കര്‍ദ്ദിനാള്‍ ബെച്യു നിരപരാധിയെന്ന് വിശ്വസിക്കുന്നതായി ഫ്രാന്‍സിസ് പാപ്പാ

ഇപ്പോഴും പൂര്‍ണ്ണഹൃദയത്തോടെ താന്‍ വിശ്വസിക്കുന്നത് കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യു നിരപരാധിയാണെന്ന് ആണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. “അദ്ദേഹം എന്റെ സഹകാരിയായിരുന്നു. എന്നെ ഒരുപാട് സഹായിച്ചിട്ടുമുണ്ട്. എല്ലാറ്റിനേയും അതിജീവിച്ച് അദ്ദേഹം പുറത്തുവരുമെന്നാണ് ഞാന്‍ കരുതുന്നത്. എന്തായാലും നീതി എല്ലാം തീരുമാനിക്കും” – സ്‌പെയ്‌നിലെ കോപ്പെ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പാപ്പാ പറഞ്ഞു.

സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കു വേണ്ടിയുള്ള തിരുസംഘം തലവനായിരുന്ന കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യു വിചാരണ നേരിടുന്നത്. ഇറ്റലിയില്‍ പറ്റാടയില്‍ 1948 ജൂണ്‍ 2 -ന് ജനിച്ച ബെച്യു, ഓസിയേരി രൂപതാ വൈദികനായി 1972 -ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1984 സഭയുടെ നയതന്ത്രവിഭാഗത്തില്‍ പരിശീലനം നേടി. 2009 വരെ വിവിധ രാജ്യങ്ങളില്‍ വത്തിക്കാന്റെ നയതന്ത്ര പ്രതിനിധിയായി സേവനം ചെയ്തു.

ബെനഡിക്ട് പാപ്പായാണ് 2009 -ല്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പകരക്കാരനായി നിയമിച്ചത്. 2013 -ല്‍ ഫ്രാന്‍സിസ് പാപ്പാ ഭരണമേറ്റപ്പോള്‍ തല്‍സ്ഥാനം സ്ഥിരീകരിക്കപ്പെട്ടു. 2017 -ല്‍ മാള്‍ട്ടിയിലെ പരമോന്നത മിലിട്ടറി സഖ്യത്തിന്റെ പ്രതിസന്ധികളില്‍ അതിന്റെ നിരീക്ഷകനായും പാപ്പാ കര്‍ദ്ദിനാള്‍ ബെച്യുവിനെ നിയമിച്ചു.

“സത്യത്തിന്റെ സുതാര്യതയില്‍ ഞാനൊരിക്കലും ഭയപ്പെടുന്നില്ല. ചിലപ്പോഴത് മുറിപ്പെടുത്തിയേക്കാം. എന്നാല്‍ സത്യം നമ്മെ സ്വതന്ത്രരാക്കും” – പ്രസ്തുത വിഷയത്തില്‍ പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.