ഞായര്‍ പ്രസംഗം 2, നോമ്പുകാലം ഏഴാം ഞായര്‍ മാര്‍ച്ച്‌ 28 മത്തായി 21: 1-17 കര്‍ത്താവേ, ഞങ്ങളെ രക്ഷിക്കേണമേ

ഡീ. റോബിന്‍ കോലഞ്ചേരി MCBS

കുരിശുമരണത്തിലൂടെയാണെങ്കിലും തന്റെ പ്രിയര്‍ക്ക് രക്ഷ നല്‍കാനുള്ളൊരു ചങ്കുറപ്പും പ്രസാദപൂര്‍ണ്ണമായൊരു മന്ദസ്മിതവുമായിരുന്നു അവന്റെ മുഖത്ത്. സീയോന്‍പുത്രിയുടെ ആനന്ദവും ആര്‍പ്പുവിളിയും അവനായിരുന്നു; എന്റെയും. രക്ഷിക്കണേ – ഓശാന എന്ന നെടുവീര്‍പ്പില്‍ രാജാധിരാജനായി അവന്‍ കടന്നുവരുന്നു. പിന്നീട് എന്റെ വഴികളില്‍ ഒലിവ് പൂത്തു. ഉടയാടകള്‍ പരവതാനികളായി. നെടുവീര്‍പ്പുകള്‍ ശാന്തിഗീതങ്ങളായി. ആരവങ്ങള്‍ക്കും ആര്‍പ്പുവിളികള്‍ക്കും ആള്‍ക്കൂട്ടത്തിനുമിടയില്‍ ആത്മാര്‍പ്പണത്തിന്റെ പതറാത്ത പാദചലനങ്ങള്‍. അതെ, ആരവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമിടയില്‍ ശാന്തനായി കഴുതപ്പുറത്ത് വന്നവനെ അനുസ്മരിക്കുന്ന തിരുനാള്‍ – ഓശാനത്തിരുനാള്‍. ഏവര്‍ക്കും തിരുനാളിന്റെ നന്മകള്‍ നേരുന്നു!

മിശിഹായില്‍ പ്രിയപ്പെട്ടവരേ,

ക്രിസ്തുമസ്, ക്രിസ്തുവിന്റെ ഉപേക്ഷയുടെ ദിവസമായപ്പോള്‍ ‘ഓശാന’ ശാന്തമായി, എല്ലാവര്‍ക്കുമായി സ്വര്‍ഗ്ഗരാജ്യം നേടാനുള്ള സഹനങ്ങളുടെ വേദിയായ ജറുസലേമിലേയ്ക്കുള്ള ഒരു ചുവടുവയ്പ്പായിരുന്നു. ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തെ ഓശാന പാടി അനുസ്മരിക്കുമ്പോള്‍ ‘അത് എപ്രകാരമായിരുന്നു, എന്തിനു വേണ്ടിയായിരുന്നു’ എന്നു മനസ്സിലാക്കേണ്ടതുണ്ട്.

രാജാക്കന്മാര്‍ അവരുടെ നഗരങ്ങളിലേയ്ക്ക് എങ്ങനെയാണ് എഴുന്നള്ളുക എന്ന് നേരിട്ടു കണ്ടിട്ടില്ലെങ്കിലും കഥകളിലൂടെയും ചരിത്രത്തിലൂടെയും നാം നമ്മുടെ മനസ്സുകളില്‍ ചിത്രീകരിച്ചിട്ടുണ്ട്. ആയുധധാരികളായ പടയാളികളുടെയും ആനകളുടെയും കുതിരകളുടെയുമൊക്കെ വലിയ ഒരു സൈന്യത്തിന്റെ അകമ്പടിയോടെയാണ് അതെന്ന് നമുക്കറിയാം. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു എഴുന്നള്ളത്തിന്റെയും വരവേല്‍പിന്റെയും ഓര്‍മ്മ ഇന്ന് നമ്മള്‍ ആചരിക്കുന്നു.

എപ്രകാരമായിരുന്നു ക്രിസ്തുവിന്റെ വരവ്?

കുരിശ് പുണരേണ്ടവന്‍ കുതിരപ്പുറത്തോ സൈനിക അകമ്പടിയോടെയോ അല്ല വരിക. അവന്‍ കഴുതപ്പുറത്താണ് വരുന്നത്. കഴുത – കേള്‍ക്കുമ്പോള്‍ തന്നെ പ്രാധാന്യമില്ലാത്ത, ചിരിയുണര്‍ത്തുന്ന വാക്ക്. മനുഷ്യന്റെ അപ്രധാനത്തെ പ്രാധാന്യമുള്ളതായി കാണുന്ന ദൈവം. വിനയാന്വിതനായി കഴുതയുടെ പുറത്ത് വരുന്ന രാജാവ് – അതാണ് ക്രിസ്തു. റോമന്‍ പാരമ്പര്യമനുസരിച്ച് രാജാവ് കഴുതപ്പുറത്ത് എഴുന്നള്ളുന്നത് സമാധാനത്തിന്റെ സൂചനയാണ്. 1 രാജാ. 1:38-ാം വാക്യത്തില്‍, സോളമന്‍ രാജാവ് കിരീടധാരണത്തിനായി ജറുസലേമിലേയ്ക്കു വരുന്നത് തന്റെ പിതാവായ ദാവീദിന്റെ കഴുതപ്പുറത്താണ്. ക്രിസ്തു ഇവിടെ ജറുസലേമിലേയ്ക്ക് വരിക തന്റെ പിതാവിന്റെ സൃഷ്ടിയിലുള്‍പ്പെടുന്ന മൃഗമായ ഒരു കഴുതയുടെ പുറത്താണ്. ‘സമാധാനത്തിന്റെ നഗരം’ എന്ന് അര്‍ത്ഥമുള്ള ‘ജറുസലേം’ നഗരത്തിലേയ്ക്ക്, ‘ദാവീദിന്റെ നഗരം’ എന്ന് അറിയപ്പെട്ടിരുന്ന ജറുസലേമിലേയ്ക്ക് പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായാണ് ക്രിസ്തു വരുന്നത് എന്നാണ് മത്തായി ശ്ലീഹാ 2:15-ലൂടെ പറഞ്ഞുവയ്ക്കുക. “സീയോന്‍പുത്രിയോടു പറയുക; ഇതാ, നിന്റെ രാജാവ് കഴുതക്കുട്ടിയുടെ പുറത്ത് നിന്റെ അടുത്തേയ്ക്ക് വരുന്നു” ഏശയ്യാ 62:11, സഖ. 9:9 എന്നീ പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായി മിശിഹാ വരുന്നു എന്നതാണ് ഇതിന്റെ സൂചന (സീയോന്‍ ജറുസലേമിന്റെ പ്രതീകമാണ്).

ക്രിസ്തു ആരാണ്? ഓരോന്നോരോന്നായി ത്യജിച്ചവന്‍. അവകാശപ്പെട്ട സ്വര്‍ഗ്ഗം ഉപേക്ഷിച്ചു. ദൈവികതയുടെ മഹിമ കൈവിട്ടു. അഹന്തയാല്‍ ദൈവത്തെപ്പോലെയാകാന്‍ മോഹിച്ച മനുഷ്യരെ അത്ഭുതപ്പെടുത്തിയവന്‍ ക്രിസ്തു. ഏറ്റവും എളിയവനായി കഴുതപ്പുറത്തു വന്നവന്‍. ക്രിസ്തു സ്വീകരിച്ച മാര്‍ഗ്ഗം വലിയ എളിമയുടേതാണ്. ക്രിസ്തുശിഷ്യരായ നമ്മള്‍ എപ്രകാരമാണ് ആയിരിക്കുന്നത്? സ്വന്തം നില മറന്നുകൊണ്ട് ക്രിസ്തു പ്രവര്‍ത്തിച്ചതുകൊണ്ടല്ലേ നമുക്ക് സ്വര്‍ഗ്ഗം ലഭിക്കാനുള്ള സാഹചര്യം ഉണ്ടായത് Rick Warren പറയുന്നത് എത്ര ശരിയാണ്: “It is only when we forget ourselves to be we do the things that deserve to be rememberd – സ്വയം മറന്നു നമ്മള്‍ ചെയ്യുന്ന കാര്യത്തിനു മാത്രമേ ഓര്‍മ്മിക്കപ്പെടാനുള്ള യോഗ്യതയുള്ളൂ.” പുല്‍ക്കൂട് മുതല്‍ ആരംഭിച്ച ഈ സ്വയം മറക്കല്‍, സ്വയം എളിമപ്പെടുത്തല്‍, കഴുതപ്പുറത്ത് ഇരുന്നുകൊണ്ടും പെസഹാവ്യാഴാഴ്ച സ്വയം ഓര്‍മ്മയായി മാറി വിശുദ്ധ കുര്‍ബാന സ്ഥാപിച്ചുകൊണ്ടും കാല്‍വരിയില്‍ കുരിശില്‍ അത് പൂര്‍ത്തീകരിച്ചുകൊണ്ടും നീങ്ങിയത് ഉത്ഥാനത്തിന്റെ വിജയത്തിലേയ്ക്കാണ്. ക്രിസ്തു ഇത്രയോളം ശാന്തനായെങ്കില്‍, എളിമപ്പെട്ടെങ്കില്‍ ക്രിസ്തുവിനെ അനുഗമിക്കുന്ന നമ്മള്‍ എത്രത്തോളം ആകേണ്ടിയിരിക്കുന്നു? ക്രിസ്തു പഠിപ്പിക്കുന്നു: “ഞാന്‍ വിനീതഹൃദയനും ശാന്തശീലനുമാണ്” (മത്തായി 11:29). അഹങ്കരിക്കുന്ന മനുഷ്യന് ക്രിസ്തു എന്നും എളിമയുടെ മാതൃകയാണ്. നമുക്കും ഹൃദയങ്ങളില്‍ സൂക്ഷിക്കാം; സാധിക്കുമ്പോഴൊക്കെ ഉരുവിടാം ഈ സുകൃതജപം: “ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ, എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിനൊത്തതാക്കേണമേ.”

എന്തിനു വേണ്ടിയായിരുന്നു അപ്രകാരമൊരു വരവ്?

പെസഹായ്ക്ക് നാലു ദിവസങ്ങള്‍ക്കു മുമ്പ് – പെസഹാക്കുഞ്ഞാടിനെ തിരഞ്ഞെടുക്കണമെന്ന നിര്‍ദ്ദേശമുണ്ട് (പുറ. 12:3) – ബലിക്കുള്ള ഈ കുഞ്ഞാടിനെ തിരഞ്ഞെടുത്ത് പരസ്യപ്പെടുത്തുന്ന ആഘോഷം എന്നാണ് ‘ഓശാന’യെ ഫുള്‍ട്ടന്‍ ജെ. ഷീന്‍ വിശേഷിപ്പിക്കുന്നത്.

എല്ലാവര്‍ക്കും വേണ്ടി സ്വയം കുഞ്ഞാടായി നിന്നുകൊടുത്ത ക്രിസ്തു. തന്നെത്തന്നെ മനുഷ്യരുടെ മുമ്പില്‍ പ്രതീകാത്മകമായും ദൈവത്തിന്റെ മുമ്പില്‍ യാഥാര്‍ത്ഥ്യമായും വച്ചുകൊടുത്തു അവന്‍. ദൈവത്തിന്റെ നഗരത്തിലേയ്ക്കാണ് പ്രവചനങ്ങള്‍ പൂര്‍ത്തിയാകേണ്ട, തന്റെ പീഡാനുഭവങ്ങളുടെയും കുരിശുമരണത്തിന്റെയും സ്ഥലമായ ജറുസലേമിലേയ്ക്കാണ് ക്രിസ്തുവിന്റെ രാജകീയവരവ്. രാജകീയപ്രവേശനം പോലെയായിരുന്നുവെങ്കിലും അതിന്റെ ലക്ഷ്യം കുരിശും സഹനവുമായിരുന്നു. മൂന്നു തവണ തന്റെ ‘പീഡാനുഭവ-മരണ പ്രവചനങ്ങളില്‍’ നമ്മള്‍ ജറുസലേമിലേയ്ക്കു പോകുന്നു എന്നു പറഞ്ഞതെല്ലാം ഈ ദിനം നടക്കുകയാണ്. തന്റെ ലക്ഷ്യത്തിന് പ്രാധാന്യം കല്‍പിച്ചുകൊണ്ട് നടന്നുനീങ്ങിയവനാണ് അവന്‍. ജീവിതത്തിലെ ഏതു പ്രശ്നങ്ങളിലും നമുക്ക് വഴിയായവനിലുള്ള പ്രത്യാശ നമുക്ക് കൈവിടാതിരിക്കാം. അവിടെയാണ് ‘ഹോസാന’ എന്ന പദത്തിന്റെ അര്‍ത്ഥം നമ്മള്‍ തിരിച്ചറിയേണ്ടത്.

‘ഹോസാന – ഞങ്ങളെ രക്ഷിക്കേണമേ’ എന്ന് അര്‍ത്ഥം. ‘കര്‍ത്താവേ, ദാവീദിന്റെ പുത്രാ, ഞങ്ങളില്‍ കനിയണമേ’ എന്നുപറഞ്ഞ അന്ധരിലും (മത്തായി 20:30) ‘കര്‍ത്താവേ, ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ’ എന്ന് അപേക്ഷിച്ച കാനാന്‍കാരിയിലും (മത്തായി 15:22) മത്തായി ശ്ലീഹാ വരച്ചുകാട്ടുന്നത് ഈ പദത്തിന്റെ അനുകരണങ്ങളാണ്. രക്ഷയ്ക്കു വേണ്ടിയുള്ള ഇസ്രായേല്‍ ജനത്തിന്റെ യാചന കേട്ട ദൈവം ഈജിപ്തില്‍ നിന്ന് അവരെ രക്ഷിച്ചു. അനുഗ്രഹത്തിന്റെ നാട്ടിലേയ്ക്കുള്ള വഴിയില്‍ മരുഭൂമിയില്‍ വച്ച് പകല്‍ മേഘസ്തംഭമായും, രാത്രി അഗ്നിസ്തംഭമായും ദൈവം കൂടെ നടന്നു. അതേ ദൈവസാന്നിദ്ധ്യമാണ് ക്രിസ്തുവും തരുന്നത്. നമ്മുടെ വിളി കേള്‍ക്കാന്‍, നമ്മോടൊപ്പം ലോകാവസാനം വരെ ആയിരിക്കാന്‍ അപ്പമായവനാണ് അവന്‍. എല്ലാമാകാനായി ഒന്നുമില്ലാതെ ആയവന്‍. നമ്മുടെ വിളികള്‍ അവന്‍ കേള്‍ക്കണമെങ്കില്‍ നാം അവനെപ്പോലെയാകണം. ഓശാനത്തിരുനാളിലെ അവന്റെ വരവിന്റെ പ്രത്യേകതകള്‍ നമ്മുടെ ജീവിതങ്ങളിലുമുണ്ടാകണം.

നേടാന്‍ ആര്‍ക്കുമാവും. കൈവിടാന്‍ കഴിയുന്നതാണ് സാഫല്യം. ഒരു മണ്‍തരി പോലും സ്വന്തമല്ലെന്നു ബോദ്ധ്യമായവന്റെ നിര്‍വൃതിയാണ് അവന്‍. ഒന്നാമനാകാനുള്ള നമ്മുടെ ആഗ്രഹം ദൈവത്തെ നഷ്ടമാകാനുള്ള ഭാവി ആയിത്തീരരുത്. എളിമപ്പെടുക എന്നത് എളുപ്പമുള്ള ഒന്നല്ല. പക്ഷേ, ജീവിതത്തിലും തമ്പുരാന്റെ മുമ്പിലും എളിമപ്പെടാന്‍ നിനക്കായാല്‍ സ്വര്‍ഗ്ഗരാജ്യം നിന്നില്‍ നിന്ന് അകലെയല്ല എന്ന് ഓര്‍ക്കുക. ‘രക്ഷിക്കണമേ’ എന്നുപറഞ്ഞ് ദൈവത്തെ ആത്മാര്‍ത്ഥമായി വിളിക്കാന്‍ നിനക്കായാല്‍ പീഡാനുഭവവും ദുഃഖവെള്ളിയും കടന്ന് വിജയശ്രീലാളിതനായവന്‍ നിന്റെ പീഡാനുഭവ വഴികളിലും കൂടെയുണ്ടാകും. നിന്നെ തളര്‍ത്താനല്ല, തകര്‍ക്കാനുമല്ല മറിച്ച്, നിന്നെ താങ്ങാന്‍, സഹായിക്കാന്‍. കാരണം, മണ്ണോളം താഴുമ്പോഴാണ് വിണ്ണോളം ഉയര്‍ത്തപ്പെടുക എന്ന് അവന്‍ കാണിച്ചുതന്നിട്ടുണ്ട്. നമുക്ക് അവനോട് എളിമയോടെ ‘ഞങ്ങളെ രക്ഷിക്കണമേ’ എന്നു വിളിച്ച് അപേക്ഷിക്കാം. അപ്പോള്‍ ജീവിതത്തില്‍ നമ്മളും ശക്തിയില്‍ കുതിരയെപ്പോലെയും, ഗാംഭീര്യത്തില്‍ സിംഹത്തെപ്പോലെയും, തലയെടുപ്പില്‍ ആനയെപ്പോലെയും, പരിശ്രമത്തില്‍ ചിലന്തിയെപ്പോലെയും, ലക്ഷ്യത്തില്‍ കഴുകനെപ്പോലെയും, ക്ഷമയില്‍ മഹര്‍ഷിയെപ്പോലെയും, ഉറപ്പില്‍ പാറ പോലെയും, നന്മ സമ്പാദിക്കുന്നതില്‍ ഉറുമ്പിനെപ്പോലെയും, കനിവില്‍ മരങ്ങളെപ്പോലെയും, മനഃശുദ്ധിയില്‍ ശിശുവിനെപ്പോലെയും, സ്‌നേഹത്തില്‍ അമ്മയെപ്പോലെയും, മനസ്സില്‍ ആകാശം പോലെയും ആയിത്തീരും.

ഓശാനത്തിരുനാളിന്റെ ആഴമായ അര്‍ത്ഥം ജീവിക്കാന്‍ ഞങ്ങളെ സഹായിക്കണമേ എന്ന പ്രാര്‍ത്ഥനയോടെ വിശുദ്ധ ബലിയിലായിരിക്കാം. എല്ലാമറിയുന്ന നല്ലവനായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ഡീ. റോബിന്‍ കോലഞ്ചേരി MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.