ഞായർ പ്രസംഗം 2, ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം ഞായർ സെപ്റ്റംബർ 05 ഹൃദയം കൊണ്ട് നൂറുമേനി ഫലം പുറപ്പെടുവിക്കുക

ബ്ര. ക്രിസ്റ്റിന്‍ കണ്ണേഴത്ത് MCBS

ദിവ്യകാരുണ്യ ഈശോയില്‍ പ്രിയ സഹോദരരേ,

മിശിഹായുടെ പുനരാഗമനത്തെയും അന്ത്യവിധിയെയും ധ്യാനിച്ചുകൊണ്ട് ജീവിതത്തെ പ്രത്യാശാപൂര്‍വ്വം കരുപ്പിടിപ്പിക്കുവാന്‍ സഭാമാതാവ് തന്റെ തനയരെ ആഹ്വാനം ചെയ്യുന്ന ഏലിയാ സ്ലീവാ മൂശാക്കാലത്തിലെ രണ്ടാം ആഴ്ചയിലേക്ക് നാം ഇന്ന് പ്രവേശിക്കുമ്പോള്‍ തിരുസഭാ മാതാവ് നമുക്ക് വിചിന്തനത്തിനായി തന്നിരിക്കുന്ന വചനഭാഗം വി. മത്തായിയുടെ സുവിശേഷം 13-ാം അദ്ധ്യായം 1 മുതല്‍ 9 വരെയും 18 മുതല്‍ 23 വരെയുമുള്ള വാക്യങ്ങളാണ്.

ഇന്നത്തെ സുവിശേഷത്തിലൂടെ രണ്ട് പ്രധാന ആശയങ്ങളാണ് ക്രിസ്തു നമ്മോട് പങ്കുവയ്ക്കുന്നത്. ഒന്നാമതായി, വ്യത്യസ്ത നിലങ്ങള്‍ എങ്ങനെ വചനത്തെ സ്വീകരിക്കുന്നതിനായി ഒരുക്കപ്പെടണമെന്നും രണ്ടാമതായി, വചനവിത്ത് നേരിടേണ്ടിവരുന്ന വിവിധതരം പ്രലോഭനങ്ങളെക്കുറിച്ചും. ഈ രണ്ടു കാര്യങ്ങളും പഠിപ്പിക്കുന്നതിലൂടെ ദൈവരാജ്യം എന്ന മഹാരഹസ്യത്തെ ക്രിസ്തു നമുക്ക് വ്യക്തമാക്കിത്തരുന്നു. വചനത്തില്‍ കാണുന്ന നാലു തരത്തിലുള്ള നിലങ്ങള്‍ വചനം സ്വീകരിക്കുന്ന ഒരു വ്യക്തിയുടെ നാലു തരത്തിലുള്ള മനോഭാവങ്ങളെയാണ് സൂചിപ്പിക്കുന്നത്.

ഒന്നാമതായി, വിത്തു വീണ സ്ഥലമാണ് വഴിയരിക്. ആളുകള്‍ നടന്നു തറഞ്ഞ നിലമാണ് വഴി. അവിടെ വിതയ്ക്കപ്പെടുന്ന വിത്തിന് വേരോടാനാവാതെ അതേപടി കിടക്കുവാനേ സാധിക്കൂ. മനുഷ്യഹൃദയങ്ങളില്‍ പലവിധത്തിലുള്ള അബദ്ധപ്രബോധനങ്ങളും ആശയങ്ങളും കയറിയിറങ്ങുമ്പോള്‍ തറഞ്ഞ നിലം പോലെയാകുന്നു. പൊതുവഴിയായി മാറിയ ഹൃദയങ്ങള്‍ക്ക് വചനത്തെ സംരക്ഷിക്കുക സാദ്ധ്യമല്ല. പക്ഷികള്‍ വന്ന് അവ തിന്നുകളഞ്ഞു എന്നതാണ് വഴിയരികില്‍ വീണ വിത്തിന്റെ അന്ത്യം. വിതയ്ക്കപ്പെട്ട നിലമായ നമുക്കുണ്ടാകുന്ന പ്രലോഭനവും പ്രലോഭകനും ദുഷ്ടനായ സാത്താന്‍ തന്നെയാണ് വചനമാകുന്ന വിത്തിനെ അപഹരിച്ചുകൊണ്ടു പോകുന്നത്.

രണ്ടാമതായി, മണ്ണ് അധികമില്ലാത്ത പാറമേലാണ് വിത്ത് വീണത്. കഠിനമായി ഉറപ്പാര്‍ന്നതാണ് പാറ. അതിനു പുറമേ അല്‍പം മണ്ണുണ്ടായിരുന്നു എന്നത് വിത്ത് വളരാന്‍ പര്യാപ്തമല്ല. വേരോടുവാന്‍ മണ്ണിന് ആഴമുണ്ടായിരിക്കണം. പാറ എന്നത് കഠിനമാക്കപ്പെട്ട ഹൃദയത്തിന്റെ അവസ്ഥയാണ്. മണ്ണിന്റെ ആഴക്കുറവ് എന്നത് നമ്മില്‍ വിതയ്ക്കപ്പെട്ട വചനത്തിന് വളരുവാന്‍ സാധിക്കാത്ത അവസ്ഥയും. ക്ലേശങ്ങളും സഹനങ്ങളുമാകുന്ന പ്രലോഭനങ്ങള്‍ നേരിടുമ്പോള്‍ വചനത്തിന് നമ്മില്‍ ആഴപ്പെടുവാന്‍ സാധിക്കാതെ വരും.

മൂന്നാമതായി, മുള്‍ച്ചെടികള്‍ക്കിടയിലാണ് വിത്ത് വീണത്. ആയതിനാല്‍ അവയ്ക്ക് ഫലമേകാനായില്ല. അനേകമാളുകള്‍ ഈ കാലഘട്ടത്തില്‍ ജീവിതത്തിന്റെ വിവിധ തിരക്കുകളിലാണ്. ഒരുമയോടെ പ്രാര്‍ത്ഥിക്കാന്‍, പങ്കുവയ്ക്കാന്‍, വിശ്രമിക്കാന്‍ ഒന്നിനും സമയമില്ല. എങ്ങോട്ടെന്നില്ലാതെ നെട്ടോട്ടമോടുന്ന അവസ്ഥ. നമ്മില്‍ വിതയ്ക്കപ്പെട്ട വിത്തിനെ ഞെരുക്കുന്ന പ്രലോഭനങ്ങളാണ് നമ്മിലുള്ള ലൗകികവ്യഗ്രത, ജഡമോഹങ്ങള്‍ എന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വിതയ്ക്കപ്പെട്ട വചനം നമ്മില്‍ ഫലം ചൂടുവാന്‍ വിവിധങ്ങളായ പ്രലോഭനങ്ങളെ അകറ്റിനിര്‍ത്തുവാന്‍ ഒരുക്കം ആവശ്യമാണ്. വഴി പോലെ തറഞ്ഞ ഹൃദയങ്ങള്‍ അനുകമ്പാര്‍ദ്രമാകണം. അതിന് എളിമ എന്ന കലപ്പ കൊണ്ട് നമ്മുടെ ഹൃദയം ഉഴുതപ്പെടുവാന്‍ നാം അനുവദിക്കണം. പാറ പോല ഉറച്ച ഹൃദയങ്ങള്‍ സ്‌നേഹമാകുന്ന കൂടം കൊണ്ട് തകര്‍ക്കപ്പെടണം. കാരണം, സ്‌നേഹത്തിന് എത്ര വലിയ കഠിനഹൃദയത്തെയും ക്ഷമയാല്‍ ഇളക്കമുള്ള നിലമാക്കാന്‍ സാധിക്കും. ആത്മാവിന്റെ ജ്വാലയില്‍ മുള്‍ച്ചെടികളാകുന്ന ജഢീകാസക്തികളും ലൗകികതാല്‍പര്യങ്ങളും കത്തിച്ചു ചാമ്പലാക്കണം. എങ്കില്‍ മാത്രമേ എന്നിലും നിന്നിലും വിതയ്ക്കപ്പെട്ടിരിക്കുന്ന വചനം ഫലം ചൂടുകയുള്ളൂ.

ദൈവത്തെ സ്‌നേഹിക്കുകയും അവിടുന്ന് നല്‍കിയിരിക്കുന്ന കല്‍പനകളും വചനങ്ങളും പാലിച്ച് ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്ന മനുഷ്യന് അനേകമായി തന്റെ കൃപകള്‍ വര്‍ഷിക്കുന്ന വിശ്വസ്തനായ ദൈവത്തെയാണ് ഒന്നാം വായനയില്‍ നാം ദര്‍ശിക്കുന്നത്. സ്വര്‍ഗീയപിതാവ് തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യനില്‍ ദൈവഹിതത്തിന് യോജ്യമാകുന്ന രീതിയില്‍ ഫലം പുറപ്പെടുവിക്കേണ്ട ഒരു വിത്ത് നിക്ഷേപിച്ചിട്ടുണ്ട്. കളകളാകുന്ന വിഗ്രഹങ്ങള്‍ കയറി നശിപ്പിക്കപ്പെടാതെ കൃപകളുടെ നീര്‍ച്ചാലുകളാകുന്ന നീതി നിറഞ്ഞ ജീവിതം വഴി ഫലം ചൂടുന്നവരാകുവാന്‍ ഏശയ്യാ പ്രവാചകന്‍ നമ്മെ ആഹ്വാനം ചെയ്യുന്നു. മനുഷ്യനെ തന്റെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച സ്രഷ്ടാവായ ദൈവം വിശ്വസ്തനാണ്. അതുകൊണ്ട് സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ അനുവദിച്ച ദൈവത്തോടൊപ്പം ജീവിച്ച് ഫലം ചൂടണമെങ്കില്‍ അവിടുത്തെ വചനത്തില്‍ അടിയുറച്ച വിശ്വാസവും വിശ്വസ്തതയും അത്യന്താപേക്ഷിതമാണെന്ന് പൗലോസ് ശ്ലീഹാ തന്റെ ലേഖനത്തിലൂടെ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.

സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, വിതക്കാരനായ ഈശോ നമ്മില്‍ പാകിയിരിക്കുന്നത് നൂറുമേനി ഫലം ചൂടാന്‍ കെല്‍പുള്ള വിത്തു തന്നെയാണ് എന്ന വലിയ സത്യമാണ്. എന്നാല്‍ ആ വചനമാകുന്ന വിത്തിന് ഫലം ചൂടാന്‍ സാധിക്കുന്ന തരത്തില്‍ നമ്മുടെ മനസും ഹൃദയവും ശരീരവുമാകുന്ന നിലം ഒരുക്കപ്പെടണം. വിതയ്ക്കപ്പെട്ട വചനം അതിന്റെ പൂര്‍ണ്ണതയില്‍ സ്വീകരിച്ച് ഫലം ചൂടിനില്‍ക്കുന്നതാണ് നല്ല നിലം. എളിമയോടും തുറവിയോടും കൂടെ വചനത്തെ സ്വീകരിക്കുന്നവര്‍ക്ക്, പ്രാര്‍ത്ഥനാപൂര്‍വ്വം വചനത്തോട് വിശ്വസ്തത പുലര്‍ത്തുന്നവര്‍ക്ക്, കൂദാശകളിലൂടെ വിശുദ്ധജീവിതം നയിക്കുന്നവര്‍ക്ക് നൂറുമേനി ഫലം ചൂടുവാന്‍ സാധിക്കും. നൂറു ശതമാനം മാര്‍ക്ക് കിട്ടിയവര്‍ മാത്രമല്ല പിതാവായ ദൈവത്തിന്റെ പരീക്ഷയില്‍ വിജയിക്കുന്നത്. മുപ്പതു മേനിയും അറുപതു മേനിയും വിളവ് ലഭിച്ച വയലുകളും പ്രശംസയ്ക്ക് അര്‍ഹമായി എന്നു നാം ഓര്‍ക്കണം. എന്നില്‍ വിതയ്ക്കപ്പെട്ട വചനവിത്ത് ഫലം ചൂടാന്‍ ഞാന്‍ എത്രമാത്രം പരിശ്രമിക്കുന്നുവെന്നതാണ് ദൈവം പരിശോധിക്കുന്നത്.

ഒരിക്കല്‍ ഫ്രാന്‍സിസ് സേവ്യറിനോട്, ഇഗ്നേഷ്യസ് ചോദ്യമായി ഒരു വചനവിത്ത് ഇട്ടുകൊടുത്തു. ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് നഷ്ടമായാല്‍ എന്തു പ്രയോജനം? ആ ചോദ്യം പതിഞ്ഞിറങ്ങിയത് വഴിയരികിലോ, പാറപ്പുറത്തോ ആയിരുന്നില്ല. മറിച്ച്, ഫ്രാന്‍സിസ് സേവ്യറിന്റെ ഹൃദയത്തിലേക്കായിരുന്നു. തന്റെ ലൗകികയാത്ര അവസാനിപ്പിച്ച് ലോകരക്ഷകനായ ക്രിസ്തുവിനൊപ്പം ആത്മീയയാത്ര ആരംഭിച്ച ഫ്രാന്‍സിസ് സേവ്യര്‍ ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ പ്രേഷിതനായി മാറി. വചനം നൂറുമേനി ഫലം പുറപ്പെടുവിച്ച നല്ല നിലമായിരുന്നു വി. ഫ്രാന്‍സിസ് സേവ്യര്‍.

പ്രിയ സഹോദരരേ, മിശിഹായുടെ പുനരാഗമനത്തെയും അന്ത്യവിധിയെയും അനുസ്മരിച്ച് പ്രത്യാശാപൂര്‍വ്വം ജീവിതത്തെ കരുപ്പിടിപ്പിക്കുവാന്‍ തിരുസഭാ മാതാവ് തന്റെ മക്കളെ ആഹ്വാനം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ വിതയ്ക്കപ്പെട്ട വചനമാകുന്ന വിത്തിന് വളരാനുതകുന്ന രീതിയിലുള്ള നിലമായി മാറുവാന്‍ നമുക്ക് ആത്മാര്‍ത്ഥമായി പരിശ്രമിക്കാം. അനുദിന ജീവിതത്തില്‍ കുറഞ്ഞത് ഒരു പത്തു മിനിറ്റെങ്കിലും വചനം വായിക്കുവാനും അതില്‍ നമ്മെ സ്പര്‍ശിക്കുന്ന ഒരു വചനം ഹൃദിസ്ഥമാക്കുവാനും അങ്ങനെ വചനാധിഷ്ഠിതമായ ഒരു ജീവിതം നയിക്കുവാനും നമുക്ക് പരിശ്രമിക്കാം.

ജീവന്റെ വചനമായ ക്രിസ്തുനാഥന്‍ തന്നെത്തന്നെ മുറിച്ചുനല്‍കുന്ന ഈ പരിശുദ്ധ ബലിയില്‍ നാം പങ്കെടുക്കുമ്പോള്‍ നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം, ഈശോയേ, വചനം മാത്രം കേള്‍ക്കുന്ന ആത്മവഞ്ചകരാകാതെ അതിന് മുപ്പതു മേനിയും അറുപതു മേനിയും നൂറുമേനിയും ഫലം പുറപ്പെടുവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ.

സര്‍വ്വശക്തനായ ദൈവം നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ക്രിസ്റ്റിന്‍ കണ്ണേഴത്ത് MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.