പതിനാറാമത് ലോക യുവജനസമ്മേളനത്തിന്റെ വിശുദ്ധർ

    പതിനാറാമത് ലോക യുവജനസമ്മേളനം മധ്യഅമേരിക്കൻ രാജ്യമായ പനാമയുടെ തലസ്ഥാന നഗരിയായ പനാമ സിറ്റിയിൽ  ജനുവരി 22-ന് തിരി തെളിയുന്നു.

    “ഇതാ, കര്‍ത്താവിന്‍റെ ദാസി! നിന്‍റെ വാക്ക്‌ എന്നില്‍ നിറവേറട്ടെ! “(ലൂക്കാ 1:38) എന്നതാണ് ഈ വർഷത്തെ യുവജനസമ്മേളനത്തിന്റെ പ്രമേയം. ഒരു മധ്യഅമേരിക്കൻ രാജ്യത്തുവച്ച് ആദ്യമായാണ് ലോക യുവജനസമ്മേളനം നടക്കുന്നത്. 1984-ൽ റോമിലാണ് ആദ്യമായി ലോക യുവജനസമ്മേളനം നടന്നത്. ജനുവരി 27-ന് അവസാനിക്കുന്ന യുവജനസമ്മേളനത്തിന്റെ മദ്ധ്യസ്ഥരിൽ ഭൂരിഭാഗവും ലാറ്റിൻ-അമേരിക്കൻ രാജ്യങ്ങളിൽ നിന്നാണ്.

    വിശുദ്ധ മാർട്ടിൻ ഡീ പോറസ്

    പെറുവിലെ ലിമാ നഗരത്തിൽ 1579-ൽ മാർട്ടിൻ ജനിച്ചു. പന്ത്രണ്ടാം വയസ്സിൽ  തലമുടി മുറിക്കുക, ദന്ത ഡോക്ടറെ സഹായിക്കുക തുടങ്ങിയ ജോലികള്‍ ചെയ്തു തുടങ്ങി. പിന്നിട് ജപമാല റാണിയുടെ ആശ്രമത്തിൽ ഒരു “തുണസഹോദരനായി” ചേർന്നു. മാർട്ടിന്റെ കറുത്തനിറം കാരണം ഒരു സന്യാസ സഹോദരാകാൻ ആദ്യം  അനുവാദം ലഭിച്ചിരുന്നില്ല. മാർട്ടിനെ അംഗീകരിക്കാത്ത സഹോദരന്മാരെ ശുശ്രൂഷിക്കുവാനും സന്യാസഭവനം വൃത്തിയാക്കലും ആയിരുന്നു  ജോലികൾ. മറ്റുള്ളവർ അപമാനിക്കുമ്പോൾ പുഞ്ചിരി ആയിരുന്നു മാർട്ടിന്റെ മറുപടി. ഒരു സന്യാസ സഹോദരനാകാൻ ക്രമേണ മാർട്ടിന് അനുവാദം കിട്ടി. പിന്നിടുള്ള ജീവിതം ദരിദ്രർക്കും രോഗികൾക്കുമായി മാറ്റിവച്ചു. മുടി മുറിക്കുന്നവരുടെയും പരിസരം ശുചിയാക്കുന്നവരുടെയും നേഴ്സുമാരുടെയും മദ്ധ്യസ്ഥനാണ് വി. മാർട്ടിൻ.

    ലീമായിലെ വിശുദ്ധ റോസ

    തെക്കൻ അമേരിക്കൻ രാജ്യമായ പെറുവിലെ ലീമാ പട്ടണത്തിൽ 1586-ൽ റോസ ജനിച്ചു. ധ്യാനാത്മക സന്യാസ സഭയിൽ ചേരണമോ അതോ കുടുംബത്തെ സഹായിക്കണമോ എന്ന ചിന്ത അവളെ വളരെ അലട്ടിയിരുന്നു. രണ്ടിനും പരിഹാരമെന്നോണം ഡോമിനിക്കൻ സഭയുടെ അല്മായപ്രസ്ഥാനത്തിൽ അവൾ ചേർന്നു. കുട്ടികളെ സംഗീതോപകരണങ്ങൾ വായിക്കാൻ പഠിപ്പിക്കുന്നതിൽ അതീവ നിപുണയായിരുന്നു റോസ. വീട്ടിലെ തുന്നൽപണിയിലും പൂന്തോട്ടനിർമ്മാണത്തിലും ആവശ്യക്കാരെ സഹായിക്കുന്നതിലും അവൾ എന്നും മുൻനിരയിൽ ഉണ്ടായിരുന്നു. ധാരാളം സമയം പ്രാർത്ഥനയ്ക്കായി കണ്ടെത്തിയ അവളെ “രഹസ്യ ധ്യാന്യാത്മകതയുടെ സ്ത്രീ” എന്നു വിശേഷിപ്പിക്കാറുണ്ട്.

    വാഴ്ത്തപ്പെട്ട സി. മരിയ റോമേരോ മേനേസസ്

    നിക്കാഗ്വേരയിൽ 1902-ൽ ജനിച്ചു. ക്രിസ്ത്യാനികളുടെ സഹായമായ “മറിയത്തിന്റെ പുത്രിമാർ” എന്ന സന്യാസ സഭയിൽ അംഗമായി. മറ്റൊരു മധ്യഅമേരിക്കൻ രാജ്യമായ കോസ്റ്റ്റിക്കാ ആയിരുന്നു സിസ്റ്ററിന്റെ പ്രവർത്തനമേഖല. സി. മരിയ, വിശക്കുന്നവർക്ക് ഭക്ഷണവും രോഗികൾക്ക് മരുന്നും വിതരണം ചെയ്യുന്നതിനായി അഭയകേന്ദ്രങ്ങൾ തുറന്നു. തെരുവിൽ കഴിഞ്ഞിരുന്ന പെൺകുട്ടികൾക്കായി ബോർഡിങ്ങ് സ്കൂളുകളും തുറന്നു. ഗ്രാമങ്ങളിൽ  ദരിദ്രമായ ചുറ്റുപാടുകളിൽ കഴിഞ്ഞിരുന്നവർക്കായി വീടുകൾ നിർമ്മിച്ചു നൽകിയ സി. മേരി യഥാർത്ഥത്തിൽ അഗതികളുടെ അമ്മയായിരുന്നു. 2002-ല്‍ ജോൺപോൾ രണ്ടാമൻ പാപ്പ മരിയ റോമേരോയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി.

    വിശുദ്ധ ഡോൺ ബോസ്കോ

    ഇറ്റലിയിൽ 1815-ൽ ബോസ്കോ ജനിച്ചു. ഒൻപതാം വയസ്സിൽ ഉണ്ടായ ഒരു സ്വപ്നത്തിന്റെ സ്വാധീനത്താൽ യുവജന പരിശീലനത്തിനായി അവന്റെ ജീവിതം സമർപ്പിച്ചു. അനാഥരായ കുട്ടികൾക്കുവേണ്ടി ഭവനങ്ങൾ സ്ഥാപിക്കുകയും അവർക്ക് വിദ്യാഭ്യാസം നൽകി തൊഴിൽ ചെയ്തു ജീവിക്കുവാനും പ്രാപ്തരാക്കി. ഡോൺ ബോസ്കോയുടെ അമ്മ വി. മർഗ്ഗരീത്താ, അനാഥക്കുഞ്ഞുങ്ങളെ സ്വന്തം മക്കളെപ്പോലെ നോക്കിവളർത്തി. വിശുദ്ധ ഫ്രാൻസീസ് സാലസിന്റെ നാമത്തിൽ വൈദികർക്കുവേണ്ടി ഒരു സന്യാസ സഭ അദ്ദേഹം ആരംഭിച്ചു. സലേഷ്യൻസ് ഓഫ് ഡോൺ ബോസ്കോ എന്ന് അവർ അറിയപ്പെടുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും കുട്ടികളുടെയും യുവജനങ്ങളുടെയും സമഗ്രരൂപീകരണത്തിനുമായി സലേഷ്യൻ സഭ പരിശ്രമിക്കുന്നു.

    വിശുദ്ധ ജോൺപോൾ രണ്ടാമൻ 

    1920-ൽ പോളണ്ടിലെ വാദോവീസയിൽ ജനനം. നാസി പട്ടാളം പോളണ്ട് കീഴടക്കിയപ്പോൾ രഹസ്യമായി വൈദികപരിശീലനം പൂർത്തിയാക്കി വൈദികനായി അഭിഷിക്തനായി. നാടക നടനായും ഖനി തൊഴിലാളിയായും ജോലി നോക്കിയ കരോൾ, വോയ്റ്റില യഹൂദരെ നാസി പടയാളികളിൽ നിന്ന് രക്ഷിക്കുവാനും അഭയം നൽകുവാനും വേണ്ടി രഹസ്യമായി പ്രവർത്തിച്ചിരുന്ന സംഘടനയുടെ സജീവ പ്രവർത്തകനുമായിരുന്നു. 1978 ഒക്ടോബറിൽ കരോൾ, വോയ്റ്റില മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ജോൺപോൾ രണ്ടാമൻ പാപ്പയുടെ ഭരണകാലത്ത് ക്രിസ്തുസന്ദേശവുമായി 129 രാജ്യങ്ങളിൽ അദ്ദേഹം തീർത്ഥാടനം നടത്തി. യുവജനങ്ങളോടുള്ള വാത്സല്യവും സ്നേഹവും നിമത്തം ലോക യുവജന സമ്മേളനത്തിന് ആരംഭം കുറിച്ചത് ജോൺപോൾ രണ്ടാമൻ പാപ്പയാണ്. ലോക കുടുംബസമ്മേളനം തുടങ്ങിയതും മഹാനായ ഈ പത്രോസിന്റെ പിൻഗാമിയാണ്. 2014-ന് ഫ്രാൻസീസ് പാപ്പ ജോൺപോൾ രണ്ടാമൻ പാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചു.

    വിശുദ്ധ ഹുവാൻ ഡിയേഗോ

    മെക്സിക്കോയിലെ ഗ്വാഡലുപ്പയിൽ 1531-ൽ പരിശുദ്ധ കന്യകാമറിയം ദർശനം നൽകിയ വിശുദ്ധനാണ് ഹുവാൻ. മാതാവ് ദർശനം നൽകിയ സ്ഥലത്ത്  മറിയത്തിന്റെ ആഗ്രഹപ്രകാരം ദൈവാലയം നിർമ്മിക്കാൻ ആവശ്യപ്പെട്ടപ്പോൾ സ്ഥലത്തെ മെത്രാൻ ആദ്യം അതു വിശ്വസിച്ചില്ല. അദ്ദേഹം ഒരു അടയാളം ആവശ്യപ്പെട്ടു. ഹുവാൻ മെത്രാന്റെ ആവശ്യം വിശുദ്ധ കന്യകാമറിയത്തെ അറിയിച്ചു. മറിയം അയാളോട് മലമുകളിൽ നിന്ന് പൂക്കൾ ശേഖരിച്ചു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അത് പൂക്കാലം അല്ലാതിരുന്നിട്ടും സാധാരണ വരണ്ടുകിടക്കുന്ന മലമുകളിൽ ഹുവാൻ, മെക്സിക്കോയിൽ ഇല്ലാത്ത കാസ്റ്റിലിയൻ റോസാപ്പൂക്കൾ അപ്പോൾ കണ്ടെത്തിയത്രെ. ഹുവാന്റെ മേൽക്കുപ്പായത്തിനു താഴെ അയാൾ ശേഖരിച്ചു കൊണ്ടുവന്ന പൂക്കൾ ക്രമപ്പെടുത്തി വച്ച ശേഷം മാതാവ് അയാളെ തിരികെ അയച്ചു. മെത്രാപ്പോലീത്തയുടെ മുൻപിൽ 1531 ഡിസംബർ 12-ന് ഹുവാൻ മേൽക്കുപ്പായം നീക്കിയപ്പോൾ, പൂക്കൾ താഴെവീണു. കുപ്പായത്തിൽ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ഹുവാന് പ്രത്യക്ഷപ്പെട്ട രൂപത്തിൽ വിശുദ്ധ കന്യകയുടെ ചിത്രം അപ്പോൾ അത്ഭുതകരമായി ആലേഖനം ചെയ്യപ്പെട്ടിരുന്നു. ഈ അത്ഭുത മരിയൻ ദർശനത്തിനുശേഷം എട്ടു വർഷത്തിനുള്ളിൽ ഏകദേശം 9 മില്യൺ ജനങ്ങൾ കത്തോലിക്കാവിശ്വാസം സ്വീകരിച്ചു.

    വിശുദ്ധ ഓസ്കാർ റോമേരോ

    1980 മാർച്ച് മാസം 24-ാം തീയതി വെടിയേറ്റു മരിച്ച എൽ സാൽവദോറിലെ സാൻ സാൽവദോർ രൂപതയിലെ ആർച്ചുബിഷപ്പാണ് ഓസ്കാർ റോമേരോ. പാവങ്ങളോടുള്ള അത്യധികമായ സ്നേഹത്താൽ എരിഞ്ഞ ഒരു മനുഷ്യസ്നേഹിയായിരുന്നു ഓസ്കാർ റോമേരോ. ഒരു വലിയ കുടുംബത്തിൽ ജനിച്ചുവളർന്ന ഓസ്കാറിന്റെ ജീവിതശൈലിയും ലളിതമായിരുന്നു. വൈദ്യുതി ഇല്ലാത്ത കുട്ടിക്കാലം. ഓസ്കാറും സഹോദരങ്ങളും നിലത്താണ് കിടന്നുറങ്ങിയിരുന്നത്. പന്ത്രണ്ടാം വയസ്സുവരെ സ്കൂളിൽ പോയി. പിന്നിട്, കുടുംബത്തിന്റെ ഉപജീവനത്തിനായി ജോലി ചെയ്യാൻ ആരംഭിച്ചു. ദൈവവിളി തിരിച്ചറിഞ്ഞ ഓസ്കാർ പതിനാലാം വയസ്സിൽ സെമിനാരിയിൽ ചേർന്നു. ഇരുപത്തിയഞ്ചാം വയസ്സിൽ 1942-ൽ വൈെദികനായി അഭിഷിക്തനായി.

    വലിയ ഒരു വാഗ്മി എന്ന നിലയിൽ പേരെടുത്ത ഓസ്കാറച്ചന്റെ ശബ്ദം എന്നും പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ഒപ്പമായിരുന്നു. 1970-ൽ സാൻ സാൽവദോർ രൂപതയുടെ സഹായമെത്രാനായി നിയമിതനായ ഓസ്കാറച്ചൻ നാലു വർഷങ്ങൾക്കു ശേഷം സാൻറിയാഗോ ദേ മരിയ എന്ന രൂപതയുടെ മെത്രാനും പിന്നിട് 1977-ൽ സാൻ സാൽവദോർ അതിരൂപതയുടെ അതിരൂപതാധ്യക്ഷനുമായി നിയമിതനായി. എൽ സാൽവദോറിൽ രാഷ്ടിയ അരക്ഷിതാവസ്ഥയും അക്രമണവും കൊടികുത്തി വാണ സമയത്ത് ഓസ്കാർ മെത്രാൻ പാവങ്ങളുടെ പടത്തലവനായി. സൈനിക അടിച്ചമർത്തലിനും മനുഷ്യവകാശ ധ്വംസനത്തിനുമെതിരെ അദ്ദേഹം അൾത്താരയിലും തെരുവോരങ്ങളിലും ശബ്ദമുയർത്തി. അത് ഓസ്കാർ മെത്രാന് ധാരാളം ശത്രുക്കളെ സമ്മാനിച്ചു. ക്യാൻസർ രോഗികളുടെ ആശുപത്രിയിൽ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടയിൽ അദ്ദേഹം വെടിയേറ്റു മരിച്ചു.   2018 ഒക്ടോബർ 14-ാം തീയതി ആർച്ചുബിഷപ് ഓസ്കാർ റോമാരെയേ  ഫ്രാൻസിസ് പാപ്പ വിശുദ്ധ പദവിയിലേക്കുയർത്തി.

    വിശുദ്ധ ജോസ് ലൂയിസ് സാഞ്ചസ് ദെൽ റിയോ 

    മെക്സിക്കൻ ക്രിസ്റ്റേറോ യുദ്ധത്തിൽ പതിനാലാം വയസ്സിൽ രക്തസാക്ഷിത്വം വഹിച്ച ബാലനാണ് ജോസ് ലൂയിസ് സാഞ്ചസ് ദെൽ റിയോ. ഈശോയിലുള്ള വിശ്വാസത്തെ തള്ളിപ്പറയാൻ വിസമ്മതിച്ച ജോസ് ലൂയിസിന്റെ പാദത്തിന്റെ അടി പടയാളികൾ തകർത്തു. ക്രിസ്തുവിലുള്ള വിശ്വാസം ത്യജിക്കുകയാണെങ്കിൽ ജീവിക്കാമെന്നു മെക്സിക്കൻ കമാൻഡർ പറഞ്ഞപ്പോൾ “ക്രിസ്തു ജയിക്കട്ടെ” എന്ന മുദ്രാവാക്യം മുഴക്കിയ ജോസ് ലൂയിസിനെ തോക്കിന്റെ ബയണറ്റു കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു.  മരിക്കുന്നതിനു മുമ്പ് പൂഴിമണ്ണിൽ കുരിശുവരച്ച് അതിൽ ചുംബിച്ചുകൊണ്ടാണ് സ്വർഗ്ഗത്തിലേക്ക് യാത്രയായത്. ജോസ് ലൂയിസിന്റെ രക്തസാക്ഷിത്വത്തെ ആസ്പദമാക്കി 2012-ൽ ഫോർ ഗ്രെയ്റ്റർ ഗ്ലോറി എന്ന പേരിൽ ഒരു സിനിമ ഉണ്ട്. 2005-ൽ ബനഡിക്ട് പതിനാറാമൻ പാപ്പ ജോസ് ലൂയിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2016 ഒക്ടോബർ പതിനാറാം തീയതി ഫ്രാൻസീസ് പാപ്പ ജോസ് ലൂയിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

    ഫാ. ജെയ്സണ്‍ കുന്നേല്‍

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.