ഞായര്‍ പ്രസംഗം 2, ദനഹാക്കാലം ആറാം ഞായര്‍ ഫെബ്രുവരി 07 യോഹ. 3: 22-31 എളിമ: ഏറ്റവും പ്രയാസകരമായ പുണ്യം

ബ്ര. അജു കുരീക്കാട്ട് MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന വൈദികരേ, സഹോദരങ്ങളേ,

ഈശോയുടെ മാമ്മോദീസയും പ്രത്യക്ഷീകരണവും പരസ്യജീവിതവും ധ്യാനവിഷയമാക്കുന്ന ദനഹാക്കാലത്തിലെ അവസാന ആഴ്ചയിലേയ്ക്ക് നമ്മള്‍ പ്രവേശിച്ചിരിക്കുകയാണ്. ദനഹാക്കാല ഞായറാഴ്ചകളിലെ ഭൂരിഭാഗ വായനകളിലും ഈശോയോടൊപ്പം പ്രത്യക്ഷപ്പെടുന്ന വ്യക്തിയാണ് സ്‌നാപകയോഹന്നാന്‍. ഇന്ന് ദനഹാക്കാലം 6-ാം ഞായറാഴ്ച യോഹ. 3:30, “അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം” എന്നുപറഞ്ഞ് എളിമയോടെ ക്രിസ്തുവിനുവേണ്ടി വഴിമാറുന്ന സ്‌നാപകനെ വചനം നമ്മുടെ മുമ്പില്‍ വരച്ചുകാണിക്കുന്നു.

വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകളിലൂടെ കണ്ണോടിച്ചാല്‍, ഒന്നാമനാകുവാനുള്ള ആഗ്രഹമാണ് പലരുടെയും പതനത്തിനും മരണത്തിനും കാരണമാകുന്നത്. സ്രഷ്ടാവിനേക്കാള്‍ കേമനാവുക എന്നതാണ് ആദ്യമനുഷ്യരുടെ പതനത്തിനു കാരണം. ആബേല്‍ തന്നേക്കാള്‍ കേമനാണെന്ന അപകര്‍ഷതയാണ് കായേനെ കൊലപാതകിയാക്കിയത്. അപ്പന്‍ തങ്ങളേക്കാള്‍ അനുജനെ സ്‌നേഹിക്കുന്നുവെന്ന അസൂയയാണ് ജോസഫിന് പൊട്ടക്കിണറും പിന്നീട് അടിമത്വവും വിധിച്ചത്. ഇങ്ങനെയുള്ള ഈ ലോകത്തിലാണ് ഏറ്റവും പ്രയാസകരമായ പുണ്യമായ എളിമയും പ്രകാശിപ്പിച്ച് യോഹന്നാന്‍ നില്‍ക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിന്റെ കണ്ണുകളിലൂടെ നോക്കുമ്പോള്‍ ശക്തമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് സ്‌നാപകയോഹന്നാന്‍.
“നീയോ കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകന്‍ എന്നു വിളിക്കപ്പെടും. കര്‍ത്താവിന് വഴിയൊരുക്കാന്‍ അവന്റെ മുമ്പേ പോകും” എന്ന പിതാവായ സഖറിയായുടെ വാക്കുകള്‍ അക്ഷരംപ്രതി പാലിച്ച് ഏലിയായുടെ തീക്ഷ്ണതയോടെ ജീവിച്ച വ്യക്തിയാണ് സ്‌നാപകയോഹന്നാന്‍.

തന്റെ ചുറ്റുമുള്ളവര്‍ക്ക് ഏറെ സമ്മതനും അവരുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയവനുമാണ് സ്‌നാപകയോഹന്നാന്‍. എങ്കിലും എന്താണ് സ്‌നാപകയോഹന്നാനെ ഇത്രയധികം ഏളിമയുള്ളവനാക്കിത്തീര്‍ക്കുന്നത്? അത് സ്വയാവബോധമാണ്. താന്‍ ആരാണെന്നും തന്റെ ജന്മലക്ഷ്യമെന്താണെന്നും തന്റെ കര്‍മ്മലക്ഷ്യമെന്താണെന്നും സ്‌നാപകന് ഉറച്ച ബോദ്ധ്യമുണ്ടായിരുന്നു. അതിനാല്‍ തന്നെ യോഹന്നാന്‍ തന്നെത്തന്നെ ഉപമിക്കുന്നത് മണവറത്തോഴനോടാണ്. മണവാട്ടിക്ക് മണവാളനെ പരിചയപ്പെടുത്തുകയും അവരെ ഒരുമിപ്പിക്കാന്‍ സഹായിക്കുകയും അതില്‍ ആനന്ദിക്കുകയും ചെയ്യുന്നവനാണ് മണവറത്തോഴന്‍.

ഇന്നത്തെ ഒന്നാം വായന നിയമാ. 22:14-22 വാക്യങ്ങളെ ഒറ്റവാക്കിലേയ്ക്ക് ചുരുക്കിയാല്‍ സഹോദരന്റെ വളര്‍ച്ചയില്‍, അവന്റെ സന്തോഷത്തില്‍ ഒരിക്കലും തടസ്സം നില്‍ക്കരുതെന്ന് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നു. തന്റെ പിന്നാലെ വന്നവര്‍ യേശുവിന്റെ പിന്നാലെ പോകുന്നതു കണ്ടിട്ടും യോഹന്നാന്‍ നിരാശനാകാത്തത് ക്രിസ്തു എന്ന മണവാളനിലേയ്ക്ക് ദൈവജനമാകുന്ന മണവാട്ടിയെ ഒന്നിപ്പിക്കുവാന്‍ സാധിച്ച മണവറത്തോഴന്റെ ആനന്ദം അനുഭവിക്കുന്നതിനാലാണ്.

സ്‌നാപകന്റെ ജീവിതം ഏതൊരു ക്രിസ്ത്യാനിയുടെയും ജീവിതവിളിയാണ്. ക്രിസ്തുവാകുന്ന മണവാളനിലേയ്ക്ക് അവിടുത്തെ മണവാട്ടിയായ സഭയെ ചേര്‍ത്തുനിര്‍ത്തുക എന്നത് എന്റെയും നിങ്ങളുടെയും ജീവിതലക്ഷ്യമാണ്. ക്രിസ്തുവിലേയ്ക്ക് സഭയെ നയിക്കാന്‍ അഭിഷേകം ലഭിച്ച സുവിശേഷ പ്രസംഗകന്മാരുടെ ജീവിതത്തില്‍ ആത്മീയ അഹങ്കാരത്തിന്റെ ആശയങ്ങള്‍ ഉളവായതാണ് നമ്മള്‍ ഇന്ന് ദര്‍ശിക്കുന്ന പല സെക്ടറുകളും സഭാവിഭാഗങ്ങളും.

വില്യം ഷേക്‌സ്പിയറിന്റെ കവിതയായ Seven Ages-ല്‍ ഇപ്രകാരം പറഞ്ഞുവയ്ക്കുന്നു: “ക്രിസ്തീയജീവിതവും ഒരു നാടകവേദിയാണ്. നമ്മളെല്ലാം അതിലെ കലാകാരന്മാരും. നമ്മുടെ ഭാഗം നമ്മുടെ കഴിവനുസരിച്ച് പിറകെ വരുന്ന നായകനായി രംഗം ഒരുക്കി വേദി ഒഴിഞ്ഞുകൊടുക്കണം.” തന്റെ ഭാഗം ശരിയായി അഭിനയിച്ച് മണവാളനായ ക്രിസ്തുവിലേയ്ക്ക് സഭയായ മണവാട്ടിയെ നയിച്ചവനാണ് യോഹന്നാന്‍.

നമുക്കൊന്ന് വിചിന്തനം ചെയ്യാം, ഒരു ക്രിസ്ത്യാനി എന്ന നിലയ്ക്ക് ചുറ്റുമുള്ളവരെ ഞാന്‍ ക്രിസ്തുവിലേയ്ക്ക് നയിക്കുന്നുണ്ടോ? ക്രിസ്തുവാകുന്ന മണവാളനു പകരം എന്നെത്തന്നെ മണവാളനായി ഞാന്‍ പ്രതിഷ്ഠിക്കുന്നുണ്ടോ? പിതാവ് തെളിച്ച പാതയിലൂടെ നടക്കാന്‍ വിശുദ്ധ ഗ്രന്ഥം നമുക്ക് സമ്മാനിക്കുന്ന പാഠശാലയാണ് തിരുക്കുടുംബം. വിശുദ്ധ ഗ്രന്ഥത്തില്‍ ഒരു വാക്കു പോലും ഉച്ചരിക്കാതെ ദൈവനിയോഗങ്ങളെ ശിരസ്സാവഹിച്ച വി. യൗസേപ്പിതാവ് നാഥനായ തിരുക്കുടുംബത്തില്‍, ‘ഇതാ, കര്‍ത്താവിന്റെ ദാസി’ എന്നുപറഞ്ഞ് തന്നെ പൂര്‍ണ്ണമയി സമര്‍പ്പിച്ച പരുശുദ്ധ കന്യകാമറിയം നാഥയായ തിരുക്കുടുംബത്തില്‍, ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയില്‍ വളരാന്‍ ഈശോ പരിശീലിച്ച തിരുക്കുടംബത്തില്‍ വിളങ്ങിയ എളിമ എന്ന പരമപുണ്യത്തിനായി ഈ ദിവ്യബലിയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

വിശുദ്ധ കുര്‍ബാന എളിമപ്പെട്ടവന്റെ ജീവിതധ്യാനമാണ്. ഫിലി. 2:6-8 വാക്യങ്ങളില്‍ ന മ്മള്‍ ഇപ്രകാരം വായിക്കുന്നു: “ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിലായിത്തീര്‍ന്നു. മരണം വരെ അതെ, കുരിശുമരണം വരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി.”

അപ്പത്തോളം ചെറുതായ ക്രിസ്തുവിന്റെ ജീവിതധ്യാനമാണ് വിശുദ്ധ കുര്‍ബാന. എളിമയുള്ളവരാകാന്‍ ഈ വിശുദ്ധ കുര്‍ബാനയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. സര്‍വ്വശക്തനായ ദൈവം നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമ്മേന്‍.

ഫാ. അജു കുരീക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.