ആവിലായിലെ വി. അമ്മത്രേസ്യയെ സഭാപണ്ഡിതയായി ഉയര്‍ത്തിയതിന്റെ 50- ാം വാര്‍ഷികം

50 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1970 സെപ്റ്റംബര്‍ 27-ന് പോള്‍ ആറാമന്‍ പാപ്പാ വി. അമ്മത്രേസ്യായെ സഭയുടെ പ്രഥമ വനിതാ വേദപാരംഗതയായി ഉയര്‍ത്തിയതിന്റെ 50- ാം വാര്‍ഷികത്തില്‍ സ്‌പെയിനിലെ ആവില അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഗില്‍ തമായോയ്ക്ക് ഫ്രാന്‍സിസ് പാപ്പാ സന്ദേശം അയച്ചു.

അമ്മയുടെ ജൂബിലിവര്‍ഷം പ്രമാണിച്ച് ഏപ്രില്‍ 15 വരെ നീളുന്ന ഒരു വെബിനാര്‍ സ്‌പെയിനിലെ കത്തോലിക്കാ യൂണിവേഴ്‌സിറ്റി ‘ആത്മീയതയുടെ അനിതരസാധരണമായ സ്ത്രീ’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്നതിനെ പാപ്പാ അഭിനന്ദിക്കുകയും ചെയ്തു. ഇന്നും ഈ മഹാവിശുദ്ധയ്ക്ക് സഭയുടെ ആത്മീയതയിലുള്ള പ്രാധാന്യവും പൊതുവെ സ്ത്രീകള്‍ക്ക് സഭയിലും സമൂഹത്തിലുമുള്ള മുന്‍ഗണനയും എടുത്തു പറയുന്നതാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

ഇന്നും തന്റെ ആത്മീയ രചനകളിലൂടെ സഭയുടെ ഈ ആത്മീയപണ്ഡിത നമ്മോടു സംസാരിക്കുന്നുണ്ടെന്ന് പാപ്പാ സന്ദേശത്തില്‍ പ്രസ്താവിച്ചു. അമ്മയുടെ രചനകള്‍ സന്യാസത്തിലും സമര്‍പ്പണ ജീവിതത്തിലും പ്രവേശിപ്പിക്കുന്നവര്‍ക്കു മാത്രമല്ല, വിശുദ്ധിയുടെ പാതയില്‍ വളരുവാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും പ്രചോദനവും പ്രകാശവുമാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. അമ്മത്രേസ്യായെ ജീവിതത്തില്‍ സുഹൃത്തും മാര്‍ഗ്ഗദീപവുമായി സ്വീകരിക്കുന്നവരുടെ ജീവിതയാത്രയില്‍ അത്യപൂര്‍വ്വമായ ആത്മീയതയുടെ സ്രോതസ്സായ വേദപാരംഗത സുരക്ഷയും സമചിത്തതയും ജീവിതത്തില്‍ പ്രദാനം ചെയ്യുമെന്നും പാപ്പാ കത്തിലൂടെ ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.