ക്രിസ്തുമസും സ്റ്റെർൺസിംഗറും ജർമ്മനിയും

മിഖാസ് കൂട്ടുങ്കൽ 

ക്രിസ്തുമസ് കഴിഞ്ഞു. കരോൾ പാട്ടുകളും അവസാനിച്ചു.

കരോൾ പാട്ടുകൾ പാടിക്കൊണ്ട് വീടുകൾ തോറും കയറിയിറങ്ങി ക്രിസ്തുമസ് സന്ദേശമറിയിക്കുന്ന നാട്ടിലെ കരോൾ സംഘങ്ങൾ പ്രധാനമായും ക്രിസ്തുമസിന് മുൻപുള്ള ദിവസങ്ങളിലെ കാഴ്ചയാണെങ്കിൽ, വിദേശരാജ്യങ്ങളിൽ പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങളിൽ ക്രിസ്തുമസിനു ശേഷമുള്ള ഒരു ക്രിസ്തുമസ് കാല പാരമ്പര്യമാണ് സ്റ്റാർ സിംഗർ, എപ്പിഫനി സിംഗേഴ്സ്, സ്റ്റാർ ബോയ്സ് സിംഗിംഗ് പ്രൊസഷൻ തുടങ്ങിയ പേരുകളിലൊക്കെ അറിയപ്പെടുന്ന പൂജരാജാക്കന്മാരുടെ വേഷധാരികളായ കുട്ടികളുടെ വീടുകൾ തോറുമുള്ള സന്ദർശനം.

വിശുദ്ധ മത്തായിയുടെ  സുവിശേഷത്തിലെ യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള   വിവരണത്തിൽ (മത്തായി 2 .1 -28 ) സൂചിപ്പിക്കപ്പെടുന്ന കിഴക്കു നിന്നെത്തിയ ജ്ഞാനികളെ കേന്ദ്രമാക്കി രൂപപ്പെട്ട ചില കലാ സാഹിത്യ രൂപങ്ങളിൽ നിന്നാണ് ഇതിന്റെ പിന്നീടുള്ള രൂപാന്തരം എന്ന് കരുതപ്പെടുന്നു.

ഡിസംബർ 27 നും ജനുവരി 6 ലെ ദനഹാ (എപ്പിഫനി) തിരുന്നാളിനും മദ്ധ്യേ ഉള്ള ദിവസങ്ങളിലാണ് പൂജരാജാക്കന്മാരുടെ രാജകീയ വേഷമണിഞ്ഞു തലയിൽ കിരീടവും നക്ഷത്രം പതിപ്പിച്ച വടിയുമായി കുട്ടികൾ വീടുകൾ തോറും കയറിയിറങ്ങുന്നത്. പ്രധാനമായും അൾത്താര ശുശ്രൂഷകരായ ആൺകുട്ടികളും പെൺകുട്ടികളുമാണ് ഈ പ്രവൃത്തികൾക്ക് മുൻപന്തിയിൽ നിൽക്കുന്നത്.

വീട്ടു സന്ദർശനത്തിനായി വീടിൻറെ വാതിൽ മുട്ടി കാത്തു നിൽക്കുന്ന സ്റ്റാർ സിംഗേഴ്സ് വാതിൽ തുറക്കുന്ന ഭവനാംഗങ്ങളെ മുൻകൂട്ടി മനഃപാഠമാക്കിയ പാട്ടും ആശംസകളുമായി എതിരേൽക്കുന്നു. തുടർന്ന് ആവശ്യക്കാർക്ക് കൈവശമുള്ള വെഞ്ചരിച്ച കുന്തിരിക്കം കൈമാറുകയും ചോക്കുകൊണ്ട് വീടിന്റെ വാതിൽപടിമേൽ “ക്രിസ്തു ഈ ഭവനത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ” എന്നർത്ഥമുള്ള ലത്തീൻ ഭാഷയിലെ ആശംസയായ “Christus mansionem benedicat” (May Christ bless this house) ന്റെ ചുരുക്കെഴുത്തായ C M B വർഷത്തിന്റെ തുടക്കവും ഒടുക്കത്തിനുമിടയിൽ നക്ഷത്ര, കുരിശ്  ചിഹ്നങ്ങളിട്ട് അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഉദാഹരണത്തിന് 2019 വർഷത്തിൽ 20 *C+M+B+19 എന്ന് അടയാളപ്പെടുത്തുന്നു.

പൂജ രാജാക്കന്മാരെ സ്വീകരിക്കുന്ന വീട്ടുകാർ മധുര പലഹാരങ്ങളും ചെറു സമ്മാനത്തുകകളുമൊക്കെ സ്റ്റാർ സിംഗേഴ്സിന് നൽകുന്ന പതിവ് പണ്ട് മുതലേ ഉണ്ടായിരുന്നു. ഇത്തരം ചെറിയ തുകകൾ ചേർത്ത് വച്ച് വലിയ സഹായ പദ്ധതികൾ നടപ്പിലാക്കാം എന്ന ആശയം പല സ്ഥലങ്ങളിലും വൻ വിജയമായിട്ടുണ്ട്.

അത്തരം ഒന്നാണ് ജർമ്മനിയിലെ രൂപതകളിൽ ഏറ്റവും കൂടുതൽ തുക സഹായ പദ്ധതികൾക്കായി സമാഹരിച്ചെടുക്കുന്ന സ്റ്റെർൺസിംഗർ ആക്‌ഷൻ എന്ന പേരിലെ സ്റ്റെർൺ സിംഗേഴ്സിന്റെ പ്രവർത്തനം. ഇതിനായി ജർമ്മൻ മെത്രാൻ സമിതിയുടെ നിയന്ത്രണത്തിലുളള Kindermissionswerk എന്ന ഒരു സംഘടന പ്രവർത്തിക്കുന്നുണ്ട്. മാർപാപ്പയുടെ മിഷൻ പ്രവർത്തനങ്ങളെ സഹായിക്കുന്ന ജർമ്മൻ കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള സംഘടനയാണ് Kindermissionswerk.

ജർമ്മനിയിലെ ആഹനാണ് ഈ സംഘടനയുടെ ആസ്ഥാനം. തികച്ചും പ്രൊഫഷണലായി പ്രവർത്തിക്കുന്ന വലിയ ഒരു ടീം തന്നെ കുട്ടികളുടെ Sternssingeraktion നെ പ്രചോദിപ്പിക്കാനും നടപ്പിലാക്കാനും വേണ്ടി നിലകൊള്ളുന്നുണ്ട്.

ഓരോ വർഷത്തേക്കുമുള്ള സഹായാർഹരെ കണ്ടെത്തുക, അവരുടെ പ്രശ്നങ്ങളും അവസ്ഥകളും വിവിധ മാധ്യമങ്ങളിലൂടെ സ്റ്റെർൺസിംഗേഴ്‌സിലേക്കും  സമൂഹത്തിലേക്കും എത്തിക്കുക, സന്നദ്ധ പ്രവർത്തകരെ പ്രചോദിപ്പിക്കുക, പാട്ടുകളിലൂടെയും വീഡിയോകളിലൂടെയും മറ്റുമായി കുട്ടികൾക്കും മുതിർന്നവർക്കുമിടയിൽ പദ്ധതിക്ക് വേണ്ട പ്രചരണം നൽകുക, ലഭിക്കുന്ന സഹായം അർഹതപ്പെട്ടവരിലേക്ക് എത്തിക്കുക, എഴുത്തുകുത്തുകളും കണക്കുകളുമൊക്കെ  കൃത്യതയോടെ സൂക്ഷിക്കുക തുടങ്ങി ഒരു പിടി കാര്യങ്ങളിൽ അവർ ഉത്തരവാദിത്വപൂർവം വ്യാപരിക്കുന്നു. 1959 മുതൽ ഇതിനോടകം 1000 ബില്യൺ യൂറോ ഈ സംഘടനയിലൂടെ വിവിധ സഹായ പദ്ധതികൾക്കായി ശേഖരിച്ചിട്ടുണ്ട്.

ജർമ്മനിയിലെ വിവിധ രൂപതകളിൽ നിന്ന് ഒരുമിച്ച് ചേർന്നുള്ള പൊതുവായ സ്റ്റെർൺസിംഗെർസ് നെ അയക്കലിന്റെ ഉദ്ഘാടനം ഓരോ രൂപതയിലും മാറി മാറിയാണ് സംഘടിപ്പിക്കാറുള്ളത്. അതോടൊപ്പം ഓരോ രൂപതയിലും അവരുടേതായ രീതിയിലും അയക്കൽ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കാറുണ്ട്.

ഈ വര്ഷത്തെ  സ്റ്റെർൺസിംഗെർസ്നെ അയക്കലിന്റെ പൊതുഉദ്ഘാടനം ഡിസംബർ 28 ന് പസാവ് രൂപതയിലുള്ള  ആൾട്ട്യോട്ടിങ് എന്ന സ്ഥലത്ത് വച്ചായിരുന്നു. “Segen bringen, Segen sein” (അനുഗ്രഹം എത്തിക്കുക, സ്വയം അനുഗ്രഹമാവുക) എന്ന ലക്ഷ്യവുമായി ജർമ്മനിയിലെ വിവിധ രൂപതകളിൽ നിന്നായി അറുപത്തിയൊന്നാമതു സ്റ്റെർൺസിംഗർ ആക്‌ഷൻ ഉദ്ഘാടനത്തിനായ് ഏതാണ്ട് 2600 ലധികം സ്റ്റെർൺസിംഗര്സ് ആണ് അവിടെ എത്തിയത്. “Wir gehören zusammen-  “നമ്മൾ ഒന്നാണ്” എന്ന പ്രത്യേക ആദർശവാക്യവുമായ് ഈ വർഷത്തെ സ്റ്റെർൺസിംഗർ ആക്‌ഷൻ ലക്ഷ്യമിടുന്നത് പെറു എന്ന രാജ്യത്തിലുള്ള  ഒരു സഹായ പദ്ധതിയാണ്.

കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ആവേശ ഭരിതരാക്കുന്ന, അവശരായ അപരരെ സഹായിക്കാൻ മനസിന്റെ നന്മയെ ഉണർത്തുന്ന ഇത്തരം നല്ല പ്രവർത്തനങ്ങളെ ജനം നെഞ്ചിലേറ്റുന്നു എന്നതിന്റെ തെളിവാണ് സ്റ്റെർൺസിംഗർ ആക്‌ഷന് കരഗതമാക്കിയിരിക്കുന്ന “കുട്ടികൾ സമാഹരിക്കുന്ന ഏറ്റവും വലിയ സഹായ പദ്ധതി” എന്ന ബഹുമതിയും ജനങ്ങളുടെ ഇടയിൽ ഈ പ്രവർത്തനത്തിന് കിട്ടുന്ന സ്വീകാര്യതയും.

1984 മുതൽ ഓരോ രൂപതകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഏതാനും സ്റ്റെർൺസിംഗേഴ്സ്നു ജർമ്മൻ ചാൻസലറിനെ സ്റ്റെർൺസിംഗർ വേഷവിധാനങ്ങളോടെ സന്ദർശിക്കാനുള്ള അവസരമൊരുക്കിയിരിക്കുന്നതും 2001 മുതൽ (ഇതിനോടകം ഏതാണ്ട് പതിനഞ്ചോളം തവണ)  മാർപാപ്പയോടൊത്ത് പുതുവത്സരതിരുക്കർമ്മങ്ങളിൽ  തിരഞ്ഞെടുക്കപ്പെടുന്ന ഏതാനും സ്റ്റെർൺസിംഗേഴ്സ്നു അടുത്തു പങ്കുചേരുന്നതിനുമുള്ള ഭാഗ്യം നൽകിയിരിക്കുന്നതും ഭാഗ്യ ശാലികൾക്ക് കുറച്ചൊന്നുമല്ല സന്തോഷം പകരുന്നത്!

(ജർമ്മനിയിലെ website ന്റെയും ചില  വീഡിയോകളുടെയും ലിങ്കുകൾ ചുവടെ ചേർക്കുന്നു)

https://youtu.be/FvC4J8AaMmE

https://www.sternsinger.de/sternsingen/

https://youtu.be/-3_F02dbMgc

മിഖാസ് കൂട്ടുങ്കൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.