ഞായര്‍ പ്രസംഗം 2 ശ്ലീഹാക്കാലം ഒന്നാം ഞായര്‍ ജൂണ്‍ 09 പരിശുദ്ധാരൂപിയാല്‍ പൂരിതരായ ശ്ലീഹന്മാര്‍

ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

ആരാധനവത്സരത്തിലെ ഒരു പുതിയ ഘട്ടമായ ശ്ലീഹാക്കാലത്തിലേയ്ക്ക് നമ്മള്‍ പ്രവേശിക്കുകയാണ്. ‘ശ്ലീഹാ’ എന്ന വാക്കിന്റെ അര്‍ത്ഥം ‘അയയ്ക്കപ്പെട്ടവന്‍’ എന്നാണ്. ശ്ലീഹാക്കാലം അയയ്ക്കപ്പെട്ടവരുടെ കാലമാണ്.

രക്ഷാചരിത്രത്തിന്റെ നിര്‍ണ്ണായകഘട്ടത്തില്‍ ആദ്യം അയയ്ക്കപ്പെട്ടത് ഈശോയാണ്. അവിടുത്തെ അയച്ചത് പിതാവായ ദൈവവും. സഹന-മരണോത്ഥാനങ്ങള്‍ക്കുശേഷം സ്വര്‍ഗാരോഹിതനായ ഈശോമിശിഹാ പിതാവില്‍ നിന്നുള്ള വാഗ്ദാനമായ പരിശുദ്ധാരൂപിയെ സ്വീകരിച്ച് ശ്ലീഹന്മാരുടെമേല്‍ അയച്ച പെന്തക്കുസ്താ സംഭവത്തോടെയാണ് ശ്ലീഹാക്കാലം ആരംഭിക്കുന്നത്.

ഈശോയാല്‍ അയയ്ക്കപ്പെട്ടവനാണ് പരിശുദ്ധ റൂഹാ. തന്റെ ശ്ലീഹന്മാരുടെമേല്‍ ഉത്ഥിതനായ മിശിഹാ, പരിശുദ്ധ റൂഹായെ അയച്ചത് അവരെ തന്റെ പ്രേഷിതരായി നിയമിക്കുന്നതിനു വേണ്ടിയായിരുന്നു. ശ്ലീഹന്മാര്‍ അയയ്ക്കപ്പട്ടവരാണ്. തന്റെ ദൗത്യവാഹകരായി അവിടുന്ന് അയച്ച 12 ശിഷ്യന്മാരെ ഈശോ ‘ശ്ലീഹന്മാര്‍’ എന്നാണല്ലോ വിളിക്കുന്നത്. മാമ്മോദീസായില്‍ നമ്മുടെ മേലും പരിശുദ്ധ റൂഹാ അയയ്ക്കപ്പെട്ടിട്ടുണ്ട്. നമ്മെയും മിശിഹായുടെ പ്രേഷിതരായി അയയ്ക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. വിശ്വാസികളായ നാമോരോരുത്തരും അയയ്ക്കപ്പെട്ടവരാണ്.

ശ്ലീഹാക്കാലം ആരംഭിക്കുന്നത് പെന്തക്കുസ്താ തിരുനാളോടു കൂടിയാണല്ലോ. ‘പെന്തക്കുസ്ത’ എന്ന പദത്തിനര്‍ത്ഥം ‘അമ്പതാമത്തേത്’ എന്നാണ്. യഹൂദര്‍ പെസഹാതിരുനാളിന്റെ അമ്പതാം നാള്‍ ആഘോഷിച്ചിരുന്ന തിരുനാളാണ് പെന്തക്കുസ്താ. ഈജിപ്തില്‍ നിന്നുള്ള പുറപ്പാടിന്റെയും വിമോചനത്തിന്റെയും അനുസ്മരണമായാണ് പെസഹാ ആചരിച്ചിരുന്നതെങ്കില്‍, വാഗ്ദത്ത ഭൂമിയിലേയ്ക്കുള്ള യാത്രാമദ്ധ്യേ സീനായ് മലയില്‍ വച്ച് ദൈവം ഇസ്രായേല്‍ ജനവുമായി ഏര്‍പ്പെട്ട ഉടമ്പടിയുടെ അനുസ്മരണമായിരുന്നു പെന്തക്കുസ്ത. സീനായ് ഉടമ്പടിയിലൂടെയാണല്ലോ ഇസ്രായേല്‍, ദൈവത്തിന്റെ സ്വന്തം ജനമായത്. ഉടമ്പടിയുടെ ഭാഗമായി അവര്‍ക്ക് ദൈവത്തില്‍ നിന്ന് മോശയിലൂടെ ലഭിച്ച തോറായ്ക്കുള്ള നന്ദിയര്‍പ്പിക്കുന്ന അവസരമായിരുന്നത്. കൂടാതെ, വിളവെടുപ്പിനോടനുബന്ധിച്ചുള്ള ആദ്യഫല സമര്‍പ്പണത്തിന്റെ തിരുനാള്‍ കൂടിയായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിയേറപ്പാര്‍ത്തിരുന്ന ഭക്തരായ യഹൂദര്‍, പെന്തക്കുസ്ത തിരുനാളിന് ജറുസലേമിലേയ്ക്ക് തീര്‍ത്ഥാടകരായി വന്നിരുന്നു. ഇപ്രകാരം പെന്തക്കുസ്താ തിരുനാളിന്റെ അവസരത്തില്‍ ഊട്ടുശാലയില്‍ സമ്മേളിച്ചിരുന്ന ശ്ലീഹന്മാരുടെ മേലാണ് പരിശുദ്ധാരൂപി അഗ്നിനാവുകളുടെ രൂപത്തില്‍ ഇറങ്ങി വസിച്ചത്. പെസഹാതിരുനാളിനോട് അനുബന്ധിച്ചായിരുന്നല്ലോ ഈശോയുടെ കുരിശുമരണവും ഉത്ഥാനവും. ഈ പെസഹാ രഹസ്യത്തിന്റെ അമ്പതാം നാളിലാണ് പരിശുദ്ധ റൂഹായാകുന്ന ദാനം വര്‍ഷിക്കപ്പെട്ടത്. ഇതുവഴി പിതാവായ ദൈവം പരിശുദ്ധാരൂപിയില്‍ പുതിയ ഉടമ്പടി മുദ്ര വയ്ക്കുകയായിരുന്നു. സീനായ് ഉടമ്പടിയിലൂടെ ലഭിച്ച തോറായുടെ സ്ഥാനത്ത് പുതിയനിയമ ജനതയ്ക്ക് ലഭിച്ച ദൈവികദാനമാണ് പരിശുദ്ധാരൂപി. മിശിഹായുടെ മനുഷ്യാവതാരത്തിന്റെയും സഹന-മരണോത്ഥാനങ്ങളുടെയും ‘വിളവെടുപ്പിന്റെ’ അവസരം കൂടിയായിരുന്നു ആദ്യ പെന്തക്കുസ്ത. മൂവായിരത്തോളം പേരെയാണ് ആദ്യഫലമായി ലഭിച്ചത് (നടപടി 2).

അന്ത്യപ്രഭാഷണത്തില്‍ ഈശോ തന്റെ ശിഷ്യന്മാര്‍ക്കു നല്കിയിരുന്ന വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമായിരുന്നു പരിശുദ്ധ റൂഹായുടെ ഈ ആഗമനം. ശിഷ്യന്മാരെ വിട്ട് പിതാവിന്റെ പക്കലേക്കു പോകുന്നതിന്റെ ലക്ഷ്യം വ്യക്തമാക്കിക്കൊണ്ട് അവിടുന്ന് പറഞ്ഞു: ‘ഞാന്‍ പോകുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെയടുക്കലേയ്ക്ക് വരുകയില്ല. ഞാന്‍ പോയാല്‍, അവനെ നിങ്ങളുടെയടുക്കലേയ്ക്ക് ഞാന്‍ അയയ്ക്കും’ (യോഹ. 16: 7). തന്നെ അയച്ചവന്റെ പക്കലേക്കു പോവുക എന്നതുകൊണ്ട് ഈശോ ഉദ്ദേശിച്ചത് അവിടുത്തെ സഹന-മരണോത്ഥാനങ്ങളിലൂടെ ഈ ലോകം വിടുന്നതിനെക്കുറിച്ചാണ്. ഈശോയുടെ സഹന-മരണോത്ഥാനങ്ങളുടെ ഫലമായാണ് പരിശുദ്ധ റൂഹായെ നമുക്ക് ലഭിച്ചത്. സ്വര്‍ഗാരോഹിതനായ അവിടുന്ന് പിതാവില്‍ നിന്ന് അവിടുത്തെ ദാനമായ ദിവ്യാരൂപിയെ സ്വീകരിച്ച് തന്റെ ശിഷ്യന്മാര്‍ക്ക് നല്കുകയായിരുന്നു.

പരിശുദ്ധാരൂപിയെ ഈശോ വിശേഷിപ്പിക്കുന്നത് ‘സഹായകന്‍’ എന്നാണ്. വിശ്വാസികളായ നമ്മെ സഹായിക്കുക എന്നതാണ് റൂഹായുടെ ദൗത്യം. ഈശോ ദൈവപുത്രനും നമ്മുടെ രക്ഷകനായ മിശിഹായുമാണ് എന്ന് വിശ്വസിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നത് ദൈവാരൂപിയാണ്. വിശ്വസിക്കുന്ന നമ്മെ എപ്രകാരം പ്രാര്‍ത്ഥിക്കണമെന്ന് പഠിപ്പിക്കുന്നത് ഇതേ റൂഹായാണ്. സുവിശേഷ മൂല്യങ്ങള്‍ക്കനുസൃതം ജീവിക്കാന്‍ നമ്മെ സഹായിക്കുന്നതും പരിശുദ്ധാരൂപിയാണ്. ഇക്കാരണങ്ങളാലാണ് ഈശോ, പരിശുദ്ധ റൂഹായെ ‘സഹായകന്‍’ എന്നു വിളിക്കുന്നത്.

വിശ്വാസിയെ സഹായിക്കുന്ന പരിശുദ്ധാരൂപി വിശ്വസിക്കാത്ത ലോകത്തെ കുറ്റപ്പെടുത്തും: ‘അവന്‍ വരുമ്പോള്‍, പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് ലോകത്തെ കുറ്റപ്പെടുത്തും’ (യോഹ. 16: 8). യോഹന്നാന്റെ സുവിശേഷത്തില്‍ ‘ലോകം’ പ്രകാശമായ ഈശോയെ തിരസ്‌ക്കരിക്കുന്നവരുടെ പ്രതീകമാണ്. ‘ലോകത്തിലേയ്ക്കു വരുന്ന എല്ലാവരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം ഉണ്ടായിരുന്നു. അവന്‍ ലോകത്തില്‍ ആയിരുന്നു; ലോകം അവന്‍ വഴി ഉണ്ടായി; എങ്കിലും ലോകം അവനെ അറിഞ്ഞില്ല. അവന്‍ സ്വന്തം ജനങ്ങളുടെ പക്കലേക്കു വന്നു; പക്ഷേ, സ്വകീയര്‍ അവനെ സ്വീകരിച്ചില്ല’ (യോഹ. 1: 9-11).

ലോകവും ശിഷ്യരും തമ്മിലുള്ള വ്യത്യാസം ഈശോ തന്റെ പുരോഹിതപ്രാര്‍ത്ഥനയില്‍ വ്യക്തമാക്കുന്നുണ്ട്: ‘നീതിമാനായ എന്റെ പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; എന്നാല്‍ ഞാന്‍ നിന്നെ അറിഞ്ഞിരിക്കുന്നു. നീ എന്നെ അയച്ചുവെന്ന് ഇവരും അറിഞ്ഞിരിക്കുന്നു’ (യോഹ. 17: 25). സ്‌നേഹപിതാവായ ദൈവത്തെ മനുഷ്യര്‍ക്ക് വെളിപ്പെടുത്താനായി വന്ന ദൈവപുത്രനായ ഈശോയെ അറിയാതെയും അംഗീകരിക്കാതെയും വിശ്വസിക്കാതെയുമിരിക്കുന്നതാണ് പാപം. ലോകം വിധിക്കപ്പെടാനിരിക്കുന്നത് ഈശോയിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

‘സത്യാത്മാവ് വരുമ്പോള്‍, അവന്‍ നിങ്ങളെ സകലസത്യങ്ങളിലേയ്ക്കും നയിക്കും’ (യോഹ. 16: 13). സത്യം മനുഷ്യനായി അവതരിച്ച ഈശോമിശിഹായാണ്. ‘വഴിയും സത്യവും ജീവനും ഞാനാകുന്നു’ (യോഹ. 14: 6) എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ. സ്വര്‍ഗീയപിതാവിനെ പരിപൂര്‍ണ്ണമായി വെളിപ്പെടുത്തിയതുകൊണ്ടാണ് അവിടുന്നു സത്യമായിരിക്കുന്നത്. ഈ സത്യം അറിയുന്നതാണു ദൈവികജീവനിലേയ്ക്കുള്ള മാര്‍ഗ്ഗം എന്നാണ് അവിടുത്തെ ഈ പ്രസ്താവനയുടെ അര്‍ത്ഥം. ഏകസത്യദൈവമായ നിന്നെയും നീ അയച്ച ഈശോമിശിഹായെയും അറിയുകയെന്നതാണ് നിത്യജീവന്‍ (യോഹ. 17: 3) എന്ന് തന്റെ പ്രാര്‍ത്ഥനയില്‍ അവിടുന്ന് പിതാവിനോട് പറയുന്നുണ്ടല്ലോ. പരിശുദ്ധാരൂപി നമ്മെ സകല സത്യങ്ങളിലക്കും നയിക്കും എന്നുപറയുമ്പോള്‍ ഉദ്ദേശിക്കുന്നത് ഇതാണ്: പിതാവായ ദൈവത്തെക്കുറിച്ച് പുത്രന്‍ തമ്പുരാന്‍ നല്കിയിട്ടുള്ള വെളിപ്പെടുത്തലുകളുടെ – സുവിശേഷത്തിന്റെ – പൂര്‍ണ്ണയര്‍ത്ഥം റൂഹാ നമുക്ക് വ്യക്തമാക്കിത്തരും; ഈശോയെത്തന്നെയും പൂര്‍ണ്ണമായി മനസ്സിലാക്കുന്നതിനും സ്‌നേഹിക്കുന്നതിനും സഹായിക്കും; ജീവന്റെ വഴി നമുക്ക് കാണിച്ചുതരും; നിത്യജീവനിലേയ്ക്ക് നയിക്കും. അതാണ് ഈശോ തുടര്‍ന്നു വ്യക്തമാക്കുന്നത്: ‘അവന്‍ കേള്‍ക്കുന്നവ മാത്രം പറയുകയും വരാനിരിക്കുന്നവ നിങ്ങളോടു പ്രഖ്യാപിക്കുകയും ചെയ്യും. എനിക്കുള്ളത് എടുത്ത് നിങ്ങളോടു പ്രഖ്യാപിച്ചുകൊണ്ട് അവന്‍ എന്നെയും മഹത്വപ്പെടുത്തും. എന്റെ പിതാവിനുള്ളതെല്ലാം എന്റേതായിരിക്കുന്നതിനാലാണ്. എനിക്കുള്ളത് എടുത്ത് അവന്‍ നിങ്ങളോടു പ്രഖ്യാപിക്കുമെന്നു പറഞ്ഞത്’ (യോഹ. 16: 13-15). ഇക്കാരണത്താലാണ്, ”ഈശോ കര്‍ത്താവാകുന്നു’ എന്നു പറയാനും പരിശുദ്ധാത്മാവിലല്ലാതെ ആര്‍ക്കും സാധിക്കുകയില്ല’ (1 കോറി 12: 3) പൗലോസ്ശ്ലീഹാ എഴുതുന്നത്.

പരിശുദ്ധാരൂപി വിശ്വാസകളായ നമ്മില്‍ എപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും പൗലോസ്ശ്ലീഹാ തുടര്‍ന്നു പ്രതിപാദിക്കുന്നുണ്ട് (1 കോറി 12: 4-31). ഓരോരുത്തര്‍ക്കും വ്യത്യസ്തമായ വരങ്ങളും ദാനങ്ങളും നല്കുന്നത് ഒരേ ആത്മാവ് തന്നെയാണ്. ഓരോരുത്തനും പ്രയോജനകരമായവിധം ആത്മാവിന്റെ വെളിപാട് നല്കപ്പെടുന്നു. ആത്മാവ് ഒരാള്‍ക്ക് വിജ്ഞാനത്തിന്റെ വാക്കുകള്‍ നല്കുന്നു. അതേ ആത്മാവ് വേറൊരാള്‍ക്ക് അറിവിന്റെ വാക്കുകള്‍ നല്കുന്നു. അതേ ആത്മാവ് മറ്റൊരാള്‍ക്ക് വിശ്വാസം നല്കുന്നു. അതേ ആത്മാവ് ഇനി വേറൊരാള്‍ക്ക് രോഗശാന്തിവരം നല്കുന്നു. ഒരുവന് അത്ഭുതപ്രവര്‍ത്തന വരവും മറ്റൊരുവന് പ്രവചന വരവും വേറൊരുവന് വിവേചന വരവും വേറൊരുവന് വിവിധ ഭാഷാവരവും ഇനിയുമൊരുവന് വ്യാഖ്യാന വരവും നല്കുന്നു. എന്നാല്‍, ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത് ഒരേ ആത്മാവാണ്. അവന്‍ തന്റെ ഇഷ്ടമനുസരിച്ച് എല്ലാവര്‍ക്കും ഇവ പങ്കുവച്ചു കൊടുക്കുന്നു. ഒരു ശരീരത്തിലെ വിവിധ അവയവങ്ങള്‍ പോലെ മിശിഹായില്‍ നമ്മെ എല്ലാവരെയും ഒന്നിപ്പിച്ചു ചേര്‍ത്തുനിറുത്തുന്നത് പരിശുദ്ധ റൂഹായാണ്. ഈ ദൈവാരൂപിയാല്‍ നയിക്കപ്പെടുന്നതിനായി നമുക്ക് സ്വയം വിട്ടുകൊടുക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.