്ഷമിക്കാനുള്ള കൃപയിലേയ്ക്ക് വളര്‍ന്നു. ഒരിക്കല്‍ അവള്‍ ഇപ്രകാരം പറയുകയുണ്ടായി; ”എന്നെ പീഡിപ്പിച്ചവരെ വീണ്ടും കണ്ടുമുട്ടുകയാണെങ്കില്‍ അവരുടെ മുമ്പില്‍ മുട്ടുകുത്തിനിന്ന് അവരുടെ കൈയ്യില്‍ ഞാന്‍ ഉമ്മവയ്ക്കും. അപ്രകാരം എനിക്ക് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഞാന്‍ ഒരിക്കലും ഒരു ക്രിസ്ത്യാനിയോ സന്യാസിയോ ആയിരിക്കുകയില്ല. ഒരു ക്രിസ്ത്യാനി സ്‌നേഹത്തിന്റെ പൂര്‍ണ്ണത ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടവനാണ്. കാരണം കുരിശില്‍ കിടന്നുകൊണ്ട് തന്നെ ക്രൂശിച്ചവരോട് ക്ഷമിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തവനാണ് അവന്റെ മുമ്പേ പോകുന്ന ഗുരു.

ലോകത്തില്‍ ശത്രുതയും സ്വാര്‍ത്ഥതയും പെരുകുമ്പോള്‍ സകലര്‍ക്കും പ്രകാശമാകാനുള്ള വിളിയാണ് ഓരോ ക്രിസ്ത്യാനിക്കും ഇരുളിനെ അകറ്റാന്‍ ഒരിക്കലും ഇരുളിന് കഴിവില്ല മറിച്ച് പ്രകാശം കടന്നുവരിക തന്നെ ചെയ്യണം. അതുപോലെ തന്നെ ശത്രുതയും സ്വാര്‍ത്ഥതയും ഇല്ലാതാകണമെങ്കില്‍ അവരിലേയ്ക്ക് സ്‌നേഹത്തിന്റെ പ്രകാശമായി നാം കടന്നു ചെല്ലണം. കാരണം കരുണാര്‍ദ്രമായ സ്‌നേഹത്തിന് മാത്രമേ ലോകത്തെ കീഴടക്കാന്‍ സാധിക്കുകയുള്ളൂ.

അനൂപ് എടയാളിവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.