എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലി

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

പൗരോഹിത്യം ഉപേക്ഷിക്കണമെന്ന ആഗ്രഹവുമായ് എത്തിയതായിരുന്നു സുഹൃത്തായ വൈദികൻ. പറഞ്ഞതെല്ലാം മറ്റുള്ളവരെക്കുറിച്ചുള്ള കുറ്റപ്പെടുത്തലായിരുന്നു. ആഗ്രഹിച്ച നിയമനം ലഭിച്ചില്ല, രോഗിയായിരുന്നപ്പോൾ കാണാനെത്തിയില്ല, ഇടവകയിൽ നിന്നും കിട്ടിയതെല്ലാം തിക്താനുഭവങ്ങളായിരുന്നു, വല്ലാത്ത ഒറ്റപ്പെടൽ കൊണ്ട് മുറിപ്പെട്ട ദിനങ്ങൾ, ആർക്കുവേണ്ടിയാണ്‌ ഇങ്ങനെ അദ്ധ്വാനിക്കുന്നതെന്ന ചിന്തയും പരിധിയില്ലാതെ മനസിനെ പിടിച്ചുകുലുക്കി.

ഞങ്ങൾ ഒരുമിച്ചിരുന്ന് ഏറെ നേരം സംസാരിച്ചു, പ്രാർത്ഥിച്ചു. ഞാന്‍ അവനോടു ചോദിച്ചു: “ഇപ്പോൾ എത്ര സമയം പ്രാർത്ഥിക്കാൻ എടുക്കാറുണ്ട്?”

ചെറിയൊരു മൗനത്തിനുശേഷം അദ്ദേഹം പറഞ്ഞു: “പണ്ടത്തെ തീക്ഷ്ണത വല്ലാതെ കുറഞ്ഞുവെന്നതാണ് സത്യം. ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ദിവ്യകാരുണ്യനാഥനോടു കൂടെ ചിലവഴിക്കുമെന്ന് തിരുപ്പട്ട സമയത്ത് പ്രതിജ്ഞയെടുത്തതാണ്. വർഷങ്ങളോളം രാവിലെയും വൈകിട്ടുമായി പ്രാർത്ഥിച്ചിരുന്നു. പിന്നീട് തിരക്കുകളായി. വ്യക്തിപരമായ പ്രാർത്ഥന കുറഞ്ഞു. കുർബാനയും കൂദാശകളുമെല്ലാം യാന്ത്രികമായി മാറി…”

ചില തീരുമാനങ്ങളോടെയാണ് അദ്ദേഹം ഇറങ്ങിയത്. ഏറ്റവും അടുത്ത ദിവസം തന്നെ അദ്ദേഹം ഒരു ധ്യാനത്തിനു പോയി. തിരിച്ചുവന്നത് പൗരോഹിത്യത്തിൽ ശക്തമായി തുടരുമെന്ന ഉറച്ച തീരുമാനത്തോടെ. സംഭവം നടന്ന് വർഷങ്ങൾ കുറച്ചായി. ആ വൈദികസുഹൃത്ത് തന്റെ പൗരോഹിത്യത്തിൽ സന്തോഷത്തോടെ തുടരുന്നു എന്ന് കേട്ടതിൽ ആനന്ദമുണ്ട്.

സന്യാസ-പൗരോഹിത്യജീവിതങ്ങളിൽ തീക്ഷ്ണതയും ഉന്മേഷവും കുറയുവാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ദിവ്യകാരുണ്യനാഥനു മുമ്പിലിരിക്കുവാൻ സമയം കണ്ടെത്താനാകുന്നില്ല എന്നതാണ്. കുടുംബജീവിതത്തിലും സ്ഥിതി മറിച്ചല്ല; കുടുംബപ്രാർത്ഥനയിൽ പങ്കെടുക്കാൻ കഴിയാതെ വരിക, ജീവിതപങ്കാളിയോടും മക്കളോടും കൂടെയായിരിക്കാനും സംസാരിക്കാനും സാധിക്കാതെ വരിക എന്നിവയെല്ലാം തിരക്കേറിയ ലോകത്തിന്റെ സമ്മാനങ്ങളാണ്. ക്രിസ്തു തന്റെ ശിഷ്യരെ വിളിച്ചതിന്റെ ഒരു പ്രധാന ലക്ഷ്യം ‘തന്നോടു കൂടെ ആയിരിക്കുക’ എന്നതായിരുന്നു (മർക്കോ. 3:14). വിളിച്ചവനോട് ചേർന്നിരിക്കാൻ സമയം കണ്ടെത്താതെ വരുമ്പോൾ വിളിച്ചവനോടുള്ള ആത്മാർത്ഥത കുറയും.

സുഹൃത്തേ, ഇന്നൊരു തീരുമാനമെടുക്കാമോ? അല്പസമയമെങ്കിലും വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് ചിലവഴിക്കുമെന്നും സാധിക്കുമ്പോഴെല്ലാം ദിവ്യകാരുണ്യനാഥന്റെ സന്നിധിയിൽ ആയിരിക്കുമെന്നും. ദൈവം നമ്മുടെ ശുശ്രൂഷാജീവിതത്തെയും കുടുംബജീവിതത്തെയും അനുഗ്രഹിക്കുമെന്ന് നൂറു ശതമാനം ഉറപ്പ്.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.