ജോസഫ് ചിന്തകൾ 62: യൗസേപ്പിനോടു പറയുക; എല്ലാം ശരിയാകും

വിശ്വാസികളായ ക്രൈസ്തവരുടെ വലിയ പ്രതീക്ഷയും പ്രത്യാശയുമാണ് വി. യൗസേപ്പിതാവ്. ഫ്രാൻസിസ് മാർപാപ്പ തന്റെ ഔദ്യോഗിക സ്ഥാനാരോഹണത്തിനായി തിരഞ്ഞെടുത്ത ദിവസം വി. യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ദിനമായിരുന്നു (2013 മാർച്ച് 19). അന്നേ ദിവസത്തിലെ വചനസന്ദേശത്തിൽ യൗസേപ്പിതാവ്, ഈശോയുടെയും മറിയത്തിന്റെയും സഭയുടെയും സംരക്ഷകൻ എന്ന നിലയിലുള്ള തന്റെ വിളിയോട് എങ്ങനെ പ്രത്യുത്തരിച്ചു എന്നതിന് ഉത്തരം നൽകുന്നുണ്ട്.

മൂന്ന് കാര്യങ്ങളാണ് ഫ്രാൻസിസ് പാപ്പ ചൂണ്ടിക്കാട്ടിയത്. ഒന്നാമതായി, ജോസഫ് ദൈവത്തോട് നിരന്തരം ശ്രദ്ധാലുവായിരുന്നു. രണ്ടാമതായി, ദൈവസാന്നിധ്യത്തിന്റെ അടയാളങ്ങളോട് തുറവി കാട്ടി. മൂന്നാമതായി, സ്വന്തം പദ്ധതികളെക്കാൾ ദൈവത്തിന്റെ പദ്ധതികൾ അംഗീകരിച്ചു.

ദൈവത്തിന്റെ ശബ്ദം കേൾക്കാനും അവന്റെ ഹിതത്താൽ നയിക്കപ്പെടാനും കഴിവുള്ളവനായതിനാൽ യൗസേപ്പ് നല്ലൊരു “സംരക്ഷകന്‍” ആണന്നും ഇക്കാരണം കൊണ്ടു തന്നെ സംരക്ഷണച്ചുമതല ഏല്പിച്ച വ്യക്തികളോട് അവന് സൂക്ഷ്‌മസംവേദനക്ഷമതയോടെ പ്രതികരിക്കാൻ കഴിയുമെന്നും പാപ്പ പഠിപ്പിക്കുന്നു.

യൗസേപ്പിതാവ് യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങൾ നോക്കികക്കണ്ടതിനാലും ജിവിച്ച സാഹചര്യങ്ങളോട് നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതിനാലും ബുദ്ധിപരമായ തീരുമാനങ്ങളെടുക്കുന്നതിലും പ്രാവർത്തികമാക്കുന്നതിലും വിജയം കണ്ടു. ഭൂമിയിൽ യൗസേപ്പിതാവിനുണ്ടായിരുന്ന മഹനീയസ്ഥാനം സ്വർഗ്ഗത്തിലും പിതാവായ ദൈവം നൽകി. ആയതിനാൽ മനുഷ്യവംശത്തിന്റെ ഏത് ആവശ്യങ്ങളും യൗസേപ്പിതാവിനോടു സംസാരിക്കുക; തീർച്ചയായും ഉത്തരം ലഭിക്കും.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.