അഭയാർത്ഥി‌കളായി ജീവിച്ച വിശുദ്ധർ

അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി തുടർന്നുകൊണ്ടിരിക്കുകയാണ്. പ്രിയപ്പെട്ടവരുമായി എത്രയും പെട്ടന്ന് രാജ്യം വിടാനാണ് ഓരോ അഫ്ഗാൻ പൗരനും ആഗ്രഹിക്കുന്നത്. മറ്റുള്ളവരാകട്ടെ, തങ്ങളുടെ കുഞ്ഞുങ്ങളെയെങ്കിലും സുരക്ഷിതമായ സ്ഥലത്തെത്തിക്കാൻ ശ്രമിക്കുന്നു. അഫ്ഗാനിസ്ഥാനു വേണ്ടി പ്രാർത്ഥിക്കുമ്പോൾ നാം പ്രത്യേകമായി അഭയാർത്ഥികൾക്കു വേണ്ടിയും പ്രാർത്ഥിക്കണം. സ്വന്തം ഭവനവും വസ്തുവകകളും നാടും വിട്ടുപേക്ഷിച്ച് പോകുന്നവർക്കു വേണ്ടി പ്രാർത്ഥിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്.

പരിശുദ്ധ കന്യകാമറിയവും യൗസേപ്പിതാവുമാണ് അഭയാർത്ഥികളെന്ന നിലയിൽ നമ്മുടെ മുൻപിൽ ഉദാഹരണങ്ങളായിട്ടുള്ളത്. നസ്രത്തിൽ ജീവിക്കേണ്ടിയിരുന്നവർ ഒറ്റ രാത്രി കൊണ്ടാണ് ഈജിപ്തിലേക്ക് പലായനം ചെയ്തത്. ഹേറോദേസിന്റെ ഉപദ്രവത്തിൽ നിന്ന് യേശുവിനെ രക്ഷിക്കാനായി അവർ മറ്റൊരു രാജ്യത്ത് അഭയാർത്ഥികളായി ജീവിച്ചു. സാങ്കേതികമായി പറഞ്ഞാൽ, അഭയാർത്ഥികൾ എന്നതിനേക്കാൾ രാജ്യാന്തര കുടിയേറ്റം നടത്തിയവർ എന്ന ഗണത്തിലാണ് തിരുക്കുടുംബം ഉൾപ്പെടുക. മാതൃഭാഷ സംസാരിക്കാത്ത, വളരെ വ്യത്യസ്തമായ സംസ്കാരമുള്ള ഒരിടത്തായിരുന്നു അവർ എത്തിച്ചേർന്നത്. ഏതൊരു അഭയാർത്ഥിയെയും പോലെ തന്നെ അവരും അനിശ്ചിതത്വവും ദുഃഖവും ആഘാതവും എല്ലാം അനുഭവിച്ചവരാണ്.

അഫ്ഗാനിസ്ഥാനിലെ അഭയാർത്ഥികൾക്കായി പ്രത്യേകം മാദ്ധ്യസ്ഥം അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും തിരുക്കുടുംബത്തോടാണ് മാദ്ധ്യസ്ഥം അപേക്ഷിക്കേണ്ടത്. അതോടൊപ്പം പ്രത്യേക സാഹചര്യത്തിൽ അഭയാർത്ഥികളായി ജീവിക്കേണ്ടി വന്ന ചില വിശുദ്ധരെ നമുക്ക് പരിചയപ്പെടാം.

1. വി. ജിയാന്നെ ആന്റീഡ് തൗറേറ്റ് (1765 – 1826)

വി. ജിയാന്നെ ഒരു ഫ്രഞ്ച് സന്യാസിനിയായിരുന്നു. ഫ്രഞ്ച് വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾ അധികാരികൾ ജിയാന്നെയോട് വിശ്വാസം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു. അത് നിരസിച്ച വിശുദ്ധയെ അവർ ക്രൂരമായി മർദ്ധിച്ചു. പിന്നീട് മാസങ്ങൾ വേണ്ടിവന്നു അവർ സുഖം പ്രാപിക്കാൻ.

എന്നാൽ വളരെ വൈകാതെ തന്നെ അവർ ഫ്രാൻ‌സിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി. വിശ്വാസം ഉപേക്ഷിക്കുന്നതിനേക്കാൾ നല്ലത് അഭയാർത്ഥിയായി ജീവിക്കുന്നതാണ് നല്ലതെന്ന ചിന്തയാണ് അവരെ അതിന് പ്രേരിപ്പിച്ചത്. പിന്നീട് അവർ ജർമ്മനിയിലേക്കും അവിടെ നിന്ന് സ്വിറ്റ്സർലൻഡിലേക്കും പോയി.

പലപ്പോഴും കത്തോലിക്ക വിരുദ്ധ നിലപാടുകൾ കാരണം അവർ ആയിരുന്ന ഇടങ്ങളിൽ നിന്നെല്ലാം അകറ്റപ്പെട്ടിരുന്നു. അവിടെ അവർ ഒരു പുതിയ സന്യാസ സമൂഹം സ്ഥാപിച്ചു.

2. വി. യൂജിൻ ഡി മാസിനോഡ് (1782 – 1861)

ഫ്രാൻസിലെ ഒരു സമ്പന്നകുടുംബത്തിലായിരുന്നു വി. യൂജിൻ ജനിച്ചത്. എന്നാൽ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾ അവർക്ക് ഇറ്റലിയിലേക്ക് പലായനം ചെയ്യേണ്ടതായി വന്നു. സമ്പന്നനായിരുന്നെങ്കിലും എല്ലാം ഉപേക്ഷിച്ചുപോകേണ്ടി വന്നതിനാൽ യൂജിന്റെ പിതാവ് ഒരു ജോലിക്കായി നിരവധിയിടങ്ങളിൽ അലഞ്ഞു.

ഫ്രഞ്ച് സൈന്യത്തിന്റെ മുന്നേറ്റം കൊണ്ട് പിന്നീട് അവർ വെനീസിലേക്കും അവിടെ നിന്ന് നേപ്പിൾസിലേക്കും പലായനം ചെയ്യാൻ നിർബന്ധിതരായി. സാമ്പത്തിക ബുദ്ധിമുട്ട് മൂലം കുടുംബജീവിതം വളരെ കഷ്ടത്തിലായിരുന്നു. ഒടുവിൽ യൂജിന്റെ മാതാപിതാക്കൾ വിവാഹബന്ധം വേർപെടുത്തി.

യൂജിന് തന്റെ ഇരുപതാം വയസ്സിൽ ഫ്രാൻസിലേക്ക് മടങ്ങാൻ സാധിച്ചെങ്കിലും അവിടെ അവർക്കുണ്ടായിരുന്നതെല്ലാം നശിച്ചിരുന്നു. പിന്നീട് അദ്ദേഹം ഒരു പുരോഹിതനായി മാറുകയും ഒബ്‌ലെറ്റ്സ് ഓഫ് മാറി ഇമ്മാക്കുലേറ്റ് സഭ സ്ഥാപിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ബിഷപ്പായി.

3. വാഴ്ത്തപ്പെട്ട എജിഡിയോ ബുള്ളെസി (1905 – 1929)

ക്രൊയേഷ്യയിൽ ജനിച്ച ഒരു ഇറ്റാലിയൻ വംശജനായിരുന്നു വാഴ്ത്തപ്പെട്ട ബുള്ളെസ്സി. ഒന്നാം ലോക മഹായുദ്ധം അദ്ദേഹത്തിന്റെ ജന്മനാടിനെ ഒരു യുദ്ധമേഖലയാക്കി മാറ്റി. ഒമ്പതു വയസ്സുള്ള ബുള്ളെസ്സി, തന്റെ അമ്മയോടും സഹോദരങ്ങളോടുമൊപ്പം ഓസ്‌ട്രോ – ഹങ്കറിയിലേക്ക് പലായനം ചെയ്തു. യുദ്ധത്തിനു ശേഷം അവർ വീട്ടിലേക്ക് മടങ്ങി.

അതിനു ശേഷം അദ്ദേഹം കപ്പലിൽ ഒരു ഡക്ക് വർക്കറായി ജോലിയിൽ പ്രവേശിച്ചു. കത്തോലിക്കാ വിശ്വാസത്തിൽ ഉറച്ചുനിന്ന അദ്ദേഹം ഒരു കാറ്റിക്കിസ്റ്റായി സേവനമനുഷ്ഠിച്ചു. പിന്നീട് ഇറ്റാലിയൻ നാവികസേനയിൽ രണ്ടു വർഷം സേവനം ചെയ്‌തെങ്കിലും 23 വയസ്സുള്ളപ്പോൾ ക്ഷയരോഗം ബാധിച്ച് അദ്ദേഹം മരണമടഞ്ഞു.

4. വി. റാഫേൽ ഗുസാർ വൈ വലൻസിയ (1878 – 1938)

വി. വലൻസിയ ഒരു മെക്സിക്കൻ പുരോഹിതനായിരുന്നു (പിന്നീട് ഇദ്ദേഹം ബിഷപ്പായി മാറി). മെക്സിക്കൻ വിപ്ലവത്തിന്റെ സമയത്ത് ഫാ. ഗുസാർ തന്റെ ജനത്തോടൊപ്പം കഴിയാൻ ആഗ്രഹിച്ചു. അവർക്ക് കൂദാശകൾ പരികർമ്മം ചെയ്യാനായി ഒരു കച്ചവടക്കാരനായും ഡോക്ടറായും സംഗീതജ്ഞനായും അദ്ദേഹം വേഷം മാറി. എന്നാൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. അതിനു ശേഷം ഫാ. ഗുസാർ രാജ്യം വിട്ടു.

അമേരിക്കയിലും ക്യൂബയിലും ഗ്വാട്ടിമാലയിലും ഒരു അഭ്യർത്ഥിയായി അദ്ദേഹം ജീവിച്ചു. അദ്ദേഹം ആയിരുന്നിടത്തെല്ലാം ആളുകളെ ശുശ്രൂഷിച്ചിരുന്നു. ഒടുവിൽ അദ്ദേഹം ബിഷപ്പായി സ്ഥാനാരോപിതനായി. വിപ്ലവം അവസാനിച്ചപ്പോൾ അദ്ദേഹം മെക്സിക്കോയിലേക്ക് മടങ്ങിയെങ്കിലും ക്രിസ്റ്ററോ യുദ്ധങ്ങൾ തുർന്നു. അതിനെ തുടർന്ന് അദ്ദേഹം വീണ്ടും പ്രവാസിയായി മാറി. കാരണം ഗവർണർ അദ്ദേഹത്തിന്റെ തലയ്ക്ക് വിലയിട്ടിരുന്നു. എന്നാൽ പിന്നീട് ഗവർണ്ണർ അദ്ദേഹത്തിന്റെ ധൈര്യത്തിൽ ആകൃഷ്ടനാകുകയും രൂപതയിലേക്ക് ബിഷപ്പിനെ തിരികെ വിളിക്കുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ പൗരോഹിത്യത്തിന്റെ ഭൂരിഭാഗം സമയത്തും അഭയാർത്ഥിയായിട്ടായിരുന്നു അദ്ദേഹം ജീവിച്ചതും പൗരോഹിത്യശുശ്രൂഷ ചെയ്തതും.

5. വാ. ഫ്രാൻസിസ് സേവ്യർ എൻഗ്യുയെൻ വാൻ തുവാൻ (1928 – 2002)

വിയറ്റ്നാമിലെ സൈഗോണിൽ കമ്മ്യൂണിസ്റ്റ് ഭരണം ആരംഭിക്കുന്നതിന് കൃത്യം ഒരാഴ്ച മുമ്പ് തന്റെ 47 -മത്തെ വയസ്സിലാണ് അദ്ദേഹത്തെ ആർച്ചുബിഷപ്പായി അവരോധിച്ചത്. മാസങ്ങൾക്കുള്ളിൽ തന്നെ ആർച്ചുബിഷപ്പിനെ അറസ്റ്റ് ചെയ്ത് 13 വർഷം ഒരു കമ്മ്യൂണിസ്റ്റ് തടങ്കൽ ക്യാമ്പിൽ പാർപ്പിച്ചു. ആ സമയത്ത് അദ്ദേഹം ക്യാമ്പിലുണ്ടായിരുന്ന തടവുകാരെ സുവിശേഷം അറിയിച്ചു. വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ട് കൈയ്യിൽ കാസയും പീലാസയുമേന്തി അദ്ദേഹം ആളുകൾക്ക് പ്രത്യാശ നൽകി.

ഒടുവിൽ അദ്ദേഹം മോചിപ്പിക്കപ്പെട്ടെങ്കിലും 11 വർഷം പ്രവാസജീവിതം നയിച്ചു. പിന്നീട് അദ്ദേഹത്തിന് ഒരിക്കൽപ്പോലും തന്റെ ജന്മനാട്ടിലേക്ക് തിരികെയെത്താൻ സാധിച്ചില്ല.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.