വി. യൗസേപ്പിനെ അലിവുള്ള പിതാവ് എന്ന് വിളിക്കുന്നതിന്റെ കാരണം വ്യക്തമാക്കി മാര്‍പാപ്പ

കുട്ടികളെ ജീവിതവും യാഥാര്‍ത്ഥ്യവും പരിചയപ്പെടുത്തുവാന്‍ ഒരു പിതാവിന് ചുമതലയുണ്ടെന്നും പക്ഷേ, അവരെ കടിഞ്ഞാണിട്ടു പിടിച്ചും വരുതിയിലാക്കിയും ചിറകിനുള്ളിലാക്കിയുമല്ല അത് ചെയ്യേണ്ടതെന്നും മറിച്ച്, സ്വയം തീരുമാനങ്ങളെടുക്കുവാനും സ്വാതന്ത്ര്യം ആസ്വദിക്കുവാനും പുതിയ അവസരങ്ങള്‍ അന്വേഷിക്കുവാനും അവരെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നും മാര്‍പാപ്പ.

ഇതിനാലായിരിക്കണം പരമ്പരാഗതമായി യൗസേപ്പിനെ ‘ഏറ്റവും അലിവുള്ള പിതാവ്’ എന്ന് വിളിക്കുന്നത്. അങ്ങനെ വിളിക്കുന്നത് വെറുതെ വാത്സല്യത്തിന്റെ അടയാളം മാത്രമല്ല. അധികാരപ്രയോഗത്തിന് വിപരീതമായുള്ള ഒരു മനോഭാവത്തിന്റെ പ്രതീകം കൂടിയാണ്. ഒരാളുടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും വരുതിയിലാക്കുന്നതില്‍നിന്നുള്ള വിടുതലാണ് ആ അലിവ്. അലിവുണ്ടെങ്കില്‍ മാത്രമേ സ്നേഹം യഥാര്‍ത്ഥ സ്നേഹമാകൂ.

വരുതിയില്‍ അല്ലെങ്കില്‍ നിയമത്തിന്റെ ബന്ധനത്തില്‍ നിര്‍ത്തിയുള്ള സ്നേഹം ആത്യന്തികമായി അപകടകരമാണ്. അത് തടവിലാക്കുന്നതും നിയന്ത്രിക്കുന്നതും ദുരിതം വരുത്തിവയ്ക്കുന്നതുമാണ്. മാനവരാശിയെ ദൈവം സ്നേഹിച്ചത് അലിവോടെയാണ്. അപഥസഞ്ചാരത്തിനും തനിക്കെതിരായി നിലകൊള്ളുവാന്‍ പോലും ദൈവം മനുഷ്യരെ സ്വതന്ത്രരായി വിട്ടു. സ്വാതന്ത്ര്യത്തിന്റെ യുക്തി എന്തെന്നാല്‍ അത് എല്ലായ്പ്പോഴും സ്നേഹത്തിന്റെ യുക്തിയാണ്. അസാധാരണമായ സ്വാതന്ത്ര്യം നല്‍കി എങ്ങനെ സ്നേഹിക്കണമെന്ന് യൗസേപ്പിന് അറിയാമായിരുന്നു. കാര്യങ്ങളുടെ നടുക്ക് തന്നെത്തന്നെ ഒരിക്കലും അദ്ദേഹം പ്രതിഷ്ഠിച്ചില്ല. മറിയത്തിന്റെയും യേശുവിന്റെയും ജീവിതത്തെക്കുറിച്ചാണ്. അല്ലാതെ തന്നെക്കുറിച്ചല്ല അദ്ദേഹം തത്രപ്പെട്ടത് – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.