ഞായർ പ്രസംഗം 2, പള്ളിക്കൂദാശ രണ്ടാം ഞായർ നവംബർ 07 മത്തായി 12: 1-14 ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്

ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ,

ക്രിസ്തുവില്‍ സ്ഥാപിതവും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നതുമായ തിരുസഭയെക്കുറിച്ചും അവളുടെ തീര്‍ത്ഥാടക ജീവിതത്തെക്കുറിച്ചും പ്രത്യേകമാംവിധം ധ്യാനിക്കുന്ന പള്ളിക്കൂദാശാക്കാലത്തിലെ രണ്ടാം ആഴ്ചയിലേക്ക് നാം ഇന്ന് പ്രവേശിക്കുകയാണ്. നാം ഒരുപാട് തവണ കേള്‍ക്കുകയും വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള സാബത്തിനെക്കുറിച്ചുള്ള വിവാദവും സാബത്തിലെ രോഗശാന്തിയുമാണ് തിരുസഭാമാതാവ് വചനവിചിന്തനത്തിനായി നമുക്ക് ഇന്ന് നല്‍കിയിരിക്കുന്നത്.

സാബത്ത് നിയമം എന്തെന്നും ശിഷ്യന്മാരുടെ സാബത്ത് ലംഘനം എന്തെന്നും വിശുദ്ധ ഗ്രന്ഥത്തില്‍ നാം വായിക്കുന്നുണ്ട്. നമ്മുടെ ഓരോരുത്തരുടെയും കണ്ണു തുറപ്പിക്കുന്ന വചനഭാഗമാണ് മത്തായിയുടെ സുവിശേഷം 12:7. “ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.” ഇതിന് തത്തുല്യമായ ഒരു വചനഭാഗം നാം കാണുക ഹോസിയാ 6:6 -ലാണ്. “ബലിയല്ല, സ്‌നേഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ദഹനബലികളല്ല, ദൈവജ്ഞാനമാണ് എനിക്ക് ഇഷ്ടം.” വീണ്ടും സുഭാ. 21:3 -ല്‍ നാം ഇപ്രകാരം വായിക്കും: “നന്മയും നീതിയും അന്വേഷിക്കുന്നതാണ് കര്‍ത്താവിന് ബലിയേക്കാള്‍ സ്വീകാര്യം.” ബലിയല്ല; കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്ന ക്രിസ്തുവിന്റെ വചനം ഒരുപക്ഷേ പല വിവാദവിഷയങ്ങളിലേക്കും നയിച്ചേക്കാം.

ബലിയര്‍പ്പണത്തിന്റെ ആവശ്യമുണ്ടോ? ജീവിതം കാരുണ്യപ്രവര്‍ത്തികള്‍ കൊണ്ട് മാത്രം നിറച്ചാല്‍ പോരേ? ക്രിസ്തു അങ്ങനെയാണല്ലോ ചെയ്തത്? ഇത്തരം പല ചോദ്യങ്ങളും നമ്മുടെ ഹൃദയങ്ങളില്‍ ഉയര്‍ന്നേക്കാം. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാമായുള്ള ഉത്തരം ക്രിസ്തുവിന്റെ അന്ത്യത്താഴവും തുടര്‍ന്നുള്ള പീഡാസഹനവും മരണവും നമുക്ക് പ്രദാനം ചെയ്യുന്നുണ്ട്. ബലി വേണ്ടെന്നല്ല മറിച്ച് ജീവിതം എപ്രകാരം ബലിയാക്കിത്തീര്‍ക്കണമെന്ന് ക്രിസ്തു തന്റെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. പ്രത്യേകമായി തന്റെ അന്ത്യത്താഴത്തിലൂടെയും കുരിശുമരണത്തിലൂടെയും.

താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍ പരിശുദ്ധ കുര്‍ബാന സ്ഥാപിക്കുമ്പോള്‍ ബലിയര്‍പ്പകനും ബലിവസ്തുവുമായ ക്രിസ്തു തന്റെ ശരീരവും രക്തവും ഏറ്റവുമാദ്യം നല്‍കുന്നത് തന്റെ കൂടെ നടന്ന് വഞ്ചിച്ച്, ചുംബനം കൊണ്ട് ആ രാത്രിതന്നെ തന്നെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസിന്റെ കരങ്ങളിലേക്കാണ്. ബലിയല്ല, കരുണയാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് അരുള്‍ചെയ്തവന്‍ ബലിയുടെയും കരുണയുടെയും മൂര്‍ത്തീഭാവമായി മാറുന്ന മുഹൂര്‍ത്തം. അന്ത്യത്താഴത്തിലെ തന്റെ ബലിയുടെ ശക്തിയാല്‍ ക്രിസ്തു ചെയ്യുന്ന പ്രവർത്തികളെല്ലാം കാരുണ്യത്തിന്റെ പ്രവര്‍ത്തികളായി മാറുകയാണ്.

സ്‌നേഹത്തിന്റെ അടയാളമായ ചുംബനം കൊണ്ട് തന്നെ ഒറ്റിക്കൊടുത്ത ചതിയനായ യൂദാസിനെ ക്രിസ്തു അഭിസംബോധന ചെയ്തത് ‘സ്‌നേഹിതാ’ എന്നാണ്. യേശുവിനെ ബലമായി പിടിച്ചുകൊണ്ടു പോകാന്‍ വന്ന പടയാളിയുടെ ചെവി ഛേദിച്ച പത്രോസിനോട്, ‘പത്രോസേ, നന്ദി; നീയാണ് എന്റെ ജീവന്‍ രക്ഷിച്ചത്’ എന്നല്ല ക്രിസ്തു പറഞ്ഞത് മറിച്ച് ‘വാള്‍ ഉറയിലിടുക’ എന്നാണ്. ശേഷം യേശു ചെയ്യുന്ന പ്രവര്‍ത്തി സ്‌നേഹത്തിന്റെ പ്രവര്‍ത്തിയാണ്. ശത്രുക്കളെ സ്‌നേഹിക്കുവിന്‍ എന്ന് അരുള്‍ചെയ്തവന്‍ ശത്രുവിനെ സൗഖ്യപ്പെടുത്തി മിത്രമാക്കി മാറ്റുന്ന രംഗം. തന്നെ ചമ്മട്ടി കൊണ്ട് അടിച്ചവരോടും ദേഹത്ത് തുപ്പിയവരോടുമൊക്കെയുള്ള ക്രിസ്തുവിന്റെ പ്രതികരണം നിശബ്ദതയായിരുന്നു. ആ നിശബ്ദത ഒരുപക്ഷേ, നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍ എന്ന് അരുള്‍ചെയ്തവന്റെ പ്രാര്‍ത്ഥനാമുഹൂര്‍ത്തങ്ങളായിരിക്കാം. കാരണം, കുരിശില്‍ തീവ്രവേദനയാല്‍ പുളയുമ്പോഴും അവന്‍ പ്രാര്‍ത്ഥിക്കുന്നത് ഇപ്രകാരമാണ്: “പിതാവേ, ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് ക്ഷമിക്കേണമേ.”

കുരിശില്‍ കിടന്നപ്പോഴും തന്റെ വേദന മറന്ന് അപരന്റെ അപേക്ഷയ്ക്ക് ചെവി കൊടുത്തവനാണ് ക്രിസ്തു. തന്റെ മരണനിമിഷത്തില്‍ പോലും, “നീ ഇന്ന് എന്നോടു കൂടെ പറുദീസായിലായിരിക്കും” എന്ന വാക്കുകള്‍ കൊണ്ട് നല്ല കള്ളന് ആശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്രോതസ്സായി അവിടുന്ന് മാറി. തന്റെ മരണ ശേഷവും മാറ് കുത്തിത്തുളച്ചവനിലേക്ക് സൗഹൃദത്തിന്റെ നീര്‍ച്ചാലായി പെയ്തിറങ്ങിയവനാണ് ക്രിസ്തു. ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്ന് അരുള്‍ചെയ്തവന്‍ ബലിയും കാരുണ്യവുമായി ഒരേ സമയം മാറുന്നു.

തന്റെ ബലിക്കു മുമ്പും ശേഷവുമുള്ള ക്രിസ്തുവിന്റെ കാരുണ്യത്തിന് ഒരു പ്രത്യേകതയുണ്ട്. തന്റെ ബലിക്കു മുമ്പ് അവന്‍ കരുണ കാണിച്ചത് തന്നെ തേടുന്നവരോടും നിരാലംബരോടുമാണെങ്കില്‍ തന്റെ ബലിയിലൂടെ അവന്‍ കാരുണ്യം കാണിച്ചത് തന്നെ വേദനിപ്പിച്ചവരോടും പീഡിപ്പിച്ചവരോടുമാണ്. നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്‌നേഹിച്ചാല്‍ എന്ത് പ്രതിഫലമാണ് ലഭിക്കുക എന്ന് അരുള്‍ചെയ്തവന്‍ തന്നെ ദ്വേഷിച്ചവരെ സ്‌നേഹിച്ച് അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. തന്റെ ബലിയര്‍പ്പണത്തിലൂടെ അവരെ നിത്യജീവന് അര്‍ഹരാക്കി. ക്രിസ്തുവിന്റെ ഈ ഭാവം ഉള്‍ക്കൊള്ളാനാണ് നാമോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്.

ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെ നമ്മുടെ ജീവിതമാകുന്ന നാണയത്തിന്റെ ഒരു വശം പൂര്‍ണ്ണഹൃദയത്തോടെ, തന്നെത്തന്നെ ദൈവത്തിന് സമര്‍പ്പിക്കുന്ന ബലിയര്‍പ്പണമാണെങ്കില്‍ അതിന്റെ മറുവശം കരുണയുടെ ജീവിതമാണ്. ബലിയുടെ ജീവിതവും കരുണയുടെ ജീവിതവും ഒരുമിച്ച് കൊണ്ടുപോകുമ്പോഴാണ് ദൈവത്തിന്റെ തിരുമുമ്പിലും നമ്മുടെ സഹോദരങ്ങളുടെ മുമ്പിലും നമ്മുടെ ജീവിതം മൂല്യമുള്ളതായിത്തീരുന്നത്. ബലിയുടെ മാത്രം മൂല്യവുമായി നാം ദൈവസന്നിധിയിലണയുമ്പോള്‍ ഒരുപക്ഷേ ക്രിസ്തു നമ്മോടും പറയും, ഞാന്‍ നിങ്ങളെ അറിയുകയില്ല. എന്നാല്‍ ബലിയും കാരുണ്യവും നിറഞ്ഞ ജീവിതവുമായി നാം ദൈവത്തെ സമീപിക്കുമ്പോള്‍ അവന്‍ പറയും, “എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ വരുവിന്‍. ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍.”

ക്രിസ്തീയവിശ്വാസവും ക്രിസ്തീയമൂല്യങ്ങളും ഒരുപാട് ചോദ്യം ചെയ്യപ്പെടുന്ന ഇന്നിന്റെ ലോകത്തില്‍ ഇന്നത്തെ വചനഭാഗം ഒരു വെല്ലുവിളി ഉയര്‍ത്തുകയാണ്. വിശുദ്ധിയും ചൈതന്യവും നിറഞ്ഞ് സ്‌നേഹമാകുന്ന ബലിജീവിതം ജീവിക്കുന്ന കാരുണ്യത്തിന്റെ നിലയ്ക്കാത്ത പ്രവാഹമായി നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങളെ രൂപാന്തരപ്പെടുത്താന്‍ നാം തയ്യാറാണോ? ഇതിനുള്ള ഉത്തരം നാം കൊടുക്കേണ്ടത് നമ്മുടെ ജീവിതം കൊണ്ടാണ്.

ക്രിസ്തുവിനെ അടുത്തനുഗമിക്കുക വഴി ദിവ്യകാരുണ്യത്തിന്റെ മക്കളായ നമ്മില്‍ നിന്നും ക്രിസ്തു ആഗ്രഹിക്കുക ബലിയില്‍ നിന്നും ചൈതന്യം ഉള്‍ക്കൊണ്ട് ദിവ്യകാരുണ്യത്തിന്റെ ആത്മീയത ജീവിക്കുന്നവരായി നാം രൂപാന്തരപ്പെടണമെന്നാണ്. ഈ ദിവ്യകാരുണ്യത്തിന്റെ ആത്മീയത പുല്‍കിയതു കൊണ്ടാണ് വി. മദര്‍ തെരേസയ്ക്ക് ആലംബഹീനരില്‍ ക്രിസ്തുവിനെ കണ്ട് അവരെ ശുശ്രൂഷിക്കാന്‍ കഴിഞ്ഞത്, വി. മാക്‌സ്മില്യന്‍ കോള്‍ബെയ്ക്ക് അപരിചിതനു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കാന്‍ സാധിച്ചത്, ഫാ. ഡാമിയന് കുഷ്ഠരോഗികളോടൊപ്പമായിരുന്ന് അവരെ ശുശ്രൂഷിക്കാന്‍ സാധിച്ചത്. ഇങ്ങനെ അനേകം ജീവിക്കുന്ന ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. നമ്മുടെ കാണപ്പെടുന്ന സഹോദരങ്ങള്‍ക്കു വേണ്ടി സമയം ചെലവഴിച്ചു കൊണ്ട് അവരുടെ വേദനയില്‍ പങ്കുചേര്‍ന്ന് മറ്റൊരു മദര്‍ തെരേസയും കോള്‍ബെയും ഡാമിയനുമൊക്കെയായി നമുക്കും മാറാം. സര്‍വ്വോപരി മറ്റൊരു ക്രിസ്തുവായി നമുക്കും രൂപാന്തരപ്പെടാം.

നല്ല സമരിയാക്കാരന്റെ ഉപമയില്‍ കാണുന്ന, മരണത്തോട് മല്ലടിക്കുന്ന മനുഷ്യന്റെ അടുത്തേക്ക് സ്‌നേഹത്തിന്റെ ദിവ്യൗഷധവുമായി കടന്നുവന്ന് അവന്റെ വേദനയിലേക്ക് ഇറങ്ങിച്ചെന്ന് തന്റെ കൈവശമുള്ളതെല്ലാം നല്‍കി അപരനെ ശുശ്രൂഷിക്കാന്‍ തയ്യാറായ നല്ല സമരിയാക്കാരനെ നമുക്കും നമ്മുടെ ജീവിതത്തില്‍ മാതൃകയാക്കാം. സ്വര്‍ഗരാജ്യത്തെ ലക്ഷ്യമാക്കിയുള്ള നമ്മുടെ ജീവിതവഴിത്താരയില്‍ ക്രിസ്തു കാണിച്ചുതരുന്ന മാതൃക സ്വായത്തമാക്കാം. അതിനായി നമ്മുടെ ഹൃദയത്തില്‍ എപ്പോഴും നമുക്ക് കുറിച്ചിടാം, ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

കാരുണ്യവാനായ കര്‍ത്താവ് നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. നിധിന്‍ ഐക്കര

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.