ബലഹീനതകളിലാണ് സാത്താന്‍ നമ്മെ പരീക്ഷിക്കുന്നതെന്ന് മാര്‍പാപ്പ

ക്രൈസ്തവ ഐക്യത്തിനായുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ പരിമിതമാണ്. അല്ലെങ്കില്‍ ഒട്ടും പ്രാര്‍ത്ഥിച്ചിട്ടില്ല എന്നതാണ് വാസ്തവമെന്ന് ചൂണ്ടിക്കാട്ടി മാര്‍പാപ്പ. കടുത്ത പ്രതിസന്ധികളുടെ ഈ വേളയില്‍, സംഘര്‍ഷങ്ങളുടെമേല്‍ ഐക്യം പ്രബലപ്പെടാന്‍ പ്രാര്‍ത്ഥന കൂടുതല്‍ ആവശ്യമാണ്. ഇക്കഴിഞ്ഞ ദശകങ്ങളില്‍, നിരവധി ചുവടുകള്‍ മുന്നോട്ടുവയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ അവിശ്വാസവും മടുപ്പും അരുത്. സ്നേഹത്തിലും പ്രാര്‍ത്ഥനയിലും സ്ഥൈര്യമുള്ളവരായിരിക്കണം. പരിശുദ്ധാത്മാവ് ഉളവാക്കിയ ഒരു പാതയാണിത്. അതില്‍ നിന്ന് നാം ഒരിക്കലും പിന്നാക്കം പോകരുത്.

പ്രാര്‍ത്ഥിക്കുക എന്നാല്‍ ഐക്യത്തിനായി പോരാടുക എന്നാണര്‍ത്ഥം. കാരണം നമ്മുടെ ശത്രു പിശാചാണ്. എല്ലായിടത്തും എല്ലാവിധത്തിലും അവന്‍ ഭിന്നിപ്പുണ്ടാക്കുന്നു. എന്നാല്‍ പരിശുദ്ധാത്മാവാകട്ടെ, എല്ലായ്പ്പോഴും ഐക്യം സംജാതമാക്കുന്നു. പൊതുവേ, പിശാച് നമ്മെ പരീക്ഷിക്കുന്നത് ഉന്നതമായ ദൈവശാസ്ത്ര മണ്ഡലത്തിലല്ല. മറിച്ച്, സഹോദരങ്ങളുടെ ബലഹീനതകളിലാണ്. തന്ത്രശാലിയായ അവന്‍ മറ്റുള്ളവരുടെ തെറ്റുകളും കുറവുകളും പര്‍വതീകരിച്ചു കാട്ടുകയും ഭിന്നിപ്പ് വിതയ്ക്കുകയും വിമര്‍ശനങ്ങള്‍ ഉളവാക്കുകയും ചേരിതരിവുണ്ടാക്കുകയും ചെയ്യുന്നു. എന്നാല്‍ ദൈവത്തിന്റെ വഴി ഐക്യത്തിന്റേതാണ്. ഈ തിരിച്ചറിവോടെ നമുക്ക് ആത്മശോധന ചെയ്യാം. നാം വസിക്കുന്നിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ പരിപോഷിപ്പിക്കുകയാണോ ചെയ്യുന്നതെന്ന് ചിന്തിക്കാം – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.