ശ്രീലങ്കയിലെ ഈസ്റ്റർ ദിന സ്ഫോടനം: കൊല്ലപ്പെട്ട 171 കത്തോലിക്കരെ രക്തസാക്ഷികളായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്പതിനായിരത്തോളം പേർ

2019-ലെ ഈസ്റ്റർ ദിന സ്ഫോടനത്തിൽ ഇരകളായ 171 പേരെ രക്തസാക്ഷികളായി അംഗീകരിക്കണമെന്ന് 50,000-ത്തിലധികം കത്തോലിക്കർ ശ്രീലങ്കയിലെ കത്തോലിക്കാ സഭയോട് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട 171 പേർ കൊളംബോ നഗരത്തിലെ സെന്റ് സെബാസ്റ്റ്യൻ, സെന്റ് അൻ്റോണിയോ പള്ളികളിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കവേയാണ് ആക്രമണം നടന്നത്.

സ്ഫോടനം നടന്ന് അഞ്ച് വർഷത്തിന് ശേഷം, ഏപ്രിൽ 21-ന് 171 കത്തോലിക്കരുടെ രക്തസാക്ഷിത്വം അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുമെന്ന് പ്രാദേശിക സഭ പ്രഖ്യാപിച്ചു. കൊളംബോ അതിരൂപത ഇത് സംബന്ധിച്ച് വിശുദ്ധരുടെ കാരണങ്ങൾക്കായുള്ള ഡിക്കസ്റ്ററിക്ക് ഒരു ഔദ്യോഗിക അഭ്യർഥന അയയ്ക്കും. അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് സെന്റ് അന്തോണിയോ ദൈവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ ശ്രീലങ്കയിലെ കത്തോലിക്കാ സഭ അഞ്ച് വർഷമായി നീതി ആവശ്യപ്പെടുകയാണെന്നും 2019 ആക്രമണത്തെക്കുറിച്ച് അന്താരാഷ്ട്രവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും കർദിനാൾ രഞ്ജിത്ത് വെളിപ്പെടുത്തി.

എട്ട് ചാവേറുകൾ രണ്ട് കത്തോലിക്കാ പള്ളികളിലും ഒരു ഇവാഞ്ചലിക്കൽ ആരാധനാകേന്ദ്രത്തിലും മൂന്ന് ആഡംബര ഹോട്ടലുകളിലും ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ 269-പേർ കൊല്ലപ്പെടുകയും 500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.