ജോസഫ് ചിന്തകൾ 123: ജോസഫ് – ജീവന്റെയും സ്നേഹത്തിന്റെയും കാവൽക്കാരൻ

ജീവന്റെയും സ്നേഹത്തിന്റെയും കാവൽക്കാരനായ യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി.

വിവാഹനിശ്ചയം കഴിഞ്ഞിരുന്ന പരിശുദ്ധ കന്യകാമറിയം ദൈവാത്മാവിന്റെ പ്രവർത്തനത്തിൽ ഒരു കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ (ലൂക്കാ 1:26-38) സ്വപ്നത്തിൽ ദൈവദൂതൻ നൽകിയ നിർദ്ദേശമനുസരിച്ച് മറിയത്തെ ഭാര്യയായി നസറത്തിലെ യൗസേപ്പ് സ്വീകരിക്കുന്നു (മത്തായി 1:18-25). ഈ രീതിയിൽ അമ്മയ്ക്കും ശിശുവിനും അവൻ ആവശ്യമായ അഭയം നൽകുന്നു. ഗർഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള അവകാശത്തിനായി നാം നിലകൊള്ളുന്നുവെങ്കിൽ, ഓരോ മനുഷ്യനും ദൈവം നൽകിയ അന്തസ്സ് പവിത്രമായി സൂക്ഷിക്കാൻ കഴിയണമെങ്കിൽ യൗസേപ്പിതാവിന്റെ ചൈതന്യം നമുക്കാവശ്യമാണ്.

അധികാരമോഹിയും രക്തദാഹിയുമായ ഹേറോദോസ് രാജാവ് ഉണ്ണിശോയുടെ ജീവൻ അപഹരിക്കാൻ അവസരം തേടിയപ്പോൾ, വി. യൗസേപ്പിതാവിന്റെ ധീരവും നിർണ്ണായകവുമായ പ്രവർത്തനം ഉണ്ണീശോയെ ഹേറോദോസിന്റെ കൊലപാതകശ്രമത്തിൽ നിന്നു രക്ഷിച്ചു. ദൈവദൂതൻ കല്പിച്ച ഈജിപ്തിലേക്കുള്ള പലായനം കന്യകാമറിയത്തിനും ദിവ്യശിശുവിനും സംരക്ഷണമേകി.

വിവാഹത്തിന്റെയും കുടുംബത്തിന്റെയും സ്നേഹപൂർവ്വമായ സുരക്ഷിതത്വത്തിൽ വളരാൻ ദൈവപുത്രൻ പോലും ആഗ്രഹിച്ചുവെങ്കിൽ, ഈ കാലഘട്ടത്തിലെ കുട്ടികൾക്ക് മാതാപിതാക്കളുടെ സ്നേഹപൂർവ്വമായ പരിലാളനയും സ്നേഹവും കിട്ടി വളരാൻ അവകാശമുണ്ട്. ചൂഷണം, അക്രമം, ലൈംഗികദുരുപയോഗം തുടങ്ങി കുട്ടികളുടെ അന്തസ്സിനെ ഹനിക്കുന്ന ഏതു സാഹചര്യത്തിൽ നിന്നും അകന്നുനിൽക്കുവാനും കുഞ്ഞുങ്ങളെ ദൈവപ്രീതിയിൽ വളർത്തുവാനും ജീവന്റെയും സ്നേഹത്തിന്റെയും കാവൽക്കാരനായ യൗസേപ്പിതാവ് നമ്മെ ക്ഷണിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.