ആധുനിക മാധ്യമങ്ങളിലൂടെയുള്ള സുവിശേഷവൽക്കരണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച സന്യാസിനി

“നിരവധി യാത്രകൾക്കും പ്രവർത്തനങ്ങൾക്കും സൗഹൃദങ്ങൾക്കുമിടയിലും ദൈവം എനിക്കായി മറ്റൊരു പദ്ധതിയിടുന്നുണ്ടെന്ന് ഒരു ശബ്ദം എന്നോട് മന്ത്രിക്കാറുണ്ട്. തിടുക്കങ്ങളില്ലാതെ, അനുവദിച്ചുതന്ന സമയത്തിനായി, ഈ വലിയ പദ്ധതിക്കായി ഞാൻ കാത്തിരുന്നു” – കോവിഡ് പകർച്ചവ്യാധിയിൽ ഒറ്റപ്പെട്ടുപോയവർക്കായി യുട്യൂബിൽ വിവിധ വിഷയങ്ങളില്‍ മൂന്നു ഭാഷകളില്‍ വീഡിയോകൾ അപ്‌ലോഡ് ചെയ്തുകൊണ്ട് ദൈവവും സമൂഹവും കൂടെയുണ്ട്. ഈ ഭൂമിയിൽ എത്ര വലിയ ദുരിതങ്ങൾ വന്നാലും ആരും ഒറ്റയ്ക്കല്ല എന്ന മഹത്തായ സന്ദേശം നൽകുകയാണ് ബെനെഡിക്റ്റൻ സന്യാസിനീ സമൂഹാംഗവും അധ്യാപികയുമായ സിസ്റ്റർ മാർട്ടീന.

യൂറോപ്പിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ അമേരിക്കയിലെ തന്റെ സഹോദരി മുഖാന്തിരമാണ് തന്റെ നാൽപതാം വയസ്സിൽ ജർമ്മനിയിലെ ബെനെഡിക്ടൻ മഠം സന്ദർശിക്കുവാനിടയായത്. ആ സന്യാസ സമൂഹം പുലർത്തിയ എല്ലാ ഗുണങ്ങളും മാർട്ടീന എന്ന ആത്മീയ അക്കാദമിക്കിന് വളരെയധികം ആകർഷകമായി തോന്നി. അങ്ങനെയാണ് 13 വർഷങ്ങൾക്കു മുൻപ് നാല്പതാം വയസ്സിൽ സന്യാസജീവിതത്തിലേയ്ക്കുള്ള വിളി സ്വീകരിക്കുന്നത്. അതിനുശേഷം ഒട്ടനവധി പ്രവർത്തനങ്ങളിൽ മുഴുകിയ സിസ്റ്ററിന്, തന്റെ ജീവിതത്തിൽ ദൈവത്തിന്റെ വിളികൾ ഇനിയും ശേഷിക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞത് കോവിഡ് മഹാമാരി വന്നതിനു ശേഷമായിരുന്നു. ജർമ്മനിയിൽ താമസിക്കുന്ന സിസ്റ്ററിന് ബ്രസീലിനായി എന്തെങ്കിലും ചെയ്യണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ചെറിയ ഉപകാരപ്രദമായ വിഡിയോകൾ യുട്യൂബിൽ പ്രസിദ്ധീകരിക്കുവാൻ ആരംഭിച്ചത്. വിശ്വാസവും സംസ്കാരവും തമ്മിലുള്ള അഭേദ്യമായ  ബന്ധങ്ങളെ കുറിക്കുന്ന ഈ വിഡിയോകൾക്ക് വളരെയധികം കാഴ്ചക്കാരുണ്ടായിരുന്നു.

എന്നാൽ, അമേരിക്കയിലെ തന്റെ സഹോദരി ഇംഗ്ലീഷിൽ കൂടി വീഡിയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ സിസ്റ്റർ അതിനും സമയം കണ്ടെത്തി. അതിനോടകം തന്റെ സന്യാസ സഭയുടെ ആഗ്രഹപ്രകാരം മതപരമായ ഉപദേശങ്ങളും ധാർമ്മികതയും ഉൾക്കൊള്ളിച്ചുകൊണ്ട് ജർമ്മനിയുടെ വിശ്വാസപരിശീലന രംഗത്ത് സേവനം ചെയ്യുവാനായി വീഡിയോകളുടെ ഒരു ജർമ്മൻ പതിപ്പും ഇറക്കുവാൻ ആവശ്യപ്പെട്ടു. അങ്ങനെയാണ് തന്റെ ‘വിളി’യെ ഹൃദയത്തോട് ചേർത്തുപിടിച്ചു കൊണ്ട് സിസ്റ്റർ മാർട്ടീന പോർച്ചുഗീസ്, ജർമ്മൻ, ഇംഗ്ലീഷ് എന്നീ മൂന്നു ഭാഷകളിൽ അനേകർക്ക് ഉപകാരപ്രദമാകുന്ന രീതിയിലുള്ള വീഡിയോകൾ ചെയ്യുവാൻ ആരംഭിക്കുന്നതും വിജയം കാണുന്നതും.

ജീവിതത്തിലുടനീളം ദൈവത്തിന്റെ വിളിക്കയായി കാതോർത്തിരുന്ന സിസ്റ്റർ മാർട്ടീന, വിശ്വാസജീവിതത്തിൽ വളരെ മികച്ച കാഴ്ചപ്പാടുകളും ബോധ്യവുമുള്ള തന്റെ മാതാപിതാക്കളെയാണ് ജീവിതത്തിൽ മാതൃകയാക്കിയിരിക്കുന്നത്. സാംസ്കാരികവും ബൗദ്ധികവുമായി വളരെയധികം ഉയർന്ന നിലവാരം പുലർത്തുന്ന അവരുടെ വിശ്വാസവും അപരനോടുള്ള സ്നേഹവും പരിഗണനനയുമെല്ലാം ചെറുപ്പം മുതൽ തന്നെ കുഞ്ഞുമാർട്ടീനയെ ആകർഷിച്ചിരുന്നു. തന്റെ മാതാപിതാക്കളുടെ പത്താമത്തെ മകളായ മാർട്ടീനയുടെ വിശ്വാസജീവിതം വളർന്നത് അവരുടെ സ്നേഹത്തിലും വിശ്വാസത്തിലുമാണെന്ന് ജീവിതം കൊണ്ടു തന്നെ സാക്ഷ്യം നൽകുകയാണ്. പ്രൈമറി സെക്കന്‍ഡറി തലത്തിലുള്ള സ്കൂളുകളിൽ പഠിപ്പിച്ചതിനുശേഷം പിന്നീട് സ്പെയിനിലെ നവറ സർവ്വകലശാലയിൽ നിന്നും ഡോക്ടറേറ്റ് നേടി. പിന്നീട് ബ്രസീലിലേയ്ക്ക് മടങ്ങിയെത്തിയ അവർ നോവ ഫ്രിബർഗോ, റിയോ ഡി ജനീറോ എന്നിവിടങ്ങളിൽ സെമിനാറുകള്‍,  ദൈവശാസ്ത്ര വീക്ഷണങ്ങൾ എന്നിവ അവതരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തു.

മഠത്തിന്റെ അകത്തളങ്ങളിൽ ചിത്രീകരിക്കുന്ന സിസ്റ്ററിന്റെ വിഡിയോകൾ, രണ്ടുപേർ തമ്മിലുള്ള സംഭാഷണം പോലെ വളരെ ഹൃദ്യവും ആളുകൾക്ക് വളരെയധികം ഉപകാരപ്പെടുന്നതുമാണ്. തന്റെ സന്യാസ സമൂഹത്തിന്റെയും വിദ്യാര്‍ത്ഥികളുടെയും വലിയ പിന്തുണയാണ് ഈ സന്യാസിനി യുട്യൂബർക്ക് ലഭിക്കുന്നത്. ഇ മെയിലിലൂടെ വളരെ മികച്ച പ്രതികരണങ്ങൾ ലഭിക്കുന്ന വീഡിയോകൾക്ക് സിസ്റ്റർ നൽകുന്ന മറുപടി അതിലേറെ ഹൃദ്യമാണ്. “എല്ലാം എപ്പോഴും എളിമയുള്ളതും വിനയാന്വിതവുമാണ്. ഹൃദയത്തിൽ നിന്നും അനുഭവത്തിൽ നിന്നും ജനിച്ച് ദൈവഹിതത്തിനും കൃപയ്ക്കും മാത്രം കീഴടങ്ങിയവ.”

ദൈവത്തിന്റെ ‘വിളികൾ’ തന്റെ ജീവിതത്തിൽ ഇനിയും ഒരുപാട് അവശേഷിക്കുന്നുണ്ടെന്ന വിശ്വാസത്തിൽ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഈ യൂട്യൂബർ സിസ്റ്റർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.