ജീവിതവഴികളില്‍ തെളിച്ചമേകാന്‍ ജനുവരി 24-ന് തിരുവചനത്തിന്റെ ഞായര്‍ ആചരണം

തിരുവചനത്തിന്റെ ഞായര്‍ – പ്രഖ്യാപനം

Apperuit Illis, ‘സകലര്‍ക്കുമായി വെളിവാക്കപ്പെട്ടത്…’ എന്ന് അര്‍ത്ഥം വരുന്ന ഒരു സ്വാധികാര പ്രബോധനത്തിലൂടെ ഫ്രാന്‍സിസ് പാപ്പാ 2019 സെപ്തംബര്‍ മാസത്തിലാണ് തിരുവചനത്തിന്റെ ഞായര്‍ ആഗോളസഭയില്‍ ആചരിക്കണമെന്ന് ഉദ്‌ബോധിപ്പിച്ചത്. ആരാധനാക്രമത്തിലെ സാധാരണകാലത്തെ മൂന്നാം വാരം ഞായര്‍ – ഒരു ദിവസം സഭാമക്കള്‍ ആഗോളസഭയില്‍ വചനം ധ്യാനിച്ചും പഠിച്ചും ചെലവഴിക്കണമെന്ന് പാപ്പാ ആഹ്വാനം ചെയ്തത്.

വചനം നമ്മോട് സംവദിക്കുന്നു

വിശ്വാസികളുടെ ജീവിതത്തില്‍ പ്രത്യേകിച്ച് ആരാധനാക്രമത്തിലൂടെ, തിരുവചനം എപ്രകാരം ദൈവവും മനുഷ്യനും തമ്മിലുള്ള സജീവവും സ്ഥായീഭാവവുമുള്ള സംവാദമായിത്തീരണമെന്ന ചിന്തയാണ് പാപ്പാ നല്‍കുന്നത്. തിരുവചനം വായിക്കുന്നതിനോടും പഠിക്കുന്നതിനോടുമൊപ്പം തന്നെ അതിനെ സംബന്ധിച്ച സഭയുടെ മറ്റു പ്രബോധനങ്ങള്‍ വിശ്വാസികള്‍ മനസ്സിലാക്കണമെന്നും ഫ്രാന്‍സിസ് പാപ്പാ ആവശ്യപ്പെടുന്നുണ്ട്.

ഉദാഹരണത്തിന് സഭയുടെ ആരാധനാക്രമത്തിന്റെ വിശിഷ്യ, ദിവ്യബലിയില്‍ വചനം ഉപയോഗിക്കുന്നതിന്റെ കാലചക്രങ്ങളെക്കുറിച്ചും അതിന് പ്രത്യേകമായി സഭ നല്‍കുന്ന ചിട്ടകളെയും ക്രമീകരണങ്ങളെയും കുറിച്ചും മനസ്സിലാക്കുന്നത് വിശ്വാസജീവിതത്തെ ബലപ്പെടുത്തുമെന്ന് പാപ്പാ പ്രബോധനത്തില്‍ എടുത്തുപറയുന്നുണ്ട് (Ordo Lectioneum Missae). ആരാധനാക്രമത്തിലെ വചനഭാഗങ്ങളിലൂടെ ദൈവം തന്റെ ജനത്തോടു സംസാരിക്കുകയും ക്രിസ്തു സുവിശേഷങ്ങളിലൂടെ നമ്മോടു സംവദിക്കുകയും ചെയ്യുന്നുവെന്ന് സഭയുടെ ഈ നിര്‍ദ്ദേശം പഠിപ്പിക്കുന്നു.

ചില നിര്‍ദ്ദേശങ്ങള്‍ വത്തിക്കാനില്‍ നിന്നും

ദിവ്യബലിയിലെ വചനപാരായണത്തില്‍ സഭ നിര്‍ദ്ദേശിച്ചിരിക്കുന്ന ഭാഗങ്ങള്‍ തന്നെ കൃത്യമായി വചനഗ്രന്ഥത്തില്‍ നിന്നും (Lectionary) ഉപയോഗിക്കണമെന്നും തല്‍സ്ഥാനത്ത് പകരം മറ്റു വായനകള്‍ സൗകര്യാര്‍ത്ഥം ഉപയോഗിക്കുന്നത് തെറ്റാണെന്നും ആരാധനാക്രമ കാര്യങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതുപോലെ വചനപാരായണവുമായി ബന്ധപ്പെട്ടുവരുന്ന സങ്കീര്‍ത്തനങ്ങളും ശ്രദ്ധയോടെ ഉപയോഗിക്കുകയും കഴിയുമ്പോഴൊക്കെ അവ ആലപിക്കേണ്ടതാണെന്ന് ആരാധനക്രമ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം ഓര്‍മ്മിപ്പിക്കുന്നു.

ആരാധനക്രമത്തില്‍ അര്‍ത്ഥവത്താകേണ്ട നിശബ്ദത

അജപാലകരും ഉത്തരവാദിത്വപ്പെട്ട സഭാദ്ധ്യക്ഷന്മാരും തിരുവചനം വിശ്വാസികള്‍ക്ക് ലഭ്യമാക്കുവാനും അത് വ്യാഖ്യാനിച്ചു നല്‍കുവാനുമുള്ള എല്ലാ അവസരങ്ങളും ശ്രദ്ധാപൂര്‍വ്വം ഉപയോഗപ്പെടുത്തണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ആരാധനക്രമ ആഘോഷങ്ങള്‍ക്കിടയില്‍ പാലിക്കേണ്ട ചില നിശബ്ദതയുടെ മുഹൂര്‍ത്തങ്ങളെക്കുറിച്ച് ഇവിടെ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നു. ആരാധനാക്രമത്തിലെ നിശബ്ദത ധ്യാനമാണ്. അതിനാല്‍ അത് പ്രോത്സാഹിപ്പിക്കേണ്ടതും വിട്ടുപോകുവാന്‍ പാടില്ലാത്തതുമാണ്. ശ്രവിച്ച തിരുവചനം അയവിറക്കുവാനും സ്വാംശീകരിക്കുവാനും നിശബ്ദതയുടെ നിമിഷങ്ങള്‍ സഹായകമാകുമെന്ന് പ്രത്യേകം അനുസ്മരിപ്പിക്കുന്നു.

വചനപ്രഘോഷണത്തിന് അള്‍ത്താര ഉപയോഗിക്കരുത്

ഉത്തരവാദിത്വപ്പെട്ടവരുടെ വിശിഷ്യാ, വൈദികരുടെയും ഡീക്കന്മാരുടെയും വചനപാരായണം നടത്തുന്നവരുടെയും ശ്രദ്ധയ്ക്കായി താഴെവരുന്ന കുറിപ്പുകൂടെ ചേര്‍ക്കുന്നു… വചനപ്രഘോഷണത്തിന് യഥാര്‍ത്ഥമായ ആന്തരികവും ബാഹ്യവുമായി ഒരുക്കങ്ങള്‍ അനിവാര്യമാണ്. വായിക്കുവാന്‍, അല്ലെങ്കില്‍ പ്രഘോഷിക്കുവാനുള്ള ഭാഗം മുന്‍കൂട്ടി വായിച്ചുപഠിച്ച് പരിചയപ്പെട്ട് ഒരുങ്ങണമെന്ന ലളിതമായ നിര്‍ദ്ദേശം ഇവിടെ ആവര്‍ത്തിക്കുന്നു. വചനപ്രഘോഷണത്തിന് അള്‍ത്താരയല്ല, വചനപീഠം തന്നെ ഉപയോഗിക്കണമെന്നും പ്രത്യേകം ഓര്‍പ്പിക്കുന്നു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.